- Home
- News
- Kerala News
- മൂന്നാർ പുതുക്കുടി എസ്റ്റേറ്റിൽ ഉരുൾപ്പൊട്ടി; ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിൽ, ആളപായമില്ല
മൂന്നാർ പുതുക്കുടി എസ്റ്റേറ്റിൽ ഉരുൾപ്പൊട്ടി; ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിൽ, ആളപായമില്ല
മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഇന്നലെ രാത്രി ഒരു മണിയോടെ ഉരുൾപൊട്ടി. രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും ഒലിച്ചിറങ്ങിയ മണ്ണിനടിയിലായി. എല്ലാല്‍ ആളപായമില്ലാത്തത് ആശ്വാസമായി. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായതിനാല്‍ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല. ശക്തിമായ മഴയെ തുടര്‍ന്ന് പുതുക്കുടി ഡിവിഷനിൽ നേരത്തെ തന്നെ ദുരിതാശ്വാസ ക്യാമ്പ് തുറന്നിരുന്നു. നാട്ടുകാർ അറിയിച്ചത് അനുസരിച്ചെത്തിയ പൊലീസ്, ഫയർഫോഴ്സ് സംഘം 175 കുടുംബങ്ങളെ സ്ഥലത്ത് നിന്നും മാറ്റിപ്പാർപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മൂന്നാര്‍ പുതുക്കുടി ഡിവിഷനിൽ നിന്നുള്ള ഉരുള്‍പൊട്ടലിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാനായ ഷെഫീഖ് മുഹമ്മദ്.

ഉരുൾപൊട്ടലിൽ മൂന്നാർ വട്ടവട സംസ്ഥാന പാതയിലെ പുതുക്കുടിയിൽ റോഡ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തകർന്ന നിലയിലാണ്. റോഡ് ഗതാഗതം തടസപ്പെട്ടതിനാൽ വട്ടവട ഏതാണ്ട് പൂര്‍ണ്ണമായും ഒറ്റപ്പെട്ടു.
ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും നിലവിൽ മഴക്ക് ശമനമുണ്ടെന്നുമാണ് ദേവികുളം തഹസിൽദാർ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്. റോഡ് പൂര്‍ണ്ണമായും തകര്‍ന്നതിനാല്‍ ഒരു വാഹനത്തിനും ഇതുവഴി കടന്ന് പോകാന്‍ കഴിയുന്നില്ല. ഇതോടെ വട്ടവട ഒറ്റപ്പെട്ടു. നിലവില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
യുൂദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിലുള്ളില്‍ റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് ദേവികുളം എംഎല്‍എ അഡ്വ.എ രാജ അവകാശപ്പെട്ടു.
വട്ടവടയിലേക്ക് പോകുന്ന ഏക റോഡാണിതെന്നും ഒരു ദിവസത്തില്‍ റോഡിലെ മണ്ണും ചെളിയും മാറ്റാന്‍ കഴിയില്ലെന്നും അതിനാല്‍ രണ്ട് ദിവസത്തിനുള്ളില്‍ റോഡിലെ മണ്ണ് മാറ്റി ഗതാഗതയോഗ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും മഴ പെയ്യുകയാണ്. അതിനാല്‍ ജില്ലയില്‍ അതീവ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങണമെങ്കില്‍ അതിനുള്ള സംവിധാനങ്ങള്‍ തയ്യാറാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
144 കുടുംബങ്ങളില്‍ നിന്നായി 450 ഓളം പേരെ അടുത്തുള്ള ഏയ്ഡഡ് എല്‍പി സ്കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വിവരമറിഞ്ഞപ്പോള്‍ തന്നെ കലക്ടര്‍ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രദേശത്തെത്തിയിരുന്നു.
കുണ്ടമണ്ണില്‍ നിന്ന് വട്ടവടയ്ക്ക് പോകുന്ന റോഡിലെ ബ്ലോക്ക് മാറ്റുന്ന പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഡെപ്യൂട്ടി തഹസീല്‍ദാര്‍ ടി വിപിന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രദേശത്തെ ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചു കഴിഞ്ഞു. മാത്രമല്ല, പ്രദേശത്ത് മറ്റ് അപകട ഭീഷണികളൊന്നുമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എഡ്ഡഡ് എല്‍പി സ്കൂള്‍ കുണ്ടളയും ചെണ്ടുവരി ഗവണ്‍മെന്‍റ് ഹൈസ്കൂളിലുമായാണ് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാര്‍ - വട്ടവട ദേശീയ പാതയില്‍ മണ്ണിടിഞ്ഞതിനാല്‍ ചെണ്ടുവരി ഗവണ്‍മെന്‍റ് ഹൈസ്കൂളിലേക്ക് പോകുന്നതിന് ബുദ്ധിമുട്ടുകളുണ്ട്. അതിനാല്‍ അവിടെയുള്ള ദുരിതബാധിതരെ മറ്റൊരു ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുമെന്നും തഹസീല്‍ദാര്‍ അറിയിച്ചു.
2020 ഓഗസ്റ്റ് ആറിന് പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി രണ്ട് ലയങ്ങളാണ് പൂര്‍ണ്ണമായും മണ്ണിനടിയിലായിരുന്നു. അന്നത്തെ ദുരന്തത്തില്‍ 66 ജീവനുകളാണ് നഷ്ടമായത്. ഇത്തവണത്തെ ഉരുള്‍പൊട്ടലില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന ആശ്വാസത്തിലാണ് ജില്ലാ ഭരണകൂടവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam