Ukraine Conflict: ചൈനയോട് റഷ്യ ആയുധം ആവശ്യപ്പെട്ടെന്ന് യുഎസ്
റഷ്യയുടെ ഉക്രൈന്‍ അധിനിവേശം 20 -ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യ, ചൈനയോട് ആയുധങ്ങള്‍ ആവശ്യപ്പെട്ടതായി യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ലോകത്തില്‍ ആയുധശേഷിയില്‍ രണ്ടാം സ്ഥാനത്തുള്ള റഷ്യയെ 22 -ാം സ്ഥാനത്തുള്ള ഉക്രൈന്‍ യുദ്ധം തുടങ്ങി മൂന്ന് ആഴ്ച കഴിഞ്ഞും വലിയ രീതിയില്‍ പ്രതിരോധിക്കുകയാണ്. പ്രതിരോധം കനത്തതോടെ റഷ്യുടെ മുന്നേറ്റത്തിന്‍റെ വേഗം കുറഞ്ഞു. ഇതിനിടെയാണ് റഷ്യ, സുഹൃത്ത് രാജ്യമായ ചൈനയോട് ആയുധങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഏത് തരം ആയുധങ്ങളാണ് ആവശ്യപ്പെട്ടതെന്നോ ആവശ്യപ്പെട്ട ആയുധങ്ങള്‍ കൈമാറാന്‍ ചൈന തയ്യാറാണോ എന്നുള്ള വിശദാംശങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. റഷ്യയുടെ ആവശ്യം പാശ്ചാത്യ ലോകത്ത് ഏറെ ആശങ്ക സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യയെ സഹായിക്കാൻ സൈനികമായി ചൈന തയ്യാറെടുക്കുന്നുണ്ടെന്ന സൂചനകൾക്കിടയിൽ യുഎസ് നാറ്റോ അടക്കമുള്ള തങ്ങളുടെ സഖ്യകക്ഷികൾക്ക് മുന്നറിയിപ്പ് നൽകാൻ തയ്യാറെടുക്കുന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇത് ലോകത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉക്രൈനിലെ യുദ്ധം മൂന്നാം ആഴ്‌ചയിലേക്ക് നീണ്ടുപോയതിനാല്‍ റഷ്യയുടെ കൈവശമുള്ള ചിലതരം ആയുധങ്ങൾ തീർന്നുപോയതിന്‍റെ സൂചനകളുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥരും അവകാശപ്പെടുന്നു. ഉക്രൈനിലെ തങ്ങളുടെ നപടി യുദ്ധമോ അധിനിവേശമോ അല്ലെന്നും 'പ്രത്യേക നടപടിക്രമം' മാത്രമാണെന്നുമാണ് റഷ്യ ഇപ്പോഴും അവകാശപ്പെടുന്നത്.
എന്നാല്‍, റഷ്യയുടെത് നഗ്നമായ അധിനിവേശമാണെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട്. റഷ്യ യുദ്ധമാരംഭിച്ചത് മുതല്‍ ഉപരോധങ്ങള്‍ ഉയര്‍ത്തി റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിലാണ് യുഎസും യൂറോപ്യന്‍ യൂണിയനും. റഷ്യയ്ക്കെതിരെ ഉപരോധങ്ങള്‍ ശക്തമാക്കിയതോടെ ചൈന റഷ്യയുമായുള്ള സഹകരണം വര്‍ദ്ധിപ്പിച്ചിരുന്നു.
റഷ്യയുടെ അധിനിവേശം തുടങ്ങിയ സമയത്ത് 'അത് യൂറോപ്പിന്‍റെ വിഷയ' മാണെന്നായിരുന്നു ചൈനീസ് നിലപാട്. റഷ്യയുടെ ഉക്രൈന്‍ അക്രമണത്തെ അപലപിക്കാന്‍ ചൈന ഇതുവരെ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം കണണമെന്ന് മാത്രമാണ് ചൈനയുടെ നിര്‍ദ്ദേശം.
'ഉക്രെയ്‌ൻ അവസ്ഥയിൽ ചൈനയ്ക്ക് അഗാധമായ ഉത്കണ്ഠയും ദുഃഖവുമുണ്ടെന്നും എന്നാല്‍ റഷ്യയെ സഹായിക്കാൻ ചൈന തയ്യാറാണെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും വാഷിംഗ്ടണിലെ ചൈനീസ് എംബസി വക്താവ് ലിയു പെൻഗ്യു പറഞ്ഞു.
