- Home
- News
- Kerala News
- Thekkady Boating: ബോട്ടിങ്ങ് പുനരാരംഭിച്ചതോടെ തേക്കടിയിലേക്ക് സഞ്ചാരികളുടെ പ്രവാഹം; ചിത്രങ്ങള്‍ കാണാം
Thekkady Boating: ബോട്ടിങ്ങ് പുനരാരംഭിച്ചതോടെ തേക്കടിയിലേക്ക് സഞ്ചാരികളുടെ പ്രവാഹം; ചിത്രങ്ങള്‍ കാണാം
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരു മാസമായി നിലച്ചിരുന്ന തേക്കടി വിനോദസഞ്ചാര കേന്ദ്രത്തിലെ ബോട്ടിങ്ങ് പുനരാരംഭിച്ചു. ഇതോടെ തേക്കടയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെത്തി തുടങ്ങി. വിദേശ സഞ്ചാരികളുടെ സീസണ്‍ അവസാനിച്ചതിനാല്‍ ഇപ്പോള്‍ സ്വദേശികളായ സഞ്ചാരികളാണ് തേക്കടിയിലേക്ക് എത്തുന്നത്. ചിത്രങ്ങളും റിപ്പോര്‍ട്ടും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ കെ വി സന്തോഷ് കുമാര്‍.

തേക്കടിയിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണം തടകത്തിലെ ബോട്ടിങ്ങാണ്. വൃശ്ചിക കുളിരില്‍ തേക്കടി തടാകത്തിലൂടെയുള്ള ബോട്ടിങ്ങിനിടെ പ്രകൃതിയിടെ ജൈവികാവസ്ഥയില്‍ തന്നെ ആനയെയും പുലിയെയും കടുവയെയും കാണാമെന്നതാണ് ബോട്ടിങ്ങിന്‍റെ ഗുണം.
കേരളത്തിന്‍റെ കിഴക്കന്‍ മേഖലയില്‍ പ്രത്യേകിച്ചും സഹ്യപര്‍വ്വത പ്രദേശത്ത് പെയ്ത കനത്തമഴയും ഇതേ തുടര്‍ന്ന് കേരളവും തമിഴ്നാടും തമ്മിലുടലെടുത്ത മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 14 നാണ് ബോട്ടിങ്ങ് നിര്‍ത്തിയത്.
ദീപാവലി അവധിക്ക് പോലും ബോട്ടിങ്ങ് ഇല്ലാതിരുന്നത് തേക്കടിയിലെ വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. ഇതോടെ സഞ്ചാരികളുടെ എണ്ണം കുറയുകയും വരുമാനത്തിലും ഇടിവുണ്ടാവുകയും ചെയ്തു. ബോട്ടിങ്ങ് ആരംഭിച്ചതോടെ സഞ്ചാരികളും സന്തോഷത്തിലാണ്.
തടാകത്തിലെ ജലനിരപ്പ് ഉയര്‍ന്നതോടെ, തടാകത്തിന്‍റെ സ്വാഭാവിക തീരങ്ങള്‍ മുങ്ങി. ഇതോടെ തീരത്തേക്കിറങ്ങുന്ന മൃഗങ്ങളുടെ കാഴ്ചയും ഇല്ലാതായി. എന്നാല്‍, മനുഷ്യസ്പര്‍ശമേല്‍ക്കാത്ത കാടിന്‍റെ നീഗൂഢ സൌന്ദര്യം ആവോളം ആസ്വദിക്കാന്‍ കഴിഞ്ഞതായി സഞ്ചാരികളും പറയുന്നു.'
നിലവില്‍ വനം വകുപ്പിനും കെടിഡിസിക്കുമാണ് തേക്കടിയില്‍ ബോട്ടിങ്ങിന് അനുമതിയുള്ളത്. നാല് ബോട്ടുകളിലായി ഒരു ട്രിപ്പില്‍ 360 പേര്‍ക്ക് യാത്ര ചെയ്യാം. ദിവസേന അഞ്ച് ട്രിപ്പാണ് സര്‍വ്വീസ് നടത്തുന്നത്. ഒരാള്‍ക്ക് ബോട്ടിങ്ങിനുള്ള ടിക്കറ്റ് നിരക്ക് 255 രൂപയാണ്. ഓണ്‍ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം. '
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ വരുന്നതോടെ സഞ്ചാരികളുടെ തിരക്ക് കൂടുമെന്ന് വിനോദസഞ്ചാര രംഗത്തുള്ളവര്‍ പ്രതീക്ഷിക്കുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏറെ കാലമായി നിശ്ചലമായിരുന്ന വിനോദസഞ്ചാര രംഗത്ത് ഇപ്പോഴാണ് ആളനക്കമുണ്ടാതെന്ന് കച്ചവടക്കാരും പറയുന്നു.
തമിഴ്നാട് അതിര്‍ത്തിയിലെ 925 ചതുരശ്ര കി.മി. വിസ്തീര്‍ണ്ണമുള്ള വന്യജീവി സംരക്ഷണകേന്ദ്രവും പെരിയാർ തടാകവും അന്താരാഷ്ട്രാ പ്രശസ്തമാണ്. 360 ചതുരശ്ര കി.മി. പ്രദേശം നിത്യ ഹരിത വനമേഖലയാണെന്നതാണ് തേക്കടിയെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നതും.
മുല്ലപ്പെരിയാര്‍ ഡാമിന്‍റെ നിര്‍മ്മാണത്തിന് ശേഷമാണ് തേക്കടി തടാകം രൂപപ്പെട്ടത്. നിലവില്‍ മുല്ലപ്പെരിയാരില്‍ 142 അടിയായി വെള്ളം നിലനിര്‍ത്താന്‍ തമിഴ്നാട് ശ്രമിക്കുന്നതിനാല്‍ തേക്കടി തടാകത്തിലും ജലനിരപ്പ് ഏറെ ഉയരത്തിലാണ്. '
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വന്യമൃഗങ്ങളെ കാണാനില്ലെന്ന് സഞ്ചാരികള്‍ പരാതിപ്പെടുന്നു. എന്നാല്‍, കാടിന്‍റെ നിഗൂഢത വര്‍ദ്ധിച്ചതായും അവര്‍ അഭിപ്രായപ്പെടുന്നു.
സെപ്റ്റംബര് മുതൽ മെയ് വരെ ഉള്ള മാസങ്ങൾ ആണ് തേക്കടി സന്ദർശിക്കുവാൻ അനുയോജ്യം. പ്രത്യേകിച്ചും ഡിസംബര്‍ മാസത്തിലെ കാലാവസ്ഥയില്‍ തേക്കടി ഏറ്റവും സുന്ദരമായിരിക്കുന്ന സമയം കൂടിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam