അല്ല, ഉസ്മാനെ ഗള്‍ഫില് സുഖല്ല്യേ അനക്ക് ? കാണാം ചില പ്രതിപക്ഷ ട്രോളുകള്‍

First Published Apr 10, 2020, 3:37 PM IST

ലോകത്തെ എല്ലാ ഭരണകൂടങ്ങളും കൊറോണാ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ്. പല ജനാധിപത്യ രാജ്യങ്ങളിലും വൈറസ് വ്യാപനത്തെ തുടര്‍ന്ന് പാര്‍ലമെന്‍റ് സമ്മേളനങ്ങള്‍ വരെ നിര്‍ത്തിവച്ചു. കേരളത്തിലെയും സ്ഥിതി വ്യത്യസ്തമല്ല. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ആരോഗ്യരംഗത്ത് മുന്നിലാണ് കേരളം. നിപ വന്നപ്പോള്‍ കേരളത്തെ മുന്നില്‍ നിന്ന് നയിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജ, കൊറോണാ വൈറസിന്‍റെ വ്യാപനവേളയിലും കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. കൂടാതെ എല്ലാദിവസവും കേരളത്തിലെ വൈറസ് വ്യാപനത്തെ കുറിച്ചും ജനങ്ങള്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചും കൃത്യമായ നിര്‍ദ്ദേശങ്ങളും ആരോഗ്യമന്ത്രിയില്‍ നിന്നുണ്ടായി. 


ഈ സമയത്താണ് കേരളത്തിലെ പ്രതിപക്ഷം ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയയാണെന്ന് ആരോപിച്ചത്. ഇതോടെ ആരോഗ്യമന്ത്രി ദിവസേനയുള്ള വാര്‍ത്താസമ്മേളനം നിര്‍ത്തി. പകരം മുഖ്യമന്ത്രി രോഗത്തെ കുറിച്ചും രോഗ വ്യപനത്തെ കുറിച്ചും മാധ്യമങ്ങളോട് വിശദീകരിക്കാന്‍ തുടങ്ങി. ഇതോടെ പ്രതിപക്ഷം അസ്വസ്ഥരായി. മാധ്യമ ശ്രദ്ധനേടാനും അതുവഴി ഇവിടൊരു പ്രതിപക്ഷമുണ്ടെന്ന് ജനങ്ങളെ ഓര്‍മ്മപ്പെടുത്താനുമായി പല നമ്പറുകളുമായി അവര്‍ രംഗത്തെത്തി. അത്തരത്തില്‍ പ്രതിപക്ഷ നേതാവിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഒരു നീക്കമാണ് ഇപ്പോള്‍ ട്രോളന്മാരുടെ പ്രധാന വിഷയം. പ്രതിപക്ഷ നേതാവായ ചെന്നിത്തല വിദേശ മലയാളികളെ വിളിച്ച് കൊറോണാ കാലത്തെ ജീവിതത്തെ കുറിച്ച് സംസാരിച്ചു. ഇത് ട്രോളന്മാരുമേറ്റെടുത്തു. കാണാം ക്വാറന്‍റീന്‍കാലത്തെ പ്രതിപക്ഷ ട്രോളുകള്‍.