Airbus A340 on Antarctica : അന്‍റാര്‍ട്ടിക്കയില്‍ ആദ്യമായി ചാര്‍ട്ടേഡ് വിമാനം എ 340 എയര്‍ബസ് ഇറങ്ങി
2005 ഡിസംബറിൽ ബ്രിട്ടീഷ് ദമ്പതികളും ധ്രുവ പര്യവേക്ഷകരുമായ റോബിനും പാട്രിക് വുഡ്‌ഹെഡും ചേര്‍ന്ന് ലണ്ടനില്‍ വൈറ്റ് ഡെസേർട്ട് സ്ഥാപിച്ചു. അന്‍റാർട്ടിക്കയില്‍ പര്യവേഷണങ്ങൾ നടത്തുന്ന ഒരു ടൂർ ഓപ്പറേറ്ററാണ് വൈറ്റ് ഡെസേർട്ട് ലിമിറ്റഡ് (White Desert Ltd.). ഇന്ന് അന്‍റാര്‍ട്ടിക്ക (Antarctica)യിലേക്ക് വാണിജ്യ സ്വകാര്യ ജെറ്റ് സേവനം വാഗ്ദാനം ചെയ്യുന്ന ഒരേയൊരു കമ്പനിയാണിത്. അന്‍റാർട്ടിക്കയിലെ ഏക ഹോട്ടല്‍ തങ്ങളുടെതാണെന്നും ഇവര്‍ അവകാശപ്പെട്ടുന്നു. അന്‍റാർട്ടിക്ക ഗവേഷകര്‍ക്ക് മാത്രം പറന്നിറങ്ങാനുള്ളതല്ലെന്നും സഞ്ചാരികള്‍ക്കും യാത്ര ചെയ്യാനുള്ള സ്ഥലമാണെന്നുമായിരുന്നു അവരുടെ ആശയം. പരമാവധി പന്ത്രണ്ട് അതിഥികളെ വച്ച് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്ന് വിവിധ സ്വകാര്യ വിമാനങ്ങൾ വഴി അന്‍റാർട്ടിക്കയിലെ ക്വീൻ മൗഡ് ലാൻഡിൽ സ്ഥിതി ചെയ്യുന്ന പ്രാഥമിക ബേസ് ക്യാമ്പിലേക്കാണ് ഇവരുടെ വിമാനയാത്രകളത്രയും പറന്നിറങ്ങിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ചരിത്രത്തിലാദ്യമായി അന്‍റാര്‍ട്ടിക്കയിലെ ക്വീൻ മൗഡ് ലാൻഡിലെ വുൾഫ്സ് ഫാങ് റൺവേയിലേക്ക് എയർബസ് എ 340 വിമാനം പറന്നിറങ്ങി.
ദക്ഷിണധ്രുവത്തിലെ പുതിയ ആഡംബര അവധിക്കാല ക്യാമ്പായ വുൾഫ്സ് ഫാങ് (Wolf's Fang) അവരുടെ ടൂറിസ്റ്റ് റിസോർട്ടിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനായിട്ടാണ് കാർഗോ ജെറ്റ് ചാർട്ടേഡ് ചെയ്തത്.
കേപ് ടൗണിൽ നിന്ന് പുറപ്പെട്ട എയർബസ് എ 340 (Airbus A340) വിമാനം അഞ്ച് മണിക്കൂർ യാത്ര ചെയ്ത് 2,800 മൈൽ ദൂരം പിന്നിട്ട് ഒടുവില്‍ അന്‍റാര്‍ട്ടിക്കയിലെ ( Antartica) മഞ്ഞുമൂടിയ റൺവേയിൽ സ്പർശിച്ചപ്പോള്‍ അത് ചരിത്ര നിമിഷമായി.
ഇത്രയും ദൂരം ഒറ്റയാത്ര ചെയ്ത് ആദ്യമായാണ് ഒരു വിമാനം അന്‍റാര്‍ട്ടിക്കയിലിറങ്ങുന്നത്. വുൾഫ് ഫാങ് റിസോർട്ടിലെ റൺവേയെ സി ലെവൽ എയർപോർട്ടായി നേരത്തെ മാറ്റിയിരുന്നു. അപ്പോഴും അങ്ങേയറ്റം വിദഗ്ധരായ പൈലറ്റുമാരുടെ ഒരു ക്രൂവിന് മാത്രമേ അവിടെ പറന്നിറങ്ങാന്‍ കഴിയൂ.
'കൂടുതല്‍ തണുപ്പുണ്ടാകുന്നതാകും നല്ലത്,' സ്പെഷ്യലിസ്റ്റ് എയർലൈനായ ഹായ് ഫ്ലൈയുടെ ക്യാപ്റ്റൻ കാർലോസ് മിപുരി പറഞ്ഞു. 10,000 അടി റൺവേയിൽ വിമാനമിറങ്ങുമ്പോള്‍ ഗ്രിപ്പ് കിട്ടാനായി ഗ്രൂവുകൾ കൊത്തിവെച്ചിരിക്കുന്നു.
