World Bicycle day 2022: 104 ദിവസം കൊണ്ട് കോഴിക്കോട് നിന്ന് സിംഗപ്പൂര്‍ വരെ ഒരു സൈക്കിള്‍ യാത്ര
കോഴിക്കോട് നിന്ന് സിംഗപ്പൂരിലേക്ക് ഒരു യാത്ര പോകാന്‍ തീരുമാനിക്കുമ്പോള്‍ ആദ്യം മനസിലേക്കെത്തുന്നത് വിമാന യാത്രയാകും. എന്നാല്‍ വന്യമായൊരു യാത്ര നടത്താനാണ് നിങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ അതെങ്ങനെയാകും ? കോഴിക്കോട് സ്വദേശിയും സൈക്കിളിങ്ങ് ഇഷ്ടപ്പെടുന്നയാളുമായ ഫായിസിന് രണ്ടാമതൊരു ആലോചനയുണ്ടായിരുന്നില്ല. അങ്ങനെ അദ്ദേഹം, ചവിട്ടി തള്ളിയത് ഒന്നും രണ്ടുമല്ല, 104 ദിവസം കൊണ്ട് ഏഴ് രാജ്യങ്ങള്‍ കടന്ന് 8,000 ത്തോളം കിലോമീറ്ററുകളാണ്. അതെ... 2019 ഒഗസ്റ്റ് 7 ന് കോഴിക്കോട് നിന്ന് ആരംഭിച്ച ആ യാത്ര 104 ദിവസങ്ങള്‍ക്ക് ശേഷം നവംബര്‍ 15 ന് അവസാനിച്ചത് അങ്ങ് സിംഗപ്പൂരില്‍. കോഴിക്കോട് നിന്ന് തമിഴ്നാട് വഴി ആന്ധ്ര, തെലുങ്കാന, ഒഡീഷ, വെസ്റ്റ് ബംഗാള്‍, ജാര്‍ഖണ്ഡ്, ബീഹാര്‍ വഴി ഇടയ്ക്കൊന്ന് നേപ്പാളിലേക്ക്. അവിടെ നിന്ന് വീണ്ടും ഇന്ത്യയിലേക്ക്.. നോപ്പാളില്‍ നിന്ന് സിലിഗുഡി വഴി മേഘാലയ, ആസം, നാഗാലാന്റ് വഴി മ്യാന്മാറിലേക്ക് പിന്നെ ഗള്‍ഫ് ഓഫ് തായ്ലന്റിനും അന്തമാന്‍ കടലിനും ഇടയില്‍ നീണ്ട് കിടക്കുന്ന തായ്ലന്റിന്റെ ഭൂമിയിലൂടെ മലേഷ്യയിലേക്ക്. ഒടുവില്‍ മലേഷ്യയുടെ തലസ്ഥാനമായ കുലാലമ്പൂര്‍ വഴി സിംഗപ്പൂരിലേക്ക്... മോഹിപ്പിക്കുന്ന ആ സൈക്കിള്‍ യാത്രയുടെ കഥ ഇങ്ങനെ തുടങ്ങുന്നു...
സൗദി അറേബ്യയില്‍ വിപ്രോയില്‍ ജോലി ചെയ്യവേയാണ് ഉപ്പയ്ക്ക് സുഖമില്ലായെന്ന് വീട്ടില്‍ നിന്നും അറിയിക്കുന്നത്. തുടര്‍ന്ന് വിപ്രോയിലെ ജോലി രാജി വച്ച് ഉപ്പയെ ശുശ്രുഷിച്ച് മൂന്ന് വര്‍ഷത്തോളം വീട്ടിലും ആശുപത്രികളിലുമായി ജീവിതം. ഉപ്പയുടെ മരണത്തോടെ ജീവിതത്തില്‍ വലിയൊരു ശൂന്യത അനുഭവപ്പെട്ടു. ജോലിയില്ല, ആളുകളെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ട്... അതൊരു വല്ലാത്ത കാലമായിരുന്നു..
ജീവിതത്തിലേക്ക് വീണ്ടും തിരിച്ച് വരണമെന്ന് തോന്നിയപ്പോള്‍ , മുന്നില്‍ ശൂന്യത മാത്രം. അതിനെ ഏങ്ങനെ മറികടക്കുമെന്ന ആലോചനയില്‍ നിന്നാണ് സൈക്കിള്‍ യാത്ര എന്ന സ്വപ്നം മുന്നിലേക്ക് വരുന്നത്. എന്നാല്‍, ചെറിയ ദൂരങ്ങള്‍ പ്രലോഭിപ്പിച്ചതേയില്ല. മറിച്ച് ദീര്‍ഘദൂരം ദിവസങ്ങളോളം യാത്ര ചെയ്യണമെന്നായിരുന്നു ആഗ്രഹം. അതിനായി അനുയോജ്യമായ നിരവധി റൂട്ടുകള്‍ തേടി നടന്നു. ഇന്ത്യ മുഴുവനും യാത്ര ചെയ്യുക എന്ന് തുടങ്ങി നിരവധി റൂട്ടുകളെ കുറിച്ച് ആലോചിച്ചു. എന്നാല്‍, അതിനൊന്നും മനസിനെ തൃപ്തിപ്പെടുത്താന്‍ കഴിയാത്തപ്പോഴായിരുന്നു സിംഗപ്പൂര്‍ യാത്രയെ കുറിച്ച് ആലോചിച്ചത്.
കോഴിക്കോട് നിന്ന് സിംഗപ്പൂരേക്ക്... ചരിത്രത്തില്‍ ഇന്നേവരെ ആരും സൈക്കിള്‍ ചവിട്ടിയിട്ടില്ലാത്ത ആ ദൂരം ഒരു പ്രലോഭനമായി മുന്നിലെത്തിയപ്പോള്‍ പിന്നൊന്നും നോക്കിയില്ല. കോഴിക്കോട് - സിംഗപ്പൂര്‍ സൈക്കിള്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചു. ഇതിനായി നിരവധി റൂട്ടുകള്‍ കണ്ടെത്തിയെങ്കിലും സാധ്യമെന്ന് തോന്നിയ ഒരു വഴിയാണ് തെരഞ്ഞെടുത്തത്.
യാത്രയെ കുറിച്ച് നിരവധി പേരോട് സംസാരിച്ചു. പ്രോത്സാഹനത്തേക്കാളേറെ നിരുത്സാഹമായിരുന്നു ലഭിച്ചത്. പലര്‍ക്കും ദൂരത്തെ കുറിച്ചും കടന്നു പോകുന്ന രാജ്യങ്ങളെ കുറിച്ചുമുള്ള ആശങ്കകളായിരുന്നു. ചിലര്‍ പരിഹസിച്ചു. ഓരോ പരിഹാസവും എന്നിലെ ആഗ്രഹത്തെ ശക്തിപ്പെടുത്തി.
പിന്മാറാന് മനസ് തയ്യാറായില്ല. ഓരോ നിരുത്സാഹവും പരിഹാസവും എനിക്കുള്ള പ്രോത്സാഹനമായിരുന്നു. ആ വശിയില്‍ നിന്ന് ആദ്യം ചെയ്തത് അടുത്തുള്ള ഒരു പ്രിന്റിങ്ങ് കടയില്‍ പോയി യാത്ര പോകാനുദ്ദേശിക്കുന്ന വഴിയുടെ വലിയൊരു മാപ്പ് പ്രിന്റ് ചെയ്യിക്കുകയായിരുന്നു. തുടര്‍ന്ന് ഈ പ്രിന്റ് റൂമിലെ ചുമരില്‍ ഒട്ടിച്ച് വച്ചു. പിന്നീടങ്ങോട്ട് എല്ലാ ദിവസവും ഈ യാത്രാ വഴിയിലേക്ക് നോക്കി. "I can do it, I can do it" എന്ന് മനസിലുരുവിട്ടു. ഇത് മാനസികമായ സ്വയം കരുത്ത് നല്കി.
പിന്നീട് 104 ദിവസം കൊണ്ട് 8,000 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടുമ്പോള്‍ ഒരിക്കല്‍ പോലും പിന്തിരിയാന് തോന്നാതിരുന്നത് ഈ കരുത്തിനാലാണ്. കൂടെ വന്ന സുഹൃത്ത് പിന്മാറി പോയപ്പോഴും ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ധൈര്യം തന്നതും ഈ കരുത്തായിരുന്നു. ഉപ്പ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ആശുപത്രി യാത്രകള്‍ക്കായാണ് ജീവിതത്തില്‍ ആദ്യത്തെ സൈക്കിള്‍ വാങ്ങുന്നത്. ആശുപത്രിയുടെ അടുത്തുണ്ടായിരുന്ന ഡെക്കാത്തലന്റെ ഷോറൂമില്‍ നിന്നും സൈക്കിള്‍ വാങ്ങി. ഒരാഴ്ചയ്ക്കുള്ളില്‍ ഉപ്പ മരിച്ചു.
ഉപ്പയുടെ മരണശേഷം, കര്‍ണ്ണാടകയിലെ മംഗലാപുരത്ത് മെഡിസിന് പഠിക്കുന്ന ഭാര്യ അസ്മിനെ കാണാനായി പോയിരുന്നത് മുഴുവന്‍ ഈ സൈക്കിളിലായിരുന്നു. അതിനിടെ ഒന്ന് രണ്ട് തവണ പാലക്കാടേക്കും സൈക്കിള്‍ യാത്ര നടത്തി. ഈ ഊര്‍ജ്ജമായിരുന്നു ഏക കൈ മുതല്‍. കോഴിക്കോടുള്ള വീട്ടില്‍ നിന്ന് ഭാര്യ പഠിക്കുന്ന നഗരത്തിലേക്ക് 230 കിലോമീറ്ററാണ് ഉള്ളത്. വൈകീട്ട് നാല് മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെട്ടാല്‍ പിന്നേറ്റ് രാവിലെ ഒമ്പത് മണിയോടെ മംഗലാപുരത്തെത്തും. മൂന്നാല് തവണ ഈ യാത്ര നടത്തിയപ്പോള്‍ തന്നെ എന്റെ ആത്മവിശ്വാസം ഉയര്‍ന്നു.
തുടര്‍ന്ന് എട്ട് മാസത്തോളം ഊണിലും ഉറക്കത്തിലുമെന്ന പോലെ നിരന്തരമായ അന്വേഷണത്തിനും പ്ലാനിങ്ങിനും ഒടുവിലാണ് സിംഗപ്പൂര്‍ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയത്. ഇതിനിടെ യാത്രയെ കുറിച്ച് അസ്മിനോട് സംസാരിക്കുമ്പോഴൊക്കെ അവള് എനിക്ക് തന്നെ ഊര്‍ജ്ജവും എന്റെ സ്വപ്നത്തെ വന്യമാക്കി. പലര്‍ക്കും അവിശ്വാസമായി തോന്നുമെങ്കിലും അസ്മിന് തന്നെ ഊര്‍ജ്ജമായിരുന്നു യാത്രയുടെ എല്ലാം.
രണ്ട് കുട്ടികളാണ് ഇനിക്ക്. മൂത്ത മകന്റെ പേര് ഫെഹസിന്‍ ഉമര്‍, രണ്ടാമത്തെ മകളുടെ പേര് ഹൈസിന് നഹേല്‍, അമ്മയെ പോലെ തന്നെ കുട്ടികളും എന്റെ യാത്ര പ്രോത്സാഹിപ്പിച്ചു. ഭാര്യയും മക്കളും സമ്മതിച്ചാല്‍ പിന്നെ മറ്റൊരു അനുമതിയാവശ്യമില്ലായിരുന്നു ഒന്നിനും. അടുത്തതായി യാത്രാ ചെലവുകള്‍ കണ്ടെത്താനുള്ള ശ്രമമായി. അതിനായി പലരോടും നിരന്തരം സംസാരിച്ചെങ്കിലും നിരുത്സാഹപ്പെടുത്തല്‍ മാത്രമായിരുന്നു ലഭിച്ചത്. ഒടുവില്‍ റോട്ടറി കാലിക്കറ്റ് അപ്ടൗൺ ക്ലബ്ബുമായി ബന്ധപ്പെട്ടു.
ആ വര്‍ഷത്തെ റോട്ടറിയുടെ തീം തന്നെ 'Rotary Connects to the World' എന്നായിരുന്നു. അതെനിക്ക് അനുഗ്രഹമായി. സൈക്കിളില്‍ പല രാജ്യങ്ങളിലൂടെയുള്ള എന്റെ യാത്രാ വഴിയേ കുറിച്ച് അറിഞ്ഞ റോട്ടറി, സൈക്കിള്‍ യാത്രയുമായി സഹകരിക്കാന്‍ തയ്യാറായി. അങ്ങനെ റോട്ടറിയുടെ സഹകരണത്തോടെ ഏഴ് രാജ്യങ്ങള്‍ കടന്നുള്ള എന്റെ ആദ്യ സ്വപ്ന യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. കടന്നു പോകുന്ന പ്രധാന നഗരങ്ങള്‍, രാജ്യങ്ങള്‍ എന്നിവിടങ്ങളില്ലെല്ലാം റോട്ടറി ക്ലബ്ബുകള്‍ ഉണ്ടായിരുന്നത് വലിയൊരു അനുഗ്രഹമായി.
ഇതിനിടെ യാത്രാ വഴിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായി. ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നു പോകുന്നത്. കേരളം, തമിഴ്നാട്, ആന്ധ്ര, ഒറീസ, ബീഹാര്‍, വെസ്റ്റ് ബംഗാള്‍, അസം, നാഗാലാന്റ്, മണിപ്പൂര്‍ ഇന്ത്യയ്ക്കകത്തേ് ഈ സംസ്ഥാനങ്ങളിലൂടെയാണ് യാത്ര. തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തി കടന്ന് നേപ്പാള്‍, ഭൂട്ടാന്, മ്യാന്മാര്, തായ്ലന്റ്, മലേഷ്യ വഴി സിംഗപ്പൂര്‍ വരെ. 104 ദിവസത്തിനിടെയില്‍ ഏതാണ്ട് അമ്പത് ദിവസത്തോളം ഇന്ത്യയിലൂടെ കടന്ന് പോകുന്ന വിധത്തിലായിരുന്നു പദ്ധതി തയ്യാറാക്കിയത്. ഇതില്‍ ഒന്നോ രണ്ടോ ദിവസമൊഴിച്ച് മറ്റെല്ലാ ദിവസവും താമസവും ഭക്ഷണവും ഒരുക്കിത്തരാന്‍ റോട്ടറി ക്ലബ്ലും സഹായിച്ചു.
അങ്ങനെ സുഹൃത്തും സൈക്കിള്‍ മെക്കാനിക്കുമായ അജിത്തും ഞാനും സ്വപ്നയാത്രയ്ക്ക് തുടക്കം കുറിച്ചു. അജിത്ത് കൂടെയുണ്ടായിരുന്നതിനാല്‍ യാത്രയ്ക്കിടെ സൈക്കിളിന് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അപ്പോള്‍ തന്നെ അത് പരിഹരിച്ച് മുന്നോട്ട് പോകാന്‍ കഴിയുമെന്ന ധൈര്യമുണ്ടായിരുന്നു. പ്രധാനപ്പെട്ട നഗരങ്ങളിലെത്തുമ്പോള്‍ സൈക്കിളിന്റെ ഗ്രീസും മറ്റ് കാര്യങ്ങളുമൊക്കെ മാറ്റിയാണ് യാത്ര തുടരാന്‍ തീരുമാനിച്ചത്.
അങ്ങനെ 2019 ഓഗസ്റ്റ് 7 ന് കോഴിക്കോട് നിന്ന് യാത്ര ആരംഭിച്ചു. ആദ്യ ഡസ്റ്റിനേഷനായി തീരുമാനിച്ചത് പാലക്കാട്. കേരളത്തില്‍ രണ്ടാമത്തെ പ്രളയം തുടങ്ങിയ അതേ ദിവസം. ആ പെരുമഴയ്ക്ക് തൊട്ട് മുമ്പ് കേരളത്തിന്റെ അതിര്‍ത്തി കടന്ന് ഞങ്ങള്‍ തമിഴ്നാട്ടിലേക്ക് കടന്നു. തമിഴ്നാട് ചിന്നസേലമെന്ന സ്ഥലത്ത് അവിടുത്തെ ഒരു റോട്ടറി ക്ലബ്ബ് അംഗമായ ഭാസ്കര്‍, ഞങ്ങളുടെ യാത്ര മംഗളമായി അവസാനിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബ ക്ഷേത്രത്തില്‍ ഒരു പൂജ നടത്തി. അന്ന് ആദ്യമായാണ് അദ്ദേഹത്തെ കാണുന്നത് തന്നെ. യാത്രയിലെ അവിസ്മരണീയ നിമിഷങ്ങള്‍ അവിടെ തുടങ്ങുകയാണെന്ന് പറയാം. ജീവിതത്തില്‍ ആദ്യമായി അങ്ങനെ ഒരു അമ്പലത്തിലും കയറി.
അവിടെ നിന്ന് ആന്ധ്രാപ്രദേശ്. ആന്ധ്രാപ്രദേശിലെ തനൂക്ക് എന്ന സ്ഥലത്ത് സ്വാദുള്ള ഒരു മധുര പലഹാരമുണ്ട്. ഏതാണ്ട് ടിഷ്യു പേപ്പറിനുള്ളില്‍ കുറച്ച് അണ്ടിപ്പരിപ്പൊക്കെ വച്ചത് പോലുള്ള ഒരു മധുര പലഹാരം. അത് കഴിച്ചിരിക്കേണ്ട ഒരു മധുര പലഹാരമാണ്. അവിടെ നിന്ന് വിജയവാഡ. അവിടെ വച്ച് ആദ്യമായി ഒരു അന്തര്‍വാഹിനി മ്യൂസിയത്തില്‍ കയറി.
പിന്നെ ഒറീസ. ഒറീസയില്‍ വച്ച് വഴിയില്‍ ഫോണില്‍ സംസാരിച്ച് കൊണ്ട് നില്ക്കുമ്പോള്, ബൈക്കില്‍ വന്ന രണ്ട് പേര് ഫോണും തട്ടിപ്പറിച്ച് പോയി. 104 ദിവസം നീണ്ട യാത്രയ്ക്കിടെയുണ്ടായ ആദ്യത്തെയും അവസാനത്തെയും മോഷണമായിരുന്നു അത്. അതുവരെയുണ്ടായിരുന്ന യാത്രാ ചിത്രങ്ങളും വീഡിയോകളുമെല്ലാം അതോടെ നഷ്ടമായി. പിന്നെ, കല്‍ക്കത്തയില്‍ വച്ചാണ് ഒരു ഫോണ്‍ വാങ്ങുന്നത്.
വളരെ ചെറുപ്പത്തിലേ ഏറെ കേട്ടിരുന്ന നഗരമാണ് കല്‍ക്കത്ത. അവിടെ സൈക്കിളിലെത്തിയപ്പോള്‍ കിട്ടിയ ഒരനുഭവത്തെ വാക്കുകളിലൊതുക്കാന്‍ കഴിയില്ല. സൈക്കിളിന്റെ ചക്രങ്ങള്‍ ആ നഗര വീഥികളിലൂടെ ഉരുണ്ടു പോകുമ്പോള്‍ ആനന്ദത്തിന്റെ മറ്റൊരു അവസ്ഥയിലായിരുന്നു എന്ന് പറഞ്ഞാല്‍ പോലും അതിശയോക്തിയില്ല. അവിടെ നിന്ന് അതിര്‍ത്തി കടന്ന് നേപ്പാളിലേക്ക്. കാക്കര്ബിറ്റ, അങ്ങനെ ആദ്യ നേപ്പാള്‍ നഗരമായി. ഒരു ദിവസത്തിനിടെ കാക്കര്ബിറ്റയുടെ ഗ്രാമങ്ങളിലൂടെ ചുറ്റിക്കറങ്ങി. യാത്രയിലെ ആദ്യ വിദേശരാജ്യവും നേപ്പാളായിരുന്നു. വീണ്ടും ഇന്ത്യയിലേക്ക്...
ഇന്ത്യയിലൂടെ രണ്ട് ദിവസത്തെ യാത്രയ്ക്ക് ശേഷം ഞങ്ങള്‍ രണ്ടാമത്തെ വിദേശരാജ്യമായ ഭൂട്ടാനിലേക്ക് കടന്നു. ഫുന്ഷോലിങ്ങായിരുന്നു ആദ്യ ഭൂട്ടാന് നഗരം. ആശ്ചര്യമായിരുന്നു ഇന്ത്യയുടെയും ഭൂട്ടാന്റെയും അതിര്‍ത്തി. ഒരു ചെറിയ മതില്. അതിന്റെ ഇരുഭാഗത്തുമായി ഇന്ത്യയും ഭൂട്ടാനും. ഇന്ത്യയില്‍ നിന്ന് ഹോണിന്റെയും ആളുകളുടെയും മറ്റും ഉയര്‍ന്ന ആവര്ത്തിയിലുള്ള ശബ്ദങ്ങളാകും നിങ്ങളെ പൊതിയുക. മാത്രമല്ല, ചളിയും മാലിന്യങ്ങളും നിങ്ങളുടെ കാലടികളെ മുക്കിക്കളയും.
എന്നാല്‍ ആ മതില് കടന്ന് ഭൂട്ടാന് അതിര്‍ത്തിയില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ സ്വിച്ച് ഇട്ടത് പോലെ നിശബ്ദതയാകും നിങ്ങളെ വന്ന് മൂടുക. ആ നിശബ്ദത നിങ്ങളെ തീര്‍ച്ചയായും ആശ്ചര്യപ്പെടുത്തും. അതുപോലെ തന്നെ ഇന്ത്യയിലെ വൃത്തിഹീനതയ്ക്ക് നേരെ വിപരീതമായി വൃത്തി മാത്രമാകും ഭൂട്ടാനില്‍ കാണാന്‍ കഴിയുക. പൂന്തോട്ടങ്ങള്‍ കൊണ്ട് അലങ്കരിച്ച മനോഹരമായ ഒരു രാജ്യം. ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവുമായി വിപരീത ജീവിത സാഹചര്യങ്ങള്‍.
കള്ളന്മാരില്ലാത്ത നാടുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? അതെ, അങ്ങനൊന്ന് ഉണ്ടെങ്കില്‍ അത് ഭൂട്ടാനാണ്. അവിടെ ഹോട്ടലിലെത്തിയപ്പോള്‍ സൈക്കിള്‍ സുരക്ഷിതമായി സൂക്ഷിക്കാനൊരു സ്ഥലം ചോദിച്ചു. ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞത് അവിടെ സൈക്കിളെന്നല്ല, എന്തും അടച്ച് പൂട്ടാതെ വഴിയരികില്‍ വച്ചാല്‍ പോലും ആരും എടുക്കില്ലെന്നാണ്. രണ്ട് ദിവസത്തെ ഭൂട്ടാനിലെ കയറ്റിറക്കങ്ങളിലൂടെ ചവിട്ടി കയറ്റിയും പിടിവിട്ട് ഇറങ്ങിയും ഞങ്ങള്‍ തിരികെ ഇന്ത്യയിലേക്കിറങ്ങി.
ഭൂട്ടാനില്‍ നിന്ന് അസമിലെ ഗുഹാട്ടിയിലേക്ക്. ഇതിനിടെ ഏതാണ്ട് 3,500 കിലോമീറ്ററാണ് ആ സൈക്കില്‍ എന്നെയും വഹിച്ച് കടന്ന് പോയത്. അവിടെ നിന്ന് സൈക്കിള്‍ വീണ്ടും റീസെറ്റ് ചെയ്ത് ആദ്യമായി രണ്ട് ടയറും മാറ്റി. കടക്കാരന് പറഞ്ഞതനുസരിച്ച് ആദ്യമായി സൈക്കിളിന് വില കൂടിയ ബോംബ് റൂഫ് ടയറ് തന്നെ വാങ്ങിച്ചിട്ടു. ബോംബ് ഇട്ടാല്‍ പോലും പൊട്ടാത്ത ടയറാണെന്നായിരുന്നു കടക്കാരന്റെ അവകാശവാദം. എന്നാലിരിക്കട്ടെയെന്ന് കരുതി. എന്നാല്‍, നമ്മുടെ ധാരണകളെ അസ്ഥാനത്താക്കി തൊട്ടടുത്ത ദിവസം ആ രണ്ട് ടയറുകളും പഞ്ചറായി. ഈ യാത്രയില്‍ അതായത് 8,000 കിലോമീറ്ററിനിടെ കിട്ടിയ രണ്ടേ രണ്ട് പഞ്ചറുകള്‍ അതായിരുന്നു. പിന്നെ ഗുഹാട്ടിയില്‍ നിന്ന് നാഗാലാന്റിലേക്ക്...
ഇന്ത്യയുടെ ഭാഗമാണെങ്കിലും നാഗാലാന്റില്‍ കയറണമെങ്കില്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ആവശ്യമാണ്. നാഗാലാന്റ് - മലകളുടെ നാട്. കയറ്റിറക്കങ്ങളില്‍ നമ്മള് വലഞ്ഞ് പോകും. പ്രത്യേകിച്ച് സൈക്കിള്‍ യാത്ര കൂടിയാകുമ്പോള്‍. ഏത് വഴികളിലേക്ക് കടന്നാലും ചളി മാത്രമാണ്. റോഡേതാ തോടേതാണെന്ന് തിരിച്ചറിയാത്ത വഴികള്‍. പോരാത്തതിന് ഇടയ്ക്കിടയ്ക്ക് മഴ അകമ്പടിക്കെത്തും. അപ്പോള്‍ അവിടത്തെ പൊടിയും വെള്ളവും ഒന്നായി റോഡ് മുഴുവന്‍ ഒരു തരം ചോക്കളേറ്റ് കളറാകും. സൈക്കിളാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ടയര്‍ ഇടയ്ക്കിടയ്ക്ക് തെന്നിക്കൊണ്ടിരിക്കും. അടുത്തുകൂടി ഏതേലും വാഹനം കടന്ന് പോയാല്‍ നമ്മളും 'ചോക്ക്ലേറ്റില്‍' കുളിക്കും. അറുപത് കിലോമീറ്ററും കയറ്റം ചവിട്ടിക്കയറ്റണം. അതും വളവും തിരുവുകളുമൊക്കയുള്ളത്. ആസ്വദിച്ച് തന്നെയാണ് യാത്രയിലുടനീളം ഞങ്ങള്‍ സഞ്ചരിച്ചത്.
