അന്വേഷണങ്ങള്‍ക്ക് ചൂടുപിടിക്കുമ്പോള്‍, തീ കത്തുന്ന തലസ്ഥാനം; ചിത്രങ്ങള്‍ കാണാം
സ്വര്‍ണ്ണക്കടത്ത് കേസ്, കണ്‍സള്‍ട്ടെന്‍സി വിവാദം പുറകേ പ്രതിപക്ഷത്തിന്‍റെ അവിശ്വാസവും. പ്രതിപക്ഷ അവിശ്വാസത്തെ അംഗബലം കൊണ്ട് നേരിട്ട സര്‍ക്കാറിന് തൊട്ട് പുറകേ മറ്റൊരു അടികിട്ടി. വിവാദ വിഷയങ്ങളുടെ ഫയല്‍ സൂക്ഷിച്ചിരുന്ന സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോൾ സെഷനിൽ തീപ്പിടുത്തം. സെക്രട്ടേറ്റിലെ തീ ഫയലുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ മനഃപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് പ്രതിപക്ഷം. അല്ല പതിവ് പോലെ ഒരു ഷോട്ട് സര്‍ക്രൂട്ട് പ്രശ്നമെന്ന് സര്‍ക്കാര്‍. തീ ഇട്ടതായാലും സ്വയം കത്തിയതായാലും വിവാദങ്ങള്‍ ആകാശത്തോളമുയര്‍ന്നു. രാത്രി വൈകിയും സെക്രട്ടേറ്റിന് മുന്നില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പോലും പാലിക്കാതെ പ്രതിഷേധങ്ങള്‍ നടന്നു.
രാജ്യരക്ഷയെ പോലും ബാധിക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന് ആദ്യമേ തന്നെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളെ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.
പക്ഷേ അതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘങ്ങള്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ സര്‍ക്കാര്‍ പല മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിക്കുകയായിരുന്നു. സിസിടിവി ഇടിമിന്നലില്‍ നശിച്ചെന്നായിരുന്നു ആദ്യം സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനും സ്വപ്നാ സുരേഷും തമ്മില്‍ അടുപ്പമുണ്ടെന്നും സ്വപ്ന, ശിവശങ്കരനെ കാണാന്‍ സെക്രട്ടേറ്റില്‍ എത്തിയിരുന്നുവെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതിന് പുറകേയാണ് സെക്രട്ടേറ്റിലെ സിസിടിവി ക്യാമറകള്‍ ഇടിമിന്നലില്‍ നശിച്ചെന്ന് സര്‍ക്കാര്‍ അറിയിക്കുന്നത്.
സ്വിച്ച് മാത്രമാണ് കേടായത് ദൃശ്യങ്ങള്‍ക്ക് കുഴപ്പമില്ലെന്ന തിരുത്തലുമായി അപ്പോള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ രംഗത്തെത്തി. പുറകേ സ്വിച്ച് നന്നാക്കിയെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് ദൃശ്യങ്ങളാവശ്യപ്പെട്ട് എന്‍ഐഎ രംഗത്ത് വരുന്നത്. 2019 ജൂണ്‍ മുതല്‍ 2020 ജൂലൈയ് വരെയുള്ള ഒരു വര്‍ഷത്തെദൃശ്യങ്ങളാണ് എന്‍ഐഎ ആവശ്യപ്പെട്ടത്.
ഇത്രയും ദൃശ്യം പകര്‍ത്താനുള്ള ഹാര്‍ഡ് ഡിസ്ക് കൈയിലില്ലെന്ന് പറഞ്ഞ് ദൃശ്യങ്ങള്‍ കൈമാറുന്നത് സര്‍ക്കാര്‍ തടഞ്ഞു. ഇതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വപ്ന എത്തിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നു. എന്നാല്‍ സര്‍ക്കാര്‍ അതും നിഷേധിച്ചു. പക്ഷേ, അന്വേഷണ സംഘങ്ങള്‍ ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ നല്‍കുന്നതില്‍ അപ്പോഴും സര്‍ക്കാര്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ ഓഫീസിന് മുകളിലുള്ള പ്രോട്ടോകോൾ സെഷനിൽ ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ പുക ഉയരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. കൺഡോൺമെന്‍റെ സ്റ്റേഷനിൽ നിന്നും പൊലീസും ഫയര്ഫോഴ്സ് അധികൃതരും പാഞ്ഞെത്തി.
വിഐപി സന്ദര്‍ശനത്തിന്‍റെയും മന്ത്രിമാരടക്കമുള്ളവരുടെ വിദേശയാത്രകളുടേയും ഫയലുകൾ സൂക്ഷിക്കുന്ന മുറിയിൽ നിന്ന് ഉണ്ടായ തീപ്പിടുത്തത്തിൽ ദുരഹതയാരോപിക്കപ്പെടാൻ പിന്നെ അധികം സമയം വേണ്ടി വന്നില്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തലസ്ഥാനത്തുണ്ടായിരുന്ന യുഡിഎഫ് ജനപ്രതിനിധികളും സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ നേതൃത്വത്തിൽ ബിജെപി നേതാക്കളും പ്രവര്‍ത്തകരും കൂടി എത്തിയതോടെ സംഭവത്തിന് വലിയ രാഷ്ട്രീയമാനവും കൈവന്നു.
ആരോപണ പ്രത്യാരോപണങ്ങളും അറസ്റ്റുമെല്ലാമായി സെക്രട്ടേറിയറ്റ് പരിസരം അതിവേഗം, സംഘര്‍ഷ സമാനമായി. സെക്രട്ടേറിയറ്റ് കോൺഫറസ് ഹാളിലെ മീറ്റിംഗിൽ നിന്ന് ഇറങ്ങിവന്ന് ചീഫ് സെക്രട്ടറി നേരിട്ടാണ് സെക്രട്ടേറിയറ്റിലെ സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
പ്രതിഷേധക്കാരേയും മാധ്യമങ്ങളേയും പരമാവധി സംഭവസ്ഥലത്ത് നിന്ന് അകറ്റാൻ ശ്രമമുണ്ടായി എന്ന ആക്ഷേപവും അതോടെ ശക്തമായി. നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്നായിരുന്നു ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഔദ്യോഗിക പ്രതികരണം.
കത്തി നശിച്ചത് സുപ്രധാന ഫയലുകളാന്നും മിക്കവാറും ഫയലിനും ബാക്കപ്പ് ഡാറ്റ ഇല്ലെന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് സ്ഥലം സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. പൊളിറ്റിക്കൽ 2A, 2b, പൊളിറ്റിക്കൽ 5 എന്നീ സെക്ഷനുകളിലാണ് തീപ്പിടുത്തമുണ്ടായത് എന്നാണ് ഉദ്യോഗസ്ഥര്‍ നേരിട്ട് അറിയിച്ചതെന്ന് പ്രതിപക്ഷ പ്രതിനിധികൾ പറഞ്ഞു.
വിഐപികളായി പ്രഖ്യാപിക്കാതെ തന്നെ സര്‍ക്കാര്‍ പരിഗണിക്കുന്ന വിഐപികളുമായി ബന്ധപ്പെട്ട ഫയലുകൾ മന്ത്രിമാരുടെ വിദേശ യാത്രകളുമായി ബന്ധപ്പെട്ട ഫയലുകൾ എന്നിവ സൂക്ഷിച്ചിടത്താണ് തീപ്പിടുത്തം ഉണ്ടായതെന്ന വെളിപ്പെടുത്തലോടെ സ്വര്‍ണക്കടത്ത് കേസുമായി നേരിട്ട് സംഭവത്തെ എളുപ്പത്തിൽ ബന്ധിപ്പിക്കാനും പ്രതിപക്ഷത്തിന് ആയി.
സെക്രട്ടേറ്റില്‍ തീപിടിത്തം നടക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെ തടയാനായിരുന്നു സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ശ്രമിച്ചെന്നത്. തീ പിടിത്തം സ്വാഭാവികമല്ലെന്നും സര്‍ക്കാറിന് മാധ്യമങ്ങളില്‍ നിന്ന് പലതും മറച്ച് വയ്ക്കാനുണ്ടെന്നും തോന്നിക്കുന്നതായിരുന്നു സര്‍ക്കാറിന്‍റെ ഇന്നലത്തെ പ്രവര്‍ത്തികള്‍.
സെക്രട്ടേറിയേറ്റിന് അകത്ത് കയറി പുറത്ത് വന്ന ചെന്നിത്തല ഉയർത്തിയത് ഗുരുതര ആരോപണങ്ങളായിരുന്നു. നശിച്ചത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള സുപ്രധാന രേഖകളാണെന്നും സംഭവത്തെ കുറിച്ച് എൻഐഎ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇന്ന് യുഡിഎഫ് കരിദിനം പ്രഖ്യാപിച്ചു.
പക്ഷേ, സെക്രട്ടേറിയറ്റ് പരിസരത്ത് അപ്പോഴും കലാപാന്തരീക്ഷം അടങ്ങിയിരുന്നില്ല. യൂത്ത് കോൺഗ്രസും യുവമോർച്ചയും പ്രതിഷേധവുമായി എത്തിയതോടെ ജലപീരങ്കി ഉപയോഗിക്കപ്പെട്ടു. ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ച് സമരം തുടങ്ങി. വീണ്ടും ജലപീരങ്ങി. ഇതിന് പിന്നാലെ വെൽഫെയർ പാർട്ടിയും പ്രതിഷേധവുമായി എത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. യൂത്ത് ലീഗും സമരത്തിനെത്തി.രാത്രി വൈകിയും സമരം, മുദ്രാവാക്യങ്ങൾ തുടര്‍ന്നു.