കുടിക്കാന്‍ കരടിമൂത്രം തിളപ്പിച്ചു, കാലിഫോര്‍ണിയയില്‍ 8500 ഏക്കര്‍ കത്തിച്ചത് ഈ യുവതിയോ?
അടുത്തിടെയാണ് കാലിഫോര്‍ണിയയില്‍ വലിയ തരത്തിലുള്ള ഒരു കാട്ടുതീ ഉണ്ടായത്. 41 വീടുകളെയാണ് ആ തീ പടര്‍ന്നു കയറി നശിപ്പിച്ച് കളഞ്ഞത്. വേറെയും നിരവധിയനവധി നാശനഷ്ടങ്ങള്‍ ഇതേ തുടര്‍ന്നുണ്ടായി. 8500 ഏക്കറോളം സ്ഥലത്തേക്ക് തീ പടര്‍ന്നുപിടിച്ചു. മനുഷ്യരെ ഒഴിപ്പിക്കേണ്ടി വന്നു. ഇപ്പോഴിതാ, ആ കാട്ടുതീയുണ്ടാക്കിയെന്ന് ആരോപിച്ച് ഒരു യുവതിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.
മുൻ ഫോറസ്ട്രി വിദ്യാർത്ഥിയും യോഗ അധ്യാപികയും കൂടിയാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന യുവതി. ഇവര്‍ കരടിമൂത്രം തിളപ്പിക്കാന്‍ ശ്രമിച്ചു എന്നും അതിനിടെയാണ് തീ കത്തിപ്പടര്‍ന്നതെന്നും കരുതുന്നു. കുടിക്കാനായിട്ടാണ് ഇവര്‍ കരടിമൂത്രം തിളപ്പിക്കാന്‍ ശ്രമിച്ചതെന്നും പറയപ്പെടുന്നു.
പാലോ ആൾട്ടോയിലുള്ള 30- കാരിയായ അലക്സാണ്ട്ര സൗവർനേവയ്‌ക്കെതിരെയാണ് വെള്ളിയാഴ്ച കേസെടുത്തിരിക്കുന്നത്. കാട്ടുതീ 8,500 ഏക്കർ പടര്‍ന്നിരുന്നു. 41 വീടുകളും 90 മറ്റ് കെട്ടിടങ്ങളും ഇത് നശിപ്പിച്ചതായും കണക്കുകള്‍ പറയുന്നു.
സൗവർനേവ കുറ്റം സമ്മതിച്ചിട്ടില്ലെങ്കിലും കുറ്റം തെളിയിക്കപ്പെട്ടാൽ ഒൻപത് വർഷം വരെ തടവ് അനുഭവിക്കണം. ശാസ്താ കൗണ്ടിയിലും സംസ്ഥാനത്തുടനീളവും മറ്റ് തീപിടുത്തങ്ങൾക്ക് ഇവര്‍ കാരണക്കാരിയായതായി സംശയിക്കുന്നുണ്ട്. അവള്‍ക്ക് വേണ്ടി വാദിക്കാനായി ഒരു അഭിഭാഷകനുണ്ടോ എന്നും സ്ഥിരീകരിച്ചിട്ടില്ല.
മുമ്പ് ഒരു ശാസ്ത്രജ്ഞയായി ജോലി ചെയ്തിരുന്ന സവര്‍നേവ എന്നാൽ ഇപ്പോള്‍ ഒരു ട്യൂട്ടറായി ജോലി നോക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ, ഹൈക്കിംഗിനിടെ തനിക്ക് ദാഹമുണ്ടായി എന്നും വഴിയില്‍ കരടിമൂത്രം നിറഞ്ഞ ഒരു ചെളിക്കുഴി കാണുകയായിരുന്നു എന്നും അവര്‍ പറഞ്ഞു.
ടീ ബാഗ് ഉപയോഗിച്ച് വെള്ളം ഫിൽട്ടർ ചെയ്യാൻ താന്‍ ശ്രമിച്ചുവെന്നും എന്നാൽ പരാജയപ്പെട്ടപ്പോൾ വെള്ളം തിളപ്പിക്കാൻ തീയിടാൻ ശ്രമിച്ചുവെന്നും അവള്‍ അവകാശപ്പെടുന്നു. തീയിടാൻ പറ്റാത്തവിധം നനവുള്ളതായിരുന്നു ആ സ്ഥലമെന്നും സൗവർനേവ പറഞ്ഞു. അതിനാൽ അവൾ ആ വെള്ളം കുടിക്കുകയും നടത്തം തുടരുകയും ചെയ്തു.
കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബിരുദധാരിയും മുൻ ബേ ഏരിയ ബയോടെക് ജീവനക്കാരിയുമാണ് സൗവർനേവ. അവൾ ഒരു യോഗാധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്. ഒപ്പം സ്വയം ഒരു 'ഷാമൻ' (ലോകത്തിലെ നല്ലതും ചീത്തയുമായ ആത്മാക്കളുമായി നേരിട്ട് ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തി) എന്ന് വിശേഷിപ്പിക്കുന്ന വ്യക്തി കൂടിയാണ്.
