Afghanistan Poverty ; അവയവം വിറ്റും കുട്ടികളെ വിറ്റും ഭക്ഷണത്തിന് വക കണ്ടെത്തുന്ന അഫ്ഗാന്‍ ജനത
രണ്ടാം താലിബാന്‍ ഭരണത്തിന്‍ കീഴില്‍ അഫ്ഗാന്‍ ജനത ജീവിക്കാനായി അവയവങ്ങള്‍ വിറ്റും കുട്ടികളെ വിറ്റും നാളുകള്‍ തള്ളിനീക്കുകയാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആറ് മാസത്തെ താലിബാന്‍ തീവ്രവാദികളുടെ ഭരണത്തിനൊടുവില്‍ ജനങ്ങള്‍ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ലോകത്തെ ഏറ്റവും വലിയ അവയവമാഫിയകളുടെ താവളമായി അഫ്ഗാന്‍ മാറിക്കഴിഞ്ഞു. മൂല്യമില്ലാതായ ഒരു ലക്ഷം അഫ്ഗാനിക്കായാണ് പലരും തങ്ങളുടെ അവയവങ്ങള്‍ വില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2021 ഓഗസ്റ്റില്‍ അഷറഫ് ഗനി സര്‍ക്കാറിന്‍റെ ഭരണകാലത്തെക്കാള്‍ ദുരിതപൂര്‍ണ്ണമാണ് അഫ്ഗാനിലെ ജനങ്ങളുടെ അവസ്ഥ. കുടുംബത്തിലെ ദാരിദ്രത്തില്‍ നിന്നും രക്ഷനേടാന്‍ അവയവങ്ങളും കുട്ടികളെയും വിറ്റ് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് സാധാരണക്കാരായ അഫ്ഗാനികളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കൊവിഡ് മഹാമാരിയുടെ വ്യാപനവും അതിശക്തമായ ശൈത്യകാലവും അഫ്ഗാനികളുടെ ജീവിതത്തെ അങ്ങേയറ്റം ദുരിതപൂര്‍ണ്ണമാക്കിത്തീര്‍ത്തു. അതിനിടെ താലിബാന്‍റെ മതഭരണകൂടിയായതോടെ നിലവില്‍ ഭൂമിയിലെ നരഗമായി മാറിയിരിക്കുകയാണ് അഫ്ഗാനെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വര്‍ഷങ്ങളോളും നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് പല വീടുകള്‍ക്കും മേല്‍ക്കൂരയോ മറ്റ് അടച്ചുറപ്പുള്ള സംവിധാനങ്ങളോ ഇല്ല. അതിനിടെയാണ് അതിശൈത്യ കാലത്തിന്‍റെ പിടിയിലേക്ക് അഫ്ഗാന്‍ നീങ്ങുന്നത്. നിലവില്‍ അഫ്ഗാനിലെ പല സ്ഥലത്തും മഞ്ഞ് വീഴ്ച ശക്തമാണ്. അടുത്ത മൂന്ന് മാസത്തെക്ക് മഞ്ഞ് വീഴ്ച കനക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദാരിദ്രവും പ്രതികൂല കാലാവസ്ഥയും അഫ്ഗാനില്‍ വലിയ ദുരന്തത്തിന് വഴിതെളിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അഫ്ഗാനിസ്ഥാനിലെ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും ശസ്ത്രക്രിയയ്ക്ക് വിധേയരായി, അവരുടെ വൃക്കകൾ പലതും 1,15,461 രൂപയ്ക്കാണ് (1,539 ഡോളര്‍) വിറ്റത്. പണത്തിന് മൂല്യമില്ലാത്തതും കുടുംബത്തിലെ അംഗസംഖ്യ കൂടുതലുമായതിനാല്‍ ഈ പണം പലപ്പോഴും രണ്ടോ മൂന്നോ ദിവസത്തേക്കുള്ള ഭക്ഷണത്തിന് മാത്രമേ തികയൂവെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
