War Criminal: പുടിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ച് യുഎസ്; സെനറ്റ് പ്രഖ്യാപനം ഐക്യകണ്ഠേന
മൂന്നാഴ്ചയായി ഉക്രൈന്‍ അധിനിവേശത്തിന് ( Occupation of Ukraine)നേതൃത്വം നല്‍കുന്ന റഷ്യന്‍ (Russia) പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിനെ (Vladimir Putin) യുദ്ധക്കുറ്റവാളിയായി അപലപിക്കുന്ന പ്രമേയം യുഎസ് സെനറ്റ് ഇന്നലെ ഐക്യകണ്ഠേന പാസാക്കി. യുഎസ് സെനറ്റില്‍ പതിവില്ലാതെയാണ് ഐക്യകണ്ഠേന ഒരു പ്രമേയം പാസാക്കുന്നതെന്ന് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രഹാമാണ് പ്രമേയം അവതരിപ്പിച്ചത്. ഡമോക്രാറ്റ് (Democrat), റിപ്പബ്ലിക്കന്‍ (Republican) സെനറ്റര്‍മാരുടെ എല്ലാം പിന്തുണയോടെയാണ് പ്രമേയം പാസാക്കപ്പെട്ടത്. ഇതോടെ ഹേഗിലെ അന്താരാഷ്ട്രാ ക്രിമിനല്‍ കോടതി ( International Criminal Court -ICC)ഉക്രൈന്‍ അധിനിവേശക്കാലത്തെ ഏത് അന്വേഷണത്തിലും റഷ്യന്‍ സൈന്യത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുമെന്ന് ഉറപ്പായി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്യന്‍ മണ്ണില്‍ നടക്കുന്ന ആദ്യത്തെ യുദ്ധമാണ് റഷ്യയുടെ ഉക്രൈന്‍ അധിനിവേശം. യുഎസ് സെനറ്റ് തീരുമാനത്തിന് പിന്നാലെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെയും (Joe Biden) കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെയും (Justin Trudeau) റഷ്യ സ്റ്റോപ്പ് ലിസ്റ്റില്‍ (Stop List) ഉള്‍പ്പെടുത്തി. ഇതോടെ ഇവര്‍ക്ക് റഷ്യയിലേക്ക് പ്രവേശിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടു. യുഎസ് സെനറ്റിന്‍റെ നീക്കം ഉക്രൈന്‍റെ മറ്റൊരു നയതന്ത്ര വിജയമായി കണക്കാക്കുന്നു.
'ഈ ചേമ്പറിലെ ഞങ്ങളെല്ലാവരും ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും ചേർന്ന് ഉക്രൈന്‍ ജനതയ്‌ക്കെതിരായ അതിക്രമങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാന്‍ വ്‌ളാഡിമിർ പുടിന് കഴിയില്ലെന്ന് ഉറപ്പുവരുത്തുമെന്ന്' വോട്ടെടുപ്പിന് മുന്നോടിയായി യുഎസ് സെനറ്റില്‍ നടത്തിയ പ്രസംഗത്തിൽ ഡെമോക്രാറ്റിക് സെനറ്റ് മെജോറിറ്റി നേതാവ് ചക്ക് ഷുമർ പറഞ്ഞു.
ഉക്രൈനെ നിരായുധീകരിക്കാനും നാസി ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുമെന്ന് അവകാശപ്പെട്ടാണ് റഷ്യ ഉക്രൈനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയത്. ഉക്രൈന്‍ ഭരണകൂടം, യുഎസിന്‍റെ പാവ ഭരണകൂടമാണെന്നും സ്വതന്ത്ര രാഷ്ട്രത്തിന്‍റെ പാരമ്പര്യമില്ലാത്ത യുഎസ് കോളനിയാണെന്നും പുടിന്‍ ആരോപിച്ചിരുന്നു.
ഫെബ്രുവരി 24 നാണ് പുടിന്‍ തന്‍റെ ഉക്രൈന്‍ അധിനിവേശത്തിന് തുടക്കമിട്ടത്. എന്നാല്‍, യുദ്ധം മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴും ഉക്രൈനിലെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളിലൊന്ന് പോലും റഷ്യയ്ക്ക് കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല.
അധിനിവേശം ആരംഭിച്ച ആദ്യ ദിവസം മുതല്‍ പോരാട്ടം നടക്കുന്ന തെക്കന്‍ നഗരമായ ഖര്‍സണ്‍ മേഖല മുഴുവനായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് അവകാശപ്പെട്ടത് കഴിഞ്ഞ ദിവസം മാത്രമാണ്. മരിയുപോളിലും മറ്റും കനത്ത ബോംബിങ്ങ് റഷ്യ തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യയുമായുള്ള വ്യാപര ബന്ധം യുഎസ് നിഷേധിച്ചിരുന്നു. തൊട്ട് പുറകെ റഷ്യന്‍ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കാനുള്ള അനുമതിയും യുഎസ് നിര്‍ത്തലാക്കി. ഇതോടെ യുഎസിലെ നിരവധി അന്താരാഷ്ട്രാ കമ്പനികളും റഷ്യയില്‍ നിന്ന് തങ്ങളുടെ ഉത്പന്നത്തെ പിന്‍വലിച്ചു.
യുഎസിന് പിന്നാലെ യുകെയും യൂറോപ്യന്‍ യൂണിയനും ജപ്പാനും ഓസ്ട്രേലിയയും റഷ്യയ്ക്ക് വ്യാപാര വിലക്കും വ്യോമപാതാ നിരോധനവും ഏര്‍പ്പെടുത്തി. ഇതോടെ റഷ്യയുടെ കയറ്റ് - ഇറക്കുമതി ഗണ്യമായി കുറയുകയും റഷ്യയുടെ വ്യാപാര മേഖല ഏതാണ്ട് പൂര്‍ണ്ണമായി നിശ്ചലമാവുകയും ചെയ്തു. വ്യാപാര മേഖല നിശ്ചലമായതോടെ റഷ്യന്‍ ഓഹരി വിപണി അടച്ചിട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
യുഎസിനെതിരായ റഷ്യയുടെ പ്രതികാര ഉപരോധത്തെ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞു. ജോസഫ് റോബിനെറ്റ് ബൈഡൻ ജൂനിയർ (Joseph Robinette Biden Jr.) എന്ന പേരില്‍ നിന്നും ജൂനിയര്‍ എന്ന് പേര് റഷ്യ ഒഴിവാക്കിയത് ഏറെ ചര്‍ച്ചയായി. ഒരുപക്ഷേ ജോ ബൈഡന്‍റെ അച്ഛന് റഷ്യ സന്ദര്‍ശിക്കാന്‍ ചിലപ്പോള്‍ റഷ്യ അനുമതി നല്‍കിയതാകാമെന്നും തമാശകളുയര്‍ന്നു.
യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, സിഐഎ മേധാവി വില്യം ബേൺസ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി എന്നിവര്‍ക്കും മറ്റ് ഏതാനും യുഎസ് ഉദ്യോഗസ്ഥരെയും റഷ്യയിലേക്ക് പ്രവേശിക്കുന്നത് തടയുന്ന "സ്റ്റോപ്പ് ലിസ്റ്റിൽ" (Stop List) റഷ്യ ഉള്‍പ്പെടുത്തുകയായിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്.
'യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ജൂനിയറാണ്. ഒരു പക്ഷേ അദ്ദേഹത്തിന്‍റെ അച്ഛനെയാകാം അവര്‍ വിലക്കിയത്. അദ്ദേഹം സമാധാനത്തോടെ വിശ്രമിക്കട്ടെ' റഷ്യയുടെ സാങ്കേതിക പിഴവിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി കളിയാക്കി.
"നമ്മൾ ആരും റഷ്യയിലേക്ക് വിനോദസഞ്ചാര യാത്രകൾ ആസൂത്രണം ചെയ്യുന്നില്ല, ഞങ്ങൾക്ക് ആക്‌സസ് ചെയ്യാൻ കഴിയാത്ത ബാങ്ക് അക്കൗണ്ടുകൾ ഞങ്ങളിൽ ആർക്കും ഇല്ല. അതിനാൽ ഞങ്ങൾ മുന്നോട്ട് പോകും," സാകി കൂട്ടിച്ചേർത്തു. റഷ്യന്‍ ബാങ്കുകള്‍ക്കും യുഎസും യൂറോപ്യന്‍ യൂണിയനും നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഉക്രൈന്‍ അധിനിവേശത്തെ തുടർന്ന് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിനെതിരെ റഷ്യ പ്രതികാരം ചെയ്യുകയാണെന്ന ആരോപണവും ഉയര്‍ന്നു. അതിനിടെ മൂന്നാഴ്ചയ്ക്കിടെ റഷ്യയുടെ 13,500 സൈനികരെ വധിച്ചതായി ഉക്രൈന്‍ അവകാശപ്പെട്ടു. നൂറ് കണക്കിന് ടാങ്കുകളും കവചിത വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. ആയിരക്കണക്കിന് സൈനികരെ തടവിലാക്കിയെന്നും ഉക്രൈന്‍ അവകാശപ്പെട്ടു.
യുദ്ധം ആരംഭിച്ച് ഒരാഴ്ചയ്ക്ക് ശേഷം തങ്ങള്‍ക്ക് 500 സൈനികരെ മാത്രമാണ് നഷ്ടമായതെന്ന് റഷ്യ അവകാശപ്പെട്ടിരുന്നു. പിന്നീട് ഇതുവരെ കൊല്ലപ്പെട്ട സൈനികരുടെ കണക്ക് പുറത്ത് വിടാന്‍ റഷ്യ തയ്യാറായിട്ടില്ല. അതേസമയം ഉക്രൈനിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ റഷ്യ കനത്ത ബോംബിങ്ങ് തുടരുകയാണ്.
ഉക്രൈന്‍ സര്‍ക്കാരില്‍ ശക്തമാകുന്ന നാസി ആഭിമുഖ്യം ഇല്ലാതാക്കാനും ഉക്രൈന്‍റെ നിരായുധീകരണം പ്രഖ്യാപിക്കാനും കിഴക്കന്‍ ഉക്രൈനിലെ റഷ്യന്‍ വംശജരുടെ മേഖലയ്ക്ക് സ്വാതന്ത്രപ്രഖ്യാപനം നടത്താനുവേണ്ടിയാണ് ഈ സൈനിക നീക്കമെന്നും ഇത് യുദ്ധമല്ലെന്നുമായിരുന്നു പുടിന്‍റെ അവകാശവാദം.
സൈനിക കേന്ദ്രങ്ങളെ മാത്രമേ റഷ്യന്‍ സൈന്യം അക്രമിക്കുകയൊള്ളൂവെന്നും പുടിന്‍ യുദ്ധത്തിന് മുമ്പ് അവകാശവാദം ഉന്നയിച്ചിരുന്നു. യുദ്ധം ദിവസങ്ങളിലേക്ക് വളര്‍ന്നപ്പോള്‍ ഉക്രൈന്‍ പ്രതിരോധം ശക്തമാക്കി. റഷ്യന്‍ സൈന്യത്തിന് നേരെ ഉപയോഗിക്കേണ്ട ആയുധങ്ങളെ കുറിച്ച് ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം നിലവധി വീഡിയോകള്‍ നിര്‍മ്മിച്ച് പുറത്ത് വിട്ടു. ഇത് സാധാരണക്കാരായ ഉക്രൈനികളില്‍ പോരാട്ട വീര്യമുയര്‍ത്തി.
സ്വന്തം മാതൃരാജ്യത്തിന്‍റെ സ്വാതന്ത്രത്തിനായി 18 നും 60 നും ഇടയിലുള്ള പുരുഷന്മാര്‍ രാജ്യത്ത് നില്‍ക്കണമെന്നും റഷ്യന്‍ സൈന്യത്തിനെതിരെ തെരുവുകളില്‍ പോരാടണമെന്നും ഉക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിര്‍ സെലെന്‍സ്കി ആവശ്യപ്പെട്ടു. മറ്റ് പ്രസിഡന്‍റുമാരെ പോലെ താന്‍ രാജ്യം വിടില്ലെന്നും പോരാടുമെന്നും സെലെന്‍സ്കി ആദ്യ നാളുകളില്‍ പറഞ്ഞത് ജനം ഏറ്റെടുത്തു.
ഉക്രൈന്‍ ജനത അദ്ദേഹത്തിന് നല്‍കിയ പിന്തുണയായിരുന്നു ഉക്രൈന്‍ മണ്ണിലെ റഷ്യന്‍ പരാജയത്തിന്‍റെ പ്രധാന കാരണം. കരയുദ്ധത്തില്‍ പരാജയം തിരിച്ചറിഞ്ഞ പുടിന്‍, റഷ്യന്‍ വ്യോമസേനയെ ഉക്രൈന്‍ നഗരങ്ങള്‍ കീഴടക്കാന്‍ അയച്ചു. ഇതോടെ ഉക്രൈന്‍ നഗരത്തിലെ സൈനികവും ഭരണകേന്ദ്രങ്ങളുമായ കെട്ടിടങ്ങളും ആശുപത്രികളും കിന്‍റര്‍ഗാര്‍ട്ടന്‍ കെട്ടിടങ്ങളും സ്കുളുകളും ഷോപ്പിങ്ങ് മോളുകളും അടക്കമുള്ള സിവിലിയന്‍ കേന്ദ്രങ്ങളുമെല്ലാം റഷ്യ അക്രമിച്ച് തുടങ്ങി.
യുദ്ധമുഖത്തെ മരണക്കണക്കുകളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. 13,500 റഷ്യന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് ഉക്രൈന്‍ അവകാശപ്പെടുമ്പോള്‍ റഷ്യ തങ്ങളുടെ എത്ര സൈനികര്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കിയിട്ടില്ല. യുഎസിന്‍റെ കണക്കനുസരിച്ച് 3500 നും 6000 ത്തിനും ഇടയില്‍ റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് പറയുന്നു.
മരിയുപോളിലും കീവിലും മാത്രമായി 2300 നും 2857 നും ഇടയില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നും തങ്ങളുടെ 2000 ത്തിനും 4000 ത്തിനും ഇടയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും ഉക്രൈന്‍ അവകാശപ്പെട്ടു. ഉക്രൈന്‍റെ സന്നദ്ധപ്രവര്‍ത്തകരില്‍ 1300 ഓളം പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് യുഎസ് കണക്കുകളും കാണിക്കുന്നു.
റഷ്യ, ക്ലസ്റ്റര്‍ ബോംബുകളും കാര്‍പെറ്റ് ബോംബുകളും ജനവാസ മേഖലയില്‍ പ്രയോഗിക്കുന്നുവെന്ന് ഉക്രൈന്‍ യുദ്ധാരംഭം മുതല്‍ ആരോപിക്കുന്നതാണ്. അതിനിടെ കഴിഞ്ഞ ദിവസം മരിയുപോളില്‍ ബഹുനില ആശുപത്രി കെട്ടിടത്തിന് നേര്‍ക്ക് റഷ്യ നടത്തിയ ബോംബിങ്ങില്‍ ഒരു പൂര്‍ണ്ണഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും കൊല്ലപ്പെട്ടത് ഏറെ വിവാദമായിരുന്നു. ഇവരുടെ ചിത്രങ്ങള്‍ അന്തര്‍ദേശിയ തലത്തില്‍ ഏറെ ചര്‍ച്ചയായി.
യുദ്ധത്തിനിടെ വിദേശ രാജ്യങ്ങളില്‍ നിന്ന് പഠിക്കാനായെത്തി വിദ്യാര്‍ത്ഥികളെയും മറ്റ് വിദേശ പൗരന്മാരെയും ഉക്രൈന് പുറത്ത് കടത്താനായി മാനുഷിക ഇടനാഴികള്‍ സൃഷ്ടിക്കണമെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പുടിനോട് ആവശ്യപ്പട്ടിരുന്നു. പുടിന്‍ ഇത് സമ്മതിക്കുകയും ഇതിനായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.
എന്നാല്‍, ചര്‍ച്ചകളില്‍ റഷ്യ ഉയര്‍ത്തിയ വാഗ്ദാനം റഷ്യ ലംഘിച്ചതായി ആരോപണങ്ങളുയര്‍ന്നു. മാനുഷിക ഇടനാഴി സൃഷ്ടിക്കപ്പെട്ട നഗരങ്ങളില്‍ ആ സമയങ്ങളില്‍ റഷ്യന്‍ വിമാനങ്ങള്‍ കനത്ത ബോംബിങ്ങ് നടത്തി. നിരവധി സാധാരണക്കാര്‍ ഇങ്ങനെ കൊല്ലപ്പെട്ടെന്ന് ഉക്രൈന് ആരോപിച്ചു.
രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുട്ടികളെയും സ്ത്രീകളെയും റഷ്യന്‍ സൈന്യം വെടിവെയ്ക്കുകയാണെന്നും നിരവധി ആരോപണങ്ങളുയര്‍ന്നിരുന്നു. ഉക്രൈന് അധിനിവേശം അവസാനിപ്പിച്ചാലും യുദ്ധകുറ്റവാളി പ്രഖ്യാപനത്തോടെ വരും ദിവസങ്ങളില്‍ റഷ്യ കടുത്ത ഉപരോധങ്ങളെ നേരിടേണ്ടിവരുമെന്ന് യുദ്ധ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.