- Home
- Technology
- Fully autonomous Black Hawk helicopter: പൈലറ്റില്ലാ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പറത്തി അമേരിക്ക
Fully autonomous Black Hawk helicopter: പൈലറ്റില്ലാ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പറത്തി അമേരിക്ക
യൂറോപ്പിലെ നാറ്റോവത്ക്കരണത്തെ എതിര്‍ത്ത്, ഉക്രൈന് മേല്‍ റഷ്യ യുദ്ധ ഭീതിയുമായി നില്‍ക്കുന്നതിനിടെ പൈലറ്റില്ലാ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പറത്തി അമേരിക്ക. യുദ്ധം പോലുള്ള അതിദുര്‍ഘട സമയങ്ങളില്‍ മനുഷ്യന്‍റെ നിയന്ത്രണമില്ലാതെ പറക്കാന്‍ കഴിയുന്ന യുദ്ധോപയോഗ ഹെലികോപ്റ്ററാണ് ബ്ലാക്ക് ഹോക്ക്. ആദ്യമായാണ് പൂർണമായും സ്വയം നിയന്ത്രണാധികാരമുള്ള ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ മനുഷ്യ പൈലറ്റില്ലാതെ ആകാശത്ത് പറക്കുന്നത്. ലോക്ക്ഹീഡ് മാർട്ടിൻ സിക്കോർസ്കിയുടെയും ഡിഫൻസ് ആംഡ് റിസർച്ച് പ്രോജക്ട് ഏജൻസിയുടെയും (DARPA) പങ്കാളിത്തത്തോടെ കെന്‍റക്കിയിലെ ഫോർട്ട് കാംപ്ബെല്ലിൽ നിന്നാണ് കഴിഞ്ഞ ഫെബ്രുവരി 5 ന് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പറന്നുയര്‍ന്നത്. അന്ന് UH-60A ബ്ലാക്ക് ഹോക്ക് യുഎസ് ആർമി ഇൻസ്റ്റാളേഷന് മുകളിലൂടെ 30 മിനിറ്റ് പറക്കൽ പൂർത്തിയാക്കി. ഫെബ്രുവരി 7 ന് വീണ്ടും മനുഷ്യ നിയന്ത്രിതമല്ലാതെ ബാക്ക് ഹോക്ക് പറന്നുയര്‍ന്നു.

മനുഷ്യനിയന്ത്രിതമല്ലാതെ പറന്നുയരുന്ന ബ്ലാക്ക് ഹോക്കിനെ നിയന്ത്രിക്കാന്‍ ഒരു ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടര്‍ തലച്ചോറിനെയാണ് സജ്ജീകരിക്കുന്നത്. ഫ്ലൈറ്റ് സമയത്ത് എയർക്രൂ ലേബർ ഇൻ-കോക്ക്പിറ്റ് ഓട്ടോമേഷൻ സിസ്റ്റം (ALIAS) പൈലറ്റ് നിയന്ത്രണത്തെ മറികടക്കാൻ അനുകരണീയമായ നിരവധി തടസ്സങ്ങളുടെ ഒരു പരമ്പര തന്നെ അവതരിപ്പിച്ചു.
ഹെലിക്കോപ്റ്റര്‍ ഉയരുമ്പോഴും താഴുമ്പോഴുമുണ്ടാകുന്ന പ്രതിബന്ധങ്ങളെ ഒഴിവാക്കാനായി അത്തരം സമയങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള നിരവധി പ്രതിസന്ധികളുടെ പ്രോഗ്രാമുകള്‍ ഹെലികോപ്റ്റിലെ കൃതിമ ബുദ്ധിയില്‍ ഫീഡ് ചെയ്യുന്നു. അത്തരത്തിലുള്ള അനേകം പ്രശ്നങ്ങളെ നിമിഷ നേരം കൊണ്ട് മറികടക്കാന്‍ ഇതിലൂടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററിന് കഴിയുന്നു.
സ്വയംഭരണാധികാരമുള്ള ഹെലികോപ്റ്റർ അപകടകരമായ യുദ്ധമേഖലകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനോ അപകടത്തില്‍പ്പെട്ട സൈനികരെ വീണ്ടെടുക്കുന്നതിനോ ഉപയോഗിക്കാന്‍ കഴിയുന്നു. സ്വയം നിയന്ത്രിക്കുമെങ്കിലും ഇതിനെ ഹ്യൂമന്‍ മോഡിലേക്ക് മാറ്റിയാല്‍ മനുഷ്യനിയന്ത്രണത്തിനും സാധിക്കുന്നു.
പൈലറ്റില്ലാ ഹെലികോപ്റ്ററുകള്‍ ആദ്യമായല്ല പറത്തുന്നത്. എന്നാല്‍, മനുഷ്യരില്ലാതെ പറക്കുകയും കാഴ്ചാപ്രശ്നമുള്ള പ്രദേശത്തിലൂടെ വിജയകരമായി പറത്തി തിരിച്ചിറക്കുകയും ചെയ്തത് ആദ്യമായാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൈലറ്റില്ലാ ഹെലികോപ്റ്ററിന്‍റെ നാവിഗേഷന് കാഴ്ചയേക്കാള്‍ സെന്‍സറുകളെയാണ് ആശ്രയിക്കുന്നത്.
'ഈ കഴിവ് പൈലറ്റുമാർക്ക് അവരുടെ ദൗത്യത്തിന്‍റെ ഏത് ഘട്ടത്തിലും ഒരു സ്വിച്ച് ഉപയോഗിച്ച് ആത്മവിശ്വാസത്തോടെ അങ്ങോട്ടും ഇങ്ങോട്ടും മാറാൻ അനുവദിക്കും.' മനുഷ്യ നിയന്ത്രണ സംവിധാനം സ്വയം നിയന്ത്രിണത്തിലേക്ക് മാറ്റുന്നതിനെ കുറിച്ച് ഫോർട്ട് കാംബെൽ ഇവന്‍റിന്‍റെ ലീഡ് ടെസ്റ്റ് പൈലറ്റ് ബെഞ്ചമിൻ വില്യംസൺ പറഞ്ഞു.
'ഏറ്റവും നിർണായകമായി, അപകടങ്ങളിലേക്ക് നയിക്കുന്ന, അപകടകരമായ സാഹചര്യങ്ങൾ സ്വയമേവ കണ്ടെത്താനും അവയെ തടയാനും അതുവഴി ജീവൻ രക്ഷിക്കാനും പൈലറ്റില്ലാ ഹെലികോപ്റ്ററിന് കഴിയും.' ഇന്നുവരെ വിമാനങ്ങളിൽ ഉപയോഗിക്കുന്ന മിക്ക സ്വയംഭരണ സംവിധാനങ്ങളും പൈലറ്റുമാരുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. അവ ജോലികള്‍ ലളിതമാക്കുന്നു. എന്നാൽ സങ്കീർണ്ണവും അപ്രതീക്ഷിതവുമായ സാഹചര്യങ്ങൾ മനുഷ്യരുടെ നിയന്ത്രണത്തിലായിരുന്നു വിമാനങ്ങളും ഹെലികോപ്റ്ററുകളും ഇതുവരെ.
പൈലറ്റില്ലാ ഹെലികോപ്റ്റര്‍, ബ്ലാക്ക് ഹോക്കിനെ പൂർണ്ണമായും സ്വയംഭരണാധികാരമുള്ള ഒരു വിമാനമാക്കി മാറ്റുന്നു. ഹെലികോപ്റ്ററിന്‍റെ എല്ലാ വശങ്ങളും കൈകാര്യം ചെയ്യാൻ കഴിയുന്ന കൃത്രിമ തലച്ചോറ് അതിനുണ്ട്. പവർ, സെക്കണ്ടറി കൺട്രോൾ, കാറ്റിന്‍റെ ഗതിവിഗതികള്‍, മറ്റ് ഘടകങ്ങൾ എന്നിവയുൾപ്പെടെ വിമാനത്തിന് മുമ്പുള്ള നടപടിക്രമങ്ങളും വിമാനത്തിന്‍റെ ലാന്‍റിങ്ങും മറ്റ് അടിയന്തിര സാഹചര്യങ്ങളുമെല്ലാം ഇത് സ്വയമേവ നിയന്ത്രിക്കുന്നു.
പരീക്ഷണ പറക്കലിനിടെ രണ്ട് എഞ്ചിനുകളും തകരാറിലാകുന്ന സമയങ്ങളില്‍ പോലും ഹെലികോപ്റ്ററിന് വളരെ സുരക്ഷിതമായ ലാൻഡിംഗ് സ്‌പോട്ട് കണ്ടെത്തി മനുഷ്യ സഹായമില്ലാതെ തന്നെ അവിടെ ഇറങ്ങാന്‍ സാധിക്കും.
'പൈലറ്റില്ലാ വിമാനങ്ങള്‍ക്ക് എങ്ങനെ സങ്കീർണ്ണമായ ദൗത്യങ്ങൾ വിജയകരമായി നടപ്പിലാക്കാനും അതിനായി സൈനികരെ സഹായിക്കാനുമാകുമെന്ന് ഈ പറത്തല്‍ വ്യക്തമാക്കുന്നു. മാത്രമല്ല, വിമാനത്തിൽ കമ്പ്യൂട്ടറുകളുടെ പങ്ക്, ഒരു സഹ-പൈലറ്റ് എന്നതിൽ നിന്ന് പൈലറ്റ് എന്ന സ്ഥാനത്തേക്ക് മാറുമ്പോള്‍ മനുഷ്യ പൈലറ്റിന് ജോലിഭാരം കുറയുന്നു. പകരം അവര്‍ക്ക് മിഷൻ മാനേജ്മെന്‍റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ' DARPA യുടെ ടാക്‌റ്റിക്കൽ ടെക്‌നോളജി ഓഫീസിലെ പ്രോഗ്രാം മാനേജർ സ്റ്റുവർട്ട് യംഗ് പറഞ്ഞു.
'സ്വയം നിയന്ത്രിത സോഫ്‌റ്റ്‌വെയറിന്‍റെയും ഹാർഡ്‌വെയറിന്‍റെയും സംയോജനം വിമാനത്തെ മികച്ചതും സുരക്ഷിതവുമാക്കുന്നു. പൈലറ്റില്ലാ വിമാനങ്ങള്‍ സൈന്യത്തിന് കൂടുതൽ പ്രവർത്തന വഴക്കമുണ്ടാകും,' മിസ്റ്റർ യംഗ് പറഞ്ഞു.
ഒരു മനുഷ്യ പൈലറ്റിന്‍റെ ആവശ്യമില്ലാതെ, ടേക്ക് ഓഫ് മുതൽ ലാൻഡിംഗ് വരെയുള്ള മുഴുവൻ ദൗത്യത്തെയും ഏറ്റെടുത്ത് നടത്താന്‍ ഇത്തരം പൈലറ്റില്ലാ ഹെലികോപ്റ്ററുകള്‍ക്ക് കഴിയുന്നു. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ അവയ്ക്ക് സാധിക്കുന്നു.
അടുത്ത മാസത്തിനുള്ളിൽ വിർജീനിയയിലെ ഫോർട്ട് യൂസ്റ്റിസിൽ നിന്ന് ഫ്ലൈ-ബൈ-വയർ എം-മോഡൽ പൈലറ്റില്ലാ ബ്ലാക്ക് ഹോക്ക് ഉപയോഗിച്ച് മറ്റൊരു പരീക്ഷണ പറക്കല്‍ കൂടി നടത്തും. അതിന് ശേഷമായും പൈലറ്റില്ലാ ഹെലികോപ്റ്റര്‍ സൈന്യത്തിന്‍റെ ഭാഗമാകുക.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം