Putin's 20 feet table: അകലം വിടാതെ പുടിന്‍; ട്രോളില്‍ നിറഞ്ഞ് ആ '20 അടി മേശ'
കൊവിഡ് വ്യാപനം ശക്തമായ ആദ്യകാലങ്ങളില്‍ ലോകമെങ്ങും ആശങ്കകളുടെ ദിനങ്ങളായിരുന്നു. ഇന്ന് കാര്യങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ മാസ്കുകള്‍ തിരിച്ച് വരുന്നെന്ന് വാര്‍ത്തകളുണ്ടെങ്കിലും രോഗ വ്യാപനം കുറഞ്ഞതും മരണനിരക്ക് കുറഞ്ഞതും ഏതാണ്ടെല്ലാ രാജ്യങ്ങളിലും കാര്യങ്ങള്‍ പഴയത് പോലെയാക്കി. എന്നാല്‍, ഇന്നും വിദേശത്ത് നിന്നെത്തുന്ന രാഷ്ട്ര നേതാക്കളെ 20 അടി മേശ അകലത്തില്‍ മാത്രം കാണുകയാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍. ഇത് കൊവിഡിനെ തുടര്‍ന്നുള്ള സാമൂഹിക അകലമല്ലെന്നും രാഷ്ട്രീയ അകലമാണെന്നും രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. കാര്യമെന്തായാലും പാശ്ചാത്യ രാജ്യങ്ങളില്‍ പുടിനും പുടിന്‍റെ 20 അടി മേശയും ചര്‍ച്ചാ വിഷയമാവുകയാണ്.

യുക്രൈന്‍ യുദ്ധ സാഹചര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസാണ് അവസാനമായി റഷ്യയിലെത്തിയത്. അദ്ദേഹത്തെയും തന്‍റെ പ്രശസ്തമായ ഭീമാകാരമായ മേശയ്ക്ക് മുന്നിലേക്കാണ് പുടിന്‍ ചര്‍ച്ചയ്ക്കായി ക്ഷണിച്ചത്. ഇതോടെ ഈ മേശ വീണ്ടും സാമൂഹിമാധ്യമങ്ങളില്‍ താരമായി.
ഇരുപത് അടിയാണ് ഈ മേശയുടെ നീളം. കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് പുടിന്‍റെ ഈ ഭീമന്‍ മേശയും ശ്രദ്ധേയമായത്. യുക്രൈനിലേക്കുള്ള റഷ്യയുടെ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പ് യൂറോപിലെ വിവിധ രാഷ്ട്ര നേതാക്കള്‍ യുദ്ധ സാഹചര്യം ഒഴിവാക്കുന്നതിനായി പുടിനെ സന്ദര്‍ശിച്ചിരുന്നു. ഇവരെയെല്ലാം പുടിന്‍ സ്വീകരിച്ചത് തന്‍റെ ഭീമന്‍ മേശയ്ക്ക് മുന്നിലേക്കാണ്.
ലോക നേതാക്കളുമായുള്ള പുടിന്‍റെ ടെലിവിഷൻ അഭിമുഖങ്ങളിലെല്ലാം നിറഞ്ഞ് നിന്നതും ഈ ഭീമാകാരന്‍ മേശയായിരുന്നു. കോവിഡ് വ്യാപനം തടയുന്നതിനായി റഷ്യൻ പ്രസിഡന്‍റിന് ചുറ്റും സാമൂഹിക അകലം പാലിക്കുന്നതിനാണ് ഈ മേശയെന്നായിരുന്നു ആദ്യത്തെ റഷ്യന്‍ വിശദീകരണം.
യുക്രൈന്‍ ആക്രമണത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് പുടിനെ സന്ദര്‍ശിച്ച ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിനാണ് ഈയൊരു അകലം റഷ്യന്‍ പ്രസിഡന്‍റില്‍ നിന്നും ആദ്യം നേരിടേണ്ടിവന്നത്. റഷ്യ സന്ദര്‍ശിക്കുന്നതിന് മുമ്പ് യുക്രൈന്‍ അക്രമണത്തില്‍ നിന്നും റഷ്യ പിന്മാറണമെന്ന് ഇമ്മാനുവല്‍ മക്രോണ്‍ ആവശ്യപ്പെട്ടിരുന്നു.
ഇരുരാഷ്ട്രത്തലവന്മാരുടെയും 20 അടി മേശയകലത്തിലുള്ള ഇരുപ്പ് കണ്ട് ലോകം ഞെട്ടി. ഏറെ വിവാദമായ കൂടിക്കാഴ്ചയായിരുന്നു ഇമ്മാനുവല്‍ മക്രോണും പുടിനും തമ്മില്‍ നടന്നത്. കൊവിഡ് വ്യാപനം തടയാനാണെന്നായിരുന്നു റഷ്യയുടെ മറുപടി. എന്നാല്‍, തങ്ങളുടെ പ്രസിഡന്‍റിനെ അപമാനിക്കാനാണെന്ന് ഫ്രഞ്ചുകാരും തിരിച്ചടിച്ചു.
പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഫ്രഞ്ച് പ്രസിഡന്‍റിന് ക്രെംലിനിൽ വച്ച് കൊവിഡ് പരിശോധന നടത്തണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു പരിശോധനയ്ക്ക് വിധേയമായാല്‍ അത് പ്രസിഡന്‍റിന്‍റെ ഡിഎൻഎ റഷ്യക്കാര്‍ക്ക് ലഭിക്കുന്നതിന് കാരണമാകുമെന്ന് ഫ്രാന്‍സ് ആരോപിച്ചു. ഇതിനാല്‍ റഷ്യയുടെ ആവശ്യം ഫ്രാന്‍സി നിരസിച്ചിരുന്നു.
ഫെബ്രുവരി 7 ന് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ വിവരങ്ങള്‍ പുറത്ത് വരുന്നത്. തങ്ങളുടെ ആവശ്യം നിരസിച്ച ഫ്രഞ്ച് പ്രസിഡന്‍റിനെ പുടിന്‍ 20 അടി അകലത്തില്‍ കൂടിക്കാഴ്ച നടത്തുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
ഇതോടെ ഈ ചിത്രത്തിന് നിരവധി ട്രോളുകളുമുണ്ടായി. പുടിന്‍റെ ഭീമാകാരമായ മേശയെ കുറിച്ചുള്ള വിവരങ്ങളും സാമൂഹിക മാധ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. നിലവിലെ സാഹചര്യത്തില്‍ ഈ മേശയ്ക്ക് 1,00,000 യൂറോ വരെ ചിലവ് വരുമെന്നതായിരുന്നു അതിലൊന്ന്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രസിഡന്‍റിന്‍റെ സുരക്ഷയ്ക്കും സാമൂഹിക അകലം പാലിക്കുന്നതിനുമായിട്ടാണ് ഈ മേശ നിര്‍മ്മിക്കപ്പെട്ടതെന്നായിരുന്നു മറ്റൊരു വാര്‍ത്ത. ഈ വാര്‍ത്ത നിഷേധിച്ച് മേശ നിര്‍മ്മിച്ച കമ്പനി തന്നെ രംഗത്തെത്തി.
ഇറ്റലിയിലെ കാന്‍റോയിലെ 'ഓക്ക്' എന്ന കമ്പനിയുടെ തലവനായ റെനാറ്റോ പൊളോഗ്ന (Renato Pologna) യാണ് വിശദീകരണവുമായെത്തിയത്. മേശ കൊവിഡിന്‍റെ സാമൂഹിക അകലം കണക്കിലെടുത്ത് നിര്‍മ്മിച്ചതല്ലെന്നും മറിച്ച് 25 വര്‍ഷം മുമ്പ് നിര്‍മ്മിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു.
വെള്ളിയും സ്വര്‍ണ്ണവും ഉപയോഗിച്ചാണ് മേശയുടെ പണി പൂര്‍ത്തികരിച്ചത്. ഇമ്മാനുവല്‍ മാക്രോണുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു. തുടര്‍ന്ന് ജര്‍മ്മന്‍ ചാന്‍സ്‍ലര്‍ ഒലാഫ് ഷോള്‍സ്, റഷ്യന്‍ പ്രസിഡന്‍റിനെ സന്ദര്‍ശിക്കാനെത്തി. റഷ്യയുടെ യുക്രൈന്‍ അധിനിവേശമായിരുന്നു വിഷയമെങ്കിലും ജര്‍മ്മനിക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. യുദ്ധ സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിലയ്ക്കരുത്.
അത്തരമൊരു സാഹചര്യമുണ്ടായാല്‍ അത് രാജ്യത്തെ എണ്ണ സമ്പത്തില്‍ വലിയ ഇടിവുണ്ടാക്കുകയും ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് കാരണമാക്കുകയും ചെയ്യും. യുക്രൈനുമായി യുദ്ധ സാഹചര്യമുണ്ടായാലും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കില്ലെന്ന ഉറപ്പ് ജര്‍മ്മനിക്ക് ആവശ്യമായിരുന്നു.
ഫെബ്രുവരിയില്‍ യുക്രൈന്‍ യുദ്ധത്തിന് തൊട്ട് മുമ്പായിരുന്നു ഒലാഫ് ഷോള്‍സ്, പുടിനെ സന്ദര്‍ശിച്ചത്. ഒലാഫ് ഷോള്‍സിനെയും തന്‍റെ ഇരുപത് അടി മേശയ്ക്ക് പുറകിലിരുത്തിയാണ് പുടിന്‍ സ്വീകരിച്ചത്. ഇരു രാഷ്ട്ര നേതാക്കളുടെ ചര്‍ച്ചയിലേക്ക് ലോകം ഉറ്റുനോക്കിയെങ്കിലും കാര്യമായ തീരുമാനമൊന്നും ഉണ്ടായില്ല. ഇതോടെ പുടിന്‍റെ ഭീമാകാരമായ മേശ വീണ്ടും ശ്രദ്ധാകേന്ദ്രമായി.
