വായിക്കാനും കേള്‍ക്കാനും മാത്രമുള്ളതല്ല കവിത! കാണാം, പോയട്രി ഇന്‍സ്റ്റലേഷന്‍ കാഴ്ചകള്‍

First Published Feb 1, 2020, 7:00 PM IST

വ്യക്തിപരമായ വായനയുടെ ഇടത്തില്‍നിന്നും പുതിയ കാലത്ത് കവിത ഏറെ മുന്നോട്ടുപോയിരിക്കുന്നു. കാഴ്ചയുടെ, കേള്‍വിയുടെ, സ്പര്‍ശത്തിന്റെ അനേകം പാഠാന്തരങ്ങള്‍ കവിതയ്ക്കിന്നുണ്ട്. വ്യത്യസ്തമായ മാധ്യമ സാദ്ധ്യതകള്‍. കവിതയുടെ ആന്തരികാത്മാവ് തേടിയുള്ള പല വഴിക്കുള്ള സഞ്ചാരങ്ങള്‍. പോയട്രി ഇന്‍സ്റ്റലേഷന്‍ ആരായുന്നത് ഈ സാദ്ധ്യതയാണ്. അര്‍ത്ഥങ്ങള്‍ക്കപ്പുറത്തേക്ക് ശബ്ദം കവിതയെ കൈപിടിച്ചു നടത്തുന്നു. പറഞ്ഞുവെച്ചതിനപ്പുറത്തേക്കുള്ള വാക്കിന്റെ പാതകള്‍ വെട്ടിത്തുറക്കുന്നു, കാഴ്ച. വാക്കുകളുടെ ചതുരക്കള്ളികളില്‍നിന്നു കുതറി കവിതയ്‌ക്കേറെ മുന്നോട്ടുപോവാനുള്ള വഴി ഒരുക്കുന്നു, പോയട്രി ഇന്‍സ്‌റ്റേലേഷന്‍. 

 

പട്ടാമ്പിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കവിതയുടെ കാര്‍ണിവല്‍ പേരുപോലെ കവിതയുടെ ഉല്‍സവമായിരുന്നു. കവിതയുടെ വിത്തുകള്‍ ഉള്ളില്‍ പൊട്ടിമുളച്ച കുറേ മനുഷ്യര്‍, കവിതയെന്ന ഭാഷയുടെ പല വഴികള്‍ തേടിയ നാലു ദിനരാത്രങ്ങള്‍. പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളജില്‍ നടന്ന കാര്‍ണിവല്‍, കവിതയുടെ ബഹുതല സാദ്ധ്യതകളിലേക്കുള്ള ആഴമേറിയ യാത്രയായിരുന്നു. അതിലെ ഏറ്റവും വ്യത്യസ്തമായ ഒരിനം പോയട്രി ഇന്‍സ്‌റ്റേലേഷന്‍ ആയിരുന്നു. പാലക്കാട് ഗവ. വിക്‌ടോറിയ കോളജ് അധ്യാപികയും എഴുത്തുകാരിയുമായ ആരതി അശോകിന്റെ കവിതകളെ വ്യത്യസ്ത മാധ്യമങ്ങളിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള ശ്രമമായിരുന്നു' വേഡ് മീ ഔട്ട്'  (Word me out )എന്ന പോയട്രി ഇന്‍സ്റ്റലേഷന്‍. 

 

നിറയെ മരങ്ങളും പക്ഷികളും സൂക്ഷ്മജീവികളും പൂമ്പാറ്റകളുമൊക്കെ അധിവസിക്കുന്ന, കാമ്പസിനകത്തെ ചെറിയ കാട്ടിനകത്താണ് ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്. രാത്രിയായിരുന്നു കവിതയുടെ അരങ്ങ്. സവിശേഷമായി വിന്യസിപ്പിച്ച പ്രകാശദീപങ്ങള്‍.  ഇരുട്ടില്‍ അവിടവിടെ തെളിയുന്ന പേപ്പര്‍ സ്‌ക്രീനുകള്‍. മരമേലാപ്പുകളില്‍നിന്ന് ദൃശ്യവും ശബ്ദവുമായി അതിലേക്ക് വന്നുവീഴുന്ന കവിതയുടെ വെട്ടങ്ങള്‍. പെയിന്റിംഗുകളിലേക്കും ശില്‍പ്പങ്ങളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ട കവിതയുടെ ഉടലുകള്‍. ഇതെല്ലാം ചേരുമ്പോള്‍ സവിശേഷമായി സംഭവിക്കുന്ന കലയുടെ ഇളകിമറിയലുകള്‍. കാണാം, ക്യാമറ ഒപ്പിയെടുത്ത കവിതയുടെ ശലഭായനങ്ങള്‍.