ബഫർ സോൺ; മൂന്ന് ജില്ലകളില്‍ യുഡിഎഫ് ഹര്‍ത്താല്‍, നിലമ്പൂരില്‍ വാഹനങ്ങള്‍ തടഞ്ഞു
സുപ്രീംകോടതിയുടെ ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ച് ഇന്ന് മലപ്പുറം ജില്ലകയുടെ മലയോര - വനാതിര്‍ത്തി മേഖലയിലും വയനാട്, ഇടുക്കി ജില്ലകളിലുമാണ് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ നടക്കുന്നത്. സുപ്രീംകോടതിയുടെ പരിസ്ഥിതി ലോല മേഖലാ നിര്‍ദ്ദേശം കര്‍ഷകര്‍ക്ക് തിരിച്ചടിയാണെന്നും കോടതി നിര്‍ദ്ദേശത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ഹര്‍ത്താലിനെ തുടര്‍ന്ന് നിലമ്പൂര്‍ ടൗണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞത് രാവിലെ ചെറിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി. ഇതിനിടെ കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാറിനും പ്രതിപക്ഷത്തിനുമെതിരെ വിമര്‍ശനവുമായി ഇടുക്കി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ രംഗത്തെത്തി. നിലമ്പൂരില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ മുബഷീര്‍. ജിത്തു. ഇടുക്കിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ കൃഷ്ണ പ്രസദ്.
ബഫർ സോൺ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സർവീസുകളെ ഇന്നത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൽപ്പറ്റ, മാനന്തവാടി, ബത്തേരി നഗരങ്ങളിൽ രാവിലെ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
ബഫർ സോൺ ആശങ്ക അകറ്റാൻ ഇടപെടലുകൾ ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും ഇന്ന് യുഡിഎഫ് ഹർത്താൽ ആചരിക്കുകയാണ്. ജില്ലയിലെ പതിനൊന്ന് പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലുമാണ് വൈകീട്ട് 6 വരെ ഹർത്താൽ. കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നുണ്ട്. മലപ്പുറത്ത് കടകള്‍ ഭാഗികമായി തുറന്നിട്ടുണ്ട്.
കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട്, അമരമ്പലം, കരുളായി, മൂത്തേടം, വഴിക്കടവ്, എടക്കര, ചുങ്കത്തറ, പോത്തുക്കൽ, ചാലിയാർ പഞ്ചായത്തുകളിലാണ് മലപ്പുറം ജില്ലയില്‍ ഹർത്താൽ നടക്കുന്നത്. പത്രം , പാൽ , വിവാഹം, മറ്റ് അവശ്യ സർവീസുകളെയും ഇന്നത്തെ ഹര്‍ത്തില്‍ നിന്ന് ഒഴിവാക്കി. ഇടുക്കിയില്‍ കട്ടപ്പന, നെടുങ്കണ്ടം, ശാന്തന്‍പാറ മേഖലകളില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ കടത്തി വിടുന്നുണ്ട്. കെഎസ്‍ആര്‍ടിസി സര്‍വ്വീസ് നടത്തുന്നു.
ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോടതിയുടെ ബഫര്‍സോണ്‍ നിര്‍ദ്ദേശം മലയോര മേഖലയിലെ ജനങ്ങളുടെ ജീവിതം ദുസഹമാക്കുമെന്നും ഇതിന് ശ്വാശത പരിഹാരം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇതിനിടെ കോടതിയുടെ പരിസ്ഥിതി ലോല ഉത്തരവില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഇടുക്കി രൂപത രംഗത്തെത്തി. സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലവിലെ ബഹളങ്ങള്‍ക്കിടയില്‍ പരിസ്ഥിതി ലോല പ്രശ്നം മറന്നുപോകുന്നു. ഇതിന് പ്രതിപക്ഷത്തിന് പങ്കുണ്ടെന്നും ഇടുക്കി രൂപതാദ്ധ്യക്ഷന്‍ ആരോപിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കസ്തൂരി രംഗന്‍ മാതൃകയില്‍ വീണ്ടും സമരം തുടങ്ങേണ്ടിവരും. രൂപതയെ ഇതിന് പ്രേരിപ്പിക്കരുതെന്നും ഇടുക്കി രൂപതാദ്ധ്യക്ഷന്‍ പറഞ്ഞു. ഇനി പിഴവുണ്ടാകാതിരിക്കാന‍് പ്രത്യേക ശ്രദ്ധ സംസ്ഥാന സര്‍ക്കാരില്‍ നിന്നുണ്ടാകണമെന്നാവശ്യപ്പെട്ട അദ്ദേഹം. സുപ്രീം കോടതിയില്‍ നിയമപോരാട്ടം നടത്തണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിലെ ആശങ്ക കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. വിധി മാറ്റികിട്ടാനുള്ള പരിശ്രമം എല്ലാവരും ചേര്‍ന്ന് നടത്തണമെന്നും ഉത്തരവ് നിരവധി ജനങ്ങളെ ബാധിക്കുന്നുവെന്ന് ഇരുവിഭാഗവും ഗൗരവത്തോടെ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കുറച്ചുകൂടി ഗൗരവത്തില്‍ ഇടപെടണമെന്ന് പറഞ്ഞ ജോണ്‍ നെല്ലിക്കുന്നേല്‍, ഇതിനായി ബിജെപി നേതാക്കളും ശ്രമം നടത്തണമെന്നും വെറുമൊരു ഹര്‍ത്താല്‍ നടത്തിയത് കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വിഷയത്തില്‍ നിരന്തരമായ ഇടപെടലാണ് ഇടുക്കി രൂപത ആഗ്രഹിക്കുന്നത്. വിഷയത്തില്‍ എല്ലാ മതസാമുദായിക നേതാക്കളുമായും ഒത്തു ചേര്‍ന്ന് സംയുക്തസമരം ആലോചിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി സാമുദായിക നേതാക്കളെ യോജിപ്പിച്ച് പ്രത്യേക യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്നും ഇവിടങ്ങളിലെ ഖനന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നുമാണ് ഇക്കഴിഞ്ഞ വെളളിയാഴ്ച സുപ്രീം കോടതി ഉത്തരവിട്ടത്.
ഈ മേഖലകളിലെ കെട്ടിടങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ പരിസ്ഥിതി ലോലമാക്കാനുളള ഉത്തരവിനെ നിയമപരമായി നേരിടാനാണ് കേരളത്തിന്‍റെ തീരുമാനം.
ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി സുപ്രീം കോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനോടകം വ്യക്തമാക്കിയിരുന്നു. ബഫര്‍ സോണ്‍ വിഷയത്തില്‍ കഴിഞ്ഞ 13 -ാം തിയതി ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, കോടതി നിര്‍ദ്ദേശം പോലും പാലിക്കാതെ, ഏഴു ദിവസത്തെ നോട്ടീസ് നൽകാതെയുള്ള എൽഡിഎഫ് ഹർത്താൽ പ്രഖ്യാപനത്തിനെതിരെ യുഡിഎഫും ബിജെപിയും വിമർശനവുമായി രംഗത്തെത്തിയിരുന്നു. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയാണെന്നും ഇത് ജനങ്ങളെയും സഞ്ചാരികളെയും ഏറെ ബാധിക്കുമെന്നും ഇരു പാര്‍ട്ടികളും ആരോപിച്ചിരുന്നു.
ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമെന്ന് നേരത്തെ കത്തോലിക്കാ സഭയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി. കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് മുഖ്യമന്ത്രി ഈ ഉറപ്പ് നല്‍കിയത്. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെടണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ചടങ്ങില്‍ ആവശ്യപ്പെട്ടിരുന്നു.
കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തമായതോടെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, നിയമ പരിശോധന ആരംഭിച്ചു. സംസ്ഥാനങ്ങളുടെ ആശങ്കയിൽ അനുഭാവ പൂർവ്വമായ പരിഗണനയുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കി.
അന്തിമ ഉത്തരവിനെ ചെല്ലി സുപ്രീംകോടതിയിൽ തന്നെ പുനഃപരിശോധന ഹർജി നൽകുന്നത് അടക്കം ചർച്ച ചെയ്യാന്‍ തീരുമാനിച്ചതായി വനം പരിസ്ഥിതി മന്ത്രാലയ വ്യത്തങ്ങൾ സൂചിപ്പിക്കുന്നുവെന്ന് ഏഷ്യാനെറ്റ് ദില്ലി ബ്യൂറോ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.