- Home
- Magazine
- Web Specials (Magazine)
- പാര്‍ട്ടിയുടെ സ്വന്തം ചാനല്‍ അവതാരകന്റെ ലൈംഗിക പീഡനം തുറന്നു പറഞ്ഞു, യുവതിക്ക് കൊടുംപീഡനം
പാര്‍ട്ടിയുടെ സ്വന്തം ചാനല്‍ അവതാരകന്റെ ലൈംഗിക പീഡനം തുറന്നു പറഞ്ഞു, യുവതിക്ക് കൊടുംപീഡനം
ചൈനീസ് ഭരണകൂടം പറയുന്നത് അനുസരിച്ച്്, ഒരു തെറ്റേ അവള്‍ ചെയ്തിട്ടുള്ളൂ. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സ്വന്തക്കാരനും ഭരണകൂടത്തിന്റെ വിശ്വസ്ഥനുമായ സെലിബ്രിറ്റി ചാനല്‍ അവതാരകന്റെ ലൈംഗിക പീഡനത്തിന് എതിരെ മീ റ്റു ആേരാപണം ഉയര്‍ത്തി. അതിനു ശേഷം മൂന്ന് വര്‍ഷങ്ങള്‍. തുടക്കം മുതല്‍ ആരോപണത്തില്‍നിന്ന് അവളെ പിന്തിരിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ ഏജന്‍സികളുടെ ശ്രമം. എന്നാല്‍ അവള്‍ കേസുമായി മുന്നോട്ടുപോയി. എന്നാല്‍, കഴിഞ്ഞ 14 -ാം തീയതി ചൈനീസ് കോടതി അവളുടെ കേസ് തെളിവില്ലെന്നു പറഞ്ഞ് തള്ളി. അതു കഴിഞ്ഞ് രണ്ടാഴ്ചയായി. ഇപ്പോള്‍ അവളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അവളെ പിന്തുണച്ച സ്ത്രീ ഗ്രൂപ്പുകളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ക്കും അപ്രഖ്യാപിത നിരോധനമുണ്ട്. ജോലിയില്ല, വരുമാനമില്ല, പിന്തുണക്കാന്‍ ആരുമില്ല. നിരന്തര പൊലീസ് നിരീക്ഷണം. കുടുംബത്തെ പീഡിപ്പിക്കല്‍. അക്ഷരാര്‍ത്ഥത്തില്‍ അവളെ നിശ്ശബ്ദയാക്കിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം.

ചൈനയെ ഇളക്കി മറിച്ച ലൈംഗിക ആരോപണമായിരുന്നു അത്. ചൈനയിലെ ഏറ്റവും പ്രശസ്തനായ ചാനല്‍ അവതാരകനും നടനുമായ ഴു ജുന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ഒരു യുവതി ആരോപിച്ചു. ചാനല്‍ പരിപാടികളിലൂടെ ജനപ്രീതി നേടിയ അവതാരകനാണ് ഴു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വന്തക്കാരന്‍. ചൈനീസ് സര്‍ക്കാറിന്റെ പോസിറ്റീവ് എനര്‍ജി പരിപാടിയുടെ ബ്രാന്റ് അംബാസഡര്‍. ഉന്നത തലങ്ങളില്‍ നല്ല സ്വാധീനമുള്ള ആള്‍.
57 വയസ്സുകാരനായ ഴു ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സട്ടീവ് കമ്മിറ്റി ദേശീയ സമിതി അംഗം, ചൈന ഫെഡറേഷന്‍ ഓഫ ലിറ്റററി ആന്റ് ആര്‍ട്ട് സര്‍ക്കിള്‍സ് ദേശീയ സമിതി അംഗം, ഓള്‍ ചൈന യൂത്ത് ഫെഡറേഷന്‍ ദേശീയ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അവതാരകന്‍ എന്ന നിലയിലും നടന്‍ എന്ന നിലയിലുമുള്ള സ്വീകാര്യതയ്ക്കപ്പുറം, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാംസ്‌കാരിക മുഖം കൂടിയാണ് ഇദ്ദേഹം.
ലോകത്തിനു മുന്നില്‍ ചൈന ഉയര്‍ത്തിക്കാണിക്കുന്ന പോസിറ്റീവ് വ്യക്തിത്വമാണ് ഴു. പ്രശസ്തമായ സ്പ്രിംഗ് ഫെസ്റ്റില്‍ ആഘോഷങ്ങളുടെ സ്ഥിരം അവതാരകന്‍ ആയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ചൈനയിലെ ഏറ്റവും സ്വാധീനശക്തിയുള്ള മാധ്യമപ്രവര്‍ത്തകന്‍. ഉന്നത തല ബന്ധങ്ങളുള്ള സെലിബ്രിറ്റി. ചൈനീസ് സര്‍ക്കാറിന്റെ ഏറ്റവും വലിയ മാധ്യമഅവാര്‍ഡുകള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്.
സിസിടിവിയില്‍ താന്‍ ഇന്റണ്‍ഷിപ്പ് ചെയ്യുന്നതിനിടെ ഴു തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം. സിയാന്‍സി എന്നറിയപ്പെടുന്ന ഴൗ സിയാസുവാന്‍ എന്ന യുവതിയാണ്, 2018-ല്‍ ആരോപണം ഉന്നയിച്ചത്. ലോകമെങ്ങൂം മീ റ്റൂ ആരോപണങ്ങള്‍ ഉയരുന്ന സമയത്താണ്, നാലു വര്‍ഷം മുമ്പ് തനിക്കുണ്ടായ അനുഭവം മൂവായിരം വാക്കുകളില്‍ സിയാന്‍സി തുറന്ന് എഴുതിയത്.
ആരോപണങ്ങള്‍ ചൈനയെ ഞെട്ടിച്ചു. ട്വിറ്ററിനും ഫേസ്ബുക്കിനുമൊന്നും ഇടമില്ലാത്ത ചൈനയില്‍ സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സോഷ്യല്‍ മീഡിയകളാണുള്ളത്. എന്നിട്ടു പോലും നിരവധി സ്ത്രീകള്‍ മീറ്റൂ കാമ്പെയിനില്‍ പങ്കാളികളായി. നിരവധി പ്രമുഖര്‍ക്കെതിരെ ആരോപണമുയര്‍ന്നു. എന്നാല്‍, അവരേക്കാളൊക്കെ ഉന്നതനായിരുന്നു ഴു എന്ന സെലിബ്രിറ്റി അവതാരകന്‍.
2014-ല്‍ ഇന്റണ്‍ഷിപ്പ് ചെയ്തു കൊണ്ടിരിക്കെ, ഴു വിന്റെ മുറിയില്‍ ഒരഭിമുഖം കിട്ടുമോ എന്നറിയാന്‍ ചെന്നപ്പോഴാണ് സംഭവമെന്നാണ് സിന്‍സിയാന്‍ എഴുതിയത്. എതിര്‍ക്കാന്‍ ശ്രമിച്ചിട്ടും കേറിപ്പിടിക്കുകയായിരുന്നുവെന്നുഅവള്‍ എഴുതി. ലൈംഗികാവയവങ്ങളില്‍ ബലം പ്രയോഗിച്ച് ചുംബിച്ചു. അമ്പതു മിനിറ്റോളം തന്നെ പീഡിപ്പിച്ചതായി അവള്‍ പറഞ്ഞു. അവസാനം, ഒരു സഹപ്രവര്‍ത്തകനുമായി അയാള്‍ സംസാരിക്കുന്നതിനിടെ മുറിയില്‍നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും സിന്‍സിയാന്‍ എഴുതി.
അന്ന് 21 വയസ്സായിരുന്നു അവള്‍ക്ക്. ''ഞാനാകെ ഭയന്നു പോയിരുന്നു. കോടിക്കണക്കിന് ആരാധകരുള്ള വമ്പന്‍ സെലിബ്രിറ്റി ആയിരുന്നു അയാള്‍. എന്തെങ്കിലും തുറന്നു പറഞ്ഞാല്‍ അയാളെന്റെ പഠനത്തെ ഇല്ലാതാക്കുമെന്ന് ഞാന്‍ ഭയന്നു. ഒന്നും പ്രതികരിക്കാതെ ഞാന്‍ മിണ്ടാതിരുന്നു. ഉള്ളില്‍ ആ മുറിവ് കരിയാതെ കിടപ്പുണ്ടായിരുന്നു.''അവള്‍ പിന്നീട് ഒരഭിമുഖത്തില്‍ പറഞ്ഞു
എന്നിട്ടും അവളീ വിവരം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, പൊലീസ് തന്നെ നിരുല്‍സാഹപ്പെടുത്തുകയായിരുന്നു എന്നവള്‍ അഭിമുഖത്തില്‍ പറയുന്നു. ''കേസ് എടുക്കാന്‍ പൊലീസ് തയ്യാറായില്ല. പോസിറ്റീവ് എനര്‍ജിയുടെ ബ്രാന്റ് അംബാസഡറായി കരുതുന്ന അവതാരകനെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്നത് ലോകത്തിനു മുന്നില്‍ രാജ്യത്തെ മോശമാക്കും എന്നതായിരുന്നു പൊലീസിന്റെ ആദ്യ വാദം.'' കേസുമായി മുന്നോട്ടുപോയാല്‍ അവളുടെ മാതാപിതാക്കളുടെ സര്‍ക്കാര്‍ േജാലിയെയും അവളുടെ ഭാവിയെയും ബാധിക്കും എന്ന് പൊലീസ് അവളെ പേടിപ്പിച്ചു. അതോടെ അവള്‍ നിശ്ശബ്ദയായി.