ശാസ്താ കൗണ്ടി ഷെരീഫ് മൈക്കിൾ എൽ. ജോൺസൺ ശനിയാഴ്ച രാത്രി ഒരു മീറ്റിംഗിൽ കമ്മ്യൂണിറ്റി അംഗങ്ങളോട് തങ്ങള്‍ തീപ്പിടിത്തത്തിന് കാരണക്കാരിയായി ഒരാളെ സംശയിക്കുന്നുണ്ട് എന്ന് പറഞ്ഞിരുന്നു. 'മനപ്പൂർവ്വമായി ഉണ്ടാക്കിയ അഗ്നിബാധയാണ് എന്ന് തെളിയിക്കപ്പെട്ടാൽ, ഒരു സമൂഹമെന്ന നിലയിൽ നമുക്കെല്ലാവർക്കും ഉൾക്കൊള്ളാനും ഞങ്ങൾ അഭിമുഖീകരിക്കുന്നതിനെ കൈകാര്യം ചെയ്യാനും ബുദ്ധിമുട്ടാണ്' എന്നും അദ്ദേഹം പറഞ്ഞു.
ശാസ്താ കൗണ്ടിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് തീപ്പിടിത്തം തുടങ്ങിയ സ്ഥലത്ത് സൗവർനേവ അതിക്രമിച്ചു കയറിയെന്നും വിചിത്രമായ പെരുമാറ്റമായിരുന്നു അവളുടേത് എന്നും അടുത്തുള്ള ക്വാറിയിലെ തൊഴിലാളികൾ റിപ്പോർട്ട് ചെയ്തതായി കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ പ്രസ്താവനയിൽ പറഞ്ഞു.
പിന്നീട് ബുധനാഴ്ച, സൗവർനേവ ഫയർ ലൈനിനടുത്തുള്ള പ്രദേശത്തു നിന്ന് പുറത്തേക്കിറങ്ങുകയും അഗ്നിശമന സേനാംഗങ്ങളെ സമീപിച്ച് തനിക്ക് ഡീഹൈഡ്രേഷനുണ്ടായി എന്നും വൈദ്യസഹായം ആവശ്യമാണെന്നും പറഞ്ഞതായി കാൾ ഫയർ പറയുന്നു.
അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അവളുടെ പോക്കറ്റില്‍ ഒരു സിഗരറ്റ് ലൈറ്ററുണ്ടായിരുന്നു. പിന്നീട് അവളെ വൈദ്യസഹായം നല്‍കുന്നതിനായി ആ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നത് സൗവര്‍നേവ തന്നെയാണ് തീപ്പിടിത്തത്തിന് കാരണക്കാരി എന്നാണ്.
മെർക്കുറി ന്യൂസ് പറയുന്നത് അനുസരിച്ച് 2009 -ൽ പാലോ ആൾട്ടോ ഹൈസ്കൂള്‍ പഠിച്ചിറങ്ങിറങ്ങിയ ആളാണ് സൗവര്‍നേവ. പിന്നീട്, 2012 -ൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് രസതന്ത്രത്തിലും ജീവശാസ്ത്രത്തിലും അവള്‍ ബിരുദം നേടി.
യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ കോളേജ് ഓഫ് എൻവയോൺമെന്റൽ സയൻസ് ആന്റ് ഫോറസ്ട്രിയിൽ പിഎച്ച്ഡിക്ക് ചേർന്നതിന് ശേഷം റിസര്‍ച്ച് അസോസിയേറ്റായി ബയോടെക്ക് കമ്പനികളായ ഗിലഡ് സയന്‍സിലും നാനോസിനിലും പ്രവര്‍ത്തിച്ചു. ലിങ്ക്ഡ്ഇന്നില്‍ 'ഷമന്‍' എന്നാണ് അവര്‍ തന്‍റെ തൊഴിലായി കൊടുത്തിരിക്കുന്നത്.
തീ പടർന്ന സമയത്ത് താൻ ഹൈക്കിംഗ് നടത്തിയിരുന്നുവെന്ന് അവർ സമ്മതിച്ചു. 'കാള്‍ ഫയർ' ഉദ്യോഗസ്ഥർ CO2 കാട്രിഡ്ജുകളും ഒരു ലൈറ്ററും അവളിൽ നിന്നും കണ്ടെത്തി.
കാട്ടുതീ മൂലമുണ്ടായ നാശത്തിന്റെ ഫലമായി, വനഭൂമിയില്‍ തീവച്ച കുറ്റത്തിന് സൗവർനേവയുടെ ജാമ്യം 100,000 ഡോളറിൽ നിന്ന് 150,000 ഡോളറായി ഉയർത്തി. അടിയന്തര സാഹചര്യങ്ങളിൽ തീപിടിത്തവുമായി ബന്ധപ്പെട്ട തെറ്റായ പ്രവർത്തനത്തിന് 25,000 ഡോളർ അധികമായി ചേർക്കുകയും ചെയ്തിട്ടുണ്ട്.
കാലാവസ്ഥാ മാറ്റവും അത്യുഷ്ണവും വരള്‍ച്ചയും കാരണം കാലിഫോര്‍ണിയയില്‍ കാട്ടുതീ പതിവാണ്. ഈ വര്‍ഷം മാത്രം 7400 കാട്ടുതീയാണ് ഇവിടെ ഉണ്ടായത്. 22 ലക്ഷം ഏക്കര്‍ സ്ഥലമാണ് ഇതുവരെ കാട്ടുതീ വിഴുങ്ങിയത് എന്നും കണക്കുകൾ പറയുന്നു.