തന്‍റെ വൃക്ക വിറ്റെങ്കിലും കുടുംബത്തിലെ ഏറ്റവും ഇളയ അംഗമായ കുഞ്ഞ് പട്ടിണി കിടന്ന് മരിച്ചെന്ന് ഒരു അമ്മ പറഞ്ഞു. മിക്ക അഫ്ഗാനികളും അവരുടെ അവയവങ്ങൾ വിൽക്കുന്നതിനാൽ, ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാകുന്ന മുറിവുകൾ ചികിത്സിക്കുന്നതിനുള്ള ഡ്രസ്സിംഗ് വാങ്ങാൻ പോലും ഡോക്ടർമാരുടെ കൈയില്‍ പണിമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
38 കാരനായ അബ്ദുൾകാദിർ ചായയും റൊട്ടിയും മാത്രം കഴിച്ചാണ് ആഴ്ചകളായി ജീവിച്ചിരുന്നതെന്ന് പറയുന്നു. കടുത്ത വരൾച്ചയും സംഘർഷങ്ങളും കാരണം, ആയിരക്കണക്കിന് അഫ്ഗാനികൾ, കൂടുതലും പഷ്തൂണുകൾ, വീടുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരായി. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരുന്ന ഷഹർ-ഇ സെബ്സ് മേഖലയിൽ ഇപ്പോൾ താലിബാൻ ഭരണത്തിൻ കീഴിലുള്ളവർക്ക് അതിജീവിക്കാൻ ഒരു മാർഗവും മുന്നിലില്ലെന്നാണ് റിപ്പോര്‍ട്ട്.
"എന്‍റെ രണ്ട് പെൺമക്കള്‍ക്ക്, എട്ട്, ആറ് വയസ്സുള്ള കുട്ടികള്‍ക്ക് ഭക്ഷണം കണ്ടെത്താന്‍ മൂത്ത മക്കളെ 1,00,000 അഫ്ഗാനിക്ക് (ഏകദേശം 72,471 രൂപയ്ക്ക്) അപരിചിതർക്ക് വിൽക്കാൻ ഞാൻ നിർബന്ധിതനായി." 50 കാരനായ ഡെലാറാം റഹ്മതി പറയുന്നു. പക്ഷാഘാതം ബാധിച്ച രണ്ട് ആൺമക്കളുടെ ആശുപത്രി ഫീസ് നൽകേണ്ടതിനാല്‍ വൃക്ക വിൽക്കാൻ ഞാൻ നിര്‍ബന്ധിതനായി എന്നാണ് ഹെറാത്ത് ചേരിയിലെ റുക്ഷാന മാധ്യമങ്ങളോട് പറഞ്ഞത്.
“നിങ്ങൾക്ക് സ്വാതന്ത്ര്യമില്ലാതെ ജീവിക്കാം, പക്ഷേ നിങ്ങൾക്ക് ഒന്നും കഴിക്കാനില്ലാതെ ജീവിക്കാന്‍ കഴിയില്ല." വേലക്കാരിയായി ജോലി ചെയ്തിരുന്ന നംഗർഹാർ പ്രവിശ്യയിൽ നിന്നുള്ള 32 കാരിയായ വീട്ടമ്മ അൽ ജസീറയോട് പറഞ്ഞു. അഫ്ഗാന്‍ പുനര്‍നിര്‍മ്മിക്കാന്‍ കോടിക്കണക്കിന് ഡോളര്‍ ആവശ്യമാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ഇത്തരം വാര്‍ത്തകളും അഫ്ഗാന് പുറത്തേക്ക് കടക്കുന്നത്.
യുഎസ് അടക്കം അഫ്ഗാനിസ്ഥാന്‍റെ പുനർനിർമ്മാണത്തില്‍ ഇന്ത്യയുടെ പങ്കാളിയാണ്. ഇതിന്‍റെ ഭാഗമായി 592 കോടി രൂപയുടെ (80 ദശലക്ഷം ഡോളർ) 150 പദ്ധതികളിൽ വിവിധ രാജ്യങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ഇന്ത്യ കാബൂളിലെ 2 ദശലക്ഷം നിവാസികൾക്ക് കുടിവെള്ളം എത്തിക്കുന്നു.
ലോകത്തിന്‍റെ "ഏറ്റവും മോശമായ മാനുഷിക ദുരന്തം" മായി അഫ്ഗാനെ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎന്‍ എന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഏറ്റവും വലിയ ദുരന്തകാലത്തിലൂടെ കടന്ന് പോകുമ്പോഴും താലിബാന്‍ തീവ്രവാദികളെ ഇത്തരം പ്രശ്നങ്ങളൊന്നും ബാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
താലിബാന്‍, ഇപ്പോഴും തങ്ങളുടെ ശത്രുക്കള്‍ക്കെതിരെയുള്ള നടപടികളിലും തങ്ങളുടെ മതവ്യാഖ്യാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിലും മാത്രമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഇറാന്‍ അതിര്‍ത്തിയിലെ പ്രധാന നഗരമായ ഹെറാത്തിൽ, 'ഹെരാത്തിന്‍റെ സിംഹം' എന്ന് വിളിക്കപ്പെടുന്ന പ്രാദേശിക കമാൻഡർ ഇസ്മായിൽ ഖാനെ താലിബാൻ പിടികൂടിയത് ഇതിന്‍റെ തുടര്‍ച്ചായണെന്നാണ് റിപ്പോര്‍ട്ട്.
തങ്ങളുടെ റിപ്പോർട്ടർമാർ പ്രവിശ്യയിൽ പ്രവേശിക്കുമ്പോൾ, വ്യത്യസ്ത പ്രായത്തിലുള്ള അഫ്ഗാൻ പൗരന്മാരുടെ ഒരു നിര കണ്ടു. അവരില്‍ കൂടുതല്‍പ്പേരും വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരും ചികിത്സയ്ക്ക് പണമില്ലാത്തവരുമായ സ്ത്രീകളാണ്. “നിമിഷങ്ങൾക്കുള്ളിൽ, വൃദ്ധരായ സ്ത്രീകൾ ഞങ്ങളുടെ കൈകളിൽ മെഡിക്കൽ രേഖകൾ നീട്ടി സഹായത്തിനായി അപേക്ഷിച്ചു,” സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കൈയില്‍ തളര്‍ന്നുറങ്ങിക്കിടക്കുന്ന കുട്ടികളുടെ ജീവന്‍ നിലനിര്‍ത്താനായി ഭക്ഷണത്തിനായി അമ്മമാര്‍ കരയുകയായിരുന്നു.
പ്രദേശം വെള്ളമോ, എന്തിന് കുറ്റിച്ചെടികള്‍ പോലുമില്ലാതെ വരണ്ട് പൂര്‍ണ്ണമായും തരിശ്ശായി കിടക്കുകയാണെന്നും സ്കൈന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ട് കുട്ടികളുള്ള ഒരു കുടുംബത്തിലെ പിതാവ് തന്‍റെ കുട്ടികളെ വിൽക്കാനായി ആളുകളെ തിരയുകയായിരുന്നു. വീട്ടിലേക്ക് ഭക്ഷണം കണ്ടെത്തുന്നതിനായി ഇതിനകം അയാളും ഭാര്യയും തങ്ങളുടെ ഓരോ വൃക്കകള്‍ വിറ്റിരുന്നു.
താന്‍ ആറ് മാസം മുമ്പ് ഭക്ഷണത്തിനായി ഒരു വൃക്കവിറ്റെന്നും എന്നിട്ടും മൂന്ന് വയസ്സുള്ള തന്‍റെ മകന്‍ ഭക്ഷണമില്ലാതെ മരിച്ചെന്നും 25 വയസ്സുള്ള ഒരു അമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. "ഞങ്ങൾക്ക് ഇനി വിൽക്കാൻ ഒന്നുമില്ല," അവര്‍ സ്കൈ ന്യൂസിനോട് പറഞ്ഞു.
