- Home
- News
- Viral News
- പുരസ്കാരം വാങ്ങാനും കുത്തിവയ്പ്പ് എടുക്കാനും മകള്‍ക്ക് പകരം ബാപ്പമാര്‍ വരുന്ന കാലം; ട്രോളോട് ട്രോള്‍
പുരസ്കാരം വാങ്ങാനും കുത്തിവയ്പ്പ് എടുക്കാനും മകള്‍ക്ക് പകരം ബാപ്പമാര്‍ വരുന്ന കാലം; ട്രോളോട് ട്രോള്‍
രാമപുരം പാതിരമണ്ണ ദാറുല്‍ ഉലൂം മദ്രസയുടെ കെട്ടിട ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സംഘാടകർ വേദിയിലേക്ക് ക്ഷണിച്ചതിനെ വിമര്‍ശിച്ച് ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാര്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ ട്രോളന്മാരും രംഗത്ത്. പൊതുവേദിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അപമാനിച്ച് അബ്ദുള്ള മുസ്‌ലിയാര്‍ നടത്തിയ പ്രസ്താവനയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ നേതാവിനെതിരെ വ്യാപക വിമർശനമുയർന്നു. ഇതിന് പിന്നാലെയാണ് മുസ്ലിയാരുടെ പ്രസ്താവനയ്ക്കെതിരെ ട്രോളന്മാരും രംഗത്തെത്തിയത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വേദിയിലെത്തിയതാണ് ഇ കെ സമസ്ത വിദ്യാഭ്യാസ ബോർഡിന്‍റെ തലവനായ അബ്ദുള്ള മുസ്ലിയാരെ ചോടിപ്പിച്ചത്.
''ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്''- എന്നായിരുന്നു അബ്ദുള്ള മുസ്ലിയാരുടെ വാക്കുകള്‍.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ മുസ്ലിയാർക്കെതിരെ വിമർശനവുമായി രംഗത്തെത്തി. സുന്നി പരിപാടികളിലെ വേദിയിൽ സ്ത്രീകൾ ഉണ്ടാകാറില്ലെന്നാണ് സമസ്ത ഈ വിമര്‍ശനങ്ങള്‍ക്ക് നല്‍കിയ മറുപടി.
എന്നാല്‍, ഒരു ജനാധിപത്യ രാജ്യത്ത് സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യമാണ് ഉള്ളതെന്ന് വിമര്‍ശകരും വാദിക്കുന്നു.
പൊതുവേദിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അപമാനിച്ച സമസ്ത നേതാവിനെതിരെ എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയ രംഗത്തെത്തി.
മുസ്ലിം പെണ്‍കുട്ടികളെ വേദികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുകയെന്ന് ഫാത്തിമ തന്‍റെ ഫേസ്ബുക്ക് പേജിലെഴുതി.
ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുമെന്നും ഫാത്തിമ കുറിച്ചു.
ന്യായാധിപരായും, ഐ എ എസ്സുകാരായും പ്രൊഫഷനലുകളായും തിളങ്ങിയ മുസ്ലിം പെണ്‍കുട്ടികള്‍ ഈ നാട്ടിലുണ്ടെന്നും അവരെ സമുദായത്തോട് ചേർത്ത് നിർത്തി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും ഫാത്തിമ എഴുതി.
എന്നാല്‍, എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റിന് എതിരായിരുന്നു നിലവിലെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിന്‍റെ നിലപാട്. സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ മുശാവറ അംഗത്തെ പിന്തുണച്ച് നവാസ് രംഗത്തെത്തി.
മുസ്‌ലിയാരെ വികലമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം ഒറ്റപ്പെടുത്തണമെന്ന് നവാസ് ആവശ്യപ്പെട്ടു. ഇപ്പോൾ നടക്കുന്ന വിമർശനങ്ങൾ നിഷ്കളങ്കമായ ഒന്നല്ലെന്നും പി കെ നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.
അബ്ദുള്ള മുസ്‍ലിയാരുടെ വീഡിയോ വിവാദമായതോടെ പ്രതികരിക്കാന്‍ സമസ്ത നേതാക്കള്‍ തയ്യാറായില്ല. ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു മദ്രസ കമ്മിറ്റി സെക്രട്ടറിയുടെ പ്രതികരണം.
എന്നാല്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കൂടിയായ എം ടി അബ്ദുള്ള മുസ്‍ലിയാരുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
പെൺകുട്ടിയെ വിലക്കിയ സംഭവം സങ്കടകരമെന്നായിരുന്നു എം ജി സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സിലര്‍ ഷീന ഷുക്കൂര്‍ അഭിപ്രായപ്പെട്ടത്. പെണ്‍കുട്ടികളെ പൊതുവേദിയിലേക്ക് വിളിക്കാന്‍ ചിലര്‍ ഭയപ്പെടുന്നുവെന്നും ഷീന പറഞ്ഞു.]
തുല്യത കഴിഞ്ഞേ ഭരണഘടന മതത്തിന് പ്രാധാന്യം നല്‍കുന്നൊള്ളൂ. മതങ്ങളില്‍ സ്ത്രീവിരുദ്ധത ഉണ്ടെന്നും ഷീന ഷുക്കൂര്‍ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ അഭിപ്രായപ്പെട്ടു.
പിന്നാലെ മുശാവറ അംഗത്തിന്‍റെ നടപടിയെ വിമര്‍ശിച്ച് മുന്‍ മന്ത്രി കെ ടി ജലീലും രംഗത്തെത്തി. ലീഗിന്‍റെ നിലപാടാണോ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞതെന്ന് കെ. ടി ജലീൽ ചോദിച്ചു.
ഇക്കാര്യത്തില്‍ ലീഗ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പട്ടു. ഈ വിഷയത്തില്‍ കെഎസ്‍യുവിന് എന്താണ് പറയാനുള്ളതെന്ന് അറിയാൻ താല്‍പ്പര്യം ഉണ്ടെന്നും കെ ടി ജലീൽ പറഞ്ഞു.
സമീപകാലത്ത് കേൾക്കേണ്ടി വന്ന അറുവഷളൻ ന്യൂസുകളിൽ ഒന്ന് എന്നാണ് ഈ സംഭവത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിൽ ജലീൽ പ്രതികരിച്ചത്.
കാലം മാറിയതും നേരം വെളുത്തതും അറിയാത്ത അപൂർവ്വം പേരെങ്കിലും നാട്ടിൽ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് പുതിയ വിവാദം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങൾ നിങ്ങളുടെ നാവിനെ സൂക്ഷിക്കുക"യെന്ന പ്രവാചക വചനം ബന്ധപ്പെട്ടവർ അനുസരിച്ചിരുന്നെങ്കിൽ താൻ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനം ഇത്രമേൽ അപഹാസ്യമാകുമായിരുന്നില്ലെന്ന് എഴുതിയ ജലീല്‍ സംഭവത്തെ ന്യായീകരിച്ച് രംഗത്തെത്തിയ എംഎസ്എഫ് നേതൃത്വത്തെയും രൂക്ഷഭാഷയിൽ വിമർശിച്ചു.
സമസ്ത വേദിയിലെ പെൺകുട്ടിയെ അപമാനിച്ച സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. സ്ത്രീ വിരുദ്ധ നിലപാടിനോട് ഒരിക്കലും യോജിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന വനിതാ കമ്മീഷനും അബ്ദുള്ള മുസ്‌ലിയാരുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി. സമസ്ത നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം തീര്‍ത്തും അപലപനീയമാണെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam