ഒരിക്കലെങ്കിലും പോകാന്‍ കഴിയണേ എന്ന് തോന്നുന്ന സ്ഥലങ്ങള്‍; കാണാം ചിത്രങ്ങള്‍
അത്ഭുതങ്ങളുടെ ഒരു വലിയ ലോകമാണ് പ്രകൃതി. പലപ്പോഴും നമ്മുടെ മനസ്സിനെ ശാന്തമാക്കാനും, സന്തോഷിപ്പിക്കാനും, വിസ്‍മയിപ്പിക്കാനും അതിന് കഴിയും. എത്ര കണ്ടാലും മതിവരാത്ത മനോഹരദൃശ്യങ്ങൾ അത് ഉള്ളിൽ ഒതുക്കിവച്ചിരിക്കുന്നു. ഈ ഭൂമിയിൽ ജീവിക്കാൻ കഴിഞ്ഞത് എത്ര വലിയ അനുഗ്രഹമാണ് എന്ന് നമ്മെ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്ന നിരവധി പ്രദേശങ്ങളുണ്ട് പ്രപഞ്ചത്തിൽ. അത്തരം ചില സ്ഥലങ്ങളാണ് താഴെ പറയുന്നവ:
യോസെമൈറ്റ്, കാലിഫോർണിയ: അതിശയകരമായ മലഞ്ചെരിവുകൾ, മനോഹരമായ സൂര്യാസ്തമയങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയ്ക്ക് പേരുകേട്ട യോസെമൈറ്റ്, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും അറിയപ്പെടുന്നതും ജനപ്രിയവുമായ ദേശീയ പാർക്കുകളിൽ ഒന്നുമാണിത്.
സലാർ ഡി യുയുനി, ബൊളീവിയ: ലോകത്തിലെ ഏറ്റവും വലിയതും, ഉയർന്നതുമായ ഉപ്പ് മരുഭൂമിയാണ് സാലർ ഡി യുയുനി. 10,582 കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്ന് 3,650 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബൊളീവിയയുടെ തെക്കുപടിഞ്ഞാറ്, ഡാനിയേൽ കാമ്പോസ് പ്രവിശ്യയിലാണ് ഇതുള്ളത്. വർഷത്തിലെ ചില സമയങ്ങളിൽ, സമീപത്തുള്ള തടാകങ്ങൾ കവിഞ്ഞൊഴുകുമ്പോള്‍ അതില്‍ ആകാശത്തിന്‍റെ പ്രതിഫലനങ്ങള്‍ കാണുന്നത് മനോഹരമായ കാഴ്ചയാണ്.
ഗ്രാൻഡ് കാന്യന്‍, അരിസോണ: ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഹിമാനികൾ കൊണ്ടുണ്ടായ ഒരു വലിയ ഭൂപ്രദേശമാണ് ഗ്രാൻഡ് കാന്യന്‍. അതിന്റെ ചുവന്ന പാറകൾ സൂര്യന്റെ സ്ഥാനത്തിനനുസരിച്ച് നിറം മാറുന്നു, ഏത് ഫോട്ടോയ്ക്കും അതിശയകരമായ പശ്ചാത്തലമൊരുക്കുന്നു ഈ സ്ഥലം.
ഷാങ്‌ജിയാജി, ചൈന: കൂറ്റൻ കൊടുമുടികൾക്കും ഇടയിലുള്ള ഉലയുന്ന പാലങ്ങൾക്കും ആഴത്തിലുള്ള ഗുഹകൾക്കും പേരുകേട്ട ഷാങ്ജിയാജി ചൈനയിലെ ആദ്യത്തെ ദേശീയ ഫോറസ്റ്റ് പാർക്കാണ്. ജെയിംസ് കാമറൂണിന്റെ ഹിറ്റ് സിനിമയായ അവതാറിലെ പർവതനിരകൾക്ക് പ്രചോദനമായത് ഈ പ്രദേശമാണ്.
ക്രെം ലിയാറ്റ് പ്രഹ ഗുഹ, ഇന്ത്യ: 30,957 മീറ്റർ നീളമുള്ള ജയന്തിയ ഹില്ലിലെ ക്രെം ലിയാറ്റ് പ്രാഹ് ലോകത്തിലെ ഏറ്റവും നീളമേറിയ ഗുഹകളിലൊന്നാണ്. അതിമനോഹരവും നിഗൂഢവും വന്യവുമാണിത്.
ഗാലപാഗോസ് ദ്വീപുകൾ, ഇക്വഡോർ: ഇക്വഡോർ തീരത്ത് നിന്ന് 972 കിലോമീറ്റർ അകലെയുള്ള പസഫിക് സമുദ്രത്തിലെ ഒരു ദ്വീപസമൂഹമാണ് ഗാലപാഗോസ് ദ്വീപുകൾ. ഗാലപാഗോസ് അനേകം ജീവജാലങ്ങൾക്കും ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്ത പഠനത്തിനും പേരുകേട്ടതാണ്.
എവറസ്റ്റ്: ഭൂമിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് എവറസ്റ്റ്. ഈ ഭീമാകാരമായ ഹിമാലയൻ കൊടുമുടി കയറുന്നത് ശ്രദ്ധേയമായ ഒരു നേട്ടമാണ്.
ഗ്രാൻഡ് പ്രിസ്മാറ്റിക് സ്പ്രിംഗ്, യെല്ലോസ്റ്റൺ, വ്യോമിംഗ്: ഒരു ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലുതും പത്തുനില കെട്ടിടത്തേക്കാൾ ആഴമുള്ളതുമായ ഈ ജല സ്രോതസ്സിൽ പച്ച, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള വളയങ്ങൾ കാണാം.
ഹാ ലോംഗ് ബേ, വിയറ്റ്നാം: വിയറ്റ്നാമിന്റെ വടക്ക്, ചൈനയുമായുള്ള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ ഉൾക്കടലിന്റെ സവിശേഷതകളിലൊന്ന് അതിന്റെ വ്യത്യസ്‍ത ആകൃതികളും വലുപ്പവുമുള്ള അതിമനോഹരമായ ദ്വീപുകളാണ്. 1994 -ൽ യുനെസ്കോ വേള്‍ഡ് ഹെറിറ്റേജിലുള്‍പ്പെടുത്തി.
കൊമോഡോ ദ്വീപ്, ഇന്തോനേഷ്യ: ഭീമാകാരമായ പല്ലികൾക്ക് പേരുകേട്ട കൊമോഡോ ദ്വീപിൽ മനോഹരമായ ഉഷ്ണമേഖലാ വനങ്ങൾ, പ്രശസ്തമായ ഡൈവ് സൈറ്റുകൾ, മനോഹരമായ ബീച്ചുകൾ എന്നിവയുമുണ്ട്.
ഉലുരു, നോർത്തേൺ ടെറിട്ടറി, ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയൻ മരുഭൂമിയിലെ സമതലങ്ങളിൽ തുരുമ്പിച്ച ചുവന്ന പാറയുടെ ഭീമാകാരമായ ഏകശിലയാണ് അയേഴ്‌സ് റോക്ക്. ഇത് ഉലുരു എന്നും അറിയപ്പെടുന്നു. ഇത് ഓസ്‌ട്രേലിയയുടെ സാംസ്കാരിത്തിന്റെയും, ആത്മീയതയുടെയും ഭാഗമാണ്. വിശാലമായ മരുഭൂമിയിലെ സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും മനോഹരമായ നിറങ്ങൾ ഈ പാറ അഴകോടെ പ്രതിഫലിപ്പിക്കുന്നു.
മഡ് അഗ്നിപർവ്വതങ്ങൾ, ഗോബുസ്ഥാൻ, അസർബൈജാൻ: മധ്യ അസർബൈജാനിൽ സ്ഥിതി ചെയ്യുന്ന ഗോബുസ്താൻ നാഷണൽ പാർക്കിലെ ഈ അഗ്നിപർവ്വതങ്ങൾ മീഥെയ്നും ചെളിയും ചേർന്നതാണ്. ഇടയ്ക്കിടെ, മീഥെയ്ൻ കുന്നുകൂടുകയും, പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.
നയാഗ്ര വെള്ളച്ചാട്ടം, കാനഡ: അമേരിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കായി യുണൈറ്റഡ് സ്റ്റേറ്റ്സിനും കാനഡയ്ക്കും ഇടയിലാണ് നയാഗ്ര വെള്ളച്ചാട്ടം. നയാഗ്ര നദിയിൽ നിന്ന് ഉത്ഭവിക്കുന്ന മൂന്ന് വെള്ളച്ചാട്ടങ്ങൾ ചേർന്നതാണ് പ്രകൃതിയുടെ ഈ വിസ്‌മയം.
ഹില്ലിയർ തടാകം, ഓസ്‌ട്രേലിയ: ഹില്ലിയർ തടാകം പ്രകൃതിദത്ത പിങ്ക് വെള്ളത്തിന് പേരുകേട്ടതാണ്. വെള്ളത്തിൽ വസിക്കുന്ന ബാക്ടീരിയകൾ പുറത്ത് വിടുന്ന ചുവന്ന പിഗ്മെന്റുകളിൽ നിന്നാണ് തടാകത്തിന് അതിന്റെ പ്രത്യേകനിറം ലഭിക്കുന്നത്.
പാരികുടീന്‍, മെക്സിക്കോ: അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും പുതുതായി രൂപംകൊണ്ട അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് പാരികുടീന്‍. 1943 -ൽ അത് ആദ്യമായി പൊട്ടിത്തെറിച്ചപ്പോൾ രണ്ട് പ്രാദേശിക ഗ്രാമങ്ങളെ അത് വിഴുങ്ങി.