Valentine's Day Wedding: ട്രാൻസ്ജെൻഡർ വ്യക്തികളായ മനുവും ശ്യാമയും വിവാഹിതരായി
പ്രണയദിനത്തിൽ (Valentines Day) ട്രാൻസ്ജെൻഡർ വ്യക്തികളായ (Transgender Personalities) ശ്യാമയും മനുവും വിവാഹിതരായി. ടെക്‌നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്സിക്യുട്ടീവാണ് തൃശ്ശൂർ സ്വദേശി മനു കാർത്തിക. സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്‌ജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്ററും ആക്ടിവിസ്റ്റുമാണ് തിരുവനന്തപുരം സ്വദേശിയായ ശ്യാമ എസ്. പ്രഭ. പത്തുവര്‍ഷമായി പരസ്പരം അറിയാവുന്നവരാണിരുവരും. ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍.
പത്തുവർഷത്തിലധികമായി പരസ്പരം അറിയുന്ന ഇരുവരും 2017 ലാണ് പ്രണയം തുറന്നുപറഞ്ഞത്. രണ്ട് വീട്ടുകാരുടെയും പൂർണ സമ്മതത്തോടെ പ്രിയപ്പെട്ടവരുടെയെല്ലാം സാന്നിധ്യത്തിൽ ഇന്ന് തിരുവന്തപുരം, ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം.
ഇരുവരുടെയും കുടുംബാംഗങ്ങള്‍ പങ്കെടുത്ത വിവാഹം, ഹിന്ദു ആചാരപ്രകാരമായിരുന്നു. 2017 ല്‍ ഇഷ്ടം പരസ്പരം തുറന്ന് പറയുമ്പോള്‍, സ്ഥിര ജോലി നേടി, കുടുംബത്തിലെ ഉത്തരവാദിത്വങ്ങളെല്ലാം പൂർത്തിയാക്കിയതിന് ശേഷം മാത്രം മതി വിവാഹമെന്നായിരുന്നു അന്നത്തെ തീരുമാനം.
ആ തീരുമാനം നടപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്രയും വർഷം ഇരുവരും കാത്തിരുന്നത്. മുമ്പ് കേരളത്തില്‍ തന്നെ പല ട്രാൻസ്ജെൻഡർ വിവാഹങ്ങളും നടന്നിട്ടുണ്ടെങ്കിലും അതൊക്കെ ആൺ പെൺ ഐഡന്‍റിറ്റി ഉപയോഗിച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തിരുന്നത്.
ട്രാൻസ്ജെൻഡർ വ്യക്തിത്വത്തിൽ തന്നെ നിന്നുകൊണ്ട് വിവാഹം ചെയ്യാനാണ് ഇരുവരുടെയും തീരുമാനം.
ഇക്കാര്യത്തിൽ നിയമസാധുതയുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും അതിന് നിയമതടസമുണ്ടെങ്കില്‍ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അവരുടെ ഐഡന്‍റിറ്റിയിൽ നിന്നുകൊണ്ടുള്ള വിവാഹത്തിന് സാധുത നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ശ്യാമയും മനുവും പറയുന്നു.