ആലപ്പുഴ തുറമുഖത്തെ അടിമുടി മാറ്റാൻ രാജകീയ പ്രൌഡിയിൽ പടക്കപ്പലെത്തി
പൈതൃകപദ്ധതിയുടെ ഭാഗമായി ആലപ്പുഴയിലെത്തിച്ച പടക്കപ്പൽ കാണാൻ ആയിരങ്ങളാണ് ബീച്ചിലെത്തുന്നത്. 60 ടൺ ഭാരമുള്ള പഴയയുദ്ധക്കപ്പൽ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇൻഫാക്ടി-81) 96 ചക്രങ്ങളും 12 ആക്സിൽ സംവിധാനവുമുള്ള പ്രത്യേകവാഹനത്തിലാണ് എത്തിച്ചത്. ചിത്രങ്ങൾ പകർത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ കാമറാമാൻ സുഭാഷ് എ.
നാവികസേനയുടെ പഴയ യുദ്ധക്കപ്പൽ കാണാനും സെൽഫിയെടുക്കാനും ദൂരസ്ഥലങ്ങളിൽ നിന്നുപോലും നിരവധിപേരാണ് എത്തുന്നത്. ബീച്ച് കൂടി തുറന്നതോടെ 'കപ്പൽ' കാണാൻ വൻ തിരക്കാണ്. ആലപ്പുഴ കടൽപ്പാലത്തിന് സമീപത്തായി സജ്ജീകരിച്ച പ്രത്യേക സ്ഥലത്താണ് കപ്പൽ താൽക്കാലികമായി സ്ഥാപിച്ചിരിക്കുന്നത്. പിന്നീടത് പൈതൃക മ്യൂസിയത്തിലേക്ക് മാറ്റും.
ശനിയാഴ്ച ഉച്ചയോടെയാണ് കപ്പൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്തേക്ക് മാറ്റിയത്. ഇനി മുസിരിസ് കമ്പനി അധികൃതർക്കാണ് പടക്കപ്പലിന്റെ പരിപാലന ചുമതല. റോഡ് മാർഗ്ഗം ആലപ്പുഴയിലെത്തിച്ച കപ്പൽ കാണാൻ നിരവധി പേരാണ് വഴിയിലൂടനീളം കാത്തുനിന്നിരുന്നത്. ആദ്യമായി കരയിലൂടെ കപ്പൽ നീങ്ങുന്ന കാഴ്ച കണ്ടതിന്റെ അത്ഭുതം പലർക്കും മറച്ചുവയ്ക്കാനായിരുന്നില്ല
നാവികസേനയുടെ ഡി കമ്മീഷൻ ചെയ്ത കപ്പലാണ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇൻഫാക്ടി-81). 1991 ലാണ് കപ്പൽ കമ്മീഷൻ ചെയ്തത്. 2021 ജനുവരിയിലാണ് ഡീ കമ്മീഷൻ ചെയ്തത്. മൂന്ന് മാസത്തിനകം പൊതുജനങ്ങൾക്ക് കപ്പലിൽ കയറാൻ അനുമതി ലഭിക്കും. 24 മണിക്കൂർ സുരക്ഷയാണ് കപ്പലിന് ഒരുക്കിയിരിക്കുന്നത്.
സെപ്തംബർ 23നാണ് തണ്ണീർമുക്കത്തെ വെമ്പനാട്ടുകയിൽ നിന്ന് കപ്പൽ റോഡ് മാർഗ്ഗം യാത്ര ആരംഭിച്ചത്. 300 ടൺ ശേഷിയുള്ള ക്രെയിൻ ഉപയോഗിച്ചാണ് വാഹനത്തിലേക്ക് കപ്പലിനെ കയറ്റിയത്. അതീവ സുരക്ഷ ഒരുക്കിയായിരുന്നു കപ്പലിനെ വാഹനത്തിലേക്ക് മാറ്റിയത്. ഹൈഡ്രോളിക് സംവിധാനത്തിലൂടെ വാഹനത്തിന്റെ ഉയരം കുറച്ചാണ് വാഹനം റെയിൽവെ ലൈൻ കടന്നത്.