രണ്ട് വയസ്സില്‍ 40 സിഗരറ്റ് വലിച്ച് ലോകത്തെ ഞെട്ടിച്ച ഈ കുട്ടി ഇപ്പോള്‍ പഴയ ആളല്ല!
കൈയില്‍ സിഗരറ്റുമായി ഇരിക്കുന്ന ഈ ഇന്തോനേഷ്യന്‍ കുട്ടിയെ ഓര്‍മ്മയുണ്ടോ? അര്‍ദി റിസാല്‍ എന്നാണ് അവന്റെ പേര്. രണ്ടു വയസ്സുള്ളപ്പോഴാണ് അവന്‍ പ്രശസ്തനായത്. കുഞ്ഞു വിരലുകള്‍ക്കിടയില്‍ ഒതുക്കി പിടിച്ച സിഗരറ്റ് ആര്‍ത്തിയോടെ വലിക്കുന്ന അവന്റെ യൂട്യൂബ് വിഡിയോ ദശലക്ഷത്തിലധികം ആളുകള്‍ കണ്ടിരുന്നു. ദിവസം 40 സിഗരറ്റ് വരെ വലിച്ചിരുന്ന ഇന്തോനേഷ്യന്‍ കുട്ടിയെന്ന നിലയില്‍ അവന്റെ ഫോട്ടോകളും വീഡിയോകളും ലോകമാകെ പ്രചരിച്ചു. ആളുകള്‍ അത് കണ്ട് ഞെട്ടിത്തരിച്ചു.
അവനിപ്പോള്‍ 13 വയസ്സുണ്ട്. അവന്റെ ജീവിതമാകെ മാറി. അവനിപ്പോള്‍ സിഗരറ്റ് കൈ കൊണ്ടു തൊടാറില്ല. സ്‌കൂളിലെ ഏറ്റവും മിടുക്കനായ കുട്ടിയാണ് അവനിന്ന്.
ആ മാറ്റം എന്നാല്‍ ഒട്ടും എളുപ്പമായിരുന്നില്ല. അത്രയ്ക്ക് നരകിച്ചു അവനും കുടുംബവും അതിന്റെ പേരില്‍. നിരന്തര ചികില്‍സകളും തുടര്‍ നിരീക്ഷണങ്ങളും ഒക്കെ ചേര്‍ന്നു വന്നപ്പോഴാണ് അവന്‍ പഴയ ജീവിതത്തില്‍നിന്നും പുറത്തുവന്നത്.
2010-ലാണ് അവന്റെ ഫോട്ടോകളും വീഡിയോകളും മാധ്യമങ്ങളില്‍ നിറഞ്ഞത്. അവനന്ന് രണ്ടു വയസ്സായിരുന്നു. സുമാത്രയിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലായിരുന്നു അവന്റെ വീട്.
സദാ സമയവും സിഗരറ്റിനു വാശി പിടിച്ചു കൊണ്ടിരുന്ന ഒരു കുട്ടിയായിരുന്നു അവന്‍. അതിനു തുടക്കമിട്ടത് അവന്റെ പിതാവ് തന്നെയായിരുന്നു. പതിനെട്ടു മാസം പ്രായമുള്ളപ്പോള്‍ അവന്റെ പിതാവാണ് അവനാദ്യം സിഗരറ്റ് നല്‍കിയത്.
പിന്നെയവന്‍ സിഗരറ്റിനെ ഇഷ്ടപ്പെടാന്‍ തുടങ്ങി. സിഗരറ്റ് കിട്ടിയില്ലെങ്കില്‍ കരയാനും പ്രശ്‌നങ്ങളുണ്ടാക്കാനും തുടങ്ങി. പേടിച്ച് അമ്മ അവന് സിഗരറ്റ് എടുത്തു കൊടുത്തു. അങ്ങനെയങ്ങനെ ദിവസം 40 സിഗരറ്റ് വലിക്കുന്ന ഒരാളായി മാറി അവന്‍.
അതവന്റെ ആരോഗ്യത്തെ ഭീകരമായി ബാധിച്ചു. ചുമ സാധാരണമായി. അതോടൊപ്പം തടി ഭീകരമായി കൂടി. ആറു കിലോ തൂക്കമുണ്ടാവേണ്ട സമയത്ത് 24 കിലോ ആയിരുന്നു അവന്റെ തൂക്കം. കുഞ്ഞായിരിക്കുമ്പോഴേ അനാരോഗ്യം അവനെ കീഴപ്പെടുത്തി.
രണ്ട് വയസ്സുള്ളപ്പോള്‍ തുടങ്ങിയ ഈ ദുശ്ശീലത്തിന്റെ പേരില്‍ അവന്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധനായി മാറി. പലരും ഒരു ഞെട്ടലോടെയാണ് അവന്റെ വീഡിയോകളും ഫോട്ടോകളും കണ്ടത്. എങ്ങനെ ഈ ചെറുപ്രായത്തില്‍ ഒരു കുട്ടിയ്ക്ക് ഇതൊക്കെ സാധിക്കുന്നുവെന്നത് എല്ലാവരെയും അതിശയിപ്പിച്ചു.
അതോടെ ലോകമാകെ അവന്‍ ചര്‍ച്ചയായി. കുട്ടികള്‍ക്ക് സിഗരറ്റ് നല്‍കുന്നത് അവസാനിപ്പിക്കാന്‍ അവന്റെ രാജ്യമായ ഇന്തോനേഷ്യയ്ക്കു മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായി. അവന്റെ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയായി.
അങ്ങനെയാണ്, സര്‍ക്കാറും സന്നദ്ധ സംഘടനകളുമെല്ലാം അവന്റെ ജീവിതത്തില്‍ ഇടപെട്ടു തുടങ്ങിയത്. അവരവനെ മികച്ച ഡോക്ടര്‍മാരില്‍ എത്തിച്ചു. അവന്റെ കുഞ്ഞു മനസ്സിനെ മാറ്റിമറിക്കാന്‍ അവര്‍ ശ്രമിച്ചു.
എന്നാല്‍ ഇതൊട്ടും എളുപ്പമായിരുന്നില്ല. പുകവലിയില്‍ നിന്ന് മകനെ പുറത്ത് കൊണ്ടുവരാന്‍ അവന്റെ അമ്മ ഡയാനയ്ക്ക് കഠിനമായ പോരാട്ടം നടത്തേണ്ടി വന്നു.
അവര്‍ ആദ്യം ചെയ്തത് സിഗരറ്റ് പിടിച്ചെടുക്കുക എന്നതായിരുന്നു. ഇതില്‍ പ്രകോപിതനായി അവന്‍ നിലത്ത് കിടന്ന് ഉരുണ്ട് കരയുകയും, തല തല്ലുകയും ചെയ്തു. അവന്‍ ബഹളം വെച്ചു. പ്രതിഷേധിച്ചു.
വെളുപ്പിന് മൂന്ന് മണിക്ക് ഉണര്‍ന്ന് സിഗരറ്റ് ആവശ്യപ്പെടാന്‍ തുടങ്ങുമായിരുന്നു അന്നവന്‍. ഒരിക്കല്‍ കത്തി ഉപയോഗിച്ച് കാല്‍മുട്ടില്‍ അവന്‍ കുത്തി മുറിവേല്പിച്ചു. എന്നിട്ടും അവന്റെ അമ്മ ഡയാന വഴങ്ങിയില്ല.
പിന്നീടൊരിക്കല്‍ സിഗരറ്റ് കിട്ടാത്തതിന്റെ പേരില്‍ അവന്‍ പുഴയിലേക്ക് എടുത്ത് ചാടി. അന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. എങ്കിലും സിഗരറ്റ് വലിക്കുന്നതില്‍നിന്നും മാറിനില്‍ക്കാന്‍ അവന് കഴിയുമായിരുന്നില്ല. എങ്കിലും അമ്മ കുലുങ്ങിയില്ല.
പക്ഷേ അവന്‍ മാറി. പതിയെ അവന്‍ പുകവലി ഉപേക്ഷിച്ചു. സ്‌കൂളില്‍ കാര്യമായി ശ്രദ്ധിക്കാന്‍ തുടങ്ങി. അവന്റെ പൊണ്ണത്തടി കുറഞ്ഞു. ആരോഗ്യമുള്ള കുട്ടിയായി അവന്‍ മാറി
ഇന്നവന് 13 വയസ്സുണ്ട്. പുകവലിയില്‍ നിന്ന് മോചിതനായി. അവന്‍ സ്‌കൂളില്‍ പോകുന്നു, മിടുക്കനായി പഠിക്കുന്നു. കായിക മേഖലയിലും സജീവമായി നില്‍ക്കുന്നു. പുകവലിക്ക് എതിരായ കാമ്പെയിനിലും അവന്‍ പ്രവര്‍ത്തിക്കുന്നു.
ഇത് അവന്റെ മാത്രം കഥയല്ല. ഇന്തോനേഷ്യയില്‍ അവനെപ്പോലെ നിരവധി കുട്ടികളുണ്ട്. ജനിച്ച് മാസങ്ങള്‍ക്കകം പുകയിലയുടെ രുചിയ്ക്ക് അടിമപ്പെട്ടവര്‍.
സാധാരണ കുട്ടികള്‍ ചോക്ലേറ്റുകള്‍ക്കും, മിഠായികള്‍ക്കുമായി കൈനീട്ടുമ്പോള്‍, ഇവിടത്തെ ഗ്രാമപ്രദേശങ്ങളില്‍ കുട്ടികള്‍ സിഗററ്റിനായി കൈനീട്ടുന്നു.
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ രാജ്യമായ ഇന്തോനേഷ്യ നേരിടുന്ന ഏറ്റവും വലിയ ഒരു വെല്ലുവിളിയും അനിയന്ത്രിതമായ പുകവലി ശീലമാണ്. ഇവിടത്തെ പുകയിലപ്പാടങ്ങള്‍ പ്രശസ്തമാണ്. പ്രധാന കൃഷികളിലൊന്ന് അതാണ്.
ഗ്രാമപ്രദേശങ്ങളിലും ദ്വീപുകളിലുമെല്ലാം പുകയിലക്കൃഷി വ്യാപകമാണ്. പുകയില വ്യവസായവും ഇവിടെ സജീവമാണ്. അനേകമാളുകള്‍ക്ക് ജോലി നല്‍കുന്ന വ്യവസായം എന്ന നിലയില്‍ അതിന് സര്‍ക്കാറുകളെ നിയന്ത്രിക്കാന്‍ പോലും ശേഷിയുണ്ട്.
അതുപോലെ, പുകവലിയെ പ്രോല്‍സാഹിപ്പിക്കുന്ന പാരമ്പര്യവും സംസ്‌കാരവുമാണ് അവിടത്തേത്. പുകവലി അവിടെ വളരെ സാധാരണമാണ്
പുകവലിക്ക് എതിരെ പിന്നീട് ലോകമെങ്ങൂം നടന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ കാര്യമായി നടന്നിട്ടില്ല.
ആരോഗ്യ മന്ത്രാലയത്തിന്റെ 2020 -ലെ കണക്ക് അനുസരിച്ച്, ഇന്തോനേഷ്യയിലെ 79.5 ദശലക്ഷം കുട്ടികളില്‍ 0.7 ശതമാനവും സജീവ പുകവലിക്കാരാണ്. കുട്ടികള്‍ മുതല്‍ പ്രായമാവര്‍ വരെ ഒരുപോലെ പിന്തുടരുന്ന ശീലമാണ് ഇത്.
എങ്കിലും കുട്ടികളെ ലക്ഷ്യം വച്ചിട്ടുള്ളതാണ് അവിടത്തെ പുകയില വിപണി. 10 -നും 14 -നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 0.7 ശതമാനം പുകവലിക്കാരാണെന്ന് 2018 -ല്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആറുവയസ്സാണ് ദിഹാന്. വര്‍ഷങ്ങളായി അവന് പുകവലിക്കുന്നു. അവന് ലഭിക്കുന്ന പോക്കറ്റ് മണി ഉപയോഗിച്ച് അവന് മിഠായിക്ക് പകരം സിഗരറ്റുകള്‍ വാങ്ങി
പക്ഷേ ഇതറിഞ്ഞിട്ടും അതില്‍ നിന്ന് അവനെ പിന്തിരിപ്പിക്കാന് മാതാപിതാക്കള്‍ ശ്രമിച്ചില്ല. ദിഹാന് ഒരു ദിവസം രണ്ട് പാക്കറ്റ് സിഗരറ്റ് വരെ വലിച്ചു.
പതുക്കെ അത് അവന്റെ ആരോഗ്യത്തെ ബാധിക്കാന്‍ തുടങ്ങി. നിര്‍ത്താതെയുള്ള ചുമ വില്ലനായി. ഇപ്പോള്‍ ആ ശീലത്തില്‍ നിന്ന് പുറത്ത് വരാന്‍ അവന് കഠിനമായി പരിശ്രമിക്കുന്നു.
ഇപ്പോള്‍ ആ ശീലത്തില്‍ നിന്ന് പുറത്ത് വരാന്‍ അവന് കഠിനമായി പരിശ്രമിക്കുന്നു. ഇപ്പോള്‍ അവന് ഒരു ദിവസം അഞ്ച് തവണ മാത്രമാണ് പുകവലിക്കുന്നതെന്ന് അവന്റെ അമ്മ സുലാവതി പറഞ്ഞു.
ദിഹാന്റെ പിതാവ് ഒരു പുകയില കര്‍ഷകനാണ്. കൂടാതെ, ഒരു ചെയിന്‍-സ്മോക്കറും. വീടിന്റെ പൂമുഖത്ത് സ്വന്തം ആവശ്യത്തിനായി മൊത്തം 100 കിലോഗ്രാം വരുന്ന നാല് വലിയ പുകയില ബാഗുകളാണ് അയാള്‍ സൂക്ഷിച്ചിരുന്നത്.
മകന് അതില്‍ നിന്ന് കുറച്ച് എടുക്കാന്‍ അനുവാദമുണ്ട്. ബാക്കിയുള്ളത് അയാള്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നു. സിഗരറ്റ് നല്‍കിയില്ലെങ്കില്‍ മകന് കരയുമെന്ന ന്യായമാണ് അയാള്‍ക്ക് പറയാനുള്ളത്. ഇത്തരം നിരവധി ഉദാഹരണങ്ങള്‍ അവിടെ കാണാനാകും.
പുകയിലയുടെ അപകടങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മയാണ് ഇതിനെല്ലാം കാരണമെന്ന് വ്യക്തമാണ്. അതിന് ഇന്തോനേഷ്യന്‍ അധികാരികളെയാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നത്.
പുകയില നിയന്ത്രണത്തിനുള്ള ചട്ടക്കൂടുണ്ടാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ കണ്‍വെന്‍ഷനില്‍ ഒപ്പിടാത്ത ഏഷ്യയിലെ ഏക രാജ്യമാണ് ഇന്തോനേഷ്യ. തന്മൂലം സിഗരറ്റുകള്‍ ഇപ്പോഴും വളരെ വിലകുറവാണ്.
സിഗരറ്റ് പരസ്യങ്ങള്‍ക്കും രാജ്യത്ത് നിരോധനമില്ല. അവിടെ ടെലിവിഷനിലും പത്രങ്ങളിലും മാസികകളിലും റോഡുകളിലും എല്ലാം സിഗരറ്റിന്റെ പരസ്യങ്ങള്‍ കാണാം.
സിഗരറ്റ് കമ്പനികള്‍ രാജ്യത്തെ മിക്കവാറും എല്ലാ സംഗീത പരിപാടികളും, കായിക പരിപാടികളും സ്പോണ്സര് ചെയ്യുന്നു. ഈ പരസ്യപ്രചരണം സ്ഥിരമായി കാണുന്ന കുട്ടികള്‍ സ്വാഭാവികമായും പുകവലി രസകരമാണെന്ന് തെറ്റിദ്ധരിക്കുന്നു.
അതുപോലെ കുട്ടികള്‍ക്ക് സിഗരറ്റ് വില്ക്കാന് പാടില്ലെന്ന് നിയമം ഉണ്ടെങ്കില്‍ കൂടി അതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല.
30% -ല്‍ കൂടുതല്‍ ചെറുപ്പക്കാര്‍ പത്ത് വയസ്സിനുമുമ്പ് ഒരു സിഗരെറ്റെങ്കിലും വലിച്ചിട്ടുണ്ടെന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു.
ശിശുരോഗവിദഗ്ദ്ധനും ഇന്തോനേഷ്യന്‍ പീഡിയാട്രിക് അസോസിയേഷന് (IDAI) അംഗവുമായ ദര്‍മാവന്‍ ബുഡി സിഗരറ്റ് കുട്ടികളുടെ വളര്‍ച്ച, ബുദ്ധി, പെരുമാറ്റം, ഏകാഗ്രത എന്നിവയെ മന്ദഗതിയിലാക്കുമെന്ന് പറയുന്നു.
കുട്ടികാലത്തെ ഈ ശീലം തുടങ്ങിയാല്‍, നിര്‍ത്താന്‍ കൂടുതല്‍ ബുദ്ധിമുട്ടാണെന്നും ശിശുരോഗവിദഗ്ദ്ധനും ഇന്തോനേഷ്യന്‍ പീഡിയാട്രിക് അസോസിയേഷന് (IDAI) അംഗവുമായ ദര്‍മാവന്‍ ബുഡി കൂട്ടിച്ചേര്‍ത്തു.