ഒറ്റ ട്വീറ്റില്‍ ട്രോളന്മാര്‍ക്ക് ഇരയായി ക്രിക്കറ്റ് ദൈവം; കാണാം കര്‍ഷക സമര ട്വീറ്റുകളുടെ ട്രോളുകള്‍

First Published Feb 4, 2021, 3:13 PM IST

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഫോളോവേഴ്സ് ഉള്ളതില്‍ നാലാമതാണ് പോപ് ഗായിക റിഹാന. അതുകൊണ്ട് തന്നെ റിഹാനയുടെ ട്വിറ്റുകള്‍ക്ക് ലോക വ്യാപകമായി പ്രചാരം ലഭിക്കുന്നു. ഇത്തരമൊരവസ്ഥയിലാണ് റിഹാന ഇന്ത്യയില്‍ നടക്കുന്ന കാര്‍ഷിക സമരങ്ങളെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്. തൊട്ട് പുറകെ 18 വയസ്സുകാരിയായ ഗ്രേറ്റ തുംബര്‍ഗ് എന്ന പരിസ്ഥിതി പ്രവര്‍ത്തകയും രംഗത്തെത്തി. ഇതോടെ ലോകം ഇന്ത്യയിലെ കാര്‍ഷിക സമരങ്ങളെ ശ്രദ്ധിച്ച് തുടങ്ങി. കേന്ദ്രസര്‍ക്കാറുണ്ടാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളെ എതിര്‍ത്ത് കൊണ്ട് രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം അന്താരാഷ്ട്രാതലത്തില്‍ ചലനമുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ ഔദ്ധ്യോഗീകമായി തന്നെ 'ഇന്ത്യ ഒറ്റക്കെട്ട്' എന്ന ട്വിറ്റര്‍ ഹാഷ്ടാഗുമായി രംഗത്തെത്തി. ഇതിന് പുറകെ രാജ്യത്തെ സെലിബ്രിറ്റികളെല്ലാം കേന്ദ്രസര്‍ക്കാറിന് പുറകില്‍ അണിനിരന്നു. കര്‍ഷക സമരം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതിലിടപെടാന്‍ ബാഹ്യശക്തികളുടെ ആവശ്യമില്ലെന്നും നിരവധി സെലിബ്രിറ്റികള്‍ ട്വീറ്റ് ചെയ്തു. ഇതില്‍ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിച്ച് കനേഡിയന്‍ പൌരത്വമെടുത്ത ബോളിവുഡ് നടന്‍ അക്ഷയ് കുമാറും ഉള്‍പ്പെടുന്നു. അതോടൊപ്പം ക്രിക്കറ്റിന്‍റെ ദൈവമെന്ന വിശേഷണമുള്ള സച്ചിന്‍ ടെന്‍റുല്‍ക്കറും. രാജ്യത്തെ അടിസ്ഥാന വിഭാഗം നടത്തുന്ന സമരത്തെ അനുകൂലിക്കാന്‍ തയ്യാറാകാതിരുന്ന സെലിബ്രിറ്റികള്‍, കര്‍ഷകര്‍ 72 -ാം ദിവസവും തെരുവില്‍ സമരം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലിടപെടാന്‍ പുറത്ത് നിന്നുള്ള സഹായം ആവശ്യമില്ലെന്ന് വാദിച്ച് രംഗത്തെത്തിയത് പക്ഷേ ട്രോളന്മാര്‍ക്ക് അത്ര പിടിച്ചില്ല. ഒറ്റ ട്വീറ്റില്‍ അവര്‍ ക്രിക്കറ്റ് ദൈവത്തെ കൈയൊഴിഞ്ഞു. പണ്ട് സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് ടെന്നീസ് താരം മരിയാ ഷറപ്പോവയയുടെ പേജുകളില്‍ പൊങ്കാലയിട്ട പലരും ഇന്ന് ഷറപ്പോവയോട് രഹസ്യമായി മാപ്പ് ചോദിക്കുന്നെന്നാണ് പിന്നാപ്പുറ വര്‍ത്തമാനം. കാണാം, ഒറ്റ ട്വീറ്റില്‍ ട്രോളന്മാര്‍ക്ക് ഇരയായ ക്രിക്കറ്റ് ദൈവത്തിനുള്ളതും മറ്റ് ട്രോളുകളും.