കൊടുംചൂടിനെ തോല്‍പിച്ച പ്രചാരണച്ചൂട്; കേരളത്തില്‍ നാളെ കൊട്ടിക്കലാശം, 'മുന്നണി മനസ്' അറിയാം
ലോക‌്‌സഭ തെരഞ്ഞെടുപ്പ് 2024 പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലേക്ക് കേരളം പ്രവേശിക്കുകയാണ്. കൊടുമ്പിരി കൊണ്ട പരസ്യപ്രചാരണം നാളെ ബുധനാഴ്‌ച അവസാനിക്കും. കൊട്ടിക്കലാശം ഗംഭീരമാക്കാൻ മുന്നണികൾ തയ്യാറെടുക്കുമ്പോള്‍ അവസാന മണിക്കൂറുകളിൽ പമാവധി വോട്ടുറപ്പിക്കാനാണ് സ്ഥാനാര്‍ഥികളുടെ ശ്രമം.
സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നര മാസത്തിലധികം നീണ്ട വാശിയേറിയ പ്രചാരണത്തിന് അവസാനമാകുകയാണ്. നാളെയാണ് കൊട്ടിക്കലാശം.
കഴിഞ്ഞ ദിവസം ആദ്യഘട്ടത്തിലെ പോളിംഗ് നടന്നപ്പോൾ മൂന്നോ നാലോ ശതമാനത്തിന്‍റെ കുറവുണ്ടായത് ആശങ്കയാവുന്നുണ്ട്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ആയിരുന്നു 30 വർഷത്തിനിടയിലെ കേരളത്തില്‍ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം കണ്ടത്.
പല മണ്ഡലങ്ങളിലും പോളിംഗ് 80 ശതമാനത്തിൽ മുകളിൽ പോയി. ഇത്തവണ എന്തായിരിക്കും സ്ഥിതി എന്നുള്ളത് ആകാംക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കേരളവും കനത്ത ചൂടിനിടെയാണ് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. സംസ്ഥാനത്ത് ബൂത്തിൽ എത്തേണ്ടത് രണ്ട് കോടി 77 ലക്ഷം വോട്ടർമാരാണ്.
ഇരുപത് മണ്ഡലങ്ങളില്‍ 20 ഉം കിട്ടുന്ന സാഹചര്യമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളിലെ വിലയിരുത്തൽ. അതേസമയം ബിജെപി തിരുവനന്തപുരത്തും തൃശൂരും പ്രതീക്ഷവെക്കുന്നു.
എല്‍ഡിഎഫാകട്ടെ 2019ലേറ്റ തിരിച്ചടി ഇത്തവണയുണ്ടാവില്ലെന്നും സീറ്റ് വര്‍ധിപ്പിക്കാനാകുമെന്നും കണക്കുകൂട്ടുന്നു. എന്തായാലും വാശിയേറിയ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് ഉറപ്പ്.