- Home
- Magazine
- Web Specials (Magazine)
- നിറതോക്കുകള്‍ക്കു മുന്നില്‍ അടിപതറാതെ, കാബൂളില്‍ സ്ത്രീകളുടെ രോഷപ്രകടനം
നിറതോക്കുകള്‍ക്കു മുന്നില്‍ അടിപതറാതെ, കാബൂളില്‍ സ്ത്രീകളുടെ രോഷപ്രകടനം
താലിബാന്‍ ഭീകരതയ്‌ക്കെതിരെ അഫ്ഗാനിസ്താനില്‍ വീണ്ടും സ്ത്രീകളുടെ പ്രതിഷേധ പ്രകടനങ്ങള്‍. സ്ത്രീകളുടെ അവകാശങ്ങള്‍ ഓരോന്നായി എടുത്തുകളയുന്ന താലിബാന്‍ നീക്കങ്ങള്‍ക്കിടയിലാണ് വ്യത്യസ്ത പ്രകടനങ്ങള്‍ നടന്നത്. മതകാര്യ വകുപ്പാക്കി മാറ്റിയ വനിതാ ക്ഷേമ മന്ത്രാലയത്തിന്റെ ഓഫീസിനു മുന്നിലേക്ക് പ്രകടനമായി വന്ന ഒരു സംഘം സ്ത്രീകള്‍ വനിതാ ക്ഷേമകാര്യ വകുപ്പ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് കാര്യാലയത്തിനു മുന്നിലുള്ള മാളിനടുത്തും സ്ത്രീകള്‍ പ്രതിഷേധ പ്രകടനം നടത്തി. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം അംഗീകരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. ഹെറാത് പ്രവിശ്യയില്‍ ഒരു സംഘം വിദ്യാര്‍ത്ഥിനികള്‍ പ്രകടനം നടത്തിയതായും വാര്‍ത്തകളുണ്ട്. സ്വാതന്ത്ര്യം എന്ന ആവശ്യത്തില്‍നിന്നും പുറകോട്ടില്ലെന്നും പ്ലക്കാര്‍ഡുകള്‍ ഏന്തി മറ്റൊരു സംഘവും കാബൂളില്‍ പ്രകടനം നടത്തി. അതിനിടെ, ദില്ലിയിലും അഫ്ഗാന്‍ സ്ത്രീകളുടെ മുന്‍കൈയില്‍ താലിബാന്‍ വിരുദ്ധ പ്രകടനം നടന്നു.
- FB
- TW
- Linkdin
Follow Us
)
നിറതോക്കുമായി നില്‍ക്കുന്ന താലിബാന്‍ ഭീകരരുടെ മുന്നിലേക്ക് പ്രതിഷേധവുമായി പോവുക എളുപ്പമല്ല. ക്യാമറകള്‍ക്കു മുന്നില്‍വെച്ച് പ്രതിഷേധക്കാര്‍ക്കു നേരെ തോക്കുചൂണ്ടുകയും അവരെ മര്‍ദ്ദിക്കുകയും ചെയ്ത പാരമ്പര്യമാണ് താലിബാനുള്ളത്. എന്നിട്ടും, നിര്‍ഭയരായി താലിബാന്‍കാരുടെ മുന്നിലേക്ക് പ്രതിഷേധ പ്രകടനവുമായി എത്തി, കുറച്ച് അഫ്ഗാന്‍ സ്ത്രീകള്‍.
ഇന്നലെയും ഇന്നുമായാണ്, താലിബാന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ കാബൂളില്‍ പ്രകടനം നടന്നത്. കാബൂളിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ്, മതകാര്യ ഓഫീസ് എന്നിവിടങ്ങള്‍ക്കു മുന്നിലും തെരുവിലും പ്രകടനം നടന്നു. ആക്ടിവിസ്റ്റുകളാണ് പ്രധാനമായും പ്രകടനങ്ങളില്‍ അണിനിരന്നത്.
ഹെറാത് പ്രവിശ്യയില്‍ സ്‌കൂളില്‍ പോവാനുള്ള അവകാശങ്ങള്‍ക്കായി ഒരു സംഘം വിദ്യാര്‍ത്ഥിനികള്‍ പ്രകടനം നടത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധിക്കുന്നത് പോയിട്ട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് പോലും അസാദ്ധ്യമായ സാഹചര്യത്തിലാണ് ഈ പ്രകടനങ്ങളല്ലാം നടന്നത്.
ശക്തമായ മുദ്രാവാക്യങ്ങളുയര്‍ത്തി നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ താലിബാന്‍ ബലപ്രയോഗം നടത്തിയില്ല. എന്നാല്‍, ഒരാഴ്ചയ്ക്കു മുമ്പ് ഇതേ കാബൂളില്‍ പ്രതിഷേധിച്ച സ്ത്രീകള്‍ക്കെതിരെ താലിബാന്‍ തോക്കുചൂണ്ടി അക്രമാസക്തരായി രംഗത്തുവന്നിരുന്നു.
സ്ത്രീകളുടെ അവകാശങ്ങള്‍ ഇസ്ലാമിക നിയമപ്രകാരം നിലനിര്‍ത്തും, സ്ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള വേര്‍തിരിവ് അവസാനിപ്പിക്കും, സ്ത്രീ വിദ്യാഭ്യാസത്തെ തടയില്ല എന്നതടക്കം ആഴ്ചകള്‍ക്കു മുമ്പ് പ്രഖ്യാപിച്ച വാഗ്ദാനങ്ങളെല്ലാം താലിബാന്‍ ഇപ്പോള്‍ കാറ്റില്‍ പറത്തിയിരിക്കുകയാണ്.
സ്ത്രീകളെയും പെണ്‍കുട്ടികളെയും എല്ലാത്തില്‍നിന്നും പുറത്തുനിര്‍ത്തുന്ന പഴയ ഭീകരഭരണത്തിലേക്കാണ് അഫ്ഗാനിസ്താന്‍മടങ്ങിപ്പോവുന്നത്. ഇതാണ് പ്രതിഷേധങ്ങളിലേക്ക് അഫ്ഗാന്‍ സ്ത്രീകളെ നയിക്കുന്നത്.
പേരും സ്വാഭാവവും മാറിയ വനിതാ ക്ഷേമമന്ത്രാലയത്തിനു മുന്നിലായിരുന്നു പ്രകടനങ്ങള്‍. കഴിഞ്ഞ ദിവസമാണ്, വനിതാ ക്ഷേമമന്ത്രാലയം എടുത്തുകളഞ്ഞ് പകരമായി മതകാര്യ വകുപ്പ് താലിബാന്‍ ആരംഭിച്ചത്.
ഇതോടെ സ്ത്രീകള്‍ക്കു മാത്രമായുള്ള സര്‍ക്കാര്‍ വകുപ്പാണ് ഇല്ലാതായത്. സ്ത്രീകള്‍ക്കായുള്ള മന്ത്രാലയം പുനസ്ഥാപിക്കണമെന്ന് പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്തെിരായ വിവേചനം അവസാനിപ്പിക്കണെമന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
നാലഞ്ചു ദിവസം മുമ്പാണ്, വനിതാ ക്ഷേമ മന്ത്രാലയം അടച്ചുപൂട്ടിയത്. ഇവിടെ ജോലി ചെയ്തിരുന്ന സ്ത്രീകളോട് പണി നിര്‍ത്തി വീട്ടിലിരുന്നോളാനാണ് താലിബാന്‍ ആവശ്യപ്പെടുന്നത്. സ്ത്രീകളായതിനാല്‍ സ്വന്തം ജോലി ഇല്ലാതായ ജീവനക്കാരുടെ പ്രതിഷേധങ്ങള്‍ താലിബാന്‍കാര്‍ കേള്‍ക്കുന്നേയില്ല.
സ്ത്രീകളുടെ മന്ത്രാലയം ഇല്ലാതാക്കിയത് പിന്‍വലിക്കണമെന്ന് പ്രതിഷേധത്തിനെത്തിയ ബസീറ തവാന പറഞ്ഞു. സ്ത്രീകളെ ഒഴിവാക്കുന്നു എന്നതിനര്‍ത്ഥം മനുഷ്യരെ ഒഴിവാക്കുന്നു എന്നതാണെന്ന് അവര്‍ പറഞ്ഞു.
1996-2001 കാലത്ത് താലിബാന്‍ സ്ത്രീകളെ അടിച്ചമര്‍ത്തുകയായിരുന്നു. അവര്‍ക്ക് ജോലി ചെയ്യാന്‍ അവകാശമുണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നടത്താനുള്ള അവകാശവും അവര്‍ എടുത്തുകളഞ്ഞു.
വീണ്ടും താലിബാന്‍ അതേ നയങ്ങള്‍ പിന്തുടരുമെന്ന ഭീതി ലോകമെങ്ങും ഉയര്‍ന്നതിനു പിന്നാലെയാണ്, അധികാരം പിടിച്ചെടുത്ത പാടെ, പഴയ താലിബാനല്ല ഇപ്പോള്‍ അധികാരത്തിലുള്ളതെന്ന് ലോകത്തോടായി താലിബാന്‍ വക്താവ് പറഞ്ഞത്.
സ്ത്രീകളുടെ അവകാശങ്ങള്‍ ഇസ്ലാമിക നിയമപ്രകാരം നിലനിര്‍ത്തും, സ്ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള വേര്‍തിരിവ് അവസാനിപ്പിക്കും, സ്ത്രീ വിദ്യാഭ്യാസത്തെ തടയില്ല എന്നൊക്കെയാണ് അന്ന് താലിബാന്‍ വക്താവ് പറഞ്ഞത്.
എന്നാല്‍, ഈ വാഗ്ദാനങ്ങളെല്ലാം താലിബാന്‍ കാറ്റില്‍ പറത്തിയിരിക്കുകയാണ്. സ്ത്രീകളെയും പെണ്‍കുട്ടികളെയും എല്ലാത്തില്‍നിന്നും പുറത്തുനിര്‍ത്തുന്ന പഴയ ഭീകരഭരണത്തിലേക്കാണ് അഫ്ഗാനിസ്താന്‍ ഇപ്പോള്‍ മടങ്ങിപ്പോവുന്നത്.
പക്ഷേ, അഫ്ഗാനിസ്താന്‍ പഴയ അഫ്ഗാനിസ്താനല്ല എന്നാണ് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പഴയ സ്ത്രീകളല്ല 2021-ലെന്ന് താലിബാന്‍ ഓര്‍ക്കണമെന്നും അവകാശങ്ങള്‍ അടിച്ചമര്‍ത്തി സ്ത്രീകളെ മൂലയ്ക്ക് ഇരുത്താമെന്ന് നോക്കേണ്ടന്നും പ്രതിഷേധത്തിന് എത്തിയ ആക്ടിവിസ്റ്റ് തരാനും സഈദി പറഞ്ഞു.
ഇന്നാണ് ദില്ലിയില്‍ അഫ്ഗാന്‍ സ്ത്രീകളുടെ മുന്‍കൈയില്‍ താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രകടനം നടന്നത്. സ്ത്രീകളെ അടിച്ചമര്‍ത്താനുള്ള നയങ്ങള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് അഫ്ഗാന്‍ സ്ത്രീകള്‍ പ്രകടനം നടത്തിയത്.
ദില്ലിയില്‍ നടന്ന പ്രകടനത്തില്‍ താലിബാന്‍ ഭരണം അഫ്ഗാനിസ്താനെ എന്ത് ചെയ്യുമെന്ന ആധി ഉയര്‍ന്നു. അഫ്ഗാനിസ്താനിലെ തങ്ങളുടെ സഹോദരങ്ങള്‍ ഇനിയെന്താവുമെന്ന ആശങ്ക സ്ത്രീകള്‍ ഉയര്‍ത്തി.
താലിബാനെ പിന്തുണച്ചും അവര്‍ക്ക് രാജ്യാന്തര അംഗീകാരം ലഭ്യമാക്കാനുമായി മുന്നിട്ടിറങ്ങിയ പാക്കിസ്താന്‍ ഭരണകൂടത്തിന് എതിരെയും പ്രതിഷേധക്കാര്‍ വിരല്‍ ചൂണ്ടി. പാക്കിസ്താന് അഫ്ഗാനില്‍ എന്താണ് കാര്യമെന്ന് പ്രതിഷേധക്കാര്‍ ചോദിച്ചു.
ലോകത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ കാറ്റില്‍പ്പറത്തി താലിബാന്‍ തനിസ്വരൂപം കാട്ടുന്നു. തങ്ങള്‍ മാറിയെന്ന് പറഞ്ഞ് ആ്ചകള്‍ക്കു മുമ്പ് അധികാരമാരംഭിച്ച താലിബാന്‍ 1990-കളിലെ ദുര്‍ഭരണത്തിലേക്ക് തിരിച്ചുപോവുകയാണെന്നാണ് അഫ്ഗാനിസ്താനില്‍നിന്നു വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞദിവസമാണ് അഫ്ഗാനിസ്താനില്‍ സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരുന്ന ക്ലാസിലിപ്പോള്‍ ആണ്‍കുട്ടികള്‍ മാത്രമേയുള്ളൂ എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.