Russia-Ukraine Crisis: ഉക്രൈന്‍ ലക്ഷ്യമിട്ട് റഷ്യന്‍ സൈന്യം; യുദ്ധസന്നാഹമെന്ന് ബ്രിട്ടനും അമേരിക്കയും
റഷ്യ, കഴിഞ്ഞ വര്‍ഷം അവസാനം 100,000 സൈനികരെയും ടാങ്കുകളും മിസൈലുകളും ബെലാറസ് അതിർത്തിക്ക് സമീപത്തേക്ക് വിന്യസിച്ചത് മുതൽ പ്രദേശം യുദ്ധഭീതിയിലാണ്. സാഹചര്യം അത്യന്തം അപകടകരമാണെന്നും മോസ്കോയ്ക്ക് ഏത് സമയത്തും ആക്രമണം നടത്താമെന്നും വൈറ്റ് ഹൗസ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യയുടെത് യുദ്ധ സന്നാഹമാണെന്ന് യുകെയും മുന്നറിയിപ്പ് നല്‍കുന്നു. ബ്രിട്ടന്‍ ഉക്രൈന് സ്വയം പ്രതിരോധത്തിനായി ഹ്രസ്വദൂര ടാങ്ക് വേധ മിസൈലുകൾ നൽകുമെന്ന് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
അതോടൊപ്പം ഉക്രൈന്‍ സൈനീകര്‍ക്ക് പരിശീലനം നൽകുന്നതിനായി ബ്രിട്ടീഷ് സൈനികരുടെ ഒരു ചെറിയ ടീമിനെയും ഉക്രൈനിലേക്ക് അയക്കുമെന്ന് ബെൻ വാലസ് എംപിമാരെ അറിയിച്ചു. റഷ്യ സൈന്യത്തെ ഉപയോഗിച്ച് ഒരു അധിനിവേശത്തിന് ശ്രമിക്കുന്നമെന്ന ആശങ്കയ്ക്ക് ന്യായമായതും യഥാർത്ഥവുമായ കാരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉക്രൈന്‍ സായുധ സേനയെ പരിശീലിപ്പിക്കുന്നതിനായി ഡസൻ കണക്കിന് ബ്രിട്ടീഷ് സൈനികർ 2015 മുതൽ ഉക്രെയ്നിലുണ്ട്, കൂടാതെ 2014 ൽ റഷ്യ ക്രിമിയ ആക്രമിച്ചതിനെത്തുടർന്ന് ഉക്രെയ്നിന്‍റെ നാവികസേനയെ പുനർനിർമ്മിക്കുന്നതിനുള്ള സഹായം നല്‍കുന്നതും യുകെയാണ്.
എന്നാൽ, റഷ്യയുടെ "കൂടുതൽ ഭീഷണിപ്പെടുത്തുന്ന പെരുമാറ്റത്തെ തുടര്‍ന്ന് ഉക്രൈന്‍റെ സുരക്ഷയ്ക്ക് കൂടുതൽ സഹായം നൽകുമെന്നും വാലസ് പറഞ്ഞു. എന്നാല്‍, റഷ്യ ഇത്തരം അധിനിവേശ ആരോപണങ്ങളെല്ലാം നിഷേധിച്ചു. പക്ഷേ, അപ്പോഴും റഷ്യന്‍ സൈന്യം ഉക്രൈന്‍ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
“സ്വന്തം അതിർത്തികൾ സംരക്ഷിക്കാൻ ഉക്രെയ്‌നിന് എല്ലാ അവകാശവുമുണ്ട്, ഈ പുതിയ സഹായ പാക്കേജ് അതിനുള്ള കഴിവ് വർദ്ധിപ്പിക്കും,” എന്നായിരുന്നു റഷ്യയുടെ നീക്കത്തെ കുറിച്ച് സൂചിപ്പിക്കുമ്പോള്‍ വാലസ് എംപിമാരെ അറിയിച്ചത്.
"ഞാൻ വ്യക്തമായി പറയട്ടെ: ഈ പിന്തുണ ഹ്രസ്വ-ദൂരവും വ്യക്തമായും പ്രതിരോധശേഷിയുള്ള ആയുധ ശേഷികൾക്കുള്ളതാണ്; അവ തന്ത്രപ്രധാനമായ ആയുധങ്ങളല്ല, റഷ്യയ്ക്ക് ഭീഷണിയുമില്ല; അവ സ്വയം പ്രതിരോധത്തിനായി ഉപയോഗിക്കേണ്ടതാണ്." എന്നായിരുന്നു വാലസിന്‍റെ വാക്കുകളെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉക്രൈന്‍റെ ചില പ്രദേശങ്ങള്‍ റഷ്യൻ അനുകൂല വിഘടനവാദികൾ കൈവശപ്പെടുത്തിയിരിക്കുന്നതിനാൽ, 2014 മുതൽ റഷ്യയ്ക്കും ഉക്രൈനിനുമിടയില്‍ ഒരു യുദ്ധാവസ്ഥ നിലനില്‍ക്കുന്നുണ്ട്.
എന്നാൽ ഏറ്റവും പുതിയ ഇന്റലിജൻസ് റിപ്പോര്‍ട്ടുകളില്‍ യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രാലയ മേധാവികൾ വരെ റഷ്യയുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ആശങ്കാകുലരാണെന്ന് വ്യക്തമാക്കുന്നു.
അയൽരാജ്യമായ ബെലാറസിലേക്ക് റഷ്യ കവചിത വാഹനങ്ങള്‍ അഭ്യാസത്തിനായി അയക്കുന്നുവെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇവിടെ നിന്ന് ഉക്രൈന്‍ തലസ്ഥാനമായ കിവിലേക്ക് ലക്ഷ്യം വെക്കാമെന്നതാണ് യുകെയെ ആശങ്കപ്പെടുത്തുന്നത്.
ഉക്രൈയ്ൻ ഇതുവരെയും നാറ്റോയുടെ ഭാഗമല്ലാത്തതിനാൽ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് സൈനിക പ്രതികരണം ഉണ്ടാകില്ലെന്നാണ് പുടിന്‍റെ കണക്കു കൂട്ടല്‍. അതുപോലെ, യുഎസും യുകെയും ഭീഷണിപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ വളെര ചെറിയ രീതിയില്‍ മാത്രമേ ബാധിക്കുകയൊള്ളൂ.
പ്രതിസന്ധി ലഘൂകരിക്കാനുള്ള അവസാന ശ്രമമെന്ന രീതിയില്‍ വെള്ളിയാഴ്ച ജനീവയിൽ റഷ്യൻ കൌണ്ടർ സെർജി ലാവ്റോവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തും. അതിന് മുമ്പ് ഉക്രേനിയൻ പ്രസിഡന്‍റ് വോലോഡൈമർ സെലെൻസ്‌കിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇത് അങ്ങേയറ്റം അപകടകരമായ സാഹചര്യമാണെന്നാണ് ഞങ്ങളുടെ അഭിപ്രായം എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പറയുന്നത്. റഷ്യക്ക് ഏത് ഘട്ടത്തിലും ഉക്രെയ്നിൽ ആക്രമണം നടത്താൻ കഴിയുന്ന ഒരു ഘട്ടത്തിലാണ് നാമിപ്പോൾ, എന്നാല്‍ ഒരു നയതന്ത്ര വഴി അവശേഷിക്കുന്നുവെന്നതാണ് ചര്‍ച്ചയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും അദ്ദേഹം പറയുന്നു.
'കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമോ ഇല്ലയോ എന്നത് പ്രസിഡന്റ് പുടിന്റെയും റഷ്യക്കാരുടെയും തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉക്രൈന്‍ അക്രമണത്തെ റഷ്യ നിഷേധിക്കുമ്പോഴും ഉക്രൈയ്നെ അക്രമികളായി ചിത്രീകരിച്ച് റഷ്യ സോഷ്യൽ മീഡിയ പ്രചാരണം ശക്തമാക്കി.
രാജ്യത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നതിനായി 'ടാങ്ക് വേധ ആയുധങ്ങളും സൈന്യത്തെയും അയച്ചതിന് ബ്രിട്ടനെ ഉക്രൈന്‍ നന്ദി അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച, ടാങ്ക് വേധ മിസൈൽ സംവിധാനങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് ബ്രിട്ടന്‍ ഉക്രെയ്നിന്റെ സേനയെ പഠിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
യുകെയിലെ ഉക്രേനിയൻ അംബാസഡർ വാഡിം പ്രിസ്റ്റൈക്കോ പാശ്ചാത്യ ശക്തികളില്‍ നിന്ന് കൂടുതല്‍ സൈനീക അധിക സഹായം ആവശ്യപ്പെട്ടു. 'ഞങ്ങൾ കൂടുതൽ ആവശ്യപ്പെടുകയാണ്, കൂടുതൽ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,' മിസ്റ്റർ പ്രിസ്റ്റൈക്കോ ബിബിസി റേഡിയോ 4-ന്‍റെ ടുഡേ പ്രോഗ്രാമിനോട് പറഞ്ഞു.
'ഈ യുദ്ധം ഒഴിവാക്കാൻ സാധ്യമായ എല്ലാ കാര്യങ്ങളിലും ഞങ്ങളെ സഹായിക്കാൻ ആവശ്യപ്പെടുന്നതിൽ എനിക്ക് ലജ്ജയില്ലെന്ന് പറഞ്ഞ അദ്ദേഹം ജര്‍മ്മനിയുടെ റഷ്യന്‍ സ്നേഹത്തെ വിമര്‍ശിച്ചു. എന്നാല്‍ യൂറോപ്പിന് ഗ്യാസ് നല്‍കാന്‍ റഷ്യയുടെ സഹായം ആവശ്യമാണെന്നായിരുന്നു ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് പറഞ്ഞത്. യുദ്ധ സന്നാഹം നിലനില്‍ക്കുന്നതിനാല്‍ തന്നെ കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് യുദ്ധ മുഖത്ത് ഏങ്ങനെ പെരുമാറണം എന്ന പരിശീലനം നല്‍കുന്നുണ്ട്. 2,46,000 പേരുള്ള സൈന്യത്തെ ഇത് ശക്തിപ്പെടുത്തുമെന്നും ഉക്രൈന്‍ വിശ്വസിക്കുന്നു. അതിനിടെ മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾക്ക് പിന്തുണ പ്രഖ്യാപിച്ച് യുകെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് ഇന്നലെ ലാത്വിയ സന്ദർശിച്ചു. റഷ്യയുടെ ആക്രമണത്തിനെതിരായ ദൃഢനിശ്ചയത്തിൽ രാജ്യങ്ങൾ ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.