വിഴിഞ്ഞം തുറമുഖ സമരം പത്താം നാള്‍: സമരത്തിനെതിരെ ഇ പി ജയരാജന്‍, സമരം കടുപ്പിക്കാന്‍ ലത്തീന്‍ സഭയും
വിഴിഞ്ഞം സമരം പത്താം ദിവസത്തിലേക്ക് കടന്നു. ഇതിനിടെ മന്ത്രിതല സമിതിയുമായുള്ള സമരസമിതിയുടെ രണ്ടാംവട്ട ചർച്ചയും പരാജയപ്പെട്ടതോടെ പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കത്തിലാണ് ലത്തീന്‍ സഭയും തീരദേശവാസികളും. തിങ്കളാഴ്ച, കടൽ മാർഗ്ഗവും കര മാർഗ്ഗവും വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം വീണ്ടും ഉപരോധിക്കുമെന്നും സമരക്കാര്‍ അറിയിച്ചു. വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കാതെ സമരം നിർത്തില്ലെന്നും സമര സമിതി പ്രഖ്യാപിച്ചു. ഇതിനിടെ സമരത്തിന്‍റെ പത്താം ദിവസവും അദാനി വിഴിഞ്ഞം തുറമുഖ കവാടമായ മുല്ലൂരില്‍, പൊലീസിന്‍റെ ബാരിക്കേട് തകര്‍ത്ത് സമരക്കാര്‍ പദ്ധതി പ്രദേശത്ത് കയറി. പദ്ധതി പ്രദേശത്ത് നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് റോബര്‍ട്ട്.
കഴിഞ്ഞ ഒമ്പത് ദിവസവും പൊലീസ് വച്ച രണ്ട് ബാരിക്കേഡുകളും തകര്‍ത്ത പ്രതിഷേധക്കാര്‍ തുറമുഖ ഗേറ്റിന്‍റെ പൂട്ട് പൊളിച്ചാണ് പദ്ധതി പ്രദേശത്ത് കയറിയിരുന്നത്. തുടര്‍ന്ന് പദ്ധതി പ്രദേശം ചുറ്റി പ്രകടനം നടത്തിയ ശേഷം തുറമുഖത്ത് കൊടി നാട്ടും. അതിന് ശേഷം വീണ്ടും തുറമുഖ ഗേറ്റിന് സമീപത്തൊരുക്കിയ സമര പന്തലിലെത്തും.
ഇന്നും ഇതേ രീതിയിലുള്ള സമരത്തിലാണ് സമരക്കാര്‍. ഒരോ ദിവസവും ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലുള്ള ഓരോ ഇടവകകളില്‍ നിന്നുള്ള ആളുകളാണ് പദ്ധതി പ്രദേശത്ത് സമരത്തിനെത്തുന്നത്. ഇന്ന് വെട്ടുകാട്, ചെറിയ വേളി, വലിയ വേളി എന്നീ ഇടവകളില്‍ നിന്നുള്ള ആളുകളാണ് തങ്ങളുടെ അതിജീവന സമരത്തിനായെത്തിയത്.
സമരത്തില്‍ ഏതാണ്ട് രണ്ടായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് സമരസമിത അവകാശപ്പെട്ടു. പദ്ധതിയുടെ നിര്‍മ്മാണം നിര്‍ത്തിവച്ച് തീരശോഷണത്തിന്‍റെ ആഘാത പഠനം നടത്തണമെന്നാണ് ലത്തീന്‍ അതിരൂപത ആവശ്യപ്പെടുന്നത്. എന്നാല്‍, തുറമുഖ നിര്‍മ്മാണം നിര്‍ത്താനാകില്ലെന്നും തുറമുഖ നിര്‍മ്മാണം മൂലം തീരശേഷണം നടക്കുന്നില്ലെന്ന് പഠനങ്ങളുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.
തങ്ങളുടെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് കേള്‍ക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും തള്ളിയ മുഖ്യമന്ത്രി സമരം ആരൊക്കെയോ സ്പോണ്‍സര്‍ ചെയ്യുന്നതാണെന്ന ഗുരുതര ആരോപണവും നടത്തി. ഇതോടെ ഇനി മുഖ്യമന്ത്രി നേരിട്ട് വിളിക്കാതെ ചര്‍ച്ച ഇല്ലെന്ന നിലപാടിലാണ് സമരക്കാര്‍.
ഇന്നലെ വിഴിഞ്ഞം തുറമുഖ സമരം പരിഹരിക്കാനുള്ള രണ്ടാമത്തെ മന്ത്രിതല ചര്‍ച്ചയും പരാജയപ്പെട്ടു. മന്ത്രിസഭാ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയാണ് പരാജയപ്പെട്ടത്. തുറമുഖ നിർമാണം നിര്‍ത്താനാവില്ലെന്ന് സർക്കാര്‍ സമരക്കാരെ വീണ്ടും അറിയിച്ചു. ഇതോടെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപതയിലെ പുരോഹിതരും പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രതികരണം കരുതിക്കൂട്ടിയുള്ളതായിരുന്നില്ലെന്ന് മന്ത്രിമാർ അറിയിച്ചുവെന്നും സഭാ നേതൃത്വം പറഞ്ഞു. അടിയന്തര പ്രമേയത്തിന്‍റെ പ്രത്യേക സാഹചര്യം മനസ്സിലാക്കണമെന്നും മന്ത്രിമാര്‍ സമരസമിതിയോട് അഭ്യർത്ഥിച്ചു. മണ്ണെണ്ണയുടെ കാര്യത്തിൽ ചർച്ച പോലും നടന്നില്ലെന്നും സമരസമിതി മാധ്യമങ്ങളോട് ചര്‍ച്ചയെ കുറിച്ച് വിശദീകരിക്കവെ പറഞ്ഞു.
ചർച്ചകൾ തുടരുമെന്നും മുഖ്യമന്ത്രിയുമായി ചർച്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സമരസമിതി വ്യക്തമാക്കി. മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, ആന്‍റണി രാജു, ജില്ലാ കളക്ടർ, വികാരി ജനറൽ യൂജിൻ പെരേര, സമരസമിതി കൺവീനർ ഫാ. തിയൊഡോഷ്യസ് ഡിക്രൂസ് തുടങ്ങിയവരാണ് ഇന്നലെ നടന്ന ചർച്ചയിൽ പങ്കെടുത്തത്.
മന്ത്രിമാരുമായുള്ള കൂടികാഴ്ചയില്‍ വിഴിഞ്ഞം സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പരാമർശങ്ങളും ചർച്ചയായി. മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ സഭാ പ്രതിനിധികൾ കടുത്ത അമർഷമാണ് രേഖപ്പെടുത്തിയത്. വിഴിഞ്ഞം സമരം ആസൂത്രിതമാണെന്നും വിഴിഞ്ഞത്തുള്ളവരല്ല പുറത്ത് നിന്നും വന്നവരാണ് സമരം ചെയ്യുന്നതെന്നുമുള്ള ഗുരുതര ആരോപണം മുഖ്യമന്ത്രി ഉയര്‍ത്തിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം സമരക്കാര്‍ രാവിലെ തന്നെ തുറമുഖത്ത് പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പൊളിച്ച് മാറ്റിയാണ് പദ്ധതി പ്രദേശത്ത് കയറിയത്. കഴിഞ്ഞ ഒമ്പത് ദിവസവും പ്രദേശത്ത് കനത്ത പൊലീസ് സാന്നിധ്യമുണ്ടെങ്കിലും സമരക്കാര്‍ക്കെതിരെ ഒരു തരത്തിലുള്ള നീക്കത്തിനും പൊലീസ് തയ്യാറായിട്ടില്ല.
കഴിഞ്ഞ ദിവസം സമരക്കാരെത്തി ചേര്‍ന്ന വാഹനങ്ങളുടെ ചിത്രം പകര്‍ത്താന്‍ പൊലീസ് ശ്രമിച്ചത് ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. പൊലീസ് പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു. അതേസമയം വിഴിഞ്ഞത്ത് സമരംചെയ്യുന്നവരോടുള്ള വാശി വെടിഞ്ഞ് മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറാവണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സമരം ആസൂത്രിതമാണെന്നും വിഴിഞ്ഞത്തുള്ളവരല്ല സമരം ചെയ്യുന്നതെന്നുമുള്ള മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. സമരം നീണ്ട് പോകുന്നത് ഒഴിവാക്കണം. എന്നാൽ, തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന ആവശ്യത്തോട് യോജിപ്പില്ലെന്നും ചെന്നിത്തല കൂട്ടിചേര്‍ത്തു.
ഇതിനിടെ വിഴിഞ്ഞം തുറമുഖത്തെ ജനതയുടെ അതിജീവന പോരാട്ടത്തിനെതിരെ ഇ പി ജയരാജന്‍ രംഗത്തെത്തി. പുറത്ത് നിന്നുള്ളവരാണ് സമരം ചെയ്യുന്നതെന്ന് മുഖ്യമന്ത്രിയുടെ ആക്ഷേപത്തെക്കുറിച്ച് പ്രതികരിക്കവേയാണ് ഇ പി സമരക്കാരെ തള്ളി പറഞ്ഞത്. 'സമരത്തിൽ പങ്കെടുക്കുന്ന ആളുകളെ നോക്കൂ, മുഖ്യമന്ത്രി പറഞ്ഞതിൽ എന്താണ് പിശക്' എന്നായിരുന്നു ഇ പി ജയരാജന്‍റെ പ്രതികരണം.
ഉമ്മൻ ചാണ്ടിയാണ് തുറമുഖം ആരംഭിച്ചത്. ഇത്രയും കൊല്ലമായുള്ള പദ്ധതി നിർത്തിവയ്ക്കാൻ ആകുമോയെന്നും ഇ പി ആശങ്കപ്പെട്ടു. മന്ത്രിതല ചര്‍ച്ചകള്‍ പരാജയമായിരുന്നുവെന്ന് ലത്തീന്‍ അതിരൂപതയിലെ പുരോഹിതര്‍ പറയുമ്പോള്‍, ഇ പി ഈ വാദവും തള്ളിക്കളയുകയാണ്. ചർച്ചകളിൽ ഫലപ്രാപ്തി ഉണ്ടെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അവകാശപ്പെട്ടത്. അഞ്ച് കാര്യങ്ങളിൽ പരിഹാരം ആയിട്ടുണ്ടെന്നും ഇ പി അവകാശപ്പെട്ടു. നേരത്തെ സമരത്തിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു.
കൂടംകുളം പദ്ധതിക്കെതിരെ സമരം നടത്തിയവരാണ് വിഴിഞ്ഞത്തും സമരം നടത്തുന്നതെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നത്. മണ്ണെണ്ണ കാര്യത്തില്‍ കേന്ദ്ര ഇടപെടലുണ്ടെങ്കിലേ എന്തെങ്കിലും നടക്കൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. അത് പോലെ തന്നെ ക്ഷീര വകുപ്പിന് കീഴിലുള്ള മുട്ടത്തറ വില്ലേജില്‍ 17.5 ഏക്കര്‍ ഭൂമി കണ്ടെത്തിയെന്ന് പറയുമ്പോഴും ഇതിന്‍റെ നടപടിക്രമങ്ങള്‍ ഒന്നും തന്നെ പൂര്‍ത്തീകരിച്ചിട്ടില്ല.