മറ്റൊരു വീട്ടിലെ അഞ്ച് (മൂന്ന് സഹോദരന്മാരും രണ്ട് സഹോദരിമാരും) പേര്‍ ഭക്ഷണത്തിനായി തങ്ങളുടെ ഓരോ വൃക്കകള്‍ വിറ്റുകഴിഞ്ഞു. എന്നിട്ടും ഭക്ഷണം കണ്ടെത്താന്‍ മറ്റെന്തെങ്കിലും ചെയ്യേണ്ട അവസ്ഥയിലാണെന്നും അവര്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ അവയവ മാഫിയ അഫ്ഗാന്‍ ദാരിദ്രത്തെ മുതലെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ താലിബാൻ തീവ്രവാദികള്‍ അഫ്ഗാന്‍റെ രാഷ്ട്രീയ അധികാരം ഏറ്റെടുത്തതിനുശേഷം, രാജ്യത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ സാമ്പത്തികമോ രാഷ്ട്രീയമോ ആയ ഒരു നയങ്ങളില്ലാത്തതിനാല്‍ അഫ്ഗാന്‍ കറൻസിയുടെ മൂല്യം നള്‍ക്കുനാള്‍ താഴോട്ടാണ്. ഇതുമൂലം എല്ലാ വസ്തുക്കള്‍ക്കും വില കുത്തനെ ഉയര്‍ന്നു. ഒരു നേരെ ഒരു കുടുംബത്തിന് കഴിയാനുള്ള ഭക്ഷണത്തിന് ഒരാളുടെ അവയവം വില്‍ക്കേണ്ട അവസ്ഥയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തീവ്രവാദി സര്‍ക്കാറിനെ അംഗീകരിക്കാന്‍ അമേരിക്ക തയ്യാറാകാത്തതോടെ ലോക രാജ്യങ്ങളില്‍ നിന്നുള്ള ഒരു സാമ്പത്തിക സഹായവും താലിബാന് ലഭിക്കുന്നില്ല. പണത്തിന് പകരം തോക്കിന്‍ കുഴലുകളാണ് അഫ്ഗാനിസ്ഥാനില്‍ സംസാരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടിസ്ഥാന വസ്തുക്കളുടെ ദൌര്‍ലഭ്യവും പണത്തിന് മൂല്യം നഷ്ടപ്പെട്ടതും പണപ്പെരുപ്പം കുതിച്ചുയരാന്‍ കാരണമാക്കി. ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്തേക്ക് കടക്കുകയായിരുന്ന അമേരിക്കന്‍ സൈനീകരുടെ നേര്‍ക്ക് ബോംബാക്രമണം നടത്തിയതിനെ തുടര്‍ന്ന് അഫ്ഗാനുള്ള എല്ലാ സഹായവും അമേരിക്ക നിര്‍ത്തിവച്ചിരുന്നു.
എന്നാല്‍, അഫ്ഗാനിസ്ഥാന്‍റെ യാഥാര്‍ത്ഥ്യമെന്നത് "ഒരു മിഥ്യ"യാണെന്നാണ് താലിബാന്‍റെ പക്ഷം. കാബൂളില്‍ പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നു. ബിസിനസ്സുകളെല്ലാം പതിവുപോലെ നടക്കുന്നു. പിന്നെ അഫ്ഗാനിസ്ഥാനില്‍ എന്താണ് പ്രശ്നമെന്നാണ് താലിബാന്‍ തീവ്രവാദികള്‍ ചോദിക്കുന്നത്.
എന്നാല്‍, അഫ്ഗാനിസ്ഥാനിലെ മയക്കുമരുന്നിന്‍റെയും അവയവ മാഫിയയുടെയും ചുക്കാന്‍ പിടിച്ച് രാജ്യത്തിന് നിന്ന് ഉണ്ടാക്കാന്‍ കഴിയുന്നതില്‍ പരമാവധി പണമുണ്ടാക്കാനാണ് താലിബാന്‍റെ ശ്രമമെന്ന് വിദേശ മാധ്യമങ്ങള്‍ ആരോപിക്കുന്നു. ഇതിന്‍റെ മറപറ്റി അഫ്ഗാനിസ്ഥാനിലെ നിര്‍ജ്ജീവമായിരുന്ന് പല തീവ്രവാദി ഗ്രൂപ്പുകളും ശക്തിപ്രാപിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍, ഇത്തരം ആരോപണങ്ങളെല്ലാം താലിബാന്‍ നിഷേധിച്ചു. മതബോധമുള്ള ഒരു ജനതയുടെ കെട്ടുറപ്പിനായിട്ടാണ് താലിബാന്‍ നിലകൊള്ളുന്നതെന്നും രാജ്യത്ത് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്നുമാണ് താലിബാന്‍റെ നിലപാട്.