'ശുഭരാത്രി'യുടെ വിജയാഘോഷം; ചിത്രങ്ങള്‍ കാണാം
'കോടതിസമക്ഷം ബാലന് വക്കീലി'ന് ശേഷമെത്തുന്ന ദിലീപ് ചിത്രമാണ് 'ശുഭരാത്രി'. 'അയാള്‍ ജീവിച്ചിരിപ്പുണ്ട്' എന്ന ആദ്യ സംവിധാന സംരംഭത്തിന് ശേഷം വ്യാസന് കെ പിയാണ് 'ശുഭരാത്രി' സംവിധാനം ചെയ്തത്. സിനിമ വിജയകരമായ രണ്ടാഴ്ച പൂര്‍ത്തിയാക്കിയ വേളയിലാണ് ആഘോഷങ്ങള്‍ നടന്നത്. ജാക്ക് ഡാനിയലിന്റെ സെറ്റിലായിരുന്നു ശുഭരാത്രിയുടെ വിജയാഘോഷം. തമിഴ് നടന് അര്‍ജ്ജുനും ദിലീപും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ജാക്ക് ഡാനിയല്‍.
'ശുഭരാത്രി'യില്‍ കൃഷ്ണന് എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. കൃഷ്ണനോളമോ ഒരുപക്ഷേ അതിനേക്കാള്‍ മുകളിലോ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രവും സിനിമയിലുണ്ട്. സിദ്ദിഖ് അവതരിപ്പിക്കുന്ന മുഹമ്മദ് എന്ന കഥാപാത്രം. മതാത്മകമായ എല്ലാ നീതിബോധത്തോടെയും ജീവിക്കുന്ന മുഹമ്മദ് ആദ്യ ഹജ്ജിനുള്ള ഒരുക്കത്തിലാണ്. യാത്ര പുറപ്പെടുംമുന്‍പ് ചില ബന്ധങ്ങള്‍ക്കിടയിലൊക്കെ അവശേഷിക്കുന്ന അസ്വാരസ്യങ്ങള്‍ പറഞ്ഞുതീര്‍ത്ത് പൊരുത്തം വാങ്ങാനുള്ള തിരക്കിലാണ് അയാള്‍. കടമകളെല്ലാം തീര്‍ത്ത് യാത്ര പുറപ്പെടുന്നതിന്റെ തലേരാത്രി അവിചാരിതമായി അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുകയാണ് 'കൃഷ്ണന്' എന്നയാള്‍.
കൃഷ്ണന്റെ ജീവിതത്തെ എന്നേയ്ക്കുമായി മാറ്റിത്തീര്‍ക്കുന്നു, ആ കൂടിക്കാഴ്ച. സാമ്പത്തികമായി താഴേത്തട്ടിലെങ്കിലും സമാധാനപരമായ കുടുംബജീവിതം നയിച്ചുവന്നയാളായിരുന്നു കൃഷ്ണന്. പക്ഷേ കൗമാരദശയില്‍ അറിയാതെ പെട്ടുപോയ ഒരു കുറ്റകൃത്യത്തിനുള്ള പിഴ അയാളെ വര്‍ഷങ്ങള്‍ക്ക് ശേഷം തേടിവരുകയാണ്. ജീവിതത്തിന്റെ വ്യത്യസ്ത ധ്രുവങ്ങളില്‍ നില്ക്കുന്ന രണ്ട് മനുഷ്യരെ ഒരുമിപ്പിക്കുന്ന മതാതീതമായ ആത്മീയതയുടെ കഥ പറയുകയാണ് 'ശുഭരാത്രി'. സിദ്ദിഖും ദിലീപും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ചെറുവേഷങ്ങളില്‍ പോലും താരങ്ങളാണ് എത്തുന്നത്. അനു സിത്താരയാണ് നായിക.
സായ് കുമാര്‍, നെടുമുടി വേണു, ഹരീഷ് പേരടി, അശോകന്, സുരാജ് വെഞ്ഞാറമ്മൂട്, നാദിര്‍ഷ, ആശ ശരത്ത് എന്നിങ്ങനെ പോകുന്നു ശുഭരാത്രിയിലെ താരനിര. ബിജിബാല്‍ സംഗീതം പകര്‍ന്ന പാട്ടുകളാണ് ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്. സൂഫി പരിവേഷമുള്ള പാട്ടുകള്‍ വീണ്ടും പ്ലേ ചെയ്ത് കേള്‍ക്കാന്‍ തോന്നുന്നവയാണ്. ഏച്ചുകെട്ടലുകളൊന്നുമില്ലാതെയുള്ള നരേഷന് യോജിക്കുന്നവിധം മിനിമലാണ് ആല്‍ബിയുടെ ഛായാഗ്രഹണം.