ലോകമെങ്ങുമുള്ള സ്ത്രീകള്‍ തങ്ങളുടെ ലൈംഗികാതിക്രമ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ മീ റ്റു തരംഗത്തിനിടെയാണ് 2018-ല്‍ അവള്‍ പ്രതികരിച്ചത്. സ്‌ക്രിപ്റ്റ് എഴുത്തുകാരി എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു അപ്പോഴവള്‍. തനിക്കുണ്ടായ അനുഭവങ്ങള്‍ അവള്‍ എഴുതി.
വലിയ വിവാദമുണ്ടായി. ആദ്യമേ അയാള്‍ അത് നിഷേധിച്ചു. തന്നെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് എന്നയാള്‍ ആരോപിച്ചു. പാര്‍ട്ടിയും സര്‍ക്കാറും പരോക്ഷമായി അയാളെ പിന്തണച്ചു. വിദേശ രാജ്യങ്ങളുടെ കൈയില്‍നിന്നും കാശു വാങ്ങി ചൈനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് അവളെന്ന് സോഷ്യല്‍ മീഡിയയയില്‍ പാര്‍ട്ടി അനുകൂലികള്‍ അവളെ തെറിവിളിച്ചു.
എന്നാല്‍, സ്ത്രീകളുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു അവള്‍ക്ക്. ഒരു ഫെമിനിസ്റ്റ് കൂട്ടായ്മ ശക്തമായ പിന്തുണയുമായി അവള്‍ക്കൊപ്പം നിന്നു. സോഷ്യല്‍ മീഡിയയില്‍ അവളുടെ പ്രശസ്തി പെട്ടെന്നുയര്‍ന്നു. മൂന്ന് ലക്ഷം പേര്‍ അവളെ ഫോളോ ചെയ്യാന്‍ തുടങ്ങി.
എന്നാല്‍, സ്ത്രീകളുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു അവള്‍ക്ക്. ഒരു ഫെമിനിസ്റ്റ് കൂട്ടായ്മ ശക്തമായ പിന്തുണയുമായി അവള്‍ക്കൊപ്പം നിന്നു. സോഷ്യല്‍ മീഡിയയില്‍ അവളുടെ പ്രശസ്തി പെട്ടെന്നുയര്‍ന്നു. മൂന്ന് ലക്ഷം പേര്‍ അവളെ ഫോളോ ചെയ്യാന്‍ തുടങ്ങി.
എന്നിട്ടും അവള്‍ പിന്‍മാറിയില്ല. ഒരു സ്ത്രീപക്ഷ സംഘടനയുടെ അഭിഭാഷക അവള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായി.
അതിനിടെ അവളെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും ശ്രമങ്ങള്‍ നടന്നു. എന്നിട്ടും സുഹൃത്തുക്കളുടെ പിന്തുണയോടെ അവള്‍ പരാതിയില്‍ ഉറച്ചുനിന്നു.
അതോടെ അവര്‍ക്കെതിരെയും നടപടി വന്നു. അവളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ നിരന്തരം ബ്ലോക്ക് ചെയ്യപ്പെട്ടപ്പോള്‍ സുഹൃത്തുക്കള്‍ അവളുടെ പോസ്റ്റുകള്‍ അവരുടെ ഹാന്‍ഡിലുകളില്‍നിന്നും പോസ്റ്റ് ചെയ്തു. അതിനു പിന്നാലെ, അവരും ബ്ലോക്ക് ചെയ്യപ്പെട്ടു.
75 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് കോടതി വിധിച്ചാല്‍, അതടയ്ക്കാന്‍ മാര്‍ഗമില്ലാതെ അവള്‍ ജയിലിലേക്ക് പോവേണ്ട വരും. കേസ് നിലനില്‍ക്കുന്നതിനാല്‍ വിദേശത്തേക്ക് പോവാനോ പൗരത്വം സ്വീകരിക്കാനോ അവള്‍ക്ക് കഴിയില്ല. ജോലിയോ വരുമാനമോ ഇല്ലാതെ, പിന്തുണക്കാന്‍ ആരുമില്ലാതെ അവള്‍ ദുരിത ജീവിതത്തിലാണ് ഇപ്പോള്‍ തന്നെ.
ഇപ്പോള്‍ ഫ്രീലാന്‍സ് ജോലികള്‍ ചെയ്താണ് അവള്‍ കഴിയുന്നത്. ഭരണകൂടത്തിന്റെ ശത്രുതയുള്ളതിനാല്‍ ജോലി നല്‍കാന്‍ പോലും ആളുകള്‍ക്ക് ഭയമാണ്. അവളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ മാത്രമല്ല ചൈനീസ് അധികാരികള്‍ ബ്ലോക്ക് ചെയ്തത്. മീറ്റുവിന് സമാനമായ ചൈനീസ് വാക്ക് തന്നെ സോഷ്യല്‍ മീഡിയയയില്‍നിന്നും നീക്കം ചെയ്യപ്പെട്ടു. ഇനിയാരും മീറ്റു ആരോപണവുമായി വരാത്ത സാഹചര്യം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍.
ഇതിനോടൊപ്പമാണ് സോഷ്യല്‍ മീഡിയയില്‍ അവള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ രൂക്ഷമായത്. പാര്‍ട്ടി പ്രവര്‍ത്തകരും ചൈനീസ് ദേശീയ വാദികളും അതിക്രൂരമായാണ് അവളെ ആക്രമിച്ചത്. രാജ്യത്തെ തകര്‍ക്കാന്‍ അവള്‍ വിദേശ രാജ്യങ്ങളുടെ ചട്ടുകമാവുകയാണെന്നാണ് അവരുടെ ആരോപണം. സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് തന്നെ ഈ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ചൈനീസ് സമൂഹത്തെ താറുമാറാക്കാന്‍ പടിഞ്ഞാറന്‍ ശക്തികള്‍ കൊണ്ടുവന്ന ആയുധമാണ് മീറ്റൂ പ്രസ്ഥാനം എന്നായിരുന്നു ഗ്ലോബല്‍ ടൈംസിന്റെ ആരോപണം.
വിചാരണക്കിടയില്‍ കോടതി പക്ഷപാതപരമായാണ് പെരുമാറിയതെന്ന് സിന്‍സിയാന്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 'എന്നെ അവര്‍ സംസാരിക്കാനേ അനുവദിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ്. ദൃക്‌സാക്ഷികള്‍ സ്വാഭാവികമായും ഉണ്ടാവില്ലല്ലോ.
''21 വയസ്സുള്ളപ്പോഴായിരുന്നു ആ സംഭവം. എനിക്കിപ്പോള്‍ 28 വയസ്സായി. ഇനിയും മൂന്നു വര്‍ഷം ഇങ്ങനെ പൊരുതാനുള്ള അവസ്ഥയോ ഊര്‍ജമോ എനിക്കുണ്ടെന്ന് തോന്നുന്നില്ല. അത്രയ്ക്ക് ഉപദ്രവിക്കുന്നുണ്ട് അവര്‍.'' ഇപ്പോഴത്തെ അവസ്ഥയെ അവള്‍ ഇങ്ങനെയാണ് വിശദീകരിക്കുന്നത്.
എങ്കിലും ലൈംഗിക പീഡനത്തിന് ഇരയകളാവുന്ന സ്ത്രീകളെ സഹായിക്കാനുള്ള ഒരു സംവിധാനം ഉണ്ടാക്കണമെന്നാണ് ഇപ്പോഴവളുടെ ജീവിതാഭിലാഷം. പക്ഷേ, അവളെ എല്ലാ വിധത്തിലും ഭരണകൂടം നിശ്ശബ്ദയാക്കുകയാണ് എന്നതാണ് വാസ്തവം.