മേശയുടെ നിര്‍മ്മാതാവായ പൊളോഗ്നയും സാമൂഹിക മാധ്യമങ്ങളില്‍ താരമായി. എന്‍റെ ജോലി ലോകം മൊത്തം ശ്രദ്ധിക്കപ്പെടുന്നതില്‍ അതീവ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കണ്ടപ്പോൾ തന്നെ ഞാൻ മേശ തിരിച്ചറിഞ്ഞു. ഞാൻ അതിൽ അഭിമാനിക്കുന്നു. ലോകത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്‍റെ ജോലിയുടെ പശ്ചാത്തലത്തിലാണെന്ന് കാണുമ്പോള്‍ ഞാന്‍ ഇപ്പോഴും ആവേശഭരിതനാകുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
യുദ്ധത്തിനെതിരായി ഇത് ഭാഗ്യം കൊണ്ടുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ ഈ ഭീമന്‍ മേശ ഒരു ട്രോള്‍ ഇമേജായി (Troll Image) രൂപാന്തരപ്പെട്ടിരുന്നു. മേശയെ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെടുന്ന മീമുകളെ കുറിച്ച് ചോദിച്ചപ്പോൾ, അവ 'ശരിക്കും തമാശയായി' തോന്നിയതായി അദ്ദേഹം പറഞ്ഞു.
'ആരോ അതിനെ ഒരു ഊഞ്ഞാൽ ആക്കി മാറ്റിയത് കണ്ടു: മിടുക്കൻ. മറ്റൊരാൾ അതിൽ ലാപ് ഡാൻസ് പോൾ ഇട്ടു. അവർ അതിനെ ഒരു കേളിംഗ് റിങ്കാക്കിപ്പോലും മാറ്റി പണിതു. സർഗ്ഗാത്മകത വളർത്തിയെടുക്കുന്ന ഒരു മേശയാണെന്ന് ഈ ഘട്ടത്തിൽ നമുക്ക് പറയാം,' അദ്ദേഹം വളരെ സന്തോഷത്തോടെ മാധ്യമങ്ങളോട് പറഞ്ഞു.
ആറ് മീറ്റർ നീളവും രണ്ടര മീറ്റർ വീതിയുമുള്ള മേശയാണിത് (ഏകദേശം 20 അടി 8.5 അടി) എന്ന് പൊളോഗ്ന പറയുന്നു. മേശ നിര്‍മ്മിച്ചിരിക്കുന്നത് ഭൂരിഭാഗവും ഓക്ക് മരം ഉപയോഗിച്ചാണ്. മേശയുടെ അലുക്കുകള്‍ സ്വര്‍ണ്ണത്തില്‍ പണിയുകയെന്നത് വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു. മേശയുടെ മുകളിലെ അലങ്കാരങ്ങളെല്ലാം കൈ കൊണ്ട് നിര്‍മ്മിച്ചവയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ മേശ കൊവിഡിനെ തുടര്‍ന്ന് നിര്‍മ്മിക്കപ്പെട്ടതാണോയെന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഉത്തരം. " ഈ സാഹചര്യത്തിന് ഇത് ഉപകാരപ്പെട്ടേക്കാം. എന്നാല്‍ ഈ മേശയുടെ നീളത്തിന് പകര്‍ച്ച വ്യാധിയുമായി യാതൊരു ബന്ധവുമില്ല. 25 വര്‍ഷം മുമ്പ് ഞാനുണ്ടാക്കിയതാണിത്.' അദ്ദേഹം വിശദീകരിച്ചു.
1995 മുതൽ 1997 വരെയുള്ള കാലത്ത് ക്രെംലിൻ കെട്ടിടങ്ങളിലൊന്നിന്‍റെ ഇന്‍റീരിയർ ഘടിപ്പിക്കാൻ ചുമതലപ്പെടുത്തിയ ഒരു വലിയ പ്രോജക്റ്റിന്‍റെ ഒരു ഭാഗം മാത്രമായിരുന്നു ഈ മേശയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 1997 ല്‍ ജി 8 (G8) രാജ്യങ്ങളുടെ ചര്‍ച്ചകള്‍ക്ക് വേദിയായ കെട്ടിടമാണിത്.
ഈ സമയത്ത് റെനാറ്റോ പൊളോഗ്നയുടെ കമ്പനി ഫർണിച്ചറുകൾ, ലൈറ്റിംഗ്, ഫയർപ്ലേസുകൾ, സീലിംഗ്, മാർബിൾ വാൾ ഫിനിഷുകൾ എന്നിവ രൂപകൽപ്പന ചെയ്യുകയായിരുന്നു. മേശയുടെ വിലയേ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് 2002-ൽ യൂറോ ഔദ്യോഗികമായി മാറ്റിസ്ഥാപിച്ച ഇറ്റലിയുടെ കറൻസിയായ ലിറിലാണ് തനിക്ക് പ്രതിഫലം ലഭിച്ചതെന്ന് പോളോഗ്ന പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam