അഫ്ഗാനില്‍ ദുരൂഹ സാഹചര്യത്തില്‍ അരുംകൊലകള്‍, കൊല്ലപ്പെട്ടവരുടെ പോക്കറ്റില്‍ ഭീഷണിക്കത്ത്!
അഫ്ഗാനിസ്താനിലെ ജലാലാബാദ് ഈയടുത്തായി ഒരു രഹസ്യയുദ്ധത്തിന് സാക്ഷ്യം വഹിക്കുകയാണ്. ദിവസവും ദുരൂഹ സാഹചര്യത്തില്‍ കുറേയധികം മനുഷ്യര്‍ കൊല്ലപ്പെടുന്നു. അവരുടെ മൃതദേഹങ്ങള്‍ നഗരപ്രാന്തങ്ങളില്‍ അവിടവിടെയായി കാണപ്പെടുന്നു. ചിലര്‍ തൂക്കിക്കൊന്ന നിലയിലാണ്. മറ്റു ചിലര്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍. ഇവരുടെയെല്ലാം പോക്കറ്റുകളില്‍ ഒരു തുണ്ട് കടലാസ് കാണാം. അഫ്ഗാനിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ഐ എസ് കൊറോസാന്‍ അംഗമാണ് എന്നാണ് ആ കടലാസുകളില്‍ എഴുതിവെച്ചിരിക്കുന്നത്. ഇതുവരെ ഈ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആരാണ് ഈ കൊല നടത്തുന്നത്?
മറ്റാരുമല്ല, താലിബാനാണ് കൊലയാളികള്‍ എന്നാണ് സൂചനകള്‍. എന്നാല്‍, താലിബാന്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ജനങ്ങളും പ്രതിരോധ വിദഗ്ധരുമെല്ലാം വിരല്‍ ചൂണ്ടുന്നത് അഫ്ഗാനിസ്താനില്‍ താലിബാനും ഇസ്‌ലാമിക് സ്‌റ്റേറ്റും തമ്മില്‍ നടക്കുന്ന രഹസ്യ യുദ്ധത്തിലേക്കാണ്. ജലാലാബാദ് ആണ് ഈ യുദ്ധത്തിന്റെ കേന്ദ്രം.
സമാനമായ രീതിയിലാണ് ദുരൂഹ സാഹചര്യത്തില്‍ താലിബാന്‍കാര്‍ പരക്കെ കൊല്ലപ്പെട്ടിരുന്നത്. കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഐ എസ് ഭീഷണികളുമുണ്ടായിരുന്നു.
അവിടവിടെയായി താലിബാന്‍കാര്‍ കൊല്ലപ്പെടുന്നത് വലില ചര്‍ച്ചയായതിനു പിന്നാലെയാണ് അതേ നാണയത്തില്‍ താലിബാന്‍ തിരിച്ചടി തുടങ്ങിയത്
അഫ്ഗാനിസ്താനില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് താലിബാന്‍ അവകാശപ്പെടുമ്പോഴും ജലാലാബാദിന്റെ ചുറ്റുമായി ഈ രഹസ്യയുദ്ധം തുടരുകതന്നെയാണ്. ആക്രമിക്കുക രക്ഷപ്പെടുക എന്ന താലിബാന്‍ രീതി തന്നെയാണ് ഐ എസും പിന്തുടരുന്നത്.
റോഡരികിലുള്ള സ്‌ഫോടനങ്ങള്‍, അപ്രതീക്ഷിത കൊലപാതകങ്ങള്‍ എന്നിവയാണ് ഐ എസ് നടത്തുന്നത്. അതേ നാണയത്തില്‍ അതിനു മറുപടി നല്‍കുകയാണ് താലിബാന്‍.
ജലാലാബാദ് ഉള്‍പ്പെടുന്ന നന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ താലിബാന്‍ സുരക്ഷാ ചുമതല ഡോ. ബഷീര്‍ എന്ന കമാണ്ടറിനാണ്. ഇവിടെയുള്ള കുനാര്‍ എന്ന സ്ഥലമാണ് ഐ എസുകാരുടെ കേന്ദ്രം. ഇവിടങ്ങളില്‍നിന്നും ഐഎസുകാരെ തുരത്താനുള്ള സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇയാളാണ്.
