- Home
- News
- Viral News
- വിവാദ പ്രസ്താവന; രാജിവെക്കില്ലെന്ന് മന്ത്രി, വേണമെങ്കില്‍ പ്രതിപക്ഷ നേതാവ് രാജിവയ്ക്കട്ടെന്ന് ട്രോളന്മാര്‍
വിവാദ പ്രസ്താവന; രാജിവെക്കില്ലെന്ന് മന്ത്രി, വേണമെങ്കില്‍ പ്രതിപക്ഷ നേതാവ് രാജിവയ്ക്കട്ടെന്ന് ട്രോളന്മാര്‍
കഴിഞ്ഞ ദിവസം മല്ലപ്പള്ളിയില്‍ സിപിഎം യോഗത്തിനിടെ മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പ്രസ്ഥാവന ഇന്നലയാണ് മാധ്യമങ്ങളിലൂടെ പുറം ലോകത്തെത്തിയത്. 'ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നായിരുന്നു സജി ചെറിയാന്‍റെ വിമര്‍ശനം. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതി വച്ചു. കൂട്ടത്തിൽ മതേതരത്വം, ജനാധിപത്യം തുടങ്ങിയ കുന്തവും കുടച്ചക്രവുമെക്കെ എഴുതി വച്ചു. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നുവെന്നും' മന്ത്രി വിമര്‍ശിച്ചു. പറഞ്ഞു. പാര്‍ട്ടി പരിപാടിക്കിടെ തീര്‍ത്തും ഒരു കവലപ്രസംഗമായിരുന്നു ഉത്തരവാദിത്വപ്പെട്ട മന്ത്രിയില്‍ നിന്നും ഉണ്ടായത്. ഇതോടെ 'എന്ത് പ്രഹസനമാണ് സജി' എന്ന ട്രോളുകളില്‍ നിറയുകയാണ് സജി ചെറിയാന്‍. കാണാം ആ ട്രോളുകള്‍.

ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുമെന്ന് യുഡിഎഫ് അറിയിച്ചു. ഭരണഘടനയെ അല്ല ഭരണകൂടത്തെ ആണ് വിമര്‍ശിച്ചത് എന്ന മന്ത്രിയുടെ വിശദീകരണത്തോടെ രാജി ആവശ്യം സിപി എം തള്ളിയിരുന്നു.
എന്നാൽ വിശദീകരണത്തിലും മന്ത്രി വിവാദ പ്രസംഗത്തിലെ നിലപാട് ആവർത്തിച്ചു എന്നാണ് പ്രതിപക്ഷ വിമർശനം. പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിന് കാത്തിരിക്കുന്നു എന്നാണ് ഗവർണ്ണർ പറഞ്ഞത്. മുഖ്യമന്ത്രി സഭയിൽ എന്ത് പ്രതികരണം നടത്തും എന്നത് നിർണ്ണായകമാണ്.
മുഖ്യമന്ത്രി സജിയെ പിന്തുണച്ചാൽ രാജ്ഭവന്‍റെ അടുത്ത നീക്കവും പ്രധാനമാണ്. രാജി ആവശ്യം തള്ളുമ്പോഴും ആരെങ്കിലും പരാതി നൽകിയാൽ കോടതി സ്വീകരിക്കുന്ന നിലപാടിൽ സർക്കാരിന് ആശങ്ക ഉണ്ടാകും.
അതേസമയം സജി ചെറിയാന്‍റെ വിവാദമായ മല്ലപ്പള്ളി പ്രസംഗം അനുചിതമെന്നാണ് ഇടതു മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ യുടെ വിലയിരുത്തൽ. ഈ വിവാദം നിയമ പ്രതിസന്ധിക്ക് ഇടയാക്കിയേക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ.
സജി ചെറിയാന്‍റെ പരാമർശങ്ങൾ ഗുരുതരമെന്നും ഇത് നിയമ പോരാട്ടമായി കോടതിയിലെക്കിയാൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ വിലയിരുത്തി. അതിനിടെ വിവാദത്തിൽ മുഖ്യമന്ത്രിയെ സമ്മർദ്ദത്തിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രതികരണം എത്തിയിരുന്നു.
വിഷയം താൻ അറിഞ്ഞത് മണിക്കൂറുകൾ മുമ്പാണെന്ന് പറഞ്ഞ അദ്ദേഹം വിഷയത്തിൽ മുഖ്യമന്ത്രി ഭരണഘടന മൂല്യം ഉയർത്തിപിടിക്കുമെന്നാണ് വിശ്വാസമെന്നും പറഞ്ഞു. മന്ത്രി മാപ്പ് പറഞ്ഞതായി താൻ അറിഞ്ഞിട്ടില്ല. മുഖ്യമന്ത്രി തന്നെ മന്ത്രിയോട് വിശദീകരണം തേടിയതായി അറിഞ്ഞു.
ഭരണഘടനാ പ്രകാരമുളള സത്യപ്രതിജ്ഞ ചെയ്താണ് മന്ത്രിമാർ അധികാരത്തിലേറുന്നതെന്നും ഗവർണർ ഓർമ്മിപ്പിച്ചു. അതിനിടെ മല്ലപ്പള്ളിയിലെ പ്രസംഗത്തിൽ താൻ ഭരണഘടനയെയല്ല വിമർശിച്ചതെന്ന് ആവർത്തിക്കുകയാണ് മന്ത്രി സജി ചെറിയാൻ.
ഭരണകൂടത്തെയാണ് താൻ വിമർശിച്ചത്. മന്ത്രി മാത്രമല്ലെന്നും താൻ രാഷ്ട്രീയക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനക്ക് എതിരെ പറഞ്ഞിട്ടില്ല. കുട്ടനാടൻ ഭാഷയിലെ പ്രയോഗമാണ് നടത്തിയത്. ഈ വിവാദത്തിൽ താന്‍ രാജി വെക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.
ഇതിനിടെ മന്ത്രി സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പ്രസംഗം പൊലീസ് പരിശോധിക്കുമെന്ന് അറിയിച്ചു. നിലവില്‍, ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗത്തിൽ മന്ത്രിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കിട്ടിയ പരാതികൾ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി തിരുവല്ല ഡിവൈഎസ്പിക്ക് കൈമാറി.
പരാതികളിൽ എന്ത് തുടർ നടപടി വേണം എന്നത് പൊലീസ് തീരുമാനിച്ചിട്ടില്ല. മന്ത്രി ആരോപണ വിധേയനായ സംഭവത്തിൽ ഉന്നതതല നിര്‍ദേശമില്ലാതെ പൊലീസ് അന്വേഷണം ഉണ്ടാകില്ല. സംഭവത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശവും തേടുമെന്നാണ് ഒടുവില്‍ ലഭ്യമാകുന്ന വിവരം.
അതേസമയം, മന്ത്രി സജി ചെറിയാന്‍റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുകയാണ്. ഭരണ ഘടനയെ അല്ല ഭരണകൂടത്തെ ആണ് വിമര്‍ശിച്ചത് എന്ന മന്ത്രിയുടെ വിശദീകരണത്തോടെ രാജി ആവശ്യം സിപിഎം തള്ളിയിരുന്നു.
മന്ത്രി സജി ചെറിയാന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ കേരള നിയമസഭ അസാധാരണ നടപടിക്ക് സാക്ഷ്യം വഹിച്ചു. ചോദ്യോത്തര വേള തുടങ്ങി മിനിറ്റുകൾക്കകം നിയമസഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. സഭ തുടങ്ങിയ ഉടൻ ചോദ്യോത്തരവേള നിർത്തിവച്ച് അടിയന്തര പ്രമേയം ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു.
കീഴ്വഴക്കം അതല്ലല്ലോ എന്ന് സ്പീക്കർ മറുപടി നൽകിയെങ്കിലും പ്രതിപക്ഷം ബഹളം തുടങ്ങുകയായിരുന്നു. മുദ്രാവാക്യം വിളികൾക്കിടെ സ്പീക്കർ ചോദ്യം ഉന്നയിക്കാൻ പ്രതിപക്ഷ എംഎൽഎമാരോട് ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. ഇതിനിടെയാണ് അപ്രതീക്ഷിതമായി നിയമസഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ പ്രഖ്യാപിച്ചത്.
ചോദ്യോത്തര വേളയിൽ തന്നെ പ്രതിപക്ഷ പ്രതിഷേധത്തിന് കേരള നിയമസഭ ഇതിന് മുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും വിഷയം ഉന്നയിക്കാൻ പോലും പ്രതിപക്ഷത്തിന് അവസരം നൽകാതെ നിയമസഭ പിരിയുന്നത് അപൂർവമാണ്. പ്രതിപക്ഷ ബഹളത്തിന്‍റെ ദൃശ്യങ്ങൾ സഭാ ടിവി പുറത്ത് വിട്ടില്ലെന്നതും ശ്രദ്ധേയം.
സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം പ്രകടനമായി പുറത്തിറങ്ങി. നിയമസഭാ വളപ്പിലെ അംബേദ്‍കർ പ്രതിമയ്ക്ക് താഴെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം എത്തി. 'ജയ് ഭീം' മുദ്രാവാക്യം മുഴക്കിയും ഭരണഘടനാ ശിൽപ്പിയുടെ ഫോട്ടോ ഉയർത്തിയും ആയിരുന്നു പ്രതിപക്ഷ പ്രതിഷേധം.
അതേസമയം, സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. മന്ത്രി സജി ചെറിയാന്‍റെ രാജിയിൽ കവിഞ്ഞ് ഒന്നുമില്ല. മന്ത്രി പറഞ്ഞത്, ആർഎസ്എസിന്‍റെ അഭിപ്രായമാണ്. ഇത്തരത്തിൽ പറയാൻ ആരാണ് സജി ചെറിയാന് ധൈര്യം നൽകിയതെന്നും വി.ഡി.സതീശൻ ചോദിച്ചു.
നേരത്തെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയ്ക്കകത്ത് ശക്തമായ പ്രതിഷേധം നടത്താനുള്ള തീരുമാനവുമായിട്ടായിരുന്നു പ്രതിപക്ഷം എത്തിയത്. അടിയന്തര പ്രമേയ നോട്ടീസ് നൽകാനും ചോദ്യോത്തരവേള മുതൽ പ്രതിഷേധം ശക്തമാക്കാനുമായിരുന്നു തീരുമാനം.
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയെ അടക്കം വിമർശിച്ചായിരുന്നു നോട്ടീസ്. എന്നാൽ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ പ്രഖ്യാപിച്ചതോടെ ഈ നീക്കം പാളി.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധം തുടർന്നതോടെ നേരിടാൻ ഭരണപക്ഷവും എഴുന്നേറ്റിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കർ പ്രഖ്യാപിച്ചത്.
അതേസമയം അസാധാരണ നടപടിയെല്ലെന്നാണ് സ്പീക്കറുടെ ഓഫീസിന്‍റെ പ്രതികരണം. 2001 ഒക്ടോബറിൽ 3 തവണയും 2007-ലും 2013-ലും ഇത്തരത്തിൽ ചോദ്യോത്തരവേള പൂർത്തിയാക്കാതെ സഭ നിർത്തിവച്ചിട്ടുണ്ടെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam