യുക്രൈന്‍ അധിനിവേശം; പുടിന്‍ സ്വന്തം ജനതയോട് നുണ പറയുകയാണെന്ന് വൈറ്റ് ഹൗസ്
2022 ഫെബ്രുവരി 24 ന് ആരംഭിച്ച യുക്രൈനെതിരായ റഷ്യയുടെ 'പ്രത്യേക സൈനിക നടപടി' ക്കെതിരെ കടുത്ത ആരോപണവുമായി വൈറ്റ് ഹൗസ് രംഗത്ത്. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് സ്വന്തം ജനതയ്ക്ക് മുന്നില്‍ നുണ പറയുകയാണെന്ന് വൈറ്റ് ഹൗസ് ആരോപിച്ചു. യുദ്ധം ഏഴാം മാസത്തിലേക്ക് കടക്കുമ്പോള്‍, റഷ്യന്‍ സേനയ്ക്ക് യുക്രൈനില്‍ കടുത്ത പരാജയം നേരിടുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. യുക്രൈന്‍റെ തെക്കന്‍ നഗരമായ ഖെര്‍സോണിലും വടക്ക് കിഴക്കന്‍ പ്രദേശമായ ഖാര്‍കീവിലും റഷ്യന്‍ സേനാംഗങ്ങള്‍ സൈനിക വസ്ത്രം പോലും ഉപേക്ഷിച്ച് സിവില്‍ വേഷത്തില്‍ യുദ്ധമുഖത്ത് നിന്നും പാലായനം ചെയ്യുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസ്, പുടിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി യുകെയുടെയും യുഎസിന്‍റെയും അത്യാധുനീകായുധങ്ങളുമായി യുദ്ധരംഗത്ത് യുക്രൈന്‍ പട്ടാളം മുന്നേറുകയാണ്. റഷ്യന്‍ സൈന്യം കഴിഞ്ഞ ആറ് മാസത്തിലുള്ളില്‍ കീഴടക്കിയ പല നഗരങ്ങളിലും ഗ്രാമങ്ങളിലും ഇന്ന് യുക്രൈന്‍ പതാകയാണ് പാറുന്നത്.
യുക്രൈന്‍ സൈനികര്‍ റഷ്യന്‍ പതാകകള്‍ വലിച്ചു കീറി നിലത്തിട്ട് ചവിട്ടുന്ന നിരവധി വീഡിയോകളാണ് യുക്രൈനില്‍ നിന്നുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ആറ് മാസം കൊണ്ട് റഷ്യ പിടിച്ചടക്കിയ പ്രദേശങ്ങളില്‍ നിന്നും 6000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തിരിച്ച് പിടിച്ചതായി കഴിഞ്ഞ ദിവസം യുക്രൈന്‍ അവകാശപ്പെട്ടിരുന്നു.
കാർഖീവ് / ഡോണെറ്റ്സ്ക് പ്രവിശ്യകളിലെ ഇരുപതിലധികം പട്ടണങ്ങളിൽ നിന്ന് റഷ്യൻ സൈന്യത്തെ തുരത്തിയതായി യുക്രൈൻ അവകാശപ്പെട്ടു. ഇതോടൊപ്പം റഷ്യയിലും പുടിന്‍ യുദ്ധത്തെ കൈകാര്യം ചെയ്ത രീതിക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നു തുടങ്ങിയെന്ന വാര്‍ത്തകളും പുറത്ത് വരുന്നു.
കിഴക്കന്‍ യുക്രൈനിലെ തോല്‍വിയെ തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ 16 ദിവസങ്ങള്‍ക്ക് മുമ്പ് ഉയര്‍ന്ന റാങ്കില്‍ നിയമിച്ച ഒരു ജനറലിനെ പുറത്താക്കിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഖാര്‍കീവ് അടക്കുമുള്ള കിഴക്കന്‍ പ്രദേശങ്ങള്‍ കൈവശം വയ്ക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് റഷ്യൻ ജനറൽ റോമൻ ബെർഡ്നിക്കോവിനെ ചുമതലകളിൽ നിന്ന് പുടിന്‍ ഒഴിവാക്കിയിരുന്നു.
പുടിന്‍ യുക്രൈനെതിരെ യുദ്ധം തുടങ്ങിയപ്പോള്‍ അതിനെ യുദ്ധമെന്ന് വിളിക്കാന്‍ കൂട്ടാക്കിയില്ല. പകരം യുക്രൈനിലെത് ഒരു പ്രത്യേക സൈനിക നടപടി മാത്രമാണെന്നാണ് പറഞ്ഞത്. എന്നാല്‍, അത് യഥാര്‍ത്ഥത്തില്‍ ഒരു യുദ്ധം തന്നെയാണെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു.
'പുടിന്‍, അവിടെ എന്താണ് ചെയ്യുന്നത് ? എന്തിനാണ് ഇത് ചെയ്യുന്നത് ? എന്നതിനെക്കുറിച്ച് ഒന്നും അയാള്‍ സ്വന്തം ജനതയോട് സത്യസന്ധത പുലർത്തിയിട്ടില്ല.' ജോൺ കിർബി ആരോപിച്ചു. ഇത് മൂലം പതിനായിരക്കണക്കിന് മരണവും ഉപകരണങ്ങളുടെയും ആയുധ സംവിധാനങ്ങളുടെയും ഭീമമായ നാശനഷ്ടവുമാണ് സംഭവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'അതിനാൽ പുടിന്‍ കൂടുതൽ വിമർശനങ്ങൾക്ക് വിധേയനാകുകയാണെന്നത് ഞങ്ങൾ ശ്രദ്ധിക്കുന്നു. പക്ഷേ, അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് റഷ്യൻ ജനതയാണ്.' വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു.
യുദ്ധത്തിന്‍റെ ആദ്യ ദിവസം റഷ്യന്‍ സൈന്യം പിടിച്ചെടുത്ത റഷ്യന്‍ അതിര്‍ത്തിയില്‍ നിന്നും വെറും രണ്ട് മൈൽ ദൂരെയുള്ള വോവ്ചാൻസ്ക് പട്ടണത്തിന്‍റെ നിയന്ത്രണം യുക്രൈന്‍ സൈന്യം ഏറ്റെടുത്തതായി യുക്രൈന്‍റെ അതിർത്തി രക്ഷാസേന അറിയിച്ചു. അതായത്, യുദ്ധം ആരംഭിച്ച് ഏഴ് മാസങ്ങള്‍ക്ക് ശേഷം യുദ്ധം വീണ്ടും തുടങ്ങിയിടത്ത് തന്നെ എത്തിയിരിക്കുന്നു.
ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പറയുന്നതനുസരിച്ച്, കഴിഞ്ഞ വാരാന്ത്യത്തിലെ 24 മണിക്കൂറിനുള്ളിൽ 20-ലധികം സെറ്റിൽമെന്‍റുകൾ തിരിച്ചു പിടിക്കുകയും ഏതാണ്ട് ലണ്ടന്‍ നഗരത്തിന്‍റെ ഇരട്ടിയെങ്കിലും വലിപ്പമുള്ള പ്രദേശങ്ങള്‍ ഏറ്റെടുക്കുയും ചെയ്ത് യുക്രൈന്‍ സേന പോരാട്ടം ശക്തമാക്കുകയാണ്.
യുക്രൈനില്‍ നിന്ന് റഷ്യന്‍ സൈനികര്‍ കൂട്ടത്തോടെ പലായനം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ റഷ്യയിലെ തീവ്ര ദേശീയ വാദികള്‍ പുടിനെ വിമര്‍ശിച്ച് രംഗത്തെത്തി. പുടിന്‍റെ സൈനിക തന്ത്രങ്ങള്‍ പരാജയപ്പെട്ടതായും യുക്രൈന് ശക്തമായ തിരിച്ചടി നല്‍ക്കണമെന്നും റഷ്യയിലെ തീവ്രദേശീയ വാദികള്‍ ആവശ്യപ്പെട്ടു.