കയറ്റം കയറി കോഹിമയിലെത്തിയപ്പോഴാണ് ആദ്യമായി നല്ലൊരു തണുപ്പ് കിട്ടിയത്. ഊട്ടിക്ക് സമാനം. ഓരോ മലയുടെ മുകളിലും ഓരോ ഗോത്രവര്‍ഗ്ഗങ്ങളാണ് താമസിക്കുന്നത്. ചൈനയിലെ പോലെ നാഗാലാന്റിലും നല്ല പട്ടിയിറച്ചി കടകളിലും വഴിയോരങ്ങളിലും നിന്ന് വാങ്ങാം. അങ്ങനെ നാഗാലാന്റും കടന്ന് മണിപ്പൂരിലേക്ക്... മണിപ്പൂരിലെ ഇംഫാലിലെത്തിയെങ്കിലും അവിടെ ഒരു ഒമ്പത് ദിവസം കുടുങ്ങിക്കിടന്നു. പാസ്പോര്‍ട്ട്, വിസയടിച്ച് കിട്ടാന്‍ വൈകിയതായിരുന്നു കാരണം. ആ ഒമ്പത് ദിവസം ഇംഫാല്‍ ഞങ്ങള്‍ അരിച്ച് പെരുക്കിയെന്ന് തന്നെ പറയാം. ഇംഫാല്‍ മ്യൂസിയം, ലോക്താക് ലേക്ക് ഇത് രണ്ടും ജീവിതത്തില്‍ കണ്ടിരിക്കേണ്ട രണ്ട് സ്ഥലങ്ങളാണ്.
ഇംഫാലില്‍ നിന്ന് മ്യാന്മാര് അതിര്‍ത്തിയിലേക്ക്. പത്ത് അറുപത് കിലോമീറ്റര്‍ ഇറക്കങ്ങളില്ലാത്ത കയറ്റം കയറി വേണം അതിര്‍ത്തിയിലെത്താന്‍. രാവിലെ വയറ് നിറച്ച് പോറോട്ട കഴിച്ച ശേഷമാണ് കയറാന്‍ തുടങ്ങിയത്. അന്ന് രാത്രിയോടെ ആ മലയും ചവിട്ടിക്കയറ്റി ഞങ്ങള്‍ അതിര്‍ത്തിയിലെത്തി. അവിടെ വച്ച് പലരും നിരുത്സാഹപ്പെടുത്തി. ഇതിന് മുമ്പ് പോയ പല സൈക്കിളിസ്റ്റുകളെയും കടത്തിവിട്ടിട്ടില്ലെന്നും മറ്റുമായിരുന്നു കാരണമായി പറഞ്ഞത്. ഏതായാലും ഇവിടെ വരെയെത്തി. വരുന്നത് വരട്ടെയെന്ന് കരുതി യാത്ര തുടര്‍ന്നു. അതിര്‍ത്തിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് ഞങ്ങളുടെ യാത്രയുടെ വിശദവിവരങ്ങള്‍ അറിയിച്ചു. അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നു. അങ്ങളുടെ അവശ്യം ശ്രദ്ധയോടെ കേട്ട അദ്ദേഹം തങ്ങളെ അതിര്‍ത്തി കടക്കാന്‍ അനുവദിച്ചു.
മ്യാന്മാര് അതിര്‍ത്തി കടക്കുന്നതിന് മുമ്പ് ആദ്യം എമിഗ്രേഷന്‍ ഓഫീസില്‍ പോയി നമ്മള് ചെക്ക് ചെയ്യണം. അവിടെ നിന്ന് പെര്‍മിറ്റ് അടിച്ച് കിട്ടുമെന്ന് ഉറപ്പിച്ച ശേഷം മാത്രമേ ഇന്ത്യയില്‍ നിന്ന് എക്സിറ്റ് വിസ അടിക്കാന്‍ പാടൊള്ളൂ. അതല്ലെങ്കില്‍ ഇന്ത്യയില്‍ നിന്ന് എക്സിറ്റ് അടിക്കുകയും ചെയ്യും മ്യാന്മാറില് കയറാനും പറ്റിയില്ലെങ്കില്‍ നമ്മള് കുടിങ്ങിപ്പോകും. അതുകൊണ്ട് മ്യാന്മാറില് നിന്ന് എന്‍ട്രി വിസ കിട്ടുമെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ഇന്ത്യയില്‍ നിന്നുള്ള എക്സിറ്റ് വിസ അടിക്കുക.
യാത്രയിലെ മൂന്നാമത്തെ വിദേശരാജ്യമായി അങ്ങനെ മ്യാന്മാര് മാറി. മ്യാന്മാറില് കടന്ന ആദ്യ ദിവസം തന്നെ ആശങ്കയുടേതായിരുന്നു. എവിടെ താമസിക്കുമെന്നതായിരുന്നു പ്രധാന പ്രശ്നം. ഭാഷ അറിയില്ല. വഴിയറിയില്ല. ഒന്നും അറിയില്ല. മൊത്തത്തില്‍ ആശങ്ക... വഴികളിലൊന്നും ഒറ്റ മനുഷ്യനില്ല. വിജനമായ വഴികള്‍... ആകെ കൂട്ടിനുള്ളത് ആശങ്ക മാത്രം. അങ്ങനെ സൈക്കിള്‍ ചവിട്ടി പോകുമ്പോള്‍ പുറകില്‍ നിന്നും ഒരു ബൈക്ക് വന്നു. എന്റെ അടുത്തെത്താറായപ്പോള്‍ സ്ലോ ചെയ്തു. വേഷം കൊണ്ട് പള്ളിയില്‍ അച്ചന്. അദ്ദേഹം ഹിന്ദിയില്‍ എവിടെ പോകുന്നുവെന്ന് ചോദിച്ചു. അപ്പോള്‍ അനുഭവിച്ച ഒരു സന്തോഷം... അല്ല ശാന്തത.. ഓ എന്താണ് പറയേണ്ടത്. ഇതൊക്കെയാണ് യാത്രയെന്ന് പറയുന്നത്.
പറഞ്ഞ് വന്നപ്പോള്‍ അദ്ദേഹം കുറച്ച് കാലം ഇന്ത്യയില്‍ വന്ന് താമസിച്ചിട്ടുണ്ട്. താമസ സ്ഥലത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അദ്ദേഹം സ്വന്തം വീട്ടിലേക്കാണ് ക്ഷണിച്ചത്. മറ്റൊരു അത്ഭുതം. ഒരു പരിചയവുമില്ലാത്ത രാജ്യത്ത് തീര്‍ത്തും അജ്ഞാതനായ ഒരാള്‍ നമ്മളെ അയാളുടെ വീട്ടിലേക്ക് ക്ഷണിക്കുക. പക്ഷേ, ഞാന്‍ സ്നേഹപൂര്‍വ്വം ആ ക്ഷണം നിരസിച്ചു. പകരം ഒരു ബുദ്ധിസ്റ്റ് മോണാസ്ട്രിയില്‍ താമസം ശരിയാക്കാമോയെന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ഒരു വലിയ മൊണാസ്ട്രിയില്‍ അദ്ദേഹം ഞങ്ങള്‍ക്കുള്ള താമസം ശരിയാക്കി. അന്ന് അവിടെ താമസിച്ചു.
രണ്ടാം ദിവസം വീണ്ടും യാത്രയാരംഭിച്ചു. അന്നേദിവസം ഒരു ചെറിയ ഹോട്ടിലില്‍ കയറി. പക്ഷേ ഒരു പ്രശ്നം. ഹിന്ദി, ഇംഗ്ലീഷ് ഇങ്ങനെ ഒരു ഭാഷയും അവര്‍ക്ക് വശമില്ല. വിശപ്പാണെങ്കില്‍ നമ്മളെ തന്നെ തിന്നുന്ന അവസ്ഥയിലായിരുന്നു. പിന്നെ ഒരു തന്ത്രം ഉപയോഗിച്ചു. ഫോണില്‍ കോഴിമുട്ട, പച്ചമുളക്, ഉള്ളി... ഇങ്ങനെ എല്ലാ വസ്തുക്കളുടെയും ചിത്രം കാണിക്കും. എന്നിട്ട് ഇതൊക്കെ മുറിച്ച് അടുപ്പത്ത് വയ്ക്കുന്നത് ആംഗ്യഭാഷയില്‍ കാണിക്കും. സംഗതി റെഡി. അവര്‍ക്ക് കാര്യം മനസിലായി. അങ്ങനെ നമ്മുടെ ഓംപ്ലേറ്റും കിട്ടി. അല്ലെങ്കിലും ഈ ഭാഷയൊക്കെ എന്നാ ഉണ്ടായത്.. അല്ലേ... ? അങ്ങനെ അവരുടെ അടുക്കളയില്‍ കയറി ആംഗ്യ ഭാഷയില്‍ അവരെ കൊണ്ട് തന്നെ ഭക്ഷണം ഉണ്ടാക്കി, അത് കഴിച്ച് ഞാന്‍ വിശപ്പടക്കി.
മത്സ്യം കഴിക്കാത്തൊരാളാണ് ഞാന്‍, എന്നാല്‍ മ്യാന്മാറില് എന്ത് കറിയുണ്ടാക്കിയാലും അതില്‍ മത്സ്യത്തിന്റെ സോസ് ഉപയോഗിക്കും. അതിനാണെങ്കില്‍ ഉണക്ക മീനിന്റെ മണവും രുചിയുമാണ്. മ്യാന്മാറില് ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇങ്ങനെ കുറച്ച് ബുദ്ധിമുട്ടേണ്ടിവന്നു. അങ്ങനെ മ്യാന്മാറിലുണ്ടായ ദിവസം മുഴുവനും മുട്ടയായി എന്റെ പ്രധാന ഭക്ഷണം. രാവിലെ, ഉച്ചയ്ക്ക്, രാത്രി.. മൂന്ന് നേരവും മുട്ട തന്നെ മുട്ട. ഇങ്ങനെ ചില അനുഭവങ്ങള്‍ കൂടിയുണ്ടാകുമ്പോഴേ യാത്ര അതിന്റെ പൂര്‍ണ്ണതയിലെത്തുകയുള്ളൂ എന്ന അറിവും കൂടിയായിരുന്നു ആ കാലം.