മാത്രമല്ല, ജെറ്റ് എത്തുന്നതിന് മുമ്പ് ട്രാക്ക് എത്രമാത്രം മഞ്ഞുമൂടിയതാണെന്ന് പരിശോധിക്കാൻ പ്രത്യേകമായ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. നീല ഗ്ലേഷ്യൽ ഐസിന് ഏകദേശം ഒരു മൈൽ കട്ടിയുള്ളതിനാൽ പൂര്‍ണ്ണമായും നിറഞ്ഞ A340-ന് സുരക്ഷിതമായി ഇറങ്ങാന്‍ കഴിയും.
എങ്കിലും പ്രദേശത്തെ ഏറ്റവും വലിയ അപകടങ്ങളിലൊന്ന് മഞ്ഞുവീഴ്ചയാണെന്ന് വിമാനത്തിന്‍റെ ക്യാപ്റ്റന്‍ പറയുന്നു. 'പ്രതിബിംബം വളരെ വലുതാണ്, ശരിയായ കണ്ണടകൾ ബാഹ്യ കാഴ്ചയ്ക്കും ഉപകരണത്തിനും ഇടയിൽ നിങ്ങളുടെ കണ്ണുകളെ ക്രമീകരിക്കാൻ സഹായിക്കുന്നു. നോൺ-ഫ്ളൈയിംഗ് പൈലറ്റിന് വിമാനം നിലം തൊടുന്ന സമയങ്ങളില്‍ പ്രധാന പങ്ക് വഹിക്കാനുണ്ട്.' ക്യാപ്റ്റന്‍ കാര്‍ലോസ് മിപുരി പറഞ്ഞു.
ചുറ്റുമുള്ള വിശാലമായ വെള്ള മരുഭൂമി, എയര്‍ സ്ട്രിപ്പിന്‍റെ ഉയരം നിർണ്ണയിക്കുന്നത് വെല്ലുവിളി ഉയർത്തുന്നു. തണുത്ത കാലാവസ്ഥയിലെ ആൾട്ടിമീറ്ററുകളും താപനിലയില്‍ പിശകുകൾ നേരിടുന്നു, ക്രമീകരണം ആവശ്യമാണ്.' എങ്കിലും സിദ്ധാന്തങ്ങള്‍ക്കനുസരിച്ച് പറത്തിയതിനാല്‍ വിമാനമിറക്കാന്‍ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നെന്നും മിപുരി പറഞ്ഞു.
'എല്ലാ സന്ദര്‍ഭങ്ങളിലും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു വിമാനമാണ് എ 340. ഈ പരിതസ്ഥിതിയിലും അവന്‍ കരുത്തുറ്റതും സുഖകരവും സുരക്ഷിതവുമായ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്നും മിപുരി അവകാശപ്പെട്ടു.
1928-ൽ ഒരു ലോക്ക്ഹീഡ് വേഗ 1 മോണോപ്ലെയ്ൻ ആയിരുന്നു അന്‍റാർട്ടിക്കയിലേക്കുള്ള ആദ്യ വിമാനമായി ഉപയോഗിച്ചിരുന്നത്. ഓസ്‌ട്രേലിയൻ മിലിട്ടറി പൈലറ്റും പര്യവേക്ഷകനുമായ ജോർജ്ജ് ഹ്യൂബർട്ട് വിൽക്കിൻസായിരുന്നു അന്ന് പൈലറ്റ്.
കഴിഞ്ഞ ദിവസം പറന്നുയര്‍ന്ന് എ 340 നെക്കാള്‍ അദ്ദേഹത്തിന്‍റെ യാത്ര വളരെ ഹ്രസ്വമായിരുന്നു. വന്‍കരയില്‍ നിന്ന് വെറും 70 മൈല്‍ അകലെയുള്ള അന്‍റാർട്ടിക് ദ്വീപുകളുടെ ഒരു കൂട്ടമായ സൗത്ത് ഷെറ്റ്‌ലൻഡ് ദ്വീപുകളിൽ നിന്നാണ് അദ്ദേഹം പറന്നുയര്‍ന്നത്.
യുഎസ് പുസ്തക പ്രസാധക ഭീമനായ വില്യം റാൻഡോഫ് ഹാർസ്റ്റിന്‍റെ പിന്തുണയോടെയായിരുന്നു ആ പദ്ധതി. അന്‍റാർട്ടിക്കയെ മാപ്പിംഗ് ചെയ്യുന്നതിൽ വലിയ മുന്നേറ്റമാണ് ഇത്തരം ഹ്രസ്വ നിരീക്ഷണ ഫ്ലൈറ്റുകള്‍ നല്‍കിയത്.
ഭൂപ്രകൃതിയിലെ പ്രത്യേകത കൊണ്ട് തന്നെ അന്‍റാർട്ടിക്കയിൽ ഇന്നും വിമാനത്താവളങ്ങളൊന്നുമില്ല. എന്നാല്‍, അന്‍റാര്‍ട്ടിക്കയില്‍ പരീക്ഷണ / നിരീക്ഷണത്തിനായെത്തുന്ന ഗവേഷകര്‍ ഭൂഖണ്ഡത്തില്‍ 50 ഓളം റൺവേകൾ ഉപയോഗിക്കുന്നുണ്ട്.