- Home
- News
- Viral News
- യെന്നാലും ..ൻറെ ബിരിയാണി ചെമ്പേ...; ബിരിയാണി ചെമ്പിലെ കറന്‍സി നോട്ടുകള്‍, ട്രോളുകള്‍ കാണാം
യെന്നാലും ..ൻറെ ബിരിയാണി ചെമ്പേ...; ബിരിയാണി ചെമ്പിലെ കറന്‍സി നോട്ടുകള്‍, ട്രോളുകള്‍ കാണാം
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ തുടങ്ങിയത് രണ്ട് ദിവസം മുമ്പായിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എറണാകുളത്തെ പ്രത്യേക കോടതിയാണ് സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, രഹസ്യമൊഴി നല്‍കിയ സ്വപ്ന തന്നെ പിന്നീട് മാധ്യമങ്ങളെ കാണുകയും ചില വെളിപ്പെടുത്തലുകള്‍ നടത്തുകയും ചെയ്തു. അതില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ കുടുംബത്തിനും എതിരെ അതിഗുരുതരമായ ആരോപണങ്ങളും ഉണ്ടായിരുന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ ഏജൻസി സമ്മർദ്ദം ചെലുത്തിയെന്നായിരുന്നു കേസിന്‍റെ ആദ്യ കാലത്ത് സ്വപ്ന പറഞ്ഞിരുന്നതായി മാധ്യമങ്ങളില്‍ വന്നത്. എന്നാല്‍ ജയിലിൽ നിന്ന് പുറങ്ങിയ ശേഷം പൊലീസ് സമ്മർദ്ദം ചെലുത്തിയത് കൊണ്ടാണെന്ന് താന്‍ അങ്ങനെ പറഞ്ഞതെന്ന് സ്വപ്ന തിരുത്തി. പിന്നീട് ഇപ്പോഴാണ് സ്വപ്ന സുരേഷ് ആദ്യമായി മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ കുടുംബത്തിനും എതിരെ തിരിയുന്നത്. തൃക്കാക്കരയിലെ കൊണ്ട് പിടിച്ച പ്രചാരണത്തിനൊടുവില്‍ ദയനീയ പരാജയം നേരിട്ടതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ നടക്കുകയായിരുന്നു മുഖ്യമന്ത്രി. അതിനിടെ ഉയര്‍ന്ന ഗുരുതര ആരോപണം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും ഈ അജണ്ട ജനങ്ങള്‍ തള്ളിയതാണെന്നും മുഖ്യമന്ത്രിയും അവകാശപ്പെട്ടു. സംഗതി ഏന്തായാലും കോണ്‍സുലേറ്റിലിറക്കിയ ബിരിയാണി ചെമ്പ് ട്രോളന്മാന്മാര്‍ക്ക് പെരുത്ത് ഇഷ്ടായി. കാണാം ആ ചെമ്പ് ട്രോള്‍ വിശേഷങ്ങള്‍.

ഗുരുതരമായ ആരോപണമാണ് സ്വപ്ന ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്നും മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍, നളിനി നെറ്റോ ഐഎഎസ്, മന്ത്രി കെ ടി ജലീല്‍.. എന്നിവര്‍ക്കെതിരെയും സ്വപ്ന സുരേഷ് ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്.
കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്ന, മാധ്യമങ്ങളോട് വെളിപ്പെടുത്തൽ നടത്തിയത്. ''എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐഎഎസ്, അന്നത്തെ മന്ത്രി കെ ടി ജലീൽ - കേസിൽ ഇങ്ങനെയുള്ള എല്ലാവരുടെയും എന്താണോ ഇൻവോൾവ്മെന്‍റ്, ഇത് എന്‍റെ രഹസ്യമൊഴിയിൽ വിശദമായി പറഞ്ഞിട്ടുണ്ട്'', എന്ന് സ്വപ്ന സുരേഷ് പറയുന്നു. തനിക്ക് വധഭീഷണിയുണ്ട് എന്നും സ്വപ്ന സുരേഷ് പറയുന്നു.
രഹസ്യമൊഴി അന്വേഷണത്തിന്‍റെ നിർണായകഭാഗമായതിനാൽ എല്ലാക്കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും, തനിക്ക് പറയാനാകുന്ന കാര്യങ്ങൾ പറയാം എന്നും പറഞ്ഞാണ് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് സംസാരിച്ചത് തുടങ്ങിയത്.
സ്വപ്ന പറയുന്നതിങ്ങനെ: ''2016-ൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ പോകുന്ന സമയത്താണ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാൻ കോൺസുൽ ജനറലിന്‍റെ സെക്രട്ടറിയായിരിക്കുന്ന കാലത്തായിരുന്നു ഇത്.
ചീഫ് മിനിസ്റ്റർ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിലെത്തിച്ച് തരണം എന്നാണ് ശിവശങ്കർ ആവശ്യപ്പെട്ടത്. അത് നിർബന്ധമായി എത്തിക്കണമെന്നും പറഞ്ഞു. അന്ന് കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്‍റെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്.
ആ ബാഗ് കോൺസുലേറ്റ് ഓഫീസിൽ കൊണ്ടുവന്നപ്പോൾ നമ്മൾ മനസ്സിലാക്കിയത് അത് കറൻസിയായിരുന്നു എന്നാണ്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. ബാക്കിയുള്ള കാര്യങ്ങളൊന്നും എനിക്കിപ്പോൾ പറയാൻ പറ്റുന്നതല്ല.
അതിനൊപ്പം തന്നെ വളരെ സർപ്രൈസിംഗായിട്ട് ബിരിയാണി പാത്രങ്ങളും കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്.
പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹവസ്തുക്കൾ ഉണ്ടായിരുന്നതായിട്ടാണ് സൂചന. ഇങ്ങനെ നിരവധി തവണ കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇങ്ങനെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്'', എന്നും സ്വപ്ന വെളിപ്പെടുത്തി.
ഇത് മുഖ്യമന്ത്രിക്കറിയാമായിരുന്നോ എന്ന ചോദ്യത്തിന്, ക്ലിഫ് ഹൗസിൽ കൊണ്ടുപോകുമ്പോൾ കോമൺ സെൻസനുസരിച്ച് ഇത് സിഎമ്മിനറിയാമല്ലോ എന്ന് സ്വപ്ന. ഇതല്ലാതെ പല വിവരങ്ങളും വിശദമായി ഞാൻ രഹസ്യമൊഴിയിൽ നൽകിയിട്ടുണ്ട്. സമയം വരുമ്പോൾ എല്ലാ കാര്യങ്ങളും ഞാൻ പുറത്തുപറയാം.
എറണാകുളം ജില്ലാ കോടതിയിൽ എത്തിയാണ് സ്വപ്ന മൊഴി നൽകിയത്. ഇഡിക്കെതിരെ സംസാരിക്കാൻ സംസ്ഥാന പൊലീസ് നിർബന്ധിച്ചു എന്നടക്കം വെളിപ്പെടുത്തലിൽ സ്വപ്ന മൊഴി നൽകിയതായാണ് വിവരം.
തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും, വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാൽ സുരക്ഷ വേണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടതായും സ്വപ്ന സുരേഷ് വ്യക്തമാക്കി. സ്വപ്നയുടെ ഗുരുതര ആരോപണങ്ങള്‍ വന്നതിന് പുറകെ മറുപടിയുമായി മുഖ്യമന്ത്രിയും രംഗത്തെത്തി.
എന്നാല്‍, നേരിട്ട് മാധ്യമങ്ങളെ കാണുന്നതിന് പകരം മുഖ്യമന്ത്രി പ്രസ്താവന ഇറക്കുകയാണ് ചെയ്തത്. പ്രചരിക്കുന്നത് അസത്യങ്ങളാണെന്നും, ഇത്തരത്തിൽ സർക്കാരിന്റെ ഇച്ഛാശക്തി കളയാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഇന്ന് ദൃശ്യമാധ്യമങ്ങളിലൂടെ ചില കേസുകളെപ്പറ്റി അവയില്‍ പ്രതിയായ വ്യക്തി നടത്തിയ ചില പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. സ്വര്‍ണ്ണക്കടത്ത് പുറത്തുവന്ന അവസരത്തില്‍ തന്നെ ഏകോപിതവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്.
പിന്നീട് അന്വേഷണ രീതികളെപ്പറ്റിയുണ്ടായ ന്യായമായ ആശങ്കകള്‍ യഥാസമയം ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. രാജ്യത്തിന്‍റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സ്രോതസ് മുതല്‍ അവസാന ഭാഗം വരെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തണമെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്.
അങ്ങനെയുള്ള ഞങ്ങള്‍ക്കെതിരെ സങ്കുചിത രാഷ്ട്രീയ കാരണങ്ങളാല്‍ ചില കോണുകളില്‍ നിന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ വീണ്ടും വീണ്ടും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇത് ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇത്തരം അജണ്ടകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. ഒരു ഇടവേളയ്ക്കുശേഷം പഴയ കാര്യങ്ങള്‍ തന്നെ കേസില്‍ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുകയാണ്. ഇതില്‍ വസ്തുതകളുടെ തരിമ്പുപോലുമില്ല.
അസത്യങ്ങള്‍ വീണ്ടും ജനമധ്യത്തില്‍ പ്രചരിപ്പിച്ച് ഈ സര്‍ക്കാരിന്‍റെയും രാഷ്ട്രീയ നേതൃത്വത്തിന്‍റെയും ഇച്ഛാശക്തി തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വൃഥാവിലാണെന്നുകൂടി ബന്ധപ്പെട്ടവരെ ഓർമിപ്പിക്കട്ടെ.
ദീര്‍ഘകാലമായി പൊതുരംഗത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും വ്യാജ ആരോപണങ്ങള്‍ നേരിട്ടിട്ടും പതറാതെ പൊതുജീവിതത്തില്‍ മുന്നോട്ടുനീങ്ങുകയും ചെയ്യുന്നവർക്കെതിരെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നതും അത് ഏറ്റെടുക്കുന്നതും ഒരു ഗൂഢപദ്ധതിയുടെ ഭാഗമാണെന്നുള്ളത് വ്യക്തമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു.
അത്തരമൊരു ആളെക്കൊണ്ട് പഴയ ആരോപണങ്ങള്‍ അയവിറക്കിച്ച് നേട്ടം കൊയ്യാമെന്ന് കരുതുന്നവര്‍ക്കുള്ള മറുപടി നമ്മുടെ സമൂഹം നല്‍കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്.
കേരളത്തിന്‍റെ സമഗ്ര വികസനത്തിനും സാമൂഹ്യക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam