രണ്ട് ചുഴലിക്കാറ്റുകള്‍; ചൈനയില്‍ മരണം 12, നാന്നൂറോളം പേര്‍ക്ക് പരിക്ക്
മധ്യ-കിഴക്കൻ ചൈനയിൽ വീശിയടിച്ച രണ്ട് ചുഴലിക്കാറ്റുകളിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും 400 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലോകത്താദ്യമായി 2019 ൽ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ മധ്യ നഗരമായ വുഹാനിൽ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 257 കിലോമീറ്ററായിരുന്നു. ഇന്നലെ രാത്രിയോടു കൂടിയാണ് ശക്തമായ രണ്ട് ചുഴലിക്കാറ്റികള്‍ ചൈനയിലൂടെ കടന്ന് പോയത്. ഷെങ്സിയിലും വുഹാനിലുമാണ് ചുഴലിക്കാറ്റുകള്‍ ആഞ്ഞ് വീശിയത്.
ആദ്യത്തെ ചുഴലിക്കാറ്റ് രാത്രി 7 മണിയോടെ ഷെങ്‌സെയിൽ വീശുകയും വീടുകൾക്കും ഫാക്ടറികൾക്കും നാശനഷ്ടമുണ്ടാക്കുകയും വൈദ്യുതി മുടക്കുകയും ചെയ്തതായി ഔദ്യോഗിക സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
നഗരത്തിന്‍റെ ചുമതല വഹിക്കുന്ന സുസൌസിറ്റി സർക്കാർ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ നാല് പേർ മരിച്ചുവെന്നും 149 പേർക്ക് നിസാര പരിക്കേറ്റതായും അറിയിച്ചു. ചൈനയുടെ കിഴക്കൻ തീരത്തെ ഷാങ്ഹായ്ക്ക് സമീപമാണ് ഷെങ്‌സി.
രാത്രി 8:40 ഓടെ മറ്റൊരു ചുഴലിക്കാറ്റ് വുഹാന് നേരെ വീശിയടിച്ചു. മണിക്കൂറിൽ 86 കിലോമീറ്റർ (53 മൈൽ) വേഗതയില്‍ കാറ്റ് വീശുകയും രണ്ട് ഡസനിലധികം വീടുകൾ തകരുകയും ചെയ്തു. 26,600 വീടുകളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടതായും സിൻഹുവ പറഞ്ഞു.
ചുഴലിക്കാറ്റില്‍ എട്ട് പേർ മരിക്കുകയും 230 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വുഹാനിലെ അധികൃതർ ശനിയാഴ്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശക്തമായ കാറ്റില്‍ മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി.
വുഹാനിൽ 30 വീടുകൾ തകർന്നുവെന്നും 130 വീടുകള്‍ ഭാഗീകമായി തകർന്നതായും 37 ദശലക്ഷം യുവാൻ (5.7 ദശലക്ഷം ഡോളർ) സാമ്പത്തിക നഷ്ടമുണ്ടായതായും പ്രദേശിക ഭരണകൂടം അറിയിച്ചു. നിർമാണ സൈറ്റ് ഷെഡുകൾക്കും രണ്ട് ക്രെയിനുകൾക്കും കേടുപാടുകൾ സംഭവിച്ചു.
വെള്ളിയാഴ്ച അർദ്ധരാത്രിക്ക് ശേഷം വുഹാനിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷാപ്രവർത്തകർ നടത്തി. 2019 ജൂലൈയിൽ വടക്കുകിഴക്കൻ ലിയോണിംഗ് പ്രവിശ്യയിൽ വീശിയടിച്ച ചുഴലിക്കാറ്റ് ആറ് പേരുടെ മരണത്തിനിടയാക്കി.
അടുത്ത മാസം മറ്റൊരു ചുഴലിക്കാറ്റ് തെക്കൻ റിസോർട്ട് ദ്വീപായ ഹൈനാനിൽ എട്ട് പേരുടെ മരണത്തിന് കാരണമായിരുന്നു. ചൈനയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള ജിയാങ്‌സു പ്രവിശ്യയിൽ ചുഴലിക്കാറ്റ് സാധാരണമാണ്. ഓരോ വർഷവും ശരാശരി ഏഴ് മുതൽ എട്ട് വരെ പേര്‍ ഇവിടെ ചുഴലിക്കാറ്റില്‍ കൊല്ലപ്പെടുന്നു.
2016 ൽ കിഴക്കൻ ജിയാങ്‌സു പ്രവിശ്യയിൽ വീശിയടിച്ച ചുഴലിക്കാറ്റിലും ആലിപ്പഴവീഴ്ചയിലും 98 പേരാണ് മരിച്ചത്. മാസം ആദ്യം, ശക്തമായ കൊടുങ്കാറ്റിൽ യാങ്‌സി നദിയുടെ വടക്കൻ തീരത്തും ഷാങ്ഹായ്ക്ക് അടുത്തുള്ള 8 ദശലക്ഷം ജനങ്ങളുള്ള പട്ടണമായ നാന്റോങ്ങിൽ 11 പേർ മരിച്ചു.
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona