Ukraine Crisis: ഞങ്ങളുടെ നഗരങ്ങള്‍ വീണ്ടെടുക്കാന്‍ റഷ്യയുടെ പണം ഉപയോഗിക്കും: സെലെന്‍സ്കി
ഉക്രൈന്‍ കീഴടക്കുന്നത് തന്‍റെ ലക്ഷ്യമല്ലെന്ന് യുദ്ധത്തിനുമുമ്പും പിമ്പും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ ആവര്‍ത്തിക്കുമ്പോഴും പുടിന്‍റെ വാക്കും പ്രവര്‍ത്തിയും രണ്ടാണെന്ന് വ്യക്തമാക്കി ഫ്രാന്‍സ് രംഗത്തെത്തി. ഇന്നലെ പുടിനും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് പുടിന്‍, ഉക്രൈന്‍ കീഴക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഫ്രാന്‍സ് ആരോപിച്ചത്. യുദ്ധം ആരംഭിച്ചപ്പോള്‍ ഉക്രൈന്‍ തന്‍റെ ലക്ഷ്യമല്ലെന്നും മറിച്ച് ഉക്രൈന്‍റെ കിഴക്കന്‍ പ്രദേശമായ ഡോണ്‍ബസ്കിലെ റഷ്യക്കാരുടെ സ്വാതന്ത്രം മാത്രമാണ് തന്‍റെ ലക്ഷ്യമെന്നുമാണ് പുടിന്‍ പറഞ്ഞത്. എന്നാല്‍, യുദ്ധം തുടങ്ങി ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോഴും ഉക്രൈന്‍റെ അതിശക്തമായ ചെറുത്ത് നില്‍പ്പിന് മുമ്പിള്‍ റഷ്യയുടെ പാളിയ യുദ്ധതന്ത്രങ്ങള്‍ മാത്രമാണുള്ളത്. കരമാര്‍ഗ്ഗം ഒരു വിജയം പോലും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ബലമുള്ള റഷ്യയ്ക്ക് അവകാശപ്പെടാനില്ല. ആകെയുള്ള വിജയമെന്നത് ഖര്‍സോണ്‍ നഗരം കീഴടക്കിയത് മാത്രമാണ്. അതിനിടെയാണ് തന്‍റെ ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വിജയം മാത്രമാണ് ലക്ഷ്യമെന്നും പുടിന്‍, മാക്രോണിനോട് പറഞ്ഞതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
സാധാരണക്കാരെ മനുഷ്യക്കവചങ്ങളായി ഉപയോഗിക്കുന്ന തീവ്രഗുണ്ടാ സംഘമാണ് ഉക്രൈനികളെന്നെ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍റെ പ്രസ്ഥാവനയോട് ഉക്രൈന്‍ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞത്, 'എന്‍റെ കൂടെ ഇരിക്കൂ, ഞാൻ കടിക്കില്ല, ഞാനൊരു സാധാരണ മനുഷ്യനാണ്'. എന്നായിരുന്നു.
എന്നാല്‍, ഇതിനോട് പ്രതികരിക്കാന്‍ പുടിന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, സാധാരണക്കാരെ ലക്ഷ്യമിടില്ലെന്ന് പുടിന്‍ ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോളും പുടിന്‍റെ സൈന്യം ഉക്രൈനിലെ സ്കൂളികളും കിന്‍റര്‍ഗാര്‍ട്ടന്‍ കെട്ടിടങ്ങളുമടക്കമുള്ള എല്ലാ കെട്ടികടങ്ങള്‍ക്ക് മുകളിലും കനത്ത ബോംബിങ്ങ് നടത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു.
റഷ്യയുമായി യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളും ഉക്രൈനും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും പുടിന്‍റെ പിടിവാശിയില്‍ മൂലം ചര്‍ച്ചയില്‍ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. 'ഞങ്ങളുടെ ഭൂമിയിൽ നിന്ന് ഇറങ്ങിപ്പോകൂ. നിങ്ങൾക്ക് ഇപ്പോൾ പോകാൻ താൽപ്പര്യമില്ലേ ? എന്നിട്ട് എന്നോടൊപ്പം ചർച്ചാ മേശയിൽ ഇരിക്കുക. ഞാൻ ഉണ്ടാകും. മാക്രോണിനെയും ഷോൾസിനെയും പോലെ 30 മീറ്റർ അകലെയല്ല. ഞാൻ നിങ്ങളുടെ അയൽക്കാരനാണ്. നിങ്ങൾ എന്നെ 30 മീറ്റർ അകലെ നിർത്തേണ്ടതില്ല. ഞാൻ കടിക്കില്ല. ഞാൻ ഒരു സാധാരണ മനുഷ്യനാണ്. എന്‍റെ കൂടെ ഇരുന്നു സംസാരിക്കൂ. നിങ്ങൾ എന്തിനെയാണ് ഭയപ്പെടുന്നത് ? ഞങ്ങൾ ആരെയും ഭീഷണിപ്പെടുത്തുന്നില്ല, ഞങ്ങൾ തീവ്രവാദികളല്ല, ഞങ്ങൾ ബാങ്കുകൾ പിടിച്ചെടുക്കുകയോ വിദേശഭൂമി പിടിച്ചെടുക്കുകയോ ചെയ്യുന്നില്ല.' വോളോഡിമർ സെലെൻസ്‌കി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.
ആസൂത്രിതവും ബോധപൂര്‍വ്വവുമായ യുദ്ധത്തില്‍ സാധാരണക്കാര്‍ക്ക് നേരെ റഷ്യന്‍ സേന ബോംബിങ്ങ് നടത്തുന്നതിന്‍റെ ആയിരക്കണക്കിന് തെളിവുകളാണ് ഉക്രൈന്‍ ഓരോ ദിവസവും പുറത്ത് വിടുന്നത്. എന്നാല്‍, ഇതൊക്കെ വ്യാജമാണെന്നും തന്‍റെ സൈനികര്‍ സാധാരണക്കാരെ ലക്ഷ്യമില്ലെന്നും പുടിന്‍ ആവര്‍ത്തിച്ചു.
ഉക്രൈനിലെ നവനാസികള്‍ സാധാരണക്കാരെ മനുഷ്യക്കവചമായി ഉപയോഗിക്കുകയാണെന്നും കിഴക്കൻ ഡോൺബാസ് മേഖലയിലെ റഷ്യക്കാരെ സ്വതന്ത്രമാക്കുകമാണ് തന്‍റെ ലക്ഷ്യമെന്നും ഉക്രൈന്‍ കീഴടക്കുക തന്‍റെ ഉദ്ദേശമല്ലെന്നും പുടിന്‍ ആവര്‍ത്തിച്ചു. അതിനിടെ ഉക്രൈനിലെ കെട്ടിടങ്ങള്‍ക്ക് സര്‍വ്വനാശം വിധച്ച് റഷ്യയുടെ ഉക്രൈന്‍ അധിനിവേശം ഒമ്പതാം ദിവസത്തിലേക്ക് കടന്നു.
2019 ല്‍ 73.2 ശതമാനം വോട്ടോടു കൂടി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് സ്വന്തം ജനതയെ തടവിലിട്ടിരിക്കുകയാണെന്നും പുടിന്‍ ആരോപിച്ചു. അതിനിടെ ഒരു കമാന്‍റര്‍ ഉള്‍പ്പെടെ തങ്ങള്‍ക്ക് 500 ഓളം സൈനികരെ നഷ്ടമായെന്നും റഷ്യ അറിയിച്ചു.
അതിനിടെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തതിലും കഠിനമായ ചെറുത്ത് നില്‍പ്പാണ് ഉക്രൈന്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. യുദ്ധം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കീഴടക്കാമെന്ന പുടന്‍റെ സ്വപ്നങ്ങള്‍ ഇതോടെ അസ്തമിച്ചു. എന്നാല്‍, വിജയം വൈകുന്നതിനനുസരിച്ച് പുടിന്‍ കൂടുതല്‍ അക്രമണകാരിയാകാന്‍ സാധ്യതയുണ്ടെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ ഉക്രൈന്‍റെ ആകാശത്ത് പറന്ന് നടക്കുന്ന തന്‍റെ സൈനീക വിമാനങ്ങളെ സഹായിക്കാന്‍ യുദ്ധവിമാനങ്ങള്‍ തരാന്‍ സെലന്‍സ്കി യൂറോപ്യന്‍ യൂണിയനോടും യുഎസിനോടും ആവശ്യപ്പെട്ടു. ഉക്രൈന് മുകളിൽ പറക്ക നിരോധിത മേഖല ഏർപ്പെടുത്തുന്നത് നാറ്റോ അംഗങ്ങൾ തള്ളിക്കളഞ്ഞതിന് പിന്നാലെയാണിത്.
'ആകാശം അടയ്ക്കാൻ നിങ്ങൾക്ക് അധികാരമില്ലെങ്കിൽ, എനിക്ക് വിമാനം തരൂ!' സെലൻസ്‌കി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'ഞങ്ങൾ ഇനി ഇല്ലെങ്കിൽ, ദൈവം വിലക്കട്ടെ, ലാത്വിയ, ലിത്വാനിയ, എസ്തോണിയ എന്നിവ അടുത്തതായി വരും,' സെലന്‍സ്കി മുന്നറിയിപ്പ് നല്‍കി. പുടിനുമായുള്ള നേരിട്ടുള്ള ചർച്ചയാണ് 'ഈ യുദ്ധം നിർത്താനുള്ള ഏക മാർഗം'മെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
നേരത്തെ റഷ്യ, ഉക്രൈന്‍ അക്രമിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന അമേരിക്കന്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍, 'ആധുനിക ലോകത്ത് ഒരു മനുഷ്യന് ഒരു മൃഗത്തെപ്പോലെ പെരുമാറാൻ കഴിയുമെന്ന് ആരും കരുതിയിരുന്നില്ല.' എന്നായിരുന്നു സെലന്‍സ്കി പറഞ്ഞത്. എന്നാല്‍, സെലന്‍സ്കിയുടെ ധാരണയ്ക്കുമപ്പുറത്തായിരുന്നു പുടിന്‍ എന്ന് ഇന്ന് തെളിയുകയാണ്.
അതിവിനാശകമായ ക്ലസ്റ്റര്‍, വാക്വം ബോംബുകള്‍ പുടിന്‍റെ സൈന്യം ഇതിനകം ഉക്രൈനില്‍ പ്രയോഗിച്ച് കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. അതിനിടെ ആണവനിലയങ്ങള്‍ക്ക് സമീപം ബോംബിങ്ങ് നടത്തിയും ചെര്‍ണോബില്ലിനെ ആണവവികിരണതോത് ഉയര്‍ത്തുന്ന നടപടികളിലൂടെയും റഷ്യ അന്താരാഷ്ട്രാ യുദ്ധ കുറ്റങ്ങള്‍ പലതും ആവര്‍ത്തിക്കുകയാണെന്നും ഉക്രൈന്‍ ആരോപിച്ചു.
ചര്‍ച്ചകള്‍ നടക്കുമ്പോഴും ഉക്രൈമിലെമ്പാടും ബോംബ് വര്‍ഷിക്കുന്ന പുടിന്‍, ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മക്രോണുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ 'എന്ത് സംഭവിച്ചാലും' തന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കുമെന്നും 'അവസാനം വരെ പോരാട്ടം തുടരുമെന്നും' അറിയിച്ചു. '
ഉക്രൈന്‍റെ നിരായുധീകരണവും സെലെസ്കിയെ അധികാരത്തില്‍ നിന്ന് മാറ്റി ഒരു റഷ്യന്‍ അനുകൂലിയെ പ്രസിഡന്‍റായി വാഴിക്കുന്നതിനുമാണ് പുടിന്‍റെ ഇപ്പോഴത്തെ ആവശ്യങ്ങള്‍. ഉക്രൈനി ഭരണകൂടം നവനാസികളാണെന്ന തന്‍റെ പ്രസ്ഥാവന ആവര്‍ത്തിക്കാനും അദ്ദേഹം മടിക്കുന്നില്ല. '
പുടിനുമായുള്ള സംഭാഷണങ്ങള്‍ക്ക് ശേഷം ഉക്രൈന്‍റെ കിഴക്കന്‍ പ്രദേശങ്ങള്‍ മാത്രമല്ല, രാജ്യം മുഴുവനും പിടിച്ചടക്കാനാണ് റഷ്യ തയ്യാറെടുക്കുന്നതെന്നും അതിനായി അക്രമണം ശക്തമാക്കുമെന്നും മക്രോണ്‍ പറഞ്ഞു.
റഷ്യ വളരെക്കാലം ദരിദ്രവും ദുർബലവും ഉപരോധത്തിന് കീഴിലുമായി അവസാനിക്കുമെന്ന് മാക്രോൺ പറഞ്ഞു.'പ്രസിഡന്‍റ് പുടിൻ ഞങ്ങളോട് പറഞ്ഞതിൽ ഞങ്ങൾക്ക് ഉറപ്പുനൽകുന്ന ഒന്നും തന്നെയില്ല. ഓപ്പറേഷൻ തുടരാൻ അദ്ദേഹം വലിയ ദൃഢനിശ്ചയം കാണിച്ചു,' മാക്രോണിന്‍റെ സഹായി പറഞ്ഞു. പുടിൻ 'മുഴുവൻ യുക്രെയ്നിന്‍റെയും നിയന്ത്രണം പിടിച്ചെടുക്കാൻ ആഗ്രഹിക്കുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരിയുപോളില്‍ അതിശക്തമായ ഷെല്ലാക്രമണമുണ്ടായിട്ടും, നഗരം ഇപ്പോഴും ഉക്രേനിയൻ സേനയുടെ കൈയില്‍ തന്നെയാണെന്നും തന്‍റെ സൈനികരുടെ 'വീര' പ്രതിരോധത്തെ പ്രശംസിക്കുന്നെന്നും സെലെന്‍സ്കി പറഞ്ഞു. മാത്രമല്ല, ഉക്രൈന്‍റെ പുനർനിർമ്മിതിക്ക് റഷ്യയുടെ പണം തന്നെ ഉപയോഗിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
വടക്ക് - പടിഞ്ഞാറും തെക്കും കനത്ത റോക്കറ്റ് ആക്രമണത്തിന് വിധേയമായിട്ടും ഉക്രൈനിലെ നഗരങ്ങള്‍ ഇപ്പോഴും റഷ്യയ്ക്ക് മുന്നില്‍ മുട്ട് കുത്തിയിട്ടില്ല. ഓഡേസയ്ക്കെതിരെയും റഷ്യ കനത്ത ഷെല്ലാക്രമണമാണ് നടത്തുന്നത്.
അതേ സമയം ഖര്‍സോണ്‍ നഗരം ഒറ്റ രാത്രിമാത്രമാണ് റഷ്യയ്ക്ക് കീഴടക്കാന്‍ പറ്റിയതെന്നും പിന്നേറ്റ് നഗരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തതായും സെലെന്‍സ്കി അവകാശപ്പെട്ടു. കീവ്, ചെർനിഹിവ്, സുമി, മൈക്കോലൈവ് എന്നീ നഗരങ്ങളും കനത്ത ചെറുത്ത് നില്‍പ്പ് തുടരുകയാണ്.
'അവർ ഞങ്ങളെ നശിപ്പിക്കാൻ ആഗ്രഹിച്ചു. എന്നാല്‍, അവർ പരാജയപ്പെട്ടുകയാണ്. നമ്മൾ ഒരുപാട് കടന്നുപോയിട്ടുണ്ട്. ഇതെല്ലാം മറികടന്ന്, ഉക്രേനിയക്കാർ ഭയപ്പെടുകയോ തകർക്കുകയോ കീഴടങ്ങുകയോ ചെയ്യുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ, അവർക്ക് ഉക്രെയ്നിനെക്കുറിച്ച് ഒന്നും അറിയില്ല," സെലെൻസ്കി പറഞ്ഞു.
"ഞങ്ങൾ എല്ലാ വീടും എല്ലാ തെരുവുകളും എല്ലാ നഗരങ്ങളും പുനഃസ്ഥാപിക്കും, ഞങ്ങൾ റഷ്യയോട് ആവശ്യപ്പെട്ടും. 'നഷ്ടപരിഹാരം' എന്ന വാക്ക് റഷ്യക്കാരെ ഞങ്ങള്‍ പഠിപ്പിക്കും. ഞങ്ങളുടെ സംസ്ഥാനത്തിനെതിരെ, ഓരോ ഉക്രേനിയൻ പൗരന്മാർക്കെതിരെയും നിങ്ങൾ ചെയ്ത എല്ലാത്തിനും നിങ്ങൾ ഞങ്ങൾക്ക് പ്രതിഫലം നൽകും.' പരാജയപ്പെടുമെന്ന് ലോകമൊന്നാകെ പറഞ്ഞ യുദ്ധമുഖത്ത് നിന്ന് സെലെന്‍സ്കി പതറാതെ അവകാശപ്പെടുന്നു.