സ്ഥിതിഗതികൾ ലഘൂകരിക്കുമെന്നും സമാധാനം നേരത്തെ തന്നെ തിരിച്ചെത്തുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഈ വിഷയത്തോട് വൈറ്റ് ഹൗസിന്‍റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ പ്രതികരിക്കാൻ വിസമ്മതിച്ചു.
അജ്ഞാതരായ യുഎസ് ഉദ്യോഗസ്ഥന്‍, റഷ്യ ഏത് തരത്തിലുള്ള ആയുധമാണ് ആവശ്യപ്പെട്ടതെന്നോ എത്രയെന്നോ പറഞ്ഞിട്ടില്ലെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്ത സംബന്ധിച്ച കൂടുതല്‍ സ്ഥിരീകരണത്തിനായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ന് റോമിലെത്തി ചൈനയുടെ ഉന്നത നയതന്ത്രജ്ഞൻ യാങ് ജിയേച്ചിയെ കാണുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
യുഎന്നില്‍ ആരോപിക്കപ്പെട്ട യുദ്ധക്കുറ്റങ്ങളടക്കമുള്ള കുറ്റങ്ങളില്‍ നിന്നും റഷ്യയെ രക്ഷപ്പെടാൻ സഹായിക്കുന്നത് ഒഴിവാക്കണമെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി.
ഉക്രൈനെതിരായ റഷ്യയുടെ യുദ്ധത്തെ തുടര്‍ന്ന് പ്രാദേശിക, ആഗോള സുരക്ഷയിൽ സംഭവിച്ച ആഘാതവും ചർച്ചാ വിഷയമാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഉക്രൈനില്‍ റഷ്യന്‍ സേന പ്രയോഗിക്കുന്ന രാസ/ജൈവ ആയുധ ആക്രമണങ്ങൾ മറച്ച് വയ്ക്കുകയും യുദ്ധത്തെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ ചൈന പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നും യുഎസ് ഉദ്യോഗസ്ഥർ ആരോപിച്ചു.
യുഎസ്, യൂറോപ്യൻ യൂണിയന്‍ വിപണിയിലേക്കുള്ള പ്രവേശനം ചൈനയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. എന്നിട്ടും അവര്‍ റഷ്യയെ പിന്തുണയ്ക്കുന്നു. റഷ്യയുമായി 'പരിധികളില്ലാത്ത സൗഹൃദം' പ്രഖ്യാപിക്കുന്നതിലാണ് ചൈനയ്ക്ക് താത്പര്യമെന്നും യുഎസ് ആരോപിച്ചു.
ചൈനയും റഷ്യയും തമ്മിലുള്ള വിപണി ബന്ധത്തെ കുറിച്ച് മുതിർന്ന ചൈനീസ് വിദേശനയ ഉപദേഷ്ടാവ് യാങ് ജിയേച്ചിയുമായി ചര്‍ച്ച നടത്തുമെന്ന് സള്ളിവൻ പറഞ്ഞു. ഉക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് യുഎസും യൂറോപ്യന്‍ യൂണിയനും റഷ്യയ്ക്കെതിരെ ശക്തമായ ഉപരോധമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
റഷ്യയ്ക്കെതിരെയുള്ള ഉപരോധം മറികടക്കാന്‍ ചൈന വിപണിയില്‍ ഇടപെട്ടാല്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കി. 'ലോകത്തിലെ ഏത് രാജ്യത്ത് നിന്നും ഈ സാമ്പത്തിക ഉപരോധങ്ങളിൽ നിന്ന് റഷ്യയ്ക്ക് ഒരു ജീവനാഡി ഉണ്ടാകാൻ അനുവദിക്കില്ലെന്നും സള്ളിവന്‍ കൂട്ടിച്ചേര്‍ത്തു.
റഷ്യയുടെ ഉക്രൈൻ അധിനിവേശത്തെ അപലപിക്കാത്ത ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ചൈന. നേരത്തെ റഷ്യ ഉക്രൈന്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി യുഎസ് മുന്നറിയിപ്പ് നല്‍കുന്നതിനിടെ വ്ളാദിമിര്‍ പുടിന്‍ ചൈനയില്‍ ശീതകാല ഒളിമ്പിക്സിന്‍റെ ഉദ്ഘാടനത്തിനെത്തിയിരുന്നു.
ഈ കൂടിക്കാഴ്ചയില്‍ പുടിനും ഷി ജിന്‍പിങ്ങും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരിധിയില്ലാത്ത സൗഹൃദം പ്രഖ്യാപിക്കുകയും 5,000 വാക്കുകളുടെ പ്രസ്താവന ഒപ്പിടുകയും ചെയ്തിരുന്നു. മാത്രമല്ല, യുഎനില്‍ റഷ്യയ്ക്കെതിരായ സാമ്പത്തിക ഉപരോധങ്ങളില്‍ ചൈന പ്രതിഷേധമറിയിക്കുകയും വിട്ട് നില്‍ക്കുകയും ചെയ്തിരുന്നു.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ചൈന പിന്തുണ അറിയിക്കുകയും മധ്യസ്ഥം വാഗ്ദാനം ചെയ്തിരുന്നു. അന്താരാഷ്ട്രാ സംഘര്‍ഷത്തിന് ചൈന പൊതുവെ മധ്യസ്ഥത വഹിക്കാറില്ല. ചൈനയെ സംബന്ധിച്ച് സഖ്യങ്ങള്‍ മുഖ്യമല്ലെന്നും സ്വന്തം സമ്പദ് വ്യവസ്ഥമാത്രമാണ് പ്രധാനമെന്നുമുള്ള ആരോപണങ്ങളും നിലനില്‍ക്കുന്നുണ്ട്.
യുഎസിന്‍റെ ഇറാഖ് അക്രമണം തെറ്റായ വിവരങ്ങളെ തുടര്‍ന്നാണെന്ന് ചൈന തിരിച്ചടിച്ചു. അതിനാല്‍ റഷ്യയുടെ ഇപ്പോഴത്തെ നടപടിയെ യുഎസിന് വിമര്‍ശിക്കാന്‍ ധാര്‍മ്മികവകാശം ഇല്ലെന്നും ചൈന പ്രതികരിച്ചു.
സദ്ദാം ഹുസൈന്‍ രാസ/ജൈവായുധങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് യുഎസ്, ഇറാഖ് അക്രമിച്ചത്. എന്നാല്‍ അത്തരം അപകടകരമായ ആയുധങ്ങളൊന്നും യുഎസിന് ഇറാഖില്‍ നിന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍, ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ യുഎസ് തയ്യാറായില്ല. പുടിന്‍റെ ഉക്രൈന്‍ അക്രമണത്തെ കുറിച്ച് ചൈനയ്ക്ക് വിവരമുണ്ടായിരുന്നുവെന്ന് യുഎസ് ആരോപിച്ചു. ചൈനയ്ക്ക് ഇതിനെ കുറിച്ച് പൂര്‍ണ്ണമായും അറിയില്ലായിരിക്കാം. മറ്റ് രാജ്യങ്ങളോട് നുണ പറഞ്ഞത് പോലെ പുടിന്‍ ചൈനയോടും നുണ പറയാനാണ് സാധ്യതയെന്നും സള്ളിവന്‍ പറയുന്നു.
ഉക്രൈന്‍ അക്രമണത്തിന് ഇന്ന് റഷ്യ പറയുന്ന കാരണങ്ങളിലൊന്ന് യുഎസ് പിന്തുണയോടെ റഷ്യയ്ക്കെതിരായി ഉക്രൈന്‍ രാസ/ജൈവ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെന്നാണ്. എന്നാല്‍ ഇതിനുള്ള തെളിവുകളൊന്നും റഷ്യയുടെ പക്കലില്ല.
ഉക്രൈനില്‍ 26 ബയോ ലാബുകള്‍ക്കും അനുബന്ധ സൗകര്യങ്ങള്‍ക്കും യുഎസ് സഹായം ചെയ്യുന്നുണ്ടെന്ന റഷ്യയുടെ ആരോപണം ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ ആവര്‍ത്തിച്ചു. എന്നാല്‍, ഇത്തരം ഒരു ആരോപണത്തെ പിന്തുണയ്ക്കുന്ന ഒരു വിവരവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് യുഎന്‍ ആവര്‍ത്തിച്ചു.
റഷ്യ രാസായുധ പ്രയോഗത്തിന് തയ്യാറെടുക്കുകയാണെന്നും യുഎസ് ആരോപിച്ചു. പുടിന്‍റെ രാഷ്ട്രീയ എതിരാളികളായ അലക്സി നവൽനി, മുൻ ചാരൻ സെർജി സ്ക്രിപാൽ എന്നിവരെ കൊല്ലാന്‍ രാസായുധം ഉപയോഗിച്ചതും സിറിയയില്‍ ജനങ്ങള്‍ക്ക് നേരെ രാസായുധം പ്രയോഗിച്ച അസദ് സർക്കാരിനെ സംരക്ഷിക്കുന്നതും റഷ്യയാണെന്ന് യുഎസ് തിരിച്ചടിച്ചു.