കേരളത്തിന്‍റെ ആദ്യ ആരോഗ്യമന്ത്രി ഒരു ഡോക്ടറായിരുന്നു..!!
ഒരു വൈറസ് ബാധയേ തുടര്‍ന്ന് ലോകം തന്നെ നിശ്ചലമായ കാലം ഇതിന് മുമ്പ് ഉണ്ടായിരുന്നിട്ടില്ല. കൊവിഡിന്‍റെ തുടക്കത്തില്‍ ഏറെ കാര്യക്ഷമമായി തന്നെ കൊവിഡ് 19 പ്രതിരോധത്തില്‍ ഒരു പടിമുന്നില്‍ നില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞിരുന്നു. അതിന് കേരളം ആരോഗ്യരംഗത്ത് ആദ്യകാലം മുതല്‍ കരുതിയിരുന്ന മുന്‍കരുതലുകള്‍ ശക്തിപകര്‍ന്നു. ആദ്യ മന്ത്രിസഭയുടെ കാലത്താണ് തിരുവനന്തപരുത്തെ കൂടാതെ മറ്റൊരു മെഡിക്കല്‍ കോളേജ് സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമാകുന്നതിന് തുടക്കമിട്ടത്. അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ ഡോക്ടറായിരുന്ന ആരോഗ്യമന്ത്രിയും. പിന്നീട് കേരള മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ തോല്‍പ്പിച്ചാണ് അന്ന് അദ്ദേഹം ഇഎംഎസ് മന്ത്രിസഭയിലെത്തിയത്. അറിയാം കേരളത്തിന്‍റെ ആദ്യ ആരോഗ്യമന്ത്രിയെ കുറിച്ച്. ഡോ. എ ആർ മേനോനെ കുറിച്ച്.
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലുള്ള അമ്പാട്ട് കുടുംബത്തിലാണ് എ ആർ മേനോൻ ജനിച്ചത്. മദ്രാസ് സർവകാലാശാലയിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ഉപരിപഠനം ഇംഗ്ലണ്ടിൽ. അവിടെ നിന്നും വൈദ്യശാത്രത്തിൽ എംബി, സിഎച്ച്ബി എടുത്തു.
ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് മേനോൻ ബ്രിട്ടനിൽ ഡോക്ടറായിരുന്നു. ആ സമയത്ത് അറിയപ്പെടുന്ന ഒരു സർജനായിരുന്നു എ ആർ മേനോൻ. 1921ൽ തിരിച്ച് ഇന്ത്യയിൽ വന്നതിന് ശേഷം തൃശ്ശൂരിൽ പ്രാക്ടീസ് തുടങ്ങി.
1957ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ(സി.പി.ഐ) നേതൃത്വത്തിൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായ ആദ്യത്തെ മന്ത്രിസഭയിലാണ് എ ആർ മോനോൻ ആരോഗ്യമന്ത്രി ആയിരുന്നത്. പാർലമെന്‍ററി സംവിധാനത്തിലൂടെ ലോകത്ത് തന്നെ ആദ്യമായി അധികാരത്തിലേറ്റ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കൂടിയാണിത്.
തൃശൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ് ഡോ. എ ആര്‍ മേനോന്‍ നിയമസഭയിലെത്തുന്നത്, എതിരാളി കെ കരുണാകരനും. 1,000 വോട്ടുകൾക്കാണ് അദ്ദേഹം കരുണാകരനെ തോൽപ്പിച്ചത്.
ഡോക്ടറായിരുന്നെങ്കിലും അദ്ദേഹം പൊതു പ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്നു. മാപ്പിള ലഹള ശാന്തമാക്കുന്നതിലുള്ള മേനോന്‍റെ ഇടപെടലുകളാണ് അദ്ദേഹത്തിന് തൃശൂരിലെ ജനങ്ങളുടെ ഇടയിൽ സ്വാധീനമുണ്ടാക്കിയത്. തുടർന്ന് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായി.
തനിക്കെതിരെ ആരെങ്കിലും തൃശ്ശൂരിൽ മത്സരിച്ച്, കെട്ടിവച്ച പണം നേടാമെങ്കില്‍ താന്‍ തോറ്റതായി കണക്കാക്കും എന്ന് മേനോന്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഈ വെല്ലുവിളി സ്വീകരിക്കാന്‍ മറ്റാരും മുന്നോട്ട് വന്നില്ല. വാശിയെന്നോണം കെ കരുണാകരൻ തശ്ശൂരിൽ മത്സരത്തിനിറങ്ങി.
രണ്ട് തവണ കേരള നിയമസഭയിൽ എ ആർ മേനോൻ അംഗമായിരുന്നു. ഇരുപത് വർഷത്തോളം കൊച്ചി നിയമസഭയിലും, ഒരു തവണ തിരുക്കൊച്ചി നിയമസഭയിലും എ ആർ മേനോൻ സേവനമനുഷ്ഠിച്ചു. രണ്ട് തവണ തൃശൂർ നഗരസഭയുടെ കൗൺസിലറായിരുന്ന അദ്ദേഹം മദ്രാസ് സർവകലാശാലാ സെനറ്റംഗവും ആയിരുന്നു.
കേവലം ആയിരം വോട്ടുകൾക്കാണ് കരുണാകരൻ തോറ്റത്. തുടർന്ന് കെട്ടിവച്ച പണം തിരിച്ചുകിട്ടുമെന്നും തത്വത്തിൽ താൻ എ ആർ മേനോനെ തോൽപ്പിച്ചതായും കരുണാകരൻ സ്വതസിദ്ധമായ തമാശ രൂപേണ പറഞ്ഞിരുന്നു. നിയമസഭയിൽ സമാജികനായിരിക്കെ 1960 ഒക്ടോബർ 10 ന് 74-ാം വയസ്സിലാണ് മേനോൻ അന്തരിച്ചത്.
1957ൽ അധികാരത്തിലെത്തിയ ഇഎംഎസ് സർക്കാർ, ജനങ്ങളുടെ ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നു. 1946 ലെ ഭോർ കമ്മറ്റി ശുപാർശ പ്രകാരം ഇന്ത്യയിൽ 2,000 ആളുകൾക്ക് ഒരു ഡോക്ടർ വേണമെന്നായിരുന്നു കണക്ക്. എന്നാൽ കേരളത്തിൽ അത് 1957ൽ 9260 പേർക്ക് ഒരു ഡോക്ടർ എന്നതായിരുന്നു അനുപാതം.
കേരളത്തിലെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് കൊണ്ടാണ് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ മന്ത്രിസഭ തയ്യാറെടുത്തത്. 29 മെയ് 1957 ൽ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിന് ശിലാസ്ഥാപനം നിർവ്വഹിച്ചു. വിശദമായ ചികിത്സകൾക്ക് അതുവരെ ജനങ്ങൾക്കാശ്രയമായിരുന്നത് തിരുവനന്തപുരം മെഡിക്കൽ കോളേജ് മാത്രമായിരുന്നു. 1959 ൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഇഎംഎസ് ജനങ്ങൾക്കായി തുറന്നുകൊടുത്തു.