തലച്ചോര്‍ തിന്നുന്ന അമീബ; ദുരന്ത സാധ്യത മുന്നറിയിപ്പുമായി ടെക്‌സാസ് ഗവര്‍ണര്‍
തലച്ചോർ തിന്നുന്ന അമീബയുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ ബ്രസോറിയയില്‍ ദുരന്ത സാധ്യത മുന്നറിയിപ്പുമായി ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് അബ്ബോട്ട്. സെപ്റ്റംബർ എട്ടിന് തലച്ചോര്‍ തിന്നുന്ന അമീബയായ നീഗ്ലേറിയ ഫൗളേറി ബാധിച്ച് ആറുവയസ്സുകാരന്‍ മരിച്ചിരുന്നു. പിന്നീട് പ്രദേശത്തെ ജലവിതരണ സംവിധാനത്തിലും അമീബയുടെ സാന്നിധ്യം കണ്ടെത്തി. ഇതിന് പിന്നാലെയാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
ബ്രസോറിയയിലെ ലേക് ജാക്‌സണ്‍ നഗരത്തില്‍ ജോസിയ മാക് ഇന്റര്‍ എന്ന ആറു വയസ്സുകാരനാണ് അമീബയെ തുടർന്ന് മരിച്ചത്. കുട്ടിയുടെ വീട്ടിലെ ഗാര്‍ഡന്‍ ഹോസിന്റെ ടാപ്പില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതായി ലേക് ജാക്‌സണ്‍ നഗരസഭ വക്താവിനെ ഉദ്ധരിച്ച് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലെ ജലധാരയിലും ഫയര്‍ ഹൈഡ്രന്റിലും അമീബയുടെ സാന്നിധ്യം കണ്ടെത്തിയതായി നഗരസഭ ഉദ്യോഗസ്ഥന്‍ മൊഡെസ്‌റ്റോ മുണ്ടോ അറിയിച്ചു.
അസുഖം ബാധിക്കുന്നതിന് മുമ്പ് കുട്ടി ഒരു സ്പ്ലാഷ് പാര്‍ക്കില്‍ കളിച്ചിരുന്നു. ഇതിനിടയിൽ മലിനജലവുമായി കുട്ടിക്ക് സമ്പര്‍ക്കമുണ്ടായി കാണുമെന്ന് കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറയുന്നു. സംഭവത്തിന് പിന്നാലെ സ്പ്ലാഷ് പാര്‍ക്ക് അടച്ചു.
ബ്രസോറിയയിലെ നിരവധി നഗരങ്ങളില്‍ താമസക്കാരോട് കുടിക്കുന്നതിനോ, കുളിക്കുന്നതിനോ, പാചകം ചെയ്യുന്നതിനോ പൈപ്പ് വെള്ളം ഉപയോഗിക്കരുതെന്ന നിർദ്ദേശം നൽകിയിരുന്നു. ഇത് പിന്നീട് പിൻവലിച്ചെങ്കിലും വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്നതിന് മുമ്പ് തിളപ്പിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
1983-നും 2010-നും ഇടയില്‍ ഈ അമീബ ബാധിച്ച് 28 പേരാണ് മരിച്ചതെന്ന് ടെക്‌സാസ് ആരോഗ്യ അധികൃതര്‍ പറയുന്നു.
എന്താണ് 'തലച്ചോര്‍ തിന്നുന്ന അമീബ' ...
'തലച്ചോര്‍ തിന്നുന്ന അമീബ' എന്ന് വിശേഷണമുളള നീഗ്ലേറിയ ഫൗളേറി അമീബ ജലത്തില്‍ നിന്ന് മൂക്കുവഴിയാണ് മനുഷ്യശരീരത്തില്‍ പ്രവേശിക്കുക. ഒഴുക്കുകുറഞ്ഞതോ കെട്ടിക്കിടക്കുന്നതോ ആയ ജലാശയങ്ങളില്‍ ഇറങ്ങുമ്പോഴോ ശുദ്ധീകരിക്കാത്ത വാട്ടര്‍ ഹീറ്ററുകളിലെ വെള്ളം ഉപയോഗിക്കുമ്പോഴോ ശരീരത്തില്‍ കടക്കാം. നേരിട്ട് വെയിലേല്‍ക്കുന്ന ജലാശയമായാല്‍പോലും 40 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് താങ്ങാന്‍ ഈ അമീബയ്ക്ക് കഴിയും. നാഡീവ്യൂഹത്തെയും തലച്ചോറിനെയും നശിപ്പിക്കുന്നത് വഴി മരണം സംഭവിക്കാം.