Russia Ukraine Crisis: പുടിന്റെ കണ്ണ് കോഴിക്കൂട്ടില്‍, യുക്രൈന്‍ പിടിക്കാനുള്ള യഥാര്‍ത്ഥ കാരണം ഇതാണ്!
4.4 കോടി ജനങ്ങളുള്ള സ്വതന്ത്ര രാജ്യമായ യുക്രൈന്‍ പിടിച്ചടക്കാനുള്ള അവസാന ആക്രമണങ്ങളിലാണ് റഷ്യ. അക്ഷരാര്‍ത്ഥത്തില്‍ അധിനിവേശം. കരയിലും കടലിലും ആകാശത്തുനിന്നും എത്തിയ റഷ്യന്‍ സൈന്യം മുട്ടന്‍ ന്യായങ്ങള്‍ പറഞ്ഞ് അയല്‍രാജ്യത്തെ കീഴടക്കുകയാണ്. യുക്രൈനില്‍ ദുരിതം അനുഭവിക്കുന്ന റഷ്യന്‍ അനുകൂലികളെ രക്ഷിക്കാനുള്ള സമാധാനപരമായ ശ്രമം എന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്്‌ളാദിമിര്‍ പുടിന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. സത്യത്തില്‍ ഇതുതന്നെയാണോ ഈ യുദ്ധത്തിനുള്ള കാരണം? ഉക്രെയ്ന്‍ പിടിച്ചെടുത്ത് സാമ്രാജ്യം വിപുലീകരിക്കുകയാണോ അവരുടെ ലക്ഷ്യം?
ഈ പടയോട്ടത്തിന് പിന്നില്‍ പുറത്തുപറയാത്ത വേറെയും ഉദ്ദേശ്യങ്ങളുണ്ട് എന്നതാണ് വാസ്തവം. യുക്രൈനിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യമാണ് അതിലേറ്റവും നിര്‍ണായകമായ ഘടകം.
കാടുകളും, നദികളും, പര്‍വതങ്ങളും കൊണ്ട് സമ്പന്നമാണ് റഷ്യ. മൊത്തം ഭൂമിയുടെ പത്തിലൊന്ന് ഈ രാജ്യം കൈവശപ്പെടുത്തിയിരിക്കുന്നു.
റഷ്യയ്ക്ക് 11 ടൈംസോണുകളുടെ നീളമുണ്ട്, കൂടാതെ 17 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണവുമുണ്ട്. കാടുകളും, നദികളും, പര്‍വതങ്ങളും കൊണ്ട് സമ്പന്നമാണ് റഷ്യ
എന്നാല്‍ ഇത്രയേറെ വിസ്തൃതിയുള്ള റഷ്യയ്ക്ക് ഭൂമിശാസ്ത്രപരമായ ഒരു വലിയ ന്യൂനതയുണ്ട്, സമുദ്രങ്ങളിലേക്ക് നേരിട്ട് പ്രവേശനമുള്ള ഊഷ്മളമായ ജലമുള്ള തുറമുഖം റഷ്യയ്ക്കില്ല.
നീണ്ട കടല്‍തീരമുണ്ടെങ്കിലും, ആര്‍ട്ടിക് പ്രദേശത്താണ് രാജ്യത്തെ തുറമുഖങ്ങളില്‍ പലതും. ഈ തുറമുഖങ്ങള്‍ അതിനാല്‍, വര്‍ഷത്തില്‍ പകുതിയുംതണുത്തുറഞ്ഞു കിടക്കുന്നു.
എന്നാല്‍ വര്‍ഷം മുഴുവന്‍ വെള്ളം ചൂടായി കിടന്നാലേ കപ്പലുകള്‍ ഇറക്കാനും, വര്‍ഷം മുഴുവനും വ്യാപാരം നടത്താനും സാധിക്കുകയുള്ളൂ. അതുകൊണ്ട്, ഈ പ്രതിസന്ധി റഷ്യയുടെ വാണിജ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.
ഈ സാഹചര്യത്തില്‍, നാറ്റോ അംഗമായ തുര്‍ക്കിയുടെ നിയന്ത്രണത്തിലുള്ള ബോസ്ഫറസ് ചാനല്‍ കടന്ന് മാത്രമേ റഷ്യയ്ക്ക് മെഡിറ്ററേനിയന്‍ കടലിലെത്താന്‍ സാധിക്കുകയുള്ളൂ. തുര്‍ക്കി ഇപ്പോള്‍ റഷ്യന്‍ വ്യാപാര കപ്പലുകളെ അതിലൂടെ കടന്ന് പോകാന്‍ അനുവദിക്കുന്നുവെങ്കിലും, എപ്പോള്‍ വേണമെങ്കിലും ആ പിന്തുണ തുര്‍ക്കി പിന്‍വലിക്കാം.
ഇത് റഷ്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഇനിയെന്ത് എന്ന് ചിന്തിക്കുന്നിടത്താണ് യുക്രൈനിന്റെ പ്രസക്തി.
യുക്രൈനിലെ ക്രിമിയയിലുള്ളചെറുചൂടുള്ള തുറമുഖമാണ് സെവാസ്റ്റപോള്‍. ഈ ചൂടുവെള്ള തുറമുഖം ഉപയോഗിക്കാനും വ്യാപാരത്തിനായി കപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കാനും റഷ്യക്ക് പാട്ടത്തിന് നല്കിയിരിക്കയാണ്.
ukraine
ഈ തുറമുഖമാണ് വര്‍ഷത്തിലുടനീളം റഷ്യയെ മെഡിറ്ററേനിയനുമായി ബന്ധിപ്പിക്കുന്നത്. അതായത്, റഷ്യയുടെ സമുദ്രവ്യാപാരത്തെ നിര്‍ണയിക്കുന്ന തന്ത്രപരമായ പ്രാധാന്യമാണ് ഇതിനുള്ളത്.
എന്നാല്‍ യുക്രൈന്‍ യൂറോപ്യന്‍ യൂണിയനിലേക്കോ നാറ്റോയിലേക്കോ പോയാല്‍, ഈ തുറമുഖം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. യുക്രൈനാണെങ്കില്‍, നാറ്റോയില്‍ ചേരാനുള്ള ആഗ്രഹവുമായി നടക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായി.
ഇതാണ് യുക്രൈന്‍ പിടിക്കാന്‍ റഷ്യയെ പ്രേരിപ്പിക്കുന്ന മുഖ്യഘടകം. ഉക്രെയ്ന്‍ പിടിച്ചെടുത്താല്‍, പിന്നെ ആ തീരത്തിലൂടെ ലോകവുമായി വ്യാപാര ബന്ധം സ്ഥാപിക്കാന്‍ റഷ്യയ്ക്ക് എളുപ്പം സാധിക്കും.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം, നേരത്തെ സോവിയറ്റ് യൂനിയനിലുണ്ടായിരുന്ന ഉസ്‌ബെക്കിസ്താന്‍ കസാഖിസ്താന്‍ മുതലായ രാജ്യങ്ങള്‍ റഷ്യക്കാര്‍ക്കൊപ്പം ചേര്‍ന്നാണ് നില്‍ക്കുന്നത്.
എന്നാല്‍ യൂറോപ്പിന് സമീപമുള്ള രാജ്യങ്ങളായ റൊമാനിയ, ലിത്വാനിയ മുതലായവയ്ക്ക് യൂറോപ്പുമായാണ് ചാര്‍ച്ച. അവര്‍ നാറ്റോയില്‍ ചേര്‍ന്നു.
എന്നാല്‍ ഭൂമിശാസ്ത്രപരമായി മധ്യത്തിലുള്ള യുക്രൈന്‍ മധ്യത്തില്‍ കുടുങ്ങി പോയി. യുക്രൈനിന്റെ കിഴക്കന്‍ ഭാഗം റഷ്യയെയും പടിഞ്ഞാറന്‍ ഭാഗം യൂറോപ്യന്‍ യൂണിയനെയും പിന്തുണച്ചു.
2013 -ല്‍, യുക്രൈന്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം തേടാനായി ഒരുങ്ങി. അതോടെ അപകടം മണത്ത പുടിന്‍ ഇടപെട്ടു. അദ്ദേഹം ക്രിമിയയെ പിടിച്ചെടുക്കുകയും, അവിടെയുള്ള തുറമുഖം സ്വയം ഏറ്റെടുക്കുകയും ചെയ്തു.
അതോടെ ഭയന്നുപോയ യുക്രൈന്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള പദ്ധതി തന്നെ ഉപേക്ഷിച്ചു. പക്ഷേ അപ്പോഴേക്കും അവര്‍ക്ക് ക്രിമിയ നഷ്ടമായിരുന്നു.
ഇപ്പോള്‍ യുക്രൈന്‍ വീണ്ടും നാറ്റോ അംഗത്വം നേടാന്‍ ശ്രമം നടത്തുകയാണ്. അതില്‍ അവര്‍ വിജയിച്ചാല്‍, അത് റഷ്യയ്ക്ക് വലിയ തിരിച്ചടിയാവും. ഇതാണ് സത്യത്തില്‍, യുക്രൈനിനെ ആക്രമിക്കാന്‍ റഷ്യയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം.