പീഡിപ്പിച്ച ഭർത്താവിനെ വെടിവച്ചുകൊന്നു, മക്കളുടെ സഹായത്തോടെ മൃതദേഹം നശിപ്പിച്ചു, ഒടുവിൽ ജയിൽമോചിതയായി യുവതി
ഫ്രാന്‍സിലാകെ വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ച കേസാണ് വലേറി ബക്കോട്ടിന്‍റേത്. ആദ്യം രണ്ടാനച്ഛനും പിന്നീട് ഭര്‍ത്താവുമായിരുന്ന ഡാനിയേൽ പോളറ്റിനെ കൊന്ന കേസിൽ 2017 -ലാണ് വലേറി അറസ്റ്റ് ചെയ്യപ്പെടുന്നത്. ആസൂത്രിതമായ കൊലപാതകത്തിനായിരുന്നു അറസ്റ്റ്. എന്നാല്‍, വലേറി തടവിൽ നിന്നും മോചിപ്പിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന വിചാരണയ്ക്കൊടുവിലാണ് അവളുടെ മോചനം. വലേറി കുറ്റക്കാരിയാണ് എന്ന് കോടതി കണ്ടെത്തി. നാല് വര്‍ഷത്തെ തടവാണ് അവൾക്ക് ശിക്ഷ വിധിച്ചത്. അതിൽ മൂന്നുവർഷം സസ്പെൻഡ് ചെയ്തു. ഒരുവർഷം ഇതോടകം തന്നെ കസ്റ്റഡിയിൽ കഴിഞ്ഞതിനാൽ അവളെ വിട്ടയക്കുകയായിരുന്നു.
എങ്ങനെ കൊലപാതകത്തിലെത്തി? വെറും പന്ത്രണ്ട് വയസുള്ളപ്പോഴാണ് വലേറി ആദ്യമായി ഡാനിയേല്‍ പോളറ്റിനാല്‍ പീഡിപ്പിക്കപ്പെടുന്നത്. അന്ന് അവളുടെ രണ്ടാനച്ഛനായിരുന്നു അയാള്‍. കുട്ടിയെ പീഡിപ്പിച്ച കേസിൽ അയാള്‍ പിന്നീട് ജയിലിലായി. എന്നാല്‍, അവിടെ നിന്നും ഇറങ്ങിയ ശേഷം അയാള്‍ പീന്നീടും അവളെ ചൂഷണം ചെയ്യുന്നത് തുടര്‍ന്നു. പതിനേഴാമത്തെ വയസിൽ അവൾ ഗർഭിണിയായി. തുടർന്ന്, അയാളെ വിവാഹം കഴിക്കാനും അവൾ നിര്‍ബന്ധിതയായി.
നാല് കുട്ടികളായിരുന്നു വലേറിക്ക്. എന്നിട്ടും പീഡനം അവസാനിച്ചില്ല. അവളെ അയാൾ ക്രൂരമായി ഉപദ്രവിച്ചു. ലൈംഗികമായി പീഡിപ്പിച്ചു. കുട്ടികൾ ഭയത്തിലായി. അങ്ങനെ, 2016 -ൽ വലേറി അയാളെ കൊല്ലുകയും രണ്ട് മക്കളുടെ സഹായത്തോടെ മൃതദേഹം നശിപ്പിക്കുകയും ചെയ്തു.
എന്നാല്‍, ഒരു വർഷത്തിനുശേഷം 2017 -ല്‍ കൊലപാതകവിവരം പുറത്തറിയുകയും അവള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. താനയാളെ കൊന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ അവൾ സമ്മതിച്ചു.
ഒപ്പം തന്നെ പന്ത്രണ്ടാമത്തെ വയസ് മുതൽ അയാളിൽ നിന്നും അനുഭവിക്കേണ്ടി വന്ന പീഡനങ്ങളും യാതനകളും ലോകമറിഞ്ഞു. പീഡിപ്പിച്ചതിനെല്ലാം പുറമേ തന്നോടയാൾ ശരീരം വിൽക്കാനാവശ്യപ്പെട്ടു എന്നും നാളെ തന്നെപ്പോലെ തന്റെ മക്കളെയും അയാൾ പീഡിപ്പിക്കുമോ എന്ന് ഭയന്നിരുന്നതായും വലേറി പറഞ്ഞു. അതായിരുന്നു താൻ അയാളെ കൊല്ലാനുണ്ടായ കാരണമെന്ന് അവൾ ആവർത്തിച്ചു.
ഫ്രാൻസിൽ ഭർത്താവിനാൽ പീഡിപ്പിക്കപ്പെടുന്ന അനേകം സ്ത്രീകളിലൊരാളായിരുന്നു വലേറിയും. വലേറിയെ വെറുതെ വിടണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് ഒരുപാട് പേർ മുന്നോട്ട് വന്നു. 600,000 -ത്തിലധികം പേര്‍ ഒപ്പുവച്ച ഒരു നിവേദനം സമര്‍പ്പിക്കപ്പെട്ടു.
വലേറിയുടെ അറസ്റ്റ് ഫ്രാന്‍സിലാകെ വലിയ കോളിളക്കം ഉണ്ടാക്കിയ ഒന്നായിരുന്നു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് ഇത് വഴിവച്ചു. വലേറിയുടെ കേസിനെ ജാക്വലീന സാവേജ് എന്ന ഫ്രഞ്ച് യുവതിയുടെ കേസുമായും പലരും താരതമ്യപ്പെടുത്തി. നിരന്തരം ഉപദ്രവിക്കുമായിരുന്ന ഭര്‍ത്താവിനെ കൊന്ന കുറ്റത്തിനാണ് ജാക്വലീന അറസ്റ്റ് ചെയ്യപ്പെട്ടത്. പിന്നീട് പ്രസിഡണ്ടിന്‍റെ ദയവിന്മേല്‍ അവള്‍ മോചിപ്പിക്കപ്പെട്ടു.
നാല്‍പതുകാരിയായ വലേറിയുടെ ജീവിതം പറയുന്ന ഒരു പുസ്തകം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിരുന്നു. അതില്‍ 'എപ്പോഴും തനിക്ക് ഭയം മാത്രമായിരുന്നു. ആ ഭയത്തിന് ഒരറുതി വരുത്താനായിട്ടാണ് താനാ കൊലപാതകം ചെയ്തത്' എന്ന് വലേറി എഴുതിയിരുന്നു. ആ പുസ്തകം ബെസ്റ്റ് സെല്ലർ പട്ടികയിലിടം പിടിച്ചു. അത് വായിച്ചവർ അയാൾക്കെതിരെ രോഷം കൊണ്ടു.
'ആസൂത്രിതമായ കൊല' എന്നാണ് വലേറി ഭർത്താവിനെ കൊന്നതിനെ പ്രോസിക്യൂട്ടര്‍മാര്‍ വിശേഷിപ്പിച്ചത്. എന്നാല്‍, തന്‍റെയും മക്കളുടെയും ജീവന്‍ നഷ്ടപ്പെടാതിരിക്കാനുള്ള ചെറുത്തുനില്‍പ്പിലാണ് വലേറിക്കയാളെ കൊല്ലേണ്ടി വന്നത് എന്ന് അവളുടെ വക്കീല്‍ വാദിച്ചു.
'ഈ സ്ത്രീകളെല്ലാം അതിക്രമങ്ങളുടെ ഇരകളാണ്. അവര്‍ക്ക് യാതൊരുവിധത്തിലുള്ള സുരക്ഷയും കിട്ടുന്നില്ല. നിയമവ്യവസ്ഥ ഇപ്പോഴും നീങ്ങുന്നത് വളരെ പതിയെയാണ്. പീഡകര്‍ക്ക് നേരെ വേഗത്തില്‍ നടപടിയെടുക്കാന്‍ അതിപ്പോഴും തയ്യാറാവുന്നില്ല. അതിനാലാണ് ഈ പാവം സ്ത്രീകള്‍ക്ക് കൊലപാതകങ്ങളിലേക്ക് തിരിയേണ്ടി വരുന്നത്. എങ്കില്‍ മാത്രമേ അവര്‍ക്ക് ജീവിക്കാനാവൂ' എന്നാണ് വിചാരണവേളയിൽ അഭിഭാഷകയായ ജാനി ബോണാഗ്വിന്‍റെ എഎഫ്പിയോട് പറഞ്ഞത്.
ഒടുവിൽ, ഫ്രാൻസിലാകെ ഗാർഹികപീഡനത്തിനു മേൽ വലിയ ചർച്ചകൾക്ക് വഴിവച്ച വലേറിയുടെ കേസിൽ അന്തിമവിധി വന്നു. ഇതുവരെ അനുഭവിച്ച തടവ് കൂടി കണക്കിലെടുത്ത് അവൾക്കിനി പുറത്തേക്ക് പോകാം എന്ന് പറഞ്ഞപ്പോൾ ഒരുപാടുപേരാണ് ഏറെ സന്തോഷത്തോടെ ആ വാർത്തയെ സ്വീകരിച്ചത്.