ബിഹാറില്‍ കൊറോണ വൈറസിന് പുല്ലുവില; തെരഞ്ഞെടുപ്പ് റാലികളിലെ ഞെട്ടിക്കുന്ന കാഴ്ചകള്‍...
തെരഞ്ഞെടുപ്പ് ബഹളത്തിനിടെ ബിഹാര്‍ കൊറോണ വൈറസിനെ മറന്നോ? ഇവിടെ നിന്നുള്ള തെരഞ്ഞെടുപ്പ് ഫോട്ടോകള്‍ കാണുന്ന ആരും ചോദിച്ചേക്കാവുന്ന ചോദ്യമാണത്.
കൊവിഡ് രോഗത്തെ തുടര്‍ന്ന് ലോകമെങ്ങും കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോവുമ്പോള്‍, ബിഹാറില്‍ ആള്‍ക്കൂട്ടം മാസ്‌കോ സാമൂഹ്യ അകലമോ ഓര്‍ക്കാതെ കൂടിച്ചേരുകയാണ്
മാസ്‌കും സാമൂഹ്യ അകലവും നിര്‍ബന്ധമാക്കണമെന്നും കരുതലോടെ പെരുമാറണം എന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ആഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്.
ഉല്‍സവ സീസണില്‍ ഉത്തരേന്ത്യയില്‍ അടക്കം ആളുകള്‍ പരസ്പരം ഇടപഴകുമെന്ന ആശങ്കകള്‍ക്കിടെയാണ് പ്രധാനമന്ത്രി മോദി ഈ മുന്നറിയിപ്പ് നല്‍കിയത്.
എന്നാല്‍, മോദിയുടെ പാര്‍ട്ടിയായ ബി ജെ പിയുടേതടക്കമുള്ള തെരഞ്ഞെടുപ്പ് റാലികളില്‍ ഒരു മുന്‍കരുതലും പാലിക്കാതെയാണ് ആയിരക്കണക്കിനാളുകള്‍ കൂടിച്ചേരുന്നത്
പ്രധാനമന്ത്രി മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും തെരഞ്ഞെടുപ്പ് പരിപാടികളില്‍ പോലും വന്‍ ജനക്കൂട്ടമാണ് മാസ്‌കോ സുരക്ഷാ സജ്ജീകരണങ്ങളോ ഇല്ലാതെ ഒത്തു ചേര്‍ന്നത്.
ചെറുതും വലുതുമായ മറ്റു പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് സമ്മേളനങ്ങളിലും റാലികളിലും ഇതുതെന്നയാണ് അവസ്ഥ. മാസ്‌കോ സാനിറ്റൈസറോ ഒന്നും ആരും ഓര്‍ക്കുന്നേയില്ല
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും മുഖ്യ എതിരാളി തേജസ്വി യാദവിന്റെയും റാലികളിലും ജനം മാസ്‌ക് ധരിക്കാതെ തിക്കിത്തിരക്കിയെത്തുകയാണ്.
വേദികളില്‍ നേതാക്കള്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും നേതാക്കളെയും അവരെത്തുന്ന ഹെലികോപ്ടറിനെയും കാണാനായി ജനം മൈതാനങ്ങളില്‍ തിക്കിത്തിരക്കുകയാണ്.
ജനങ്ങള്‍ക്ക് ഇരിക്കാനായി പരിപാടി നടക്കുന്ന സ്ഥലങ്ങളില്‍ വൃത്തത്തില്‍ ഇടങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും അതെന്നും ആരും വകവെയ്ക്കുന്നില്ല.
ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് ഈ സാഹചര്യം വഴിവെക്കുക എന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
രാജ്യത്ത് ഏറ്റവും മോശമായ ആരോഗ്യ സംവിധാനങ്ങളുള്ള സംസ്ഥാനമാണ് ബിഹാര്‍. ജനസാന്ദ്രത വളരെ കൂടിയ സംസ്ഥാനം. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിഹാറില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധ ഉണ്ടാവുമെന്നാണ് ആശങ്ക.
ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, ബിഹാറിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേവേന്ദ്ര ഫഡ്നാവിസ്, മുന്‍ കേന്ദ്രമന്ത്രി രാജിവ് പ്രതാപ് റൂഡി, ഗയ എംപി വിജയ് മാഞ്ചി, ബിജെപി ദേശീയ വക്താവ് സയീദ് ഷാനവാസ് ഹുസൈന്‍, മുന്‍ ബിഹാര്‍ മന്ത്രി നരേന്ദ്ര സിങ് തുടങ്ങിയവര്‍ക്കെല്ലാം ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു.
