Babu rescue: 46 മണിക്കൂറിനൊടുവില്‍ ബാബു മലയിറങ്ങി; സൈന്യത്തിന് കൈയടിച്ച് ജനം
കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിന് ഒടുവില്‍ വജയകരമായ അന്ത്യം. നേരത്തെയും കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങിയിട്ടുണ്ടെങ്കിലും ഒരു വ്യക്തിക്ക് വേണ്ടി, കേരളത്തില്‍, ഇത്രയും മണിക്കൂറുകള്‍ നീണ്ടുനിന്ന രക്ഷാദൌത്യം ഇതാദ്യത്തേതാണ്. പ്രളയകാലത്താണ് മലയാളി അവസാനമായി സൈന്യത്തിന്‍റെ രക്ഷാദൌത്യത്തെ കണ്ടത്. അന്ന് പ്രളയജലത്താല്‍ ഒറ്റപ്പെട്ട വീടുകളില്‍ നിന്ന് നിലവധി പേരെ സൈന്യം രക്ഷപ്പെടുത്തി. ഗര്‍ഭിണിയ സ്ത്രീയെ ഹെലികോപ്റ്ററില്‍ സൈന്യം രക്ഷപ്പെടുത്തിയത് അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍, കഴിഞ്ഞ 46 മണിക്കൂറായി കേരളം മറ്റൊരു രക്ഷാദൌത്യത്തിലായിരുന്നു. പാലക്കാട് മലമ്പുഴ ചെറാട് മലയിൽ ട്രക്കിങ് ചെയ്യുകയായിരുന്ന മൂന്നംഗ സംഘത്തിലെ 23 മൂന്ന് വയസുകാരനായ ബാബു കുടുങ്ങിപ്പോയത്. പിന്നീടിങ്ങോട്ട് കഴിഞ്ഞ 46 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ബാബുവിനെ രക്ഷപ്പെടുത്തിയത് സൈന്യമാണ്.
തിങ്കളാഴ്ചത്തെ ട്രക്കിങ്
മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു പാലക്കാട് മലമ്പുഴ ചെറാട് മല കയറിത്തുടങ്ങിയത്. ഒരു കിലോമീറ്ററോളം ഉയരമുള്ള ഏതാണ്ട് കുത്തനെ ഉയരമുള്ള മലയുടെ മുകളില്‍ കയറുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. താഴ്വാരത്ത് നിന്നും മുകളിലേക്കുള്ള ആദ്യ ഘട്ടം വളരെ സുഗമമായിരുന്നു. എന്നാല്‍ ഉയരം കൂടുംതോതും കയറ്റത്തിന്‍റെ കാഠിന്യമേറി. പകല്‍ വെയില്‍ കനത്തതോടെ മലകയറ്റം ഏതാണ്ട് ദുഷ്കരമായി. ഈ സമയം ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ചെങ്കിലും ബാബു കുറച്ച് കൂടി ഉയരത്തിലേക്ക് കയറി.
മുകളിലെത്തിയ ശേഷം വീണ്ടും തിരിച്ച് കൂട്ടുകാരുടെ അടുത്തേക്ക് മടങ്ങിവരവേ ബാബുവിന്‍റെ കാല്‍ വഴുതുകയും കുത്തനെയുള്ള പാറയിലൂടെ താഴേക്ക് തെന്നി നീങ്ങുകയുമായിരുന്നു. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളില്‍ നിന്ന് 400 മീറ്ററും താഴെ നിന്ന് 600 മീറ്ററിനും ഇടയില്‍ ഒരു പാറയിടുക്കില്‍ ബാബു തങ്ങി നിന്നു. താഴേക്കുള്ള വീഴ്ചയില്‍ ബാബുവിന്‍റെ കാല്‍ മുട്ടിന് മുറിവേറ്റു.
അത്രയും ഉയരത്തില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് വീണെങ്കിലും മനോധൈര്യം കൈവിടാന്‍ ബാബു തയ്യാറായില്ല. വീഴ്ച്ചയിലും തന്‍റെ മൊബൈല്‍ ഫോണ്‍ കൈവിടാതിരിക്കാന്‍ ബാബിവ് കഴിഞ്ഞു. ഇത് പിന്നീട് രക്ഷാപ്രവര്‍ത്തനത്തിലും ഏറെ സഹായകരമായി. ചെങ്കുത്തായ, അതീവ ദുര്‍ഘടമായ ആ സ്ഥലത്ത് നിന്നും ബാബു താന്‍ മലയിടുക്കില്‍ പെട്ടിരിക്കുകയാണെന്ന് വീട്ടുകാരെയും കൂട്ടുകാരെയും വിളിച്ചറിയിച്ചു.
തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ബാബു ചെറാട് മലയില്‍ കുടുങ്ങിയത്. അവിടെനിന്നും താന്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്‍റെ വീഡിയോയും ഫോട്ടോയും പൊലീസിനും കൂട്ടുകാര്‍ക്കും അയച്ച് കൊടുത്ത ബാബു രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായ വിവരങ്ങളും കൈമാറി. രാത്രിയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് മൊബൈല്‍ ലൈറ്റ് ഓണാക്കി വഴികാണിക്കാനും ബാബുവിന് കഴിഞ്ഞു.
രാത്രിയില്‍ കൊടും തണുപ്പ്, പകല്‍ മുടിഞ്ഞ ചൂട് ; 46 മണിക്കൂര്‍ നീണ്ട രക്ഷാദൌത്യം
വിവരമറിഞ്ഞ് തിങ്കളാഴ്ച വൈകുന്നേരത്തോടെ രക്ഷാപ്രവര്‍ത്തനവുമായി നാട്ടുകാര്‍ സംഘടിച്ചെങ്കിലും മലയുടെ മുകളിലെത്താന്‍ കഴിഞ്ഞില്ല. രാത്രിയിലെ കൊടും തണുപ്പ് വെളിച്ചത്തിന്‍റെ അഭാവവും കൂടിയായതോടെ രക്ഷാപ്രവര്‍ത്തനം നിലച്ചു. ചൊവ്വാഴ്ച രാവിലെ തന്നെ രക്ഷാപ്രവര്‍ത്തം തുടങ്ങി. ഇത്തവണ പൊലീസും ഫയര്‍ഫോഴ്സും പിന്നെ ഹെലികോപ്റ്ററും രംഗത്തെത്തി. കൂടെ ഡ്രോണുകളുമുണ്ടായിരുന്നു.
ചെറാട് മലയുടെ ഉയരവും ഭൂമിശാസ്ത്ര പ്രത്യേകതയും കാരണം പ്രദേശത്ത് ഹെലിക്കോപ്റ്ററിന് നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല. ശക്തമായ കാറ്റായിരുന്നു കാരണം. ഹെലിക്കോപ്റ്ററിന് നേരെ ബാബു തന്‍റെ ഷര്‍ട്ടൂരി വീശിയത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഏറെ ആശ്വാസം നല്‍കി.
ബാബുവിന് വലിയ പരിക്കുകള്‍ പറ്റിയിട്ടില്ലെന്ന് മനസിലാക്കിയ രക്ഷാ സംഘം ബാബു ആവശ്യപ്പെട്ടതനുസരിച്ച് വെള്ളം എത്തിക്കാന്‍ നോക്കിയെങ്കിലും ശ്രമം വിജയിച്ചില്ല. ഹെലികോപ്റ്ററും ഡ്രോണും ഉപയോഗിച്ച് വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള ശ്രമം ശക്തമായ കാറ്റിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. രാത്രിയില്‍ മലയിലേക്ക് മൃഗങ്ങള്‍ കയറാതിരിക്കാന്‍ നാട്ടുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് പന്തം കൊളുത്തി ബാബുവിന് കാവലിരുന്നു.
രക്ഷയ്ക്ക് സൈന്യം
അപ്പോഴും മനോധൈര്യം കൈവിടാതെ ബാബു ആ പടയിടുക്കില്‍ തന്നെ ഒരു ഏകാന്തസഞ്ചാരിയുടെ അചഞ്ചലമായ ധൈര്യത്തോടെ ഇരുന്നു. ചൊവ്വാഴ്ചയിലെ രക്ഷാദൌത്യവും ഒടുവില്‍ ഉപേക്ഷിക്കപ്പെട്ടു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍, ബാബുവിന്‍റെ രക്ഷാദൌത്യത്തിനായി സൈന്യവുമായി ബന്ധപ്പെട്ടു. ബുധനാഴ്ച, അതായത് അപകടം നടന്ന് മൂന്നാം നാള്‍ ദൗത്യസംഘം കയറില്‍ തൂങ്ങി ബാബുവിനടുത്തെത്തി.
ആദ്യം ബാബുവിനടുത്തെത്തിയ കഞ്ചിക്കോട് സിവില്‍ ഡിഫന്‍സിലെ ജീവനക്കാരനായ കണ്ണന്‍ മൂന്ന് 46 മണിക്കൂറുകള്‍ക്ക് ശേഷം ആദ്യമായി ബാബുവിന് വെള്ളവും ഭക്ഷണവും നല്‍കി. തൊട്ട് പുറകെ ദേശീയ ദുരന്തനിവാരണ സംഘത്തിലെ ജീവനക്കാരനും ബാബുവിനടുത്തെത്തി. മലമുകളില്‍, രണ്ട് രാത്രിയിലെ അതികഠിനമായ തണുപ്പിനെയും പകല്‍ പാലക്കാടന്‍ ചൂടിനെയും അതിജീവിച്ച ബാബുവിന്‍റെ മനോധൈര്യമാണ് രക്ഷാപ്രവര്‍ത്തകര്‍ക്കും തുണയായത്.
ബെംഗളൂരുവില്‍ നിന്നും ഊട്ടിയില്‍ നിന്നുമായി രണ്ട് സംഘങ്ങളാണ് ബാബുവിന്‍റെ രക്ഷാപ്രവര്‍ത്തനത്തിനായെത്തിയത്. മലയാളിയായ ലഫ്. കേണല്‍ ഹേമന്ത് രാജാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയത്. കരസേനയുടെ എന്‍ജിനീയറിങ് വിഭാഗവും എന്‍ഡിആര്‍എഫും ബാബുവിന്‍റെ രക്ഷയ്ക്കായി മല കയറി. പ്രദേശവാസികളും പര്‍വതാരോഹകരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ഒരു ടീം താഴെ നിന്നും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതത്വം നല്‍കി. വേഗത്തില്‍ സാധ്യമായ സ്ഥലത്തുനിന്ന് ബാബുവിനെ രക്ഷിക്കുകയായിരുന്നു പ്രധാനമായും ലക്ഷ്യമിട്ടത്. ബാബു മലയിടുക്കില്‍ കുടുങ്ങിയിട്ട് അതിനകം 40 മണിക്കൂര്‍ കഴിഞ്ഞിരുന്നുവെന്നത് കൊണ്ട് രക്ഷപ്പെടുത്തുന്നതിന് മുമ്പ് ഭക്ഷണവും വെള്ളവും എത്തിക്കാനായിരുന്നു ആദ്യം ശ്രമിച്ചത്.
ഭക്ഷണവും വെള്ളവും ബാബുവിന് എത്തിക്കാന്‍ കഴിഞ്ഞതോടെ രക്ഷാദൌത്യത്തില്‍ സൈന്യം ആദ്യ കടമ്പ കടന്നു. കഞ്ചിക്കോട് സിവില്‍ ഡിഫന്‍സിലെ ബാല എന്ന സൈനികനാണ് വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്. ജമ്മു കശ്മീരിലും നോര്‍ത്ത് ഈസ്റ്റിലും മലകയറി പരിചയമുള്ള സംഘങ്ങളും എവറസ്റ്റ് കയറിയവരും രക്ഷാദൌത്യത്തിലുണ്ടായിരുന്നു.
പ്രദേശവാസികളായ പരിചയ സമ്പന്നരും കൂടെയുണ്ടായത് സൈനികര്‍ക്ക് വലിയ സഹായകരമായി. ഭക്ഷണവും വെള്ളവും നല്‍കിയ ശേഷം ആരോഗ്യം വീണ്ടെടുത്ത ബാബുവിനെ കണ്ണനും എന്‍ഡിആര്‍എഫിലെ മറ്റൊരു ജീവനക്കാരനും അരയില്‍ ബെല്‍റ്റിട്ട് കയര്‍ മാര്‍ഗം മലമുകളിലെത്തിച്ചു. അവിടെ നന്ന് ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക്.
സഞ്ചാരിയുടെ കരളുറപ്പ്
രക്ഷാദൌത്യ സംഘം ബാബുവിന് അടുത്തെത്തുമ്പോള്‍ 46 മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു. അതായത് ഏതാണ്ട് രണ്ട് ദിവസം. ഇത്രയും മണിക്കൂറുകള്‍ അതിദുര്‍ഘടമായ ഒരു സ്ഥലത്ത് ജീവന്‍ കൈയില്‍പ്പിടിച്ച് നില്‍ക്കുമ്പോഴും ബാബു തന്‍റെ മനോധൈര്യം കൈവിടാന്‍ തയ്യാറല്ലായിരുന്നു. ഒടുവില്‍ രക്ഷാപ്രവര്‍ത്തകരെത്തിയപ്പോള്‍ അവര്‍ക്ക് നന്ദി പറയുകയും കെട്ടിപ്പിടിച്ച് ഉമ്മ നല്‍കുകയും ചെയ്തു.
ബാബുവിന്‍റെ ഈ ആത്മവിശ്വാസവും കരുത്തും തന്നെയാണ് രക്ഷാപ്രവര്‍നത്തെ സുഗമമാക്കിയതും. നിര്‍ണായക ഘട്ടത്തില്‍ അതിദൂര്‍ഘടാവസ്ഥയിലിക്കുമ്പോഴും ബാബു മാനസികമായി തളര്‍ന്നില്ല. വീഴ്ചയിലെ പരുക്കും ഭക്ഷണവും വെള്ളവും ഇല്ലാത്തതും വലച്ചെങ്കിലും ഫോണ്‍ നഷ്ടപ്പെടാതിരുന്നതും രക്ഷാപ്രവര്‍ത്തകരുടെ വിളിക്ക് മറുപടി നല്‍കാന്‍ കഴിഞ്ഞും ഏറെ സഹായകരമായി. തണുപ്പും ചൂടും രാത്രിയും പകലും പ്രതിസന്ധി സൃഷ്ടിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സൈന്യം ബാബുവിന്‍റെ ശബ്ദം കേള്‍ക്കുന്നത്.
ഏകദേശം 200 മീറ്റര്‍ അടുത്തെത്തിയ ദൗത്യസംഘം ബാബുവുമായി സംസാരിച്ചു. മണിക്കൂറുകള്‍ക്കൊടുവില്‍ ബുധനാഴ്ച ഒമ്പതരയോടെ ഭക്ഷണവും വെള്ളവും ലഭിച്ചതോടെയാണ് ബാബു ആരോഗ്യം വീണ്ടെടുത്തത്. തുടര്‍ന്ന കയര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിന് ബാബു സജ്ജമായി.
(മലമുകളില്‍ നിന്നും അപകടത്തില്‍പ്പെട്ടപ്പോള്‍ ബാബു എടുത്ത് കൂട്ടുകാര്‍ക്ക് അയച്ച സെല്‍ഫി) )
മലമുകളിലെത്തിയ ബാബു നടന്നാണ് കാത്തുനിന്നവരുടെ അരികിലെത്തിയത്. ഇതോടെ കേരളം കണ്ട ഏറ്റവും നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് പരിസമാപ്തിയായി. ബാബുവിനെ കാത്ത് ഉമ്മ താഴെ താഴ്വാരത്ത് കഴിഞ്ഞ മണിക്കൂറുകളില്‍ പ്രാര്‍ത്ഥനയുമായി കാത്ത് നിന്നിരുന്നു.