ആരോഗ്യ പ്രവർത്തകരും വാക്സിനുമായി ഒരു ട്രെയിൻ ഓടുന്നു, ലക്ഷ്യം ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് വാക്സിൻ നൽകൽ
കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി സകല രാജ്യങ്ങളും ഇപ്പോള്‍ പരമാവധി ജനങ്ങളിലേക്ക് കൊവിഡ് വാക്സിന്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ്. സൗത്ത് ആഫ്രിക്കയില്‍ ട്രെയിനുകളിൽ അങ്ങനെ ഇപ്പോള്‍ വാക്സിന് സൗകര്യമൊരുക്കിയിരിക്കുകയാണ്. 'ട്രാൻസ്‍വാസ്കോ' എന്ന് പേരിട്ടിരിക്കുന്ന ഈ ട്രെയിനിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങളറിയാം.
ഗ്രാമപ്രദേശങ്ങളിലൂടെയും നഗരത്തിൽ നിന്നും വിദൂരപ്രദേശങ്ങളിലുള്ള ഇടങ്ങളിലും സ്റ്റേഷനുകളിൽ നിർത്തി ആളുകൾക്ക് വാക്സിൻ നൽകുകയാണ് 'ട്രാൻസ്‍വാസ്കോ' ട്രെയിനിലെ വാസ്കിൻ വിതരണത്തിലൂടെ ചെയ്യുന്നത്.
ദക്ഷിണാഫ്രിക്കയുടെ വാക്സിൻ ട്രെയിൻ ഇപ്പോൾ രാജ്യത്തിന്റെ തെക്കൻ തീരത്തുള്ള ചെറിയ പട്ടണമായ സ്വാർട്ട്കോപ്പിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഡോക്ടർമാരും നഴ്സുമാരും നിർണായകമായ വാക്സിൻ ഡോസുകളും വഹിച്ച് അതില്‍ സഞ്ചരിക്കുന്നു.
ദക്ഷിണാഫ്രിക്കയിലെ ചെറിയ പട്ടണങ്ങളിലേയും ദരിദ്ര പ്രദേശങ്ങളിലേയും ആളുകളിലേക്ക് കൂടുതലായി വാക്സിനുകൾ എത്തിക്കുക എന്നൊരു ദൗത്യം കൂടി ഈ ട്രെയിനുകള്‍ക്കുണ്ട്. ദക്ഷിണാഫ്രിക്കയിലെ കൊവിഡ് കേസുകള്‍ 2.8 മില്ല്യണാണ്.
പാവപ്പെട്ട മേഖലയായി അറിയപ്പെടുന്ന കിഴക്കൻ കേപ് പ്രവിശ്യയിലൂടെയുള്ള മൂന്ന് മാസത്തെ യാത്രയുടെ ആദ്യ സ്റ്റോപ്പായ സ്വാർട്ട്കോപ്സ് റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ ഇപ്പോൾ പാർക്ക് ചെയ്തിരിക്കുന്നത് എന്ന് എപി എഴുതുന്നു.
ഇതിലൂടെ പ്രവിശ്യയിലെ ഏഴ് സ്റ്റേഷനുകളിൽ ഒരേ സമയം രണ്ടാഴ്ചയോളം തങ്ങുകയും കഴിയുന്നത്ര ആളുകൾക്ക് വാക്സിനേഷൻ നൽകുകയും ചെയ്യും. നിരവധി പേർ ഈ ട്രെയിനുകളെ കുറിച്ച് അറിഞ്ഞ ശേഷം സ്റ്റേഷനിലെത്തി ട്രെയിനിൽ നിന്നും വാക്സിനെടുക്കുന്നുണ്ട്.
സർക്കാർ ഉടമസ്ഥതയിലുള്ള റെയിൽ കമ്പനിയായ ട്രാൻസ്നെറ്റാണ് സർക്കാരിന്റെ പ്രവർത്തനത്തെ സഹായിക്കുന്നതിനായി പ്രോഗ്രാം ആരംഭിച്ചത്.
സർക്കാരിന്റെ ഏറ്റവും വലിയ രണ്ട് വെല്ലുവിളികൾ നേരിടാൻ ഈ സംരംഭം ലക്ഷ്യമിടുന്നു: വലിയ നഗരങ്ങൾക്കപ്പുറം ആരോഗ്യ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളിലേക്ക് കൂടി ഡോസുകൾ എത്തിക്കുക, ആ പ്രദേശങ്ങളിലെ വാക്സിനെടുക്കാന്‍ മടിക്കുന്ന ആളുകളെക്കൂടി അതിന്‍റെ പ്രാധാന്യത്തെ കുറിച്ച് ബോധ്യപ്പെടുത്താൻ ശ്രമിക്കുക.
'ട്രാൻസ്‍വാസ്കോ' എന്ന് പേരിട്ടിരിക്കുന്ന ട്രെയിനില്‍ 108,000 വാക്സിൻ ഡോസുകൾ അൾട്രാ-കോൾഡ് റഫ്രിജറേറ്ററുകളിൽ സൂക്ഷിക്കാം. താമസിക്കാനുള്ള കോച്ചുകളും ജീവനക്കാർക്ക് ഒരു അടുക്കളയും ഡൈനിംഗ് ഏരിയയും വാക്സിനേഷൻ ഏരിയയും കൺസൾട്ടിംഗ് റൂമുകളും ഉൾപ്പെടെ ഒൻപത് കോച്ചുകളുണ്ട് ഇതിന്.
ട്രെയിൻ പ്രോഗ്രാം മാനേജർ ഡോ. പബല്ലോ മോക്വാന പറഞ്ഞത്, ഇങ്ങനെ സ്വാർട്ട്കോപ്പിലെ സ്റ്റോപ്പിൽ ഇതുവരെ 1000 പേര്‍ക്കാണ് മെഡിക്കൽ ഉദ്യോഗസ്ഥർ പ്രതിരോധ കുത്തിവയ്പ്പ് നൽകിയിരുന്നത്.
അവർ ട്രെയിനിൽ വാക്സിന്‍ നല്‍കുന്നുണ്ട് എങ്കിലും ജോലിസ്ഥലത്തെ ആളുകൾക്ക് വാക്സിന്‍ നല്‍കാനായി അടുത്തുള്ള ഫാക്ടറികളിലേക്കും ബിസിനസുകളിലേക്കും ഒരു വാക്സിനേഷൻ ടീമിനെയും അയച്ചിട്ടുണ്ട് എന്നാണ്. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളെ സംബന്ധിച്ചും ഇത് വലിയ പ്രതീക്ഷയും ആശ്വാസവും ആയിട്ടുണ്ട്.
(ചിത്രത്തിൽ 'ട്രാൻസ്‍വാസ്കോ' വിവിധ സ്റ്റേഷനുകളിൽ/ ഗെറ്റി ഇമേജസ്)