- Home
- News
- Kerala News
- സുല്‍ത്താന്‍ ബത്തേരിക്കുണ്ടൊരു 'പ്രകൃതി'; ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥി
സുല്‍ത്താന്‍ ബത്തേരിക്കുണ്ടൊരു 'പ്രകൃതി'; ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥി
നിയമസഭാ തെരഞ്ഞെടുപ്പിലെ ഏക ട്രാന്‍സ്‌ജെന്റര്‍ സ്ഥാനാര്‍ഥിയാണ് സുൽത്താൻ ബത്തേരിയില്‍ നിന്നും മത്സരിക്കുന്ന എന്‍ വി പ്രകൃതി. ആം ആദ്മി പാർട്ടി പ്രതിനിധിയായി മത്സരിക്കുന്ന പ്രകൃതിയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.

ആം ആദ്മി പാര്‍ട്ടിയിലുണ്ടായ സാഹചര്യം...
ആം ആദ്മി പാര്‍ട്ടി എന്നത് സാധാരണക്കാരന്‍റെ പാര്‍ട്ടി എന്നര്‍ത്ഥം. ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം ജനങ്ങള്‍ക്ക് തന്നെ തിരികെ നല്‍കുന്ന നയമാണ് ഈ പാര്‍ട്ടിയുടേത്. അതാണ് എന്നെ ഈ പാര്‍ട്ടിയില്‍ ആകര്‍ഷിച്ച ഒരു ഘടകം.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് തീരുമാനിച്ചത്...
വീടും വൈദ്യുതിയും കുടിവെള്ളവും പഠിക്കാനുള്ള സൗകര്യങ്ങളും മറ്റും ഈ വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തെ സംബന്ധിച്ച് കുറച്ചുപേർക്ക് മാത്രം കിട്ടുന്ന കാര്യമാണ്. ഇവര്‍ക്ക് ഇത്ര മാത്രം മതി എന്നുള്ള ഒരു ധാരണയാണ് പലര്‍ക്കും. ഇവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരെങ്കിലും വേണ്ടേ? അതുകൊണ്ടാണ് മത്സരിക്കാം എന്ന് തീരുമാനിച്ചത്.
ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥി
ഒരു ഭാഗത്ത് നമ്മളെ തുടച്ചു നിൽക്കാൻ ഒരുപറ്റം മനുഷ്യർ ഇറങ്ങിത്തിരിക്കുമ്പോൾ നമ്മുടെ നിലനിൽപ്പിന് വേണ്ടി അല്ലെങ്കിൽ സ്വന്തം ആൾക്കാർക്ക് വേണ്ടി സംസാരിക്കാൻ പറ്റുക എന്നൊക്കെ പറയുന്നത് എന്നെ സംബന്ധിച്ച് വലിയൊരു കാര്യമാണ്. പിന്നെ ഞങ്ങളുടെ ഐഡന്റിറ്റിയെ അംഗീകരിക്കല്‍ കൂടിയായാണ് ഞാന്‍ ഈ അവസരത്തെ കാണുന്നത്. അതുകൊണ്ട് ഏറെ സന്തോഷം, അഭിമാനം.
സുല്‍ത്താന്‍ ബത്തേരിയിലെ ജനങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച്?
സുൽത്താൻ ബത്തേരി നിയോജകമണ്ഡലം എന്നത് ഒരുപാട് ആദിവാസികൾ തിങ്ങിപ്പാർക്കുന്ന ഒരു ഇടമാണ്. അപ്പോൾ ഈ മണ്ഡലത്തെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഇവിടെ ഒരുപാട് പ്രശ്നങ്ങളുണ്ട്. ആദിവാസി വിഭാഗങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ആൾക്കാരുണ്ട്.
വനസംരക്ഷണണം നമ്മുടെ കടമ
ഫോറസ്റ്റ് സംരക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്. കൃത്യമായ ജൈവ വൈവിധ്യ വേലിയോ കാര്യങ്ങളൊ ഒന്നും ഇവിടെ നടപ്പിലാക്കി വരുന്നില്ല. വയനാട് ജില്ലയെ സംബന്ധിച്ച് ഈ കാണുന്ന കാടുകളൊന്നും സത്യം പറഞ്ഞാൽ കൊടും കാടുകളല്ല. വെറും തേക്കിന്റെ തൈകളും മറ്റുമേ ഉള്ളൂ. മൊത്തം തരിശായി കിടക്കുകയാണ്. കാട്ടിലെ മൃഗങ്ങൾക്ക് ഭക്ഷണം കിട്ടാത്തതുകൊണ്ടാണ് അവർ നാട്ടിലേക്ക് ഇറങ്ങുന്നത്. അപ്പോൾ അതിനനുസരിച്ചുള്ള വൃക്ഷങ്ങളും കാര്യങ്ങളുമൊക്കെയാണ് ഫോറസ്റ്റിന്റെ ഉള്ളിൽ നട്ട് വളർത്തേണ്ടത്. അപ്പോൾ വനസംരക്ഷണം പ്രധാനമായും നമ്മൾ ചൂണ്ടിക്കാണിക്കേണ്ട ഒരു കാര്യം തന്നെയാണ്.
ജനങ്ങള്‍ക്കായി മുന്നോട്ടുവയ്ക്കുന്നത്
വീടില്ലാത്തവരുണ്ട്, കുടിവെള്ള പ്രശ്നം അനുഭവിക്കുന്നവരുണ്ട്, ടോയ്ലറ്റ് പോലുമില്ലാത്ത ആൾക്കാരുണ്ട്. അത്തരം ആളുകളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം നടത്തുന്നത്. കേരളം അതി ദരിദ്ര വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുമ്പോൾ പോലും ഈ വയനാട് ജില്ലയെ സംബന്ധിച്ച് നിരവധി പ്രശ്നങ്ങള്‍ ഫേസ് ചെയ്യുന്ന മനുഷ്യരാണുള്ളത്. കൂടുതല്‍ സര്‍ക്കാര്‍ സ്കൂളുകളും കോളേജുകളും വരണം. പിന്നെ നല്ലൊരു ഗവൺമെന്റ് മെഡിക്കൽ കോളേജില്ല. മാനന്തവാടിയിൽ ഒരു മെഡിക്കൽ കോളേജ് കൊണ്ടുവന്നിട്ടിട്ടുണ്ട്. പക്ഷേ അവിടെയൊന്നും നമുക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. അവിടെ പോകുമ്പോൾ പറയുന്നത് നിങ്ങൾ കോഴിക്കോട്ടേക്ക് പോകൂ എന്നാണ്.
പോസ്റ്റർ കീറി കളയുന്ന പ്രവണത
എൽഡിഎഫ് ആണോ യുഡിഎഫ് ആണോ ബിജെപി ആണോ എന്നറിയില്ല, ഞങ്ങളുടെ ഒരു പോസ്റ്റർ അവരുടെ അടുത്തു കൊണ്ടുവന്ന് വെച്ച് കഴിഞ്ഞാൽ അത് കീറി കളയുന്ന ഒരു പ്രവണത ഉണ്ട്. അത് അങ്ങനെ കീറിക്കളയേണ്ട ആവശ്യമില്ലല്ലോ. നമ്മൾ നമ്മുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. മിനിമം ഒരു മര്യാദ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. പിന്നെ അത്രയും രാഷ്ട്രീയത്തിൽ അടിമപ്പെട്ടുപോയ ആൾക്കാരെ തിരുത്താനും പറഞ്ഞെടുക്കാനുമൊക്കെ കുറച്ച് ബുദ്ധിമുട്ടാണ്. ഞാന്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും മത്സരിക്കുന്നത് കൊണ്ടാണോ ആദിവാസി വിഭാഗത്തില്‍ നിന്നായതു കൊണ്ടാണോ ട്രാന്‍സ് ജെന്‍ഡര്‍ ആയതുകൊണ്ടാണോ ഇത്തരത്തിലൊരു വിവേചനം കാണിക്കുന്നത് എന്ന് അറിയില്ല.
വാഗ്ദാനങ്ങള്‍ തരും, ജയിച്ചാല്‍ ആരും തിരിഞ്ഞുനോക്കാറില്ല
ഈ പറഞ്ഞ മുന്നണിയിലെ സ്ഥാനാര്‍ഥികള്‍ ആരും ആദിവാസി വിഭാഗങ്ങൾക്ക് വേണ്ടിയിട്ട് എന്തെങ്കിലും കാര്യങ്ങൾ പറയുകയോ അല്ലെങ്കിൽ എന്തെങ്കിലും പ്രവർത്തി ചെയ്യുകയോ ചെയ്തിട്ടുണ്ടോ? തെരഞ്ഞെടുപ്പ് ആകുമ്പോള്‍ വോട്ട് ചോദിക്കാന്‍ വരും. വോട്ട് ചെയ്യിപ്പിക്കുന്നതിന് വേണ്ടി ഇവർക്ക് ചാരായവും പൈസയുമൊക്കെ കൊടുക്കുന്ന ശീലമുണ്ടെന്നും ഉന്നതികളില്‍ പോയപ്പോള്‍ പല അമ്മമാരും എന്നോട് പറഞ്ഞു. അങ്ങനെ വോട്ട് മേടിക്കുന്ന ആൾക്കാരാണ് പലരും. ആ സമയത്ത് ഇവർ പല വാഗ്ദാനങ്ങളും കൊടുത്തിട്ട് പോകും. പക്ഷേ ജയിച്ചു കഴിഞ്ഞാൽ പിന്നെ ഈ ഭാഗത്തേക്ക് ഇവരെ കാണൽ ഉണ്ടാവില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam