കെ എസ് ആര്‍ ടി സി; ശമ്പള പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ കടുത്ത സമരമെന്ന് സി ഐ ടി യു
കെ എസ് ആർ ടി സിയിൽ (KSRTC) ശമ്പളം കൃത്യമായി ലഭിച്ചില്ലെങ്കില്‍ കടുത്ത സമരം തന്നെ വേണ്ടിവരുമെന്ന് സി ഐ ടി യു. നിലവിൽ സി ഐ ടി യുവിന്‍റെ (CITU) സമരം 15-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സര്‍ക്കാറിനെതിരെ സ്വരം കടുപ്പിച്ച് സി ഐ ടി യു രംഗത്തെത്തുന്നത്. സമര ഭാഗമായി ഇന്ന് കെ എസ് ആർ ടി സി ആസ്ഥാന മന്ദിരം ജീവനക്കാർ ഉപരോധിച്ചു. സമരക്കാര്‍ ഓഫീസിനുളളിലേക്ക് ആരേയും കടത്തി വിട്ടില്ല. വനിതാ ജീവനക്കാർ അടക്കം 300 ലേറെ ജീവനക്കാരാണ് സമരമുഖത്ത് അണിനിരന്നത്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ സജയന്‍.
ശമ്പളം കൃത്യമായി ലഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് സി ഐ ടി യുവിന്‍റെ മുന്നറിയിപ്പ്. സി ഐ ടി യുവിന്‍റെ നേതൃത്വത്തിലുള്ള സമര ഭാഗമായി ഇന്ന് കെ എസ് ആർ ടി സി ആസ്ഥാനം വളഞ്ഞു. ചീഫ് ഓഫിസിന്‍റെ അഞ്ച് ഗേറ്റുകളും സമരക്കാര്‍ ഉപരോധിച്ചു.
ജീവനക്കാരനടക്കം ആരേയും സമരക്കാര്‍ ഓഫിസിലേക്ക് കയറ്റി വിട്ടില്ല. രാവിലെ മുതൽ വൈകീട്ട് വരെ നടക്കുന്ന ഉപരോധ സമരത്തിൽ ജീവനക്കാരെ ആരെയും ഓഫീസിനകത്തേക്ക് കടത്തിവിടില്ലെന്ന് നേതാക്കൾ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
സമരം തുടങ്ങും മുമ്പ് ജോലിക്കെത്തിയ കൺട്രോൾ റൂം ജീവനക്കാർ മാത്രമാണ് ഈ സമയം ഓഫീസിലുണ്ടായിരുന്നത്. ഐ എൻ ടി യു സിയും ഇന്ന് ചീഫ് ഓഫീസിലേക്ക് മാർച്ച് നടത്തുന്നുണ്ട്. ശമ്പള വിഷയത്തില്‍ തൊഴിലാളികള്‍ സമരമുഖം കടുപ്പിച്ചതോടെ ഇടത്പക്ഷ സര്‍ക്കാര്‍ വെട്ടിലായി.
ഇപ്പോഴത്തെ സമരം കെ എസ് ആര്‍ ടി സിയുടെ വരുമാനത്തെ ബാധിക്കുന്ന തരത്തിലത്തെന്നും എന്നാല്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ വരുമാനം തടസപ്പെടുത്തുന്ന തരത്തില്‍ സമരം ശക്തമാക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ മുന്നറിയിപ്പ് നല്‍കി.
തൊഴിലാളികളുടെ ശമ്പള പരിഷ്കരണം ഉറപ്പാക്കുന്നതിനൊപ്പം തന്നെ എംപാനല്‍ ജീവനക്കാരായി പുറത്ത് നില്‍ക്കുന്ന തൊഴിലാളികളുടെ ജോലി ഉറപ്പാക്കുന്ന കാര്യവും ഈ ചര്‍ച്ചയില്‍ പരിഹരിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്നും ആനത്തലവട്ടം ആനന്ദന്‍ കെ എസ് ആര്‍ ടി സി മാനേജ്മെന്‍റിന് മുന്നറിയിപ്പ് നല്‍കി.
ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ബി എം എസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ്. സിഐടിയു ഒഴികെയുള്ള സംഘടനകൾ ഈ ആഴ്ച യോഗം ചേർന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
പ്രധാനപ്പെട്ട തൊഴിലാളി സംഘടനകളെല്ലാം സമരം കടുപ്പിക്കുന്നമെന്ന് സ്വരം കടുപ്പിച്ചതോടെ ഇരുപത്തിയേഴാം തീയതി യൂണിയൻ നേതാക്കളെ വിശദമായ ചർച്ചയ്ക്ക് ഗതാഗത മന്ത്രി ക്ഷണിച്ചു. ജീവനക്കാര്‍ക്ക് സ്ഥിരമായി ശമ്പളം കൊടുക്കുന്ന തരത്തിൽ വ്യവസ്ഥയുണ്ടാകണമെന്നാണ് തൊഴിലാളികളുടെ പ്രധാനപ്പെട്ട ആവശ്യം.
ഇതിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നാണ് സി ഐ ടി യു വ്യക്താക്കിയത്. അങ്ങനെ വന്നാൽ സർവീസുകളെ ഇത് സാരമായി ബാധിക്കും. ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലായ കെ എസ് ആര്‍ ടി സിയെ ഇത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിയിടും.
മെയ് മാസത്തിലെ ശമ്പള വിതരണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഡ്രൈവർ. കണ്ടക്ടർ. മെക്കാനിക്ക് തത്സ്തികയ്ക്ക് പുറമേയുള്ളവർക്ക് മെയ് മാസത്തിലെ ശമ്പളം നല്‍കാന്‍ കെ എസ് ആര്‍ ടി സി മാനേജ്മെന്‍റിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
മെയ് മാസത്തിലെ ശമ്പള വിതരണം മുടങ്ങിയ മൂന്നിലൊന്ന് ജീവനക്കാര്‍ക്ക് ശമ്പള വിതരണം പൂർത്തിയാക്കാൻ 35 കോടി രൂപ കൂടി വേണമെന്നാണ് മാനേജ്മെന്‍റിന്‍റെ നിലപാട്.