ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള യുദ്ധക്കപ്പൽ അവശിഷ്ടം കണ്ടെത്തി; 22,600 അടി താഴെ
1944 ഒക്ടോബറിൽ രണ്ടാം ലോകമഹായുദ്ധത്തിനിടെ ഫിലിപ്പൈൻസിന് സമീപത്ത് സമര്‍ യുദ്ധത്തില്‍ പങ്കെടുത്ത യുഎസ് യുദ്ധക്കപ്പലായ സമി ബിയുടെ അവശിഷ്ടം കണ്ടെത്തി. ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ആഴമേറിയ ഭാഗത്ത് നിന്നാണ് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് 78 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കണ്ടെത്തല്‍. ഫിലിപ്പൈൻസിന് സമീപത്ത് പസഫിക് സമുദ്രത്തിന്‍റെ ഉപരിതലത്തിൽ നിന്ന് 22,600 അടി താഴെയായിട്ടാണ് രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത യുഎസ് നേവി ഡിസ്ട്രോയർ കണ്ടെത്തിയത്. ഇത് ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള കപ്പൽ തകർച്ചയായി വിശേഷിപ്പിക്കപ്പെടുന്നു. 'സമി ബി' എന്നറിയപ്പെടുന്ന യുഎസ്എസ് ഡിസ്ട്രോയർ എസ്കോർട്ട് സാമുവൽ ബി റോബർട്ട്സിനെ (ഡിഇ-413) കഴിഞ്ഞ ബുധനാഴ്ചയാണ് ഫിലിപ്പീൻസ് കടലിനടയില്‍ കണ്ടെത്തിയത്. രണ്ടാം ലോകമഹായുദ്ധത്തിനിടെ 1944 ഒക്ടോബറിൽ ഫിലിപ്പൈൻ കടലിൽ നടന്ന യുദ്ധത്തിൽ ജാപ്പനീസ് അക്രമണത്തില്‍ തീപിടിത്തത്തെ തുടര്‍ന്നാണ് കപ്പല്‍ മുങ്ങിയത്.
സമി ബി കണ്ടെത്തിയത് ശാസ്ത്രജ്ഞരോ യുദ്ധ ചരിത്രത്തില്‍ താത്പര്യമുള്ളവരോ അല്ല. മറിച്ച് ആഴത്തില്‍ മുങ്ങാന്‍ കഴിയുന്ന പ്രത്യേക മുങ്ങൽ യന്ത്രത്തിന്‍റെ ഉടമയായ ടെക്സാസിലെ കോടീശ്വരനായ വിക്ടർ വെസ്കോവോയാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് 1944 ഒക്‌ടോബർ 15-ന്, ഫിലിപ്പീൻസ് തീരത്ത് നിന്ന് പടിഞ്ഞാറോട്ടും ശത്രു ഫയർ ലൈനിൽ നിന്ന് അകലെയുമുള്ള സഖ്യസേനയുടെ അവശേഷിച്ച യുദ്ധക്കപ്പലുകളില്‍ ഒന്നായിരുന്നു സമി ബി.
ജാപ്പനീസ് സേനയ്ക്കെതിരെ സമി ബി വിരോചിതമായി പോരാടി എന്ന് അമേരിക്കന്‍ യുദ്ധ ചരിത്രം വിശേഷിപ്പിക്കുന്നു. ജാപ്പനീസ് കപ്പലുകളെ അപേക്ഷിച്ച് കപ്പൽ എണ്ണത്തിൽ യുഎസിന് മേധാവിത്വമുണ്ടായിരുന്നു. എന്നാല്‍, ജപ്പാന്‍ കപ്പലുകളില്‍ നിന്നുള്ള നിരന്തരം ഷെല്‍ വര്‍ഷത്തില്‍ അവയൊന്നൊന്നായി തകര്‍ന്നു. അവയില്‍ ഏറ്റവും ഒടുവില്‍ മുങ്ങിയ സാമി ബിയില്‍ 224 പട്ടാളക്കാരായിരുന്നു ഉണ്ടായിരുന്നത്.
ജപ്പാന്‍ ഷെല്ലുകള്‍ സമി ബിയുടെ പുറം പാളികളില്‍ വലിയ ദ്വാരങ്ങള്‍ സൃഷ്ടിച്ച് കൊണ്ടേയിരുന്നു. ഒടുവില്‍ വെള്ളം കയറി കപ്പല്‍ മുങ്ങിയപ്പോള്‍ 89 സൈനികരും മുങ്ങി മരിച്ചു. ബാക്കിയുണ്ടായിരുന്ന 135 സൈനികര്‍ 50 മണിക്കൂറോളം ലൈഫ് ജാക്കറ്റുകളില്‍ കടലില്‍ പൊങ്ങിക്കിടന്ന് ജീവന്‍ രക്ഷിക്കുകയായിരുന്നു.
സമി ബി കടലിനടിയില്‍ കിടക്കുന്ന വീഡിയോ വെസ്‌കോവോ തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടത്. കപ്പലിന്‍റെ മദ്ധ്യഭാഗത്ത് കനത്ത ആഘാതം നേരിട്ടിട്ടുണ്ട്. അതോടൊപ്പം അതിന്‍റെ അമരം ഏതാണ്ട് 5 മീറ്ററോളം മുറിഞ്ഞ് പോയി. എങ്കിലും കപ്പലിന്‍റെ മുഴുവന്‍ അവശിഷ്ടങ്ങളും ഒരുമിച്ച് തന്നെയായിരുന്നെന്നും അദ്ദേഹം എഴുതി.
'സൈനിക കപ്പലുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ സമി ബി ഒരു ചെറിയ കപ്പലാണ്. അവൾ ഇറങ്ങിപ്പോയ ആ വിശാലവും ആഴമേറിയതുമായ സമുദ്രത്തിൽ അവളെ കണ്ടെത്താനാകുമെന്ന് ഞങ്ങൾക്ക് ഉറപ്പില്ലായിരുന്നു,' വെസ്കോവോ സിഎൻഎന്നിനോട് പറഞ്ഞു. വെസ്കോവോയുടെ ഉടമസ്ഥതയിലുള്ള സ്ഥാപക പര്യവേഷണ കമ്പനിയായ കലഡൻ ഓഷ്യാനിക്, സമി ബി കണ്ടെത്തുന്നതിന് മുമ്പ് ആറോളം പര്യവേക്ഷണങ്ങളാണ് നടത്തിയിട്ടുള്ളത്.
'എന്നാൽ സ്ഥിരോത്സാഹത്തോടെയും ചില മഹത്തായ ചരിത്ര വിശകലനങ്ങളിലൂടെയും ആഴത്തിലുള്ള സമുദ്ര സാങ്കേതിക വിദ്യയിലൂടെയും കഠിനാധ്വാനത്തിലൂടെയും ഞങ്ങൾക്ക് അവളെ കണ്ടെത്താനും അവളുടെ അത്ഭുതകരമായ കഥ പറയാൻ മികച്ച അവസരം നൽകാനും കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു.
1939-ൽ നാവികസേനയിൽ ചേരുകയും രണ്ടാം ലോകമഹായുദ്ധത്തിൽ പോരാടുകയും ചെയ്ത കോക്‌സ്‌വെയ്ൻ സാമുവൽ ബുക്കർ റോബർട്ട്സ് ജൂനിയറിന്‍റെ പേരിലുള്ള ആദ്യത്തെ കപ്പലാണ് സമി ബി. ജാപ്പനീസ് സൈന്യം ഏറ്റെടുക്കുമെന്ന് യുഎസ് പ്രതീക്ഷിച്ചിരുന്ന ലുംഗ പോയിന്‍റിൽ നിന്ന് ഏതാനും മൈലുകൾ വടക്ക് ഭാഗത്ത് നൂറുകണക്കിന് യുഎസ് നാവികരെ ഇറക്കാൻ റോബർട്ട്സ് സന്നദ്ധത അറിയിച്ചു.
Victor Vescovo
നാവികർ ഒരു ഡസൻ തടി ബോട്ടുകളിൽ കൂട്ടിയിട്ട് മതനികൗ നദിക്ക് സമീപമുള്ള ഒരു കടൽത്തീരത്തേക്ക് നീങ്ങി. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ജാപ്പാന്‍റെ ശക്തമായ ആക്രമണത്തിന് മുന്നില്‍ നിന്ന് അവര്‍ക്ക് പിന്തിരിയേണ്ടിവന്നു. യുദ്ധത്തിനിടെ ഒരു ജാപ്പനീസ് മെഷീൻ ഗണില്‍ നിന്ന് കഴുത്തിന് വെടിയേറ്റാണ് റോബർട്ട്സ് മരിച്ചത്. റോബർട്ട്സിന് പിന്നിട് നേവി ക്രോസ് ലഭിച്ചു.
Samuel Booker Roberts Jr.
അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ ബഹുമതി, അദ്ദേഹത്തിന്‍റെ പേരിൽ മൂന്ന് നേവി കപ്പലുകൾ ഉണ്ടായിരുന്നുവെന്നതാണ്. DE 413; DD 823, ആണവശക്തിയുള്ള വിമാനവാഹിനിക്കപ്പലിൽ നിന്നുള്ള ആദ്യത്തെ വ്യോമാക്രമണത്തിൽ പങ്കെടുത്ത ഡിസ്ട്രോയര്‍ ആണിത്. മറ്റേത് 1988-ലെ ഓപ്പറേഷൻ ഏണസ്റ്റ് വിൽ സമയത്ത് ഖനിയിൽ ഇടിച്ച യുദ്ധക്കപ്പലായ USS സാമുവൽ ബി റോബർട്ട്സ് (FFG 58). പിന്നെ സമി ബിയും.