എംപ്രസ് മാര്‍ക്കറ്റ്; എലിസബത്ത് II-ന്‍റെ മരണത്തോടെ ഉയര്‍ന്നു വരുന്ന മറച്ചുവയ്ക്കപ്പെട്ട ബ്രിട്ടീഷ് ഭരണകാലം
70 വര്‍ഷത്തോളം ബ്രിട്ടീഷ് രാജ്ഞിയായിരുന്ന എലിസബത്തിന്‍റെ മരണത്തോടെ പഴയ ബ്രിട്ടീഷ് കോളനികളില്‍ നിന്ന് ബ്രിട്ടീഷ് ഭരണകാലത്തെ ദുര്‍ഭരണത്തിന്‍റെ പ്രാദേശിക ചരിത്രങ്ങള്‍ പുകമറ നീക്കി പുറത്ത് വന്നു തുടങ്ങി. ഏതാണ്ടെല്ലാ വന്‍ കരകളിലും കോളനികളുമുണ്ടായിരുന്ന ബ്രിട്ടന്‍ നൂറ്റാണ്ടുകളോളം അറിയപ്പെട്ടിരുന്നത് സൂര്യനസ്തമിക്കാത്ത രാജ്യമെന്നായിരുന്നു. ഇതില്‍ ബ്രിട്ടന്‍റെ ഏറ്റവും വലിയ കോളനികളിലൊന്നായിരുന്നു ഇന്ത്യയുള്‍പ്പെടുന്ന ഉപഭൂഖണ്ഡം. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന എലിസബത്ത് II ന്‍റെ മരണത്തോടെ ബ്രിട്ടന്‍റെ കോളനികളില്‍ നിന്ന് ബോധപൂര്‍വ്വം മറച്ചുവയ്ക്കപ്പെട്ട ചരിത്രങ്ങള്‍ കാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലായി ഉയര്‍ന്നുവന്നു തുടങ്ങി. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇന്ന് പാകിസ്ഥാനിലെ കറച്ചിയിലെ സദ്ദറില്‍ സ്ഥിതി ചെയ്യുന്ന എംപ്രസ് മാര്‍ക്കറ്റ്.
1884 നും 1889 നും ഇടയിലാണ് എംപ്രസ് മാർക്കറ്റിന്‍റെ നിര്‍മ്മാണം ആരംഭിക്കുന്നത്. എന്നാല്‍, ആ കെട്ടിടം ഇന്ന് നിലനില്‍ക്കുന്ന ദേശത്തിന്‍റെ ചരിത്രം തുടങ്ങുന്നത് 1857 ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തോടെയാണ്. ശിപായി ലഹള എന്ന വിളിപ്പേരില്‍ ബ്രിട്ടന്‍ അടിച്ചമര്‍ത്തിയ ഐകീകൃത ഇന്ത്യന്‍ യൂണിയനിലെ ആദ്യത്തെ സൈനിക സ്വാതന്ത്ര്യ സമരമായിരുന്നു അത്.
നിരവധി കാരണങ്ങള്‍ പിന്നീട് പറയുന്നുണ്ടെങ്കിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും ബ്രിട്ടീഷ് സൈന്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന ഏറ്റവും അടിസ്ഥാന സൈനിക വിഭാഗത്തിന്‍റെ- ശിപായി- അതൃപ്തിയില്‍ നിന്നാണ് കലാപത്തിനുള്ള ആദ്യ ശ്രമങ്ങള്‍ ആരംഭിക്കുന്നത്. 1857 മേയ് 10-ന് മീറഠിലാണ് ആദ്യമായി കലാപത്തിനുള്ള നീക്കം ആരംഭിക്കുന്നത്.
പിന്നീടത് ഇന്ത്യന്‍ ഉപഭൂഖത്തിലെ വിവിധ നഗരങ്ങളിലേക്ക് ആളിപ്പടര്‍ന്നു. സ്വാതന്ത്ര്യം എന്ന വിപ്ലവാശയത്തെ ജനമനസുകളിലേക്ക് ഉയര്‍ത്തികൊണ്ടുവരാന്‍ ആ സായുധ സൈനിക കലാപത്തിന് കഴിഞ്ഞെങ്കിലും കലാപത്തെ ബ്രിട്ടീഷ് സൈന്യം നിഷ്ക്കരുണം അടിച്ചമര്‍ത്തി. സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ആയിരക്കണക്കിന് ശിപായിമാരെ നിഷ്ക്കരുണം കൊന്നൊടുക്കിക്കൊണ്ടായിരുന്നു ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ സ്വാതന്ത്ര്യസമരത്തെ ബ്രിട്ടന്‍ കൈകാര്യം ചെയ്തത്.
ദക്ഷിണേന്ത്യയില്‍ നിന്നും ബ്രിട്ടീഷ് സൈന്യത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം ചേര്‍ക്കപ്പെട്ടിരുന്ന, ഇന്നത്തെ പാകിസ്ഥാനില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്ന നൂറ് കണക്കിന് ശിപായിമാര്‍ കറാച്ചിയിലെ കലാപത്തില്‍ പങ്കെടുത്തിരുന്നു. ഉപഭൂഖണ്ഡത്തിലെ സ്വാതന്ത്ര്യ മുന്നേറ്റങ്ങള്‍ക്കെല്ലാമുണ്ടായിരുന്ന വിധി തന്നെയായിരുന്നു കറാച്ചിയിലെ കലാപത്തിനും നേരിടേണ്ടിവന്നത്.
പീരങ്കി കുഴലിന് മുന്നില്‍ കെട്ടിവച്ച് തീ കൊളുത്തി, ശരീരം തന്നെ ചിന്നിചിതറിച്ച് കൊണ്ടായിരുന്നു ബ്രീട്ടീഷ് പട്ടാളം അന്ന് പിടികൂടപ്പെട്ട കലാപകാരികളായ ശിപായിമാരോട് പ്രതികാരം ചെയ്തത്. സ്വന്തം ദേശത്തിന്‍റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നൂറ് കണക്കിന് ദക്ഷിണേന്ത്യക്കാരടക്കമുള്ള ശിപായിമാര്‍ അന്ന് കറാച്ചിയിലെ പൊതു സ്ഥലത്ത് നിഷ്കരുണം ഇല്ലാതാക്കപ്പെട്ടു.
അവരുടെ ശരീരാവശിഷ്ടങ്ങള്‍ അവിടെ തന്നെ കുഴിച്ചിടപ്പെട്ടു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, അന്ന് കൊല്ലപ്പെട്ട ശിപായിമാരുടെ സ്മരണ നിലനിര്‍ത്താനായി ആ പൊതു സ്ഥലത്ത് സ്മാരകം വേണമെന്ന പ്രദേശികമായ ആവശ്യങ്ങള്‍ ഉയര്‍ന്നു. എന്നാല്‍, തങ്ങളുടെ ക്രൂരമായ ചരിത്രത്തെ എല്ലാ നിലയിലും മായ്ച്ചുകളയാനും കോളനികളിലെ സ്വാതന്ത്രവാഞ്ചയെ മുളയിലേ നുള്ളാനുമായിരുന്നു ബ്രീട്ടീഷ് ഭരണകൂടം താത്പര്യപ്പെട്ടത്.
ഇതിന്‍റെ ഭാഗമായി 1884-ൽ അന്നത്തെ ബോംബെ ഗവർണറായിരുന്ന ജെയിംസ് ഫെർഗൂസണ്‍ എംപ്രസ് മാർക്കറ്റിന് തറക്കല്ലിട്ടു. ജെയിംസ് സ്ട്രാച്ചൻ എന്ന വാസ്തുശില്പി രൂപകൽപന ചെയ്ത കെട്ടിടത്തിന്‍റെ നിര്‍മ്മണം പൂര്‍ത്തിയാക്കിയത് ഇംഗ്ലീഷ് സ്ഥാപനമായ എ.ജെ. ആറ്റ്ഫീൽഡും 'മഹൂംദ് നിവാൻ ആൻഡ് ദുല്ലൂ ഖെജൂ' എന്ന പ്രാദേശിക സ്ഥാപനവുമാണ്. വിശാലമായ നാല് മുറികളും ഒപ്പം 280 ഓളം കടകളും സ്റ്റോര്‍ കീപ്പര്‍മാര്‍ക്കുള്ള താമസ സ്ഥലവും അടങ്ങുന്നതായിരുന്നു നടുമുറ്റവും നാല് കെട്ട് രീതിയിലുമുള്ള ആ കൂറ്റന്‍ കെട്ടിടം.
ഇൻഡോ-ഗോതിക് ശൈലിയിലുള്ള ഒരു വലിയ കെട്ടിടഘടനയാണ് എംപ്രസ് മാര്‍ക്കറ്റിനുള്ളത്. കമാനങ്ങളുള്ള മേൽക്കൂരകളും, പുള്ളിപ്പുലിയുടെ തലകൾ പതിച്ച 140 അടി ഉയരമുള്ള ക്ലോക്ക് ടവറും കെട്ടിടത്തിന്‍റെ പ്രൗഢി വിളിച്ചോതി. നിര്‍മ്മാണ സമയത്ത് കറാച്ചിയിലെ ഏഴ് വലിയ മാര്‍ക്കറ്റുകളില്‍ ഒന്നായിരുന്നു ഇത്. അന്നത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങളും മറ്റും കച്ചവടത്തിനായി എത്തിചേര്‍ന്നിരുന്ന കെട്ടിടത്തിന് രാജ്ഞിയായിരുന്ന വിക്ടോറിയയോടുള്ള ബഹുമാനാര്‍ത്ഥം എംപ്രസ് മാര്‍ക്കറ്റ് എന്ന പേര് നല്‍കി.
പതിവ് പോലെ പ്രദേശവാസികളെ കെട്ടിടത്തില്‍ നിന്നും അകറ്റി നിര്‍ത്തി. 1947 ല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തെ വിഭജിച്ച് വിവിധ രാജ്യങ്ങളാക്കി ഭരണം തദ്ദേശീയരെ ഏല്‍പ്പിച്ച് ബ്രിട്ടീഷ് സൈന്യം തിരികെ പോയി. 1954-ൽ കെഎംസി എംപ്രസ് മാര്‍ക്കറ്റില്‍ കടകളുടെ എണ്ണം 405 ആയി ഉയർത്തുകയും കെട്ടിടത്തിന് പുറത്ത് 1,390 കടകളും ക്യാബിനുകളും അധികമായി നിർമ്മിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുള്ളില്‍ പാകിസ്ഥാനിലെ ഏറ്റവും വലിയ അനധികൃത മാര്‍ക്കറ്റുകളിലൊന്നായി ഈ കെട്ടിടം മാറി.
ഇതോടെ പാക്കിസ്ഥാനിലെ നിരവധി തൊഴിലാളിവർഗക്കാരുടെ പ്രധാന ഇടമായി എംപ്രസ് മാര്‍ക്കറ്റ് മാറി. ഈ അനൗപചാരിക സമ്പദ്‌വ്യവസ്ഥ കറാച്ചിയുടെ സമ്പദ്‌വ്യവസ്ഥയുടെ 30-40% ഉം നഗര തൊഴിലിന്‍റെ 72% വും ഒരു കാലത്ത് കൈയാളിയിരുന്നു. 2015 ഓഗസ്റ്റ് 24 ന്, പാകിസ്ഥാന്‍ വന്യജീവി വകുപ്പ് നടത്തിയ റെയ്ഡിൽ രണ്ട് ഫ്ലമിംഗോകൾ, മക്കാവ്, ഫാൽക്കൺസ്, അടക്കം നിരവധി അത്യപൂര്‍വ്വ പക്ഷികളെയും ദേശാടന പക്ഷികളെയും ഇവിടെ അനധികൃത വില്‍പ്പനയ്ക്ക് വച്ചതായി കണ്ടെത്തി.
ഇതോടെ പ്രദേശികമായി എംപ്രസ് മാര്‍ക്കറ്റ് വീണ്ടെടുക്കണമെന്നുള്ള ആവശ്യങ്ങള്‍ ഉയരുകയും കെട്ടിടത്തിലെ അനധികൃത വില്‍പ്പനയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്തു. ഈ സമയമാകുമ്പേഴേക്കും കെട്ടിടത്തിന് ചുറ്റുമുള്ള പ്രദേശത്ത് നൂറ് കണക്കിന് അനധികൃത കടകളും വില്‍പ്പന ശാലകളും ആരംഭിച്ചിരുന്നു. ഒടുവില്‍ കറാച്ചി മേയറായിരുന്ന വസീം അക്തർ കെട്ടിടത്തെ വീണ്ടെടുക്കാനും കെട്ടടം ഉള്‍പ്പെടുന്ന പ്രദേശത്തെ ഒരു പാര്‍ക്കാക്കി മാറ്റാനുമുള്ള പദ്ധതി അവതരിപ്പിച്ചു.
ലോകബാങ്ക് ധനസഹായത്തോടെയുള്ള കറാച്ചി അയൽപക്ക ഇംപ്രൂവ്‌മെന്‍റ് പ്രോജക്റ്റിന് (കെഎൻഐപി) കീഴിൽ, പ്രദേശത്തിന്‍റെ 'മുൻ പ്രതാപം' പുനരുജ്ജീവിപ്പിക്കാൻ 98 മില്യൺ യുഎസ് ഡോളറാണ് അനുവദിക്കപ്പെട്ടത്. ഇതോടെ കെട്ടിടത്തിന് ചുറ്റുമുണ്ടായിരുന്ന 1,700 കടകൾ പൊളിക്കപ്പെട്ടു. ഏകദേശം 3,000 ഉന്തുവണ്ടി കച്ചവടക്കാരെ നീക്കം ചെയ്തു. പതിവ് പോലെ ഒഴിവാക്കപ്പെടുന്നവര്‍ക്ക് ചില ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും ഇന്നും ഇതൊന്നും നല്‍കപ്പെട്ടിട്ടില്ലെന്ന പരാതിയും ഉയരുന്നു. ഏകദേശം 2,00,000 ആളുകളുടെ ഉപജീവന മാര്‍ഗ്ഗത്തെയാണ് പദ്ധതി ഇല്ലാതാക്കിയത്.
2022 ല്‍ ഏറ്റവും കൂടുതല്‍ക്കാലം ഭരണം നടത്തിയ രാജ്ഞി എന്ന വിശേഷണത്തോടെ എലിസബത്ത് II ന്‍റെ മരണത്തോടെ മുന്‍ കോളോണിയല്‍ രാജ്യങ്ങളിലെ തമസ്കരിക്കപ്പെട്ട ചരിത്രങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ വര്‍ത്തമാനകാലത്തേക്ക് ഉയര്‍ത്തെഴുന്നേക്കുകയാണ്. ഉപഭൂഖണ്ഡത്തിന്‍റെ സ്വാതന്ത്രത്തിനായി പോരാടിയ, ദക്ഷിണേന്ത്യയില്‍ നിന്നടക്കമുള്ള നൂറ് കണക്കിന് സൈനികരെ പീരങ്കിക്ക് മുന്നില്‍ വച്ച് 'പൊട്ടിച്ച്' കളഞ്ഞ പ്രദേശത്തിന് മുകളില്‍ ബ്രിട്ടീഷ് രാജ്ഞിയോടുള്ള ബഹുമാനാര്‍ത്ഥം നിര്‍മ്മിക്കപ്പെട്ട കെട്ടിടത്തിന്‍റെ ചരിത്രവും ഇതോടെ നെറ്റിസണ്‍സിനിടയില്‍ വ്യാപകമായ പ്രചാരം നേടി.