ദൂരൂഹസാഹചര്യത്തില്‍ മൃതദേഹങ്ങള്‍ കാണപ്പെടുന്നതിനു പിന്നില്‍ തങ്ങള്‍ അല്ലെന്നാണ് ഡോ. ബഷീര്‍ ബിബിസിയോട് പറഞ്ഞത്. എന്നാല്‍ നിരവധി ഐ എസുകാരെ അറസ്റ്റ് ചെയ്തതായി അയാള്‍ സമ്മതിച്ചു. നൂറുകണക്കിന് ഐ എസുകാര്‍ കീഴടങ്ങിയതായും അയാള്‍ പറയുന്നു.
അമേരിക്ക അടക്കമുള്ള വമ്പന്‍ ശക്തികളെ പരാജയപ്പെടുത്തി അഫ്ഗാന്‍ പിടിച്ച തങ്ങളെ സംബന്ധിച്ച് ഐ എസ് ഒന്നുമല്ല എന്നാണ് ഡോ. ബഷീര്‍ പറഞ്ഞത്.
ഇവിടെയുള്ളത് ഐ എസുകാര്‍ അല്ലെന്നും ഇസ്‌ലാമിക ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒറ്റുകാരാണ് എന്നുമാണ് അയാള്‍ വിശദീകരിക്കുന്നത്. ഇറാഖിലും സിറിയയിലുമാണ് ഐ എസ് ഉള്ളെതന്നും അഫ്ഗാനില്‍ അത്തരക്കാര്‍ ഇല്ലെന്നും അയാള്‍ പറയുന്നു.
എന്നാല്‍, ഐഎസിന്റെ വളര്‍ച്ചയും താലിബാനുമായി അവര്‍ നടത്തുന്ന രഹസ്യയുദ്ധവും അഫ്ഗാന്‍ ജനത ഭീതിയോടെയാണ് കാണുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകരാജ്യങ്ങളും ഐഎസിന്റെ തിരിച്ചുവരവിനെ ആശങ്കയോടെയാണ് കാണുന്നത്.
എണ്ണത്തില്‍ താലിബാനേക്കാള്‍ എത്രയോ കുറവാണ് ഇവിടത്തെ ഐഎസുകാര്‍. 70,000 പേരടങ്ങിയ സൈന്യമാണ് താലിബാനുള്ളത്. രണ്ടായിരത്തില്‍ കവിയില്ല ഇവിടത്തെ ഐ എസ് സാന്നിധ്യം. എങ്കിലും ഐ എസ് വിദേശ ഭീകരന്‍മാരെയും പാക്കിസ്താനിലെ ഭീകരവാദ സംഘങ്ങളെയും റിക്രൂട്ട് ചെയ്യുമെന്ന ഭയം വ്യാപകമാണ്.
താലിബാന്‍ അധികാരത്തില്‍ വന്ന ശേഷം ആദ്യമായി അവര്‍ക്കെതിരെ ഉയര്‍ന്ന ശബ്ദം പാഞ്ച്ശീര്‍ താഴ്‌വരയില്‍നിന്നായിരുന്നു. പഴയ മുജാഹിദുകള്‍ പാഞ്ച്ശീര്‍ കേന്ദ്രമാക്കി ഉയര്‍ത്തിയ വെല്ലുവിളി എന്നാല്‍ താലിബാന്‍ പെട്ടെന്ന് തന്നെ ഇല്ലാതാക്കി.
ആയിരക്കണക്കിന് താലിബാന്‍കാര്‍ ഒന്നിച്ച് പാഞ്ച്ശീര്‍ ആക്രമിച്ചു. ആര്‍ക്കും കീഴടക്കാനാവാത്ത ദേശമെന്ന് അറിയപ്പെട്ടിരുന്ന പാഞ്ച്ശീര്‍ താലിബാന്‍ പിടിച്ചെടുത്തു. നിരവധി പേരെ കൊന്നാടുക്കി. പാഞ്ച്ശീര്‍ പ്രതിരോധത്തിലെ നേതാക്കളെ കാണാതായി.
അതോടെ, എല്ലാം തീര്‍ന്നു എന്നു സമാധാനിക്കുമ്പോഴാണ് സ്വന്തം പാളയത്തില്‍നിന്നു തന്നെ താലിബാന് തിരിച്ചടി വന്നുതുടങ്ങിയത്.
