സ്പ്രിംഗ്ളറും സൈബര്‍ ഗുണ്ടയും പിന്നെ മരുന്ന് കടത്തും; വിഷുക്കണിയുമായി ട്രോളന്മാരും

First Published Apr 14, 2020, 11:16 AM IST


കാര്യം ലോകം മുഴുവനും ലോക്ക് ഡൗണിലാണ്. സാമൂഹിക അകലം പാലിച്ചും വീട്ടിലിരുന്നും കൊറോണാ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് മനുഷ്യവംശം. അതിനിടെ കേരളത്തില്‍ ചില തര്‍ക്കങ്ങള്‍ നടന്നു. ഇന്‍റര്‍നെറ്റ് യുഗത്തില്‍ ഏറ്റവും കൂടുതല്‍ വിലയുള്ളത് ഓരോ പ്രദേശത്തെയും ജനങ്ങളുടെ വിവരശേഖരണമാണ്. ഈ വിവരങ്ങള്‍ പല രീതിയിലും ദുരുപയോഗം ചെയ്യാപ്പെടാം. എന്നാല്‍,  കൊറോണയ്ക്കെതിരെ കാര്യക്ഷമമായ പോരാട്ടം നടത്തുന്ന കേരളം, കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട മൊത്തം ഡാറ്റയും അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ളറിന്‍റെ വെബ് സൈറ്റിലേക്ക് സൗജന്യമായി നല്‍കി.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ച ഈ അപാകത, പിന്നീട് വിവാദമായപ്പോള്‍ ഇടത്പക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു. സ്പ്രിംഗ്ളര്‍ ട്രോളുകളോടൊപ്പം ചേര്‍ത്ത് വെക്കേണ്ടതാണ് രമേശ് ചെന്നിത്തലയുടെ അബദ്ധങ്ങളും. പ്രതിപക്ഷ നേതാവിന്‍റെ ചില നീക്കങ്ങള്‍ ഏറെ പരിഹസിക്കപ്പെട്ട ശേഷമായിരുന്നു സര്‍ക്കാറിന് അദ്ദേഹത്തെ ശ്രദ്ധിക്കാതെ പോകാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടത്. അതുവരെ സ്കോര്‍ ചെയ്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പ്രിംഗ്ളര്‍ വിഷയത്തില്‍ നിശബ്ദനായിരുന്നു. 

ഇതിനിടെ കൊറോണ 56 ഇഞ്ചിന് വീണ്ടും പരിക്കേല്‍പ്പിച്ചു. നാഴികയ്ക്ക് നാപ്പത് വട്ടം ഫ്രണ്ട് ഫ്രണ്ട് മൈ ഫ്രണ്ട് എന്ന് വിളിച്ച് പുറകേ നടന്നിട്ട് അവസാനം, ചൈനയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടുവന്ന നാല് ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ അമേരിക്കയിലേക്ക് ഡ്രംപ് തിരിച്ച് വിട്ടത്, പ്രധാനമന്ത്രിക്കേറ്റ കനത്ത ക്ഷീണമായി. മലേറിയയ്ക്കുള്ള ഹൈഡ്രോക്ലോറോക്വിന്‍ മരുന്ന് കയറ്റിയയച്ചില്ലെങ്കില്‍ ഇന്ത്യ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് തമിഴ്നാട്ടിലേക്ക് കയറ്റിയയച്ച റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഡ്രംപ് തട്ടിയെടുത്തത്. കാണാം വിഷു ട്രോളുകള്‍.