കൂട്ടപ്പലായനം, അമ്മയുടെ തോളിലിരുന്ന് ചിരിച്ചും കരഞ്ഞും കുഞ്ഞ്, അതിർത്തിയിൽ കണ്ടത്...
അഭയാർത്ഥിപ്രവാഹമാണ് യുക്രൈൻ അതിർത്തികളിൽ. യുദ്ധം തുടങ്ങിയിട്ടിന്നേ വരെ പലായനം ചെയ്തത് പത്ത് ലക്ഷത്തോളം പേർ. പൊട്ടിക്കരഞ്ഞ് കുഞ്ഞുങ്ങളെ യാത്രയാക്കുന്ന അച്ഛൻമാർ യുദ്ധത്തിനായി തിരികെപ്പോകും. ഇനിയെന്ന് സ്വന്തം മക്കളെ കാണുമെന്ന് പോലുമറിയാതെ. സ്ത്രീകളും കുട്ടികളുമാണ് അഭയാർത്ഥികളിലേറെയും. ഏറെ യാതനകൾ സഹിച്ചാണ് മിക്കവരും അതിർത്തികൾ വരെയെത്തിയത്. ഈ നൂറ്റാണ്ടിൽ യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധവും അഭയാർത്ഥിപ്രവാഹവും പകർത്താനെത്തിയ മാധ്യമപ്രവർത്തകരും വേദനയോടെയാണ് ആ പലായനം കണ്ട് നിൽക്കുന്നത്. യുക്രൈൻ പോളണ്ട് അതിർത്തിയായ ബുദോമിസിൽ നിന്ന് പ്രശാന്ത് രഘുവംശം പകർത്തിയ ചില ചിത്രങ്ങൾ കാണാം...
എന്‍റെ കളിപ്പാട്ടം എവിടെ? :)
യുക്രൈനിൽ നിന്നുള്ള അഭയാർത്ഥികളെ ആദ്യം ഇരുകയ്യും നീട്ടി സ്വീകരിച്ച രാജ്യങ്ങളിലൊന്നാണ് പോളണ്ട്. എന്നും അഭയാർത്ഥികളോട് ഈ സഹായമനോഭാവം പോളണ്ട് കാണിച്ചിട്ടില്ല. താലിബാനിൽ നിന്ന് രക്ഷപ്പെട്ടോടി വന്ന അഫ്ഗാനികളെ പണ്ട് പോളണ്ട് തിരിച്ചയച്ചിട്ടുണ്ട്. പക്ഷേ, യൂറോപ്പ് യുദ്ധത്തിലാകുമ്പോൾ, യുക്രൈനിൽ നിന്നുള്ളവരെ പോളണ്ട് സ്വീകരിക്കുന്നു. കയ്യിലൊതുങ്ങുന്നതെല്ലാമെടുത്ത് സ്ത്രീകളും കുട്ടികളും അതിർത്തികളിലേക്ക് ഒഴുകുന്നു.
കുഞ്ഞിന്‍റെ ഫോട്ടോ എടുക്കുവാണോ? :)
യുദ്ധം പ്രഖ്യാപിച്ചപ്പോൾ ആദ്യം യുക്രൈനിൽ നിന്ന് പലായനം ചെയ്തത് ഏഷ്യക്കാരും ആഫ്രിക്കക്കാരും അടക്കമുള്ളവർ തന്നെയാണ്. സ്വന്തം രാജ്യങ്ങളിലേക്ക് അതിർത്തി വഴി അവർ തിരികെപ്പോയി. പക്ഷേ എപ്പോൾ വേണമെങ്കിലും മിസൈലുകളും ഷെല്ലുകളും സ്വന്തം വീടുകൾക്ക് മുകളിൽ പതിക്കുമെന്നായപ്പോൾ യുക്രൈനിയൻ ജനത കുഞ്ഞുങ്ങളെയും സ്ത്രീകളെയും വൃദ്ധരെയും കൊണ്ട് അതിർത്തികളിലേക്ക് പ്രവഹിക്കുകയാണ്.
കുഞ്ഞുകണ്ണുകളിലുമുണ്ട് പേടി :(
വിമതമേഖലകളിൽ മാത്രം ആക്രമണം നടത്തി റഷ്യ പിൻവാങ്ങുമെന്ന് കരുതിയ യുക്രൈനിയൻ ജനത സൈന്യം തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടി. കീവിൽ നിന്നാണ് അഭയാർത്ഥിപ്രവാഹം തുടങ്ങിയത്. കീവിൽ നിന്നും ഹാർകീവിൽ നിന്നും സ്ത്രീകൾ കുട്ടികളെയും കയ്യിലേന്തി ട്രെയിനുകളിൽ തിക്കിത്തിരക്കി. കയ്യിലൊതുങ്ങാവുന്ന വസ്തുക്കൾ മാത്രമേ അവർക്ക് കൊണ്ടുപോകാനായുള്ളൂ.
എല്ലാറ്റിനുമിടയിലുമുണ്ട് ചെറുചിരികൾ :)
കീവിൽ നിന്നും ഹാർകീവിൽ നിന്നും ലിവീവിലേക്കാണ് നിരവധിപ്പേർ ട്രെയിൻ കയറിയെത്തിയത്. അവിടെ നിന്നും പലരും ബസ്സുകളിൽ പോളണ്ട് അതിർത്തി വരെ എത്തി. ഏറെ യാതനകൾ സഹിച്ചാണ് മിക്കവരും അതിർത്തികൾ വരെയെത്തിയത്. ഷെല്ലുകൾ വീണ് സ്വന്തം വീടുകൾ തകർന്നിരിക്കാമെങ്കിലും എല്ലാമുള്ളിലൊതുക്കി അമ്മമാർ കുഞ്ഞുങ്ങളെ നോക്കി ചിരിക്കുന്നു.
കയ്യിലൊന്നുമില്ല, ജീവനല്ലാതെ
യുദ്ധകാലത്ത് യുക്രൈനിയൻ സ്ത്രീകളോട് കുട്ടികളെയുമെടുത്ത് നാടുവിടാനാണ് സർക്കാർ പറയുന്നത്. 60-ന് താഴെയുള്ള പുരുഷൻമാർക്ക് നാട് വിടാനാവില്ല. അവരോട് ആയുധമെടുത്ത് റഷ്യക്ക് എതിരെ പോരാടാനാണ് നിർദേശം. പൊട്ടിക്കരഞ്ഞുകൊണ്ട് കുഞ്ഞുങ്ങളെ ഉമ്മ വച്ച് യാത്രയാക്കുന്ന അച്ഛൻമാരുടെ കാഴ്ചകൾ കണ്ട് മരവിച്ചുപോകും മനസ്സ്.
എല്ലാമിട്ടെറിഞ്ഞ യാത്രയിലും കൂടെ...
എല്ലാം വിട്ടെറിഞ്ഞ് നാട് വിടുമ്പോഴും, കൂടെ ജീവിച്ചിരുന്ന കുഞ്ഞ് വളർത്തുമൃഗങ്ങളെ കൈവിടാനാകുന്നില്ല പലർക്കും. കൊടുംതണുപ്പിൽ മരവിക്കുന്ന മൈനസ് ഡിഗ്രി സെൽഷ്യസിൽ തണുപ്പുകുപ്പായമണിയിച്ച് കുഞ്ഞ് പട്ടിക്കുട്ടിയുമായി എത്തിയ കുടുംബത്തെയും ഞങ്ങൾ കണ്ടു.
കൈവിടില്ല, ഒപ്പമുണ്ട്
അലറിക്കരഞ്ഞും, ആയിരക്കണക്കിന് പേർ പ്രവഹിക്കുന്ന റെയിൽവേസ്റ്റേഷനുകളിലേക്ക് തിക്കിത്തിരക്കി എത്തിയും പലപ്പോഴും റെയിൽപ്പാളങ്ങളിലേക്ക് വീണും എങ്ങനെയെങ്കിലും ട്രെയിനുകളിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നവരുടെ കാഴ്ചകൾ കടന്നാണ് അതിർത്തിയിൽ ഇവർ പലരുമെത്തിയത്. ഒരിക്കലും മറക്കില്ലെങ്കിലും ഓർക്കാനാഗ്രഹിക്കാത്ത ഒരുപാട് കാഴ്ചകൾ കടന്ന്...
കരയരുത് കുഞ്ഞേ...
ഏത് നിമിഷവും നിങ്ങളുടെ മേൽ ഒരു ഷെല്ലോ മിസൈലോ പതിച്ചേക്കാമെന്ന മുന്നറിയിപ്പുമായി എയർ സൈറണുകൾ സ്വന്തം വീടുകൾക്ക് മുകളിൽ, നഗരത്തിൽ മുഴങ്ങിക്കേൾക്കുന്നത് പലർക്കും വിശ്വസിക്കാൻ പോലുമായിട്ടില്ലെന്നതാണ് സത്യം.
വിശന്നാലൊരു കടി ആപ്പിൾ :)
ഭക്ഷണവും വെള്ളവുമില്ലാതെ ദിവസങ്ങൾ യാത്ര ചെയ്താണ് പലരും പോളണ്ട് അതിർത്തി വരെയെത്തിയത്. കയ്യിൽ കരുതിയിരുന്ന ചെറുപഴങ്ങളൊഴികെ മറ്റൊന്നും കുഞ്ഞുങ്ങൾക്ക് പോലും നൽകാനുണ്ടായിരുന്നില്ല അമ്മമാർക്ക്!
എനിക്ക് വേണ്ടാാ ! :)
മഞ്ഞുരുക്കി വെള്ളം കുടിച്ചും, കയ്യിലെ ഭക്ഷണം വല്ലപ്പോഴും കഴിച്ചും എങ്ങനെയോ അതിർത്തി വരെയെത്തിയത് പറയുമ്പോൾ പലരുടെയും തൊണ്ടയിടറും. പക്ഷേ, യുദ്ധമില്ലാത്ത ഒരു കാലത്തിലേക്ക് കുഞ്ഞുങ്ങൾ വളരുമെന്ന പ്രതീക്ഷയിൽ അവർക്ക് രക്ഷപ്പെട്ടല്ലേ മതിയാവൂ!
അതിർത്തിയിലെത്തിയ മാധ്യമപ്രവർത്തകർ
ഈ നൂറ്റാണ്ടിൽ യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധവും അഭയാർത്ഥിപ്രവാഹവും പകർത്താനെത്തിയ മാധ്യമപ്രവർത്തകരും വേദനയോടെയാണ് ആ പലായനം കണ്ട് നിൽക്കുന്നത്.
ഒപ്പമൊരു ചിത്രം!
അതിർത്തിയിലെത്തിയ മാധ്യമപ്രവർത്തകരിൽ ഒരാളായി ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി ദൃശ്യങ്ങൾ പകർത്തുമ്പോൾ, അവിടെ ദിവസങ്ങളായി ഉണ്ടായിരുന്ന മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോൾ, അവരുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ, സമാധാനം കാംക്ഷിക്കുന്ന ലോകമൊട്ടാകെ പ്രതീക്ഷിക്കുന്നത് തന്നെയാണ് എനിക്കും തോന്നിയത്. യുദ്ധമില്ലാത്ത, കുട്ടികൾക്കും സ്ത്രീകൾക്കും എല്ലാമിട്ടെറിഞ്ഞ് ഓടിപ്പോരേണ്ടി വരാത്ത ഒരു കാലം വരട്ടെയെന്ന് മാത്രം!
പോളണ്ടിൽ നിന്ന് പ്രശാന്ത് രഘുവംശം, ഏഷ്യാനെറ്റ് ന്യൂസ്.