നാളെ പുലര്‍ച്ചെയോടെ ചൈനയുടെ ലോംഗ് മാര്‍ച്ച് 5 ബി അവശിഷ്ടം ഭൌമോപരിതലത്തില്‍; ആശങ്കയോടെ ലോകം

First Published May 8, 2021, 12:11 PM IST

ഹാമാരിക്കിടെയിലും ലോകത്തെ വീണ്ടും മുള്‍മുനയില്‍ നിര്‍ത്തുകയാണ് ചൈന. ചൈനയിലെ ഹൈനാനിലെ വെന്‍ചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഏപ്രില്‍ 29 ന് വിക്ഷേപിച്ച, അവരുടെ ഏറ്റവും വലിയ കാരിയര്‍ റോക്കറ്റായ 'ലോംഗ് മാര്‍ച്ച് 5 ബി'  (Chang Zheng 5B (CZ-5B)), ഭൂമിയിലേക്ക് അനിയന്ത്രിതമായി പതിക്കുകയാണ്. ഇത് രണ്ടാം തവണയാണ് ചൈനയുടെ "സ്വർഗ്ഗീയ കൊട്ടാരം" എന്നറിയപ്പെടുന്ന ടിയാങ്‌കോംഗ് 3 ബഹിരാകാശനിലയം നിര്‍മ്മാണത്തിന്‍റെ ആദ്യത്തെ നിര്‍മാണ ബ്ലോക്കായ 'ടിയാന്‍ഹെ'യെ ഭ്രമണപഥത്തിലെത്തിക്കാനാണ് ലോംഗ് മാര്‍ച്ച് 5 ബി കുതിച്ചുയര്‍ന്നത്. എന്നാല്‍, മുന്‍തവണ സംഭവിച്ച ദുരന്തം ലോംഗ് മാര്‍ച്ച് 5 ആവര്‍ത്തിച്ചു. കഴിഞ്ഞ തവണ വിക്ഷേപിച്ചപ്പോള്‍ ലോംഗ് മാര്‍ച്ച് 5 ന്‍റെ അവശിഷ്ടങ്ങള്‍ ഐവറി കോസ്റ്റിലെ ചില കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയിരുന്നു. ഇത്തവണ പക്ഷേ, അതിനേക്കാള്‍ വലിയ ദുരന്തമാകും സംഭവിക്കുകയെന്ന ഭയത്തിലാണ് ലോകം. 21 ടണ്‍ ഭാരമുള്ള ലോംഗ് മാര്‍ച്ച് 5 ബിയുടെ നിയന്ത്രണം നഷ്ടമായെന്നും ഭൂമിയില്‍ വലിയ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കില്ലെന്നും പറയുമ്പോഴും അപകടത്തെ സംബന്ധിച്ച് മറ്റൊരു വിവരും വെളിപ്പെടുത്താന്‍ ചൈന തയ്യാറാകുന്നില്ല.

 

എന്നാല്‍, റോക്കറ്റിന്‍റെ ഇപ്പോഴത്തെ പ്രദക്ഷിണ പഥം വച്ച് ന്യൂയോര്‍ക്ക് സിറ്റിക്ക് മുകളില്‍ ലോംഗ് മാര്‍ച്ചിന്‍റെ അവശിഷ്ടങ്ങള്‍ ചിതറി വീണേക്കാമെന്നാണ് കൂടുതല്‍ പേരും നിരീക്ഷിക്കുന്നത്. ഏപ്പോള്‍, എവിടെ വീഴുമെന്ന് പറയാറായിട്ടില്ലെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും പറയുന്നു. ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയാല്‍ മാത്രമേ ഏത് ദിശയിലേക്കാകും സഞ്ചാരമെന്ന് കണക്കുകൂട്ടാന്‍ കഴിയൂ. ഒരു സമയത്ത് രണ്ട് മണിക്കൂറ് കൊണ്ട് ഭൂമിയെ ഒരു തവണ വലംവെയ്ക്കാന്‍ കഴിയുന്ന വേഗതയിലായിരുന്നു ലോംഗ് മാര്‍ച്ച് 5 ബി സഞ്ചരിച്ച് കൊണ്ടിരുന്നത്. നാളെ ( 9.5.2021 ) പുലര്‍ച്ചെ 4.19 ഓടെ ലോംഗ് മാര്‍ച്ച് 5 ബി ഭൌമോപരിതലത്തിലേക്ക് കടക്കുമെന്ന് ദി ഏയ്റോസ്പേസ് കോര്‍പ്പറേഷന്‍ ട്വീറ്റ് ചെയ്തു.