എന്നാല്‍, 'യുക്രൈനെ പരാജയപ്പെടുത്തുക എന്നത് തികച്ചും അസാധ്യമാണ്,' എന്നായിരുന്നു മുൻ സ്റ്റേറ്റ് ഡുമ ഡെപ്യൂട്ടി ബോറിസ് നഡെഷ്ഡിൻ സ്റ്റേറ്റ് ടിവിയിൽ നടത്തിയ ഒരു പാനൽ ചർച്ചയ്ക്കിടയില്‍ പറഞ്ഞത്. എന്നാല്‍, പുടിനെ വെള്ളപൂശാനായി അദ്ദേഹത്തിന്‍റെ ഉദ്യോഗസ്ഥരും ജനറലുകളും പുടിനെ തെറ്റിദ്ധരിപ്പിച്ചിരിക്കാമെന്നും ബോറിസ് നഡെഷ്ഡിൻ അഭിപ്രായപ്പെട്ടു.
ഇതിനിടെ റഷ്യയുടെ സ്റ്റേറ്റ് മീഡിയയുടെ യുദ്ധകാര്യ ലേഖകന്‍ അലക്സാണ്ടർ സ്ലാഡ്‌കോവ്, റഷ്യന്‍ സേനയ്ക്ക് വലിയ നഷ്ടം സംഭവിച്ചതായി സമ്മതിച്ചു. റോസിയ 1 വാർത്താ ചാനലില്‍ നടത്തിയ പരിപാടിക്കിടെ യുദ്ധമുഖത്ത് റഷ്യയ്ക്ക് 'വലിയ ആളുകളെ' നഷ്ടപ്പെട്ടെന്ന് അദ്ദേഹം സമ്മതിച്ചു.
സൈനികമായി വളരെ പ്രതികൂലമായ ഒരു സ്ഥാനത്താണ് യുക്രൈന്‍ സേന റഷ്യയെ കുടിക്കിയിരിക്കുന്നതെന്ന് പറഞ്ഞ മിസ്റ്റർ ബ്രോങ്ക്, ശൈത്യകാലത്തിന് മുമ്പ് കൂടുതൽ ദുരന്തങ്ങൾ ഒഴിവാക്കാൻ റഷ്യ കഠിനമായി സമ്മർദ്ദം ചെലുത്തുമെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ചയില്‍ യുക്രൈന്‍ സേനയുടെ പ്രത്യാക്രമണത്തിന് മുന്നില്‍ നിന്നും രക്ഷതേടി റഷ്യന്‍ സേന നടത്തിയ പിന്മാറ്റത്തെ, 'യോജിച്ച സമയത്ത് ശക്തമായ തിരിച്ചടിക്കായുള്ള തന്ത്രപരമായ പിന്മാറ്റം' എന്നാണ് റഷ്യന്‍ സൈന്യ പറഞ്ഞിരുന്നത്. എന്നാല്‍, ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ പ്രത്യേക്രമണമാണിതെന്ന് യുക്രൈന്‍ സേനാ വൃത്തങ്ങള്‍ അവകാശപ്പെട്ടു.
റഷ്യയുടെ മുഴുവൻ അധിനിവേശ സേനയും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും മോശമായ പരാജയത്തിൽ തകരുമെന്നും ലണ്ടനിലെ റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ജസ്റ്റിൻ ബ്രോങ്ക് വിലയിരുത്തി. വ്‌ളാഡിമിർ പുടിന് മുന്നില്‍ നല്ല ഓപ്ഷനുകളൊന്നുമില്ലെന്നും കൂട്ടിച്ചേര്‍ത്ത അദ്ദേഹം ആധുനിക കാലത്ത് പ്രത്യാക്രമണത്തിലൂടെ തിരിച്ച് പിടിച്ച പ്രദേശത്തിന്‍റെ വലിപ്പം വച്ച് നോക്കിയാല്‍ യുക്രൈന്‍റെ ഇപ്പോഴത്തെ മുന്നേറ്റം വലിയ വിജയമാണെന്നും അവകാശപ്പെട്ടു.