അഫ്ഗാനിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐ എസ് കൊറോസാന്‍ ഭീകരവാദികളാണ് അതേ ഭീകരതയുടെ കൂട്ടുകച്ചവടക്കാരായ താലിബാനെ ആക്രമിച്ചു തുടങ്ങിയത്.
പാക്കിസ്താനിലും അഫ്ഗാനിലും പ്രവര്‍ത്തിച്ചിരുന്ന മുന്‍ താലിബാന്‍ ഭീകരന്‍മാരുടെ നേതൃത്വത്തില്‍ 2015-ലാണ് ഈ ഭീകരസംഘടന രൂപവല്‍കരിക്കുന്നത്. അക്കാലത്ത് ലോകത്തെ വിറപ്പിച്ചുകൊണ്ടിരുന്ന ഇസ്ലാമിക് സ്റ്റേറ്റിനോട് കൂറു പ്രഖ്യാപിച്ചാണ് ഈ സംഘടന ആരംഭിക്കുന്നത്.
ഇറാഖിന്റെയും സിറിയയുടെയും വലിയ ഭാഗം അന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരഭരണത്തിന്റെ കീഴിലായിരുന്നു. വടക്കുകിഴക്കന്‍ അഫ്ഗാനിലെ നന്‍ഗറാര്‍ പോലുള്ള പ്രവിശ്യകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവയുടെ പ്രവര്‍ത്തനം.
പാക്കിസ്താന്‍ വഴിയുള്ള മയക്കുമരുന്ന് കടത്ത് പാതകള്‍ ഈ മേഖലയിലാണ്. തെക്കന്‍ അഫ്ഗാനിലും ഇടക്കാലത്ത് ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു.
താലിബാന്റെ കീഴിലുള്ള ഹഖാനി ഭീകര ശൃംഖലയുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഈ ഗ്രൂപ്പ് താലിബാന്റെ അതേ രാഷ്ട്രീയമാണ് പിന്തുടര്‍ന്നിരുന്നതെങ്കിലും കുറേ വിയോജിപ്പുകള്‍ ഉണ്ടായിരുന്നു. താലിബാന്‍കാര്‍ സമവായങ്ങളിലേക്കും അധികാരം നിലനിര്‍ത്താനുള്ള സമാധാന ശ്രമങ്ങളിലേക്കും പോവുന്നു എന്ന വിമര്‍ശനമാണ് ഇവര്‍ ഉന്നയിച്ചിരുന്നത്.
താലിബാനുമായി അടുപ്പമുള്ള, പഴയ താലിബാന്‍കാര്‍ അടങ്ങിയ, എന്നാല്‍ താലിബാന്‍ മാറിപ്പോയി എന്ന് വിലപിക്കുന്ന കൂട്ടം എന്ന് ഇവരെ ലഘുവായി വിശേഷിപ്പിക്കാം. അതിനാല്‍ തന്നെ താലിബാന് ഭീഷണി ഉയര്‍ത്തുന്ന വിധത്തിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍.
തുടക്കത്തില്‍ പാക്കിസ്താനിലും അഫ്ഗാനിസ്താനിലുമായി മൂവായിരം പേര് ഈ സംഘടനയില്‍ ഉണ്ടായിരുന്നു. എന്നാല്‍, അല്‍പ്പം കഴിയുന്നതിനു മുമ്പേ തന്നെ അമേരിക്കന്‍ സൈന്യവും അഫ്ഗാന്‍ സൈന്യവും ഇവര്‍ക്കെതിരെ രൂക്ഷമായ ആക്രമണം ആരംഭിച്ചു. വലിയ സംഘം ഭീകരര്‍ കൊല്ലപ്പെട്ടു. ബാക്കിയുള്ളവരാണ് ഇപ്പോള്‍ താലിബാന്റെ വരവോടെ തലയുയര്‍ത്തിയത്.
പുതിയ സംഘടന അഫ്ഗാനിലും പാക്കിസ്താനിലുമുള്ള ജിഹാദികളെ വ്യാപകമായി റിക്രൂട്ട് ചെയ്തു. അമേരിക്കയുടെ മുന്‍കൈയില്‍ നടന്ന ആക്രമണത്തില്‍ ഐ എസിന്റെ സ്വയം പ്രഖ്യാപിത ഖിലാഫത്ത് തകരുന്നതിനു മുമ്പായിരുന്നതിനാല്‍, ധാരാളം ഭീകരര്‍ പുതിയ സംഘടനയിലേക്ക് ചേക്കേറി. വീര്യം പോരാ എന്ന് പരാതി പറഞ്ഞ് താലിബാന് വിട്ടുപോന്നവരായിരുന്നു സംഘടനയില്‍ ഏറെയും.
അഫ്ഗാനിസ്താന്‍ പിടിക്കുക എന്ന ഉദ്ദേശ്യവുമായി നടക്കുന്ന താലിബാനെപോലെ ആയിരുന്നില്ല ഐ എസ് -കെ. ഇവര്‍ ആഗോള ഇസ്ലാമിക് സ്റ്റേറ്റ് ഭീകര ശൃംഖലയുടെ ഭാഗമായിരുന്നു.
ഇവരുടെ ലക്ഷ്യങ്ങളും വ്യത്യസ്തമായിരുന്നു. എന്നാല്‍, അവരുടെ അടിത്തറ താലിബാന്റെ അതേ രാഷ്ട്രീയത്തിലാണ്. താലിബാന്റെ ഹഖാനി ഭീകര ശൃംഖലയുമായാണ് അവര്‍ കണ്ണി ചേര്‍ന്നിരിക്കുന്നതെന്നാണ് മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് അംറുല്ല സാലിഹ് ആരോപിച്ചിരുന്നത്.
അഫ്ഗാന്‍ പിടിച്ചെടുത്തതിനു പിന്നാലെ താലിബാന് കാബൂളിലെ പുല് ഇ ചര്‍കി ജയില്‍ തുറന്നുവിട്ട് നൂറുകണക്കിന് ഐസ്, അല്‍ഖാഇദ ഭീകരരരെ മോചിപ്പിച്ചിരുന്നു. അതില്‍, ഈ സംഘടനയിലെ നിരവധി പേരും പെട്ടിരുന്നു. അവരൊക്കെയാണ് ഇപ്പോള്‍ താലിബാനെതിരെ യുദ്ധം നടത്തുന്നത്.
ഇസ്ലാമിക് സ്റ്റേറ്റിന്റെ ദക്ഷിണേഷ്യന്‍ മേധാവി ആയിരുന്ന ഉമര്‍ ഖൊറാസാനി എന്ന മൗലവി സിയാവുല്‍ ഹഖ് ഇതിനിടെ ജയിലില്‍വെച്ച് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
2020-ല്‍ അഫ്ഗാന്‍ സേനയുടെ പിടിയിലായ ഇയാള്‍ കാബൂളിലെ ജയിലിലായിരുന്നു. താലിബാന് അധികാരമേറ്റതിനു പിന്നാലെയാണ് ഇയാള്‍ ജയിലില്‍ വധിക്കപ്പെട്ടത്. സംഭവത്തിനു പിന്നില്‍ താലിബാനാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
താലിബാന് അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം സ്വാഗതം ചെയ്തവരാണ് ദാഇശ് എന്നറിയപ്പെടുന്ന ഐ എസ് കൊറോസാന്‍. എന്നാല്‍, തൊട്ടുപിന്നാലെ, താലിബാന് സമവായത്തിന്റെ പാതപിന്തുടരുകയാണെന്നും അധികാരം കിട്ടിയപ്പോള്‍ അവര്‍ ലക്ഷ്യം മറന്നുവെന്നും ഐ എസ് ആരോപിച്ചു.
ഇതിനു പിന്നാലെയാണ്, താലിബാനെതിരെ അവര്‍ ആദ്യ ആക്രമണം തുടങ്ങിയത്. താലിബാന് അധികാരം പിടിച്ചതിനു പിന്നാലെ ആയിരക്കണക്കിന് അഫ്ഗാനികള്‍ വിദേശരാജ്യങ്ങളിലേക്ക് വിമാനമാര്‍ഗം രക്ഷപ്പെടുന്നതിനിടെ അവര്‍ വിമാനത്താവളത്തില്‍ ചാവേര്‍ സ്ഫോടനം നടത്തി. അമേരിക്കന്‍ സൈനികരടക്കം 150 -ലേറെ പേര് കൊല്ലപ്പെട്ട ആക്രമണം സത്യത്തില്‍ താലിബാനുള്ള പ്രഹരമായിരുന്നു.
കാബൂള്‍ വിമാനത്താവളത്തിന്റെ സംരക്ഷണം താലിബാന് ആയിരുന്നു ഏറ്റെടുത്തത്. ആയിരക്കണക്കിന് പേര് വിദേശത്തേക്ക് രക്ഷപ്പെടുന്ന സമയത്ത് വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നത് താലിബാന്റെ വാഗ്ദാനമായിരുന്നു. അതിനിടയ്ക്കാണ് ഇരട്ട സ്ഫോടനങ്ങളിലൂടെ ഐ എസ് താലിബാനെ ഞെട്ടിച്ചത്.
പകരം ചോദിക്കുമെന്ന് അമേരിക്ക അന്നു തന്നെ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിലെ ഐസിസ് കേന്ദ്രങ്ങളില്‍ പൈലറ്റില്ലാ വിമാനങ്ങളില്‍ ആക്രമണം നടത്തി നിരവധി ഭീകരരെ വധിച്ചതായും പിന്നീട് അമേരിക്ക അവകാശപ്പെട്ടു.
എന്നാല്‍, അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അമേരിക്കന്‍ സൈന്യത്തെ സഹായിച്ച അഫ്ഗാന്‍ കുടുംബത്തിലെ കുട്ടികളടക്കമുള്ളവരാണ് എന്ന് പിന്നീട് പുറത്തുവന്നു. തങ്ങളുടെ ലക്ഷ്യസ്ഥാനം പിഴച്ചതാണ് എന്ന് അമേരിക്കയ്ക്ക് സമ്മതിക്കേണ്ടി വന്നു.
അതോടെയാണ് താലിബാനും ഐസിസും തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായത്. അഫ്ഗാന്റെ വിവിധ ഭാഗങ്ങളില്‍ അപ്രതീക്ഷിതമായി താലിബാനെതിരെ ആക്രമണങ്ങള്‍ നടന്നു.
ഇവയില്‍ പലതിനും പിന്നില്‍ ഐസിസ് ആണെന്ന് താലിബാന് ആരോപിച്ചു. അതിനു പിന്നാലെ വ്യത്യസ്ത ആക്രമണങ്ങളില്‍ ഐസിസുകാരെ വധിച്ചതായി താലിബാന് അവകാശപ്പെട്ടു.
അതിനിടെയാണ് താലിബാന് വക്താവിന്റെ മാതാവിന്റെ സംസ്കാര ചടങ്ങിനിടെ സ്ഫോടനം നടന്നത്. താലിബാന് ഔദ്യോഗിക വക്താവ് സബീഹുല്ലാ മുജാഹിദിന്റെ മാതാവിന്റെ സംസ്കാര ചടങ്ങുകള്‍ക്കിടയില്‍ കാബൂളിലെ ഈദ് ഗാഹ് പള്ളിയുടെ പ്രവേശനകവാടത്തില്‍ ബോംബ് സ്ഫോടനം നടന്നത്.
നിരവധി താലിബാന്‍കാര്‍ തടിച്ചുകൂടിയിരുന്ന ചടങ്ങുകള്‍ക്കിടയില്‍ ഉണ്ടായ ഉഗ്രസ്ഫോടനത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ആരും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കിലും ഉത്തരവാദികള്‍ ഐ എസ് ആണെന്ന് താലിബാന് അവകാശപ്പെട്ടു. അതിനു പിന്നാലെ, താലിബാന് ഐ എസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.
കഴിഞ്ഞ മാസങ്ങളിലായി നിരവധി താലിബാന്‍കാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ആരും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കിലും ഐ എസ് തന്നെയാണ് ഭീകരാക്രമണം നടത്തുന്നതെന്ന് താലിബാന് പറഞ്ഞിരുന്നു.
അതിനു പിന്നാലെയാണ്, സമാനമായ രീതിയില്‍ ഐ എസുകാരെ താലിബാന് കൊന്നൊടുക്കാന്‍ തുടങ്ങിയത്. എന്തായാലും അഫ്ഗാനില്‍ ചോരക്കളി അവസാനിച്ചിട്ടില്ല എന്നു തന്നെയാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.