വലിയ കൂട്ടുകുടുംബങ്ങള്‍ ഇവിടെ സാധാരണമാണ്. റാലികള്‍ കഴിഞ്ഞ് ചെറുപ്പക്കാര്‍ വീടുകളിലേക്കാണ് പോവുന്നത്. വീടുകളിലുള്ള വൃദ്ധരെയും കുട്ടികളെയും ഇത് സാരമായി ബാധിക്കും. ഈ അവസ്ഥ ഗുരുതമാണെന്ന് സംസ്ഥാനത്തെ പ്രമുഖ ശ്വാസകോശ രോഗ വിദഗ്ധന്‍ ഡോ. ഫതഹുദ്ദീന്‍ പറയുന്നു.
എന്നാല്‍, സംസ്ഥാനത്തു പുതിയ കോവിഡ് കേസുകള്‍ വളരെ കുറവാണ് എന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഒരാഴ്ച പുതിയ കോവിഡ് കേസുകളില്‍ ഒരു ശതമാനം മാത്രമാണു വര്‍ധന എന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത് സെപ്റ്റംബര്‍ 25നാണ്. അന്ന് ബിഹാറില്‍ ആകെയുണ്ടായിരുന്നത് കോവിഡ് രോഗികള്‍ 1.74 ലക്ഷം. അതില്‍ രോഗം ഭേദമായത് 1.59 ലക്ഷം പേര്‍ക്ക്. ചികിത്സയിലുണ്ടായിരുന്നത് 13,688 പേര്‍.
ഒരു മാസത്തിനിപ്പുറം ബിഹാറില്‍ ഉണ്ടായ രോഗികളിലെ വര്‍ധന 37,926. നിലവില്‍ ചികിത്സയിലുള്ളത് 10,223 പേര്‍. ഒരു മാസത്തിനിടെ രോഗം ഭേദമായത് 41,220 പേര്‍ക്ക്. സെപ്റ്റംബര്‍ 25ന് 878 ആയിരുന്നു മരണം, ഒക്ടോബര്‍ 25ന് അത് 1049.
എന്നാല്‍, ബിഹാറിലെ കൊവിഡ് ടെസ്റ്റിന്റെ പരിമിതികളാണ് ഇതിന് ഇടയാക്കുന്നത് എന്നാണ് ആക്ഷേപം. ആന്റിജന്‍ ടെസ്റ്റ് ആണ് ഇവിടെ ഇപ്പോള്‍ നടക്കുന്നത്. 30 ശതമാനം കൃത്യത മാത്രമേ ഇതിനുള്ളൂ.
കൂടുതല്‍ കൃത്യമായ റിസല്‍റ്റ് ലഭിക്കുന്ന ആര്‍ ടി- പി സി ആര്‍ ടെസ്റ്റുകള്‍ ഇവിടെ വളരെ കുറച്ചേ നടക്കുന്നുള്ളൂ. ഇതാണ് എണ്ണം കുറച്ച് കാണുന്നത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ആന്റിജന്‍ ടെസ്റ്റുകള്‍ കൂട്ടുകയും അതുവഴി രോഗികളുടെ എണ്ണം കുറച്ചു കാണിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയുള്ള പ്രധാന വിമര്‍ശനം.
കോവിഡ് മഹാമാരിക്കിടെ ലോകത്തു നടക്കുന്ന ഏറ്റവും വലിയ തിരഞ്ഞെടുപ്പുകളിലൊന്നായിരിക്കും ബിഹാര്‍ നിയമസഭയിലേത്' എന്നാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിനിടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ സെപ്റ്റംബര്‍ 25നു പറഞ്ഞത്.
സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാവണം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എന്നാണ് തെരഞ്ഞെടുപ്പ് കമീഷന് വ്യക്തമാക്കിയത്.
കോവിഡ് 19 പ്രോട്ടോക്കോള്‍ ലംഘിക്കുന്ന പാര്‍ട്ടികള്‍ക്കെതിരെ കര്‍ശന നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രോട്ടോക്കോള്‍ ലംഘിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരവും ഐപിസി പ്രകാരവും നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു.
പലയിടത്തും സ്ഥാനാര്‍ഥികള്‍ മാസ്‌ക് പോലും ധരിക്കാതെയാണ് പ്രചാരണത്തിനെത്തുന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന നിയമലംഘനമാണ് പല സ്ഥാനാര്‍ഥികളും പാര്‍ട്ടി സംഘാടകരും നടത്തിയതെന്നും കമ്മിഷണര്‍ നല്കിയ റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍, ആള്‍ക്കൂട്ടം ഒഴുകിയെത്തുന്ന പ്രചാരണ റാലികള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കമീഷനും കഴിയുന്നില്ല. അതാണ്, ആയിരങ്ങള്‍ പങ്കെടുക്കുന്ന റാലികള്‍ ഇവിടെ നടക്കാന്‍ കാരണം.