മ്യാന്മാറില് ഏറ്റവും സങ്കടം തോന്നിയ കാര്യം അവിടുത്തെ ചെറിയ കുട്ടികള്‍ വരെ വഴിയരികില്‍ നിന്ന് പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുമെന്നതാണ്. അവിടെ വഴിയരികിലെ ചെറിയ പെട്ടിപീടികയില്‍ വരെ ബിയറും മറ്റ് ലഹരി വസ്തുക്കളും കിട്ടും. അതെന്നെ വല്ലാതെ സങ്കടപ്പെടുത്തി. അങ്ങനെ മ്യാന്മാറിലൂടെ യാത്ര തുടരുന്നതിനിടെയാണ് വഴിയരികില്‍ ഒരു പന്തല്‍ കണ്ടത്. വലിയ എന്തോ ആഘോഷമാണെന്ന് കണ്ട് ഞങ്ങള്‍ അങ്ങോട്ട് കയറി. അപ്പോഴാണ് അവിടെ ഒരു കല്യാണമാണ് നടക്കുന്നതെന്ന് മനസിലായത്. അങ്ങനെ ജീവിതത്തിലാദ്യമായി വിളിക്കാത്ത കല്യാണത്തിനും കയറിച്ചെന്നു.
പന്തലിലേക്ക് കയറുമ്പോള്‍ തന്നെ കുറച്ച് കാരണവന്മാര് ഇരിക്കുന്നത് കാണാം. അവരുടെ വസ്ത്രധാരണം കണ്ടാല്‍ നമ്മുക്ക് ചിരിവരും. ഓരോ നാട്ടില്‍ ഓരോരോ രീതികള്‍. നന്നായി അലക്കി വെളുപ്പിച്ച് ഇസ്തിരി ഇട്ട വെള്ള ഷര്‍ട്ടാണ് വേഷം. എന്നിട്ട് അത് ഇന്‍സൈഡ് ചെയ്യുന്ന തരത്തില്‍ ലുങ്കി ഉടുക്കും. മുഖത്ത് ഒരു കൂളിങ്ങ് ഗ്ലാസും ഉണ്ടാകും. ആദ്യം കണ്ടപ്പോള്‍ ചിരി ഒതുക്കാന്‍ ഞാനേറെ പണിപ്പെട്ടു. പിന്നെ അതൊരു ശീലമായി. എന്തായാലും ആദ്യമായി വിളിക്കാതെ കയറിച്ചെന്ന വീട്ടില്‍ ആദ്യം കണ്ട ആ പ്രായമായ മനുഷ്യരോട് ഞാന്‍ ഇന്ത്യയില്‍ നിന്നാണെന്ന് ഇംഗീഷില്‍ പറഞ്ഞു. എന്നെ വീണ്ടും അത്ഭുതപ്പെടുത്തി കൊണ്ട് അവര്‍ സംസാരിച്ചത് തമിഴില്‍. അതെ, നമ്മുടെ തമിഴ് ഭാഷയില്‍. പിന്നീടാണ് ഞാന്‍ ചരിത്രപരമായ ആ സത്യം മനസിലാക്കിയത്.
പണ്ട് തമിഴ്നാട്ടുകാര്‍ അവിടെ ജോലിക്കെത്തിയിരുന്നു. അങ്ങനെ ആ തലമുറയില്‍പ്പെട്ട ആളുകള്‍ക്ക് കുറച്ചൊക്കെ തമിഴ് അറിയാം. അതെന്നെ എന്തെന്നില്ലാതെ സന്തോഷിപ്പിച്ചു. അങ്ങനെ അവരോട് എനിക്കറിയാവുന്ന തമിഴില്‍ ഞാനും അവര്‍ക്കറിയാവുന്ന തമിഴില്‍ അവരും സംസാരിച്ചു. ഒടുവില്‍ അവരെന്നെ കല്യാണ വീട്ടിലേക്ക് കൊണ്ടുപോയി വരനെയും വധുവിനെയും പരിചയപ്പെടുത്തി. ഞങ്ങള്‍ ഫോട്ടോയൊക്കെ എടുത്ത് അവിടെ നിന്നും പിരിഞ്ഞു.
യാങ്കൂണ്‍ സിറ്റിയിലൂടെ യാത്ര തുടരുന്നതിനിടെ - അന്ന് നല്ല ചൂടുള്ള കാലാവസ്ഥയായിരുന്നു. - ചൂട് സഹിക്കാന്‍ വയ്യാതെ ഞാനൊരു ഒരു മരത്തണലില്‍ തളര്‍ന്ന് ഇരിക്കുകയായിരുന്നു. എന്റെ ഇരിപ്പ് ശ്രദ്ധിച്ച് റോഡിന് മറുവശത്ത് കല്യാണക്കത്ത് വില്‍ക്കുന്ന ഒരു കടയില്‍ ഒരു സ്ത്രീയിരുന്നിരുന്നു. പിന്നീടാണ് ഇതെന്റെ ശ്രദ്ധയില്‍പ്പെട്ടത്. കുറച്ച് കഴിഞ്ഞ് അവര്‍ ചിരിച്ചപ്പോള്‍ ഞാനും ചിരിച്ചു. തുടര്‍ന്ന് അവരെന്നെ കൈകൊണ്ട് കടയിലേക്ക് ക്ഷണിച്ചു. സൈക്കിളുമായി കടയ്ക്കരികിലേക്ക് നടക്കുമ്പോള്‍ ഏത് ഭാഷയില്‍ സംസാരിക്കുമെന്ന ആശങ്കയിലായിരുന്നു ഞാന്‍. എനിക്കറിയാവുന്ന ഒരു ഭാഷയും അവര്‍ക്കറിയില്ലല്ലോ.
വീണ്ടു നമ്മള് പഴയ തന്ത്രം പുറത്തെടുത്തു. Google translater എടുത്ത് എനിക്ക് പറയാനുള്ളത് എഴുതി അവരുടെ ഭാഷയിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്ത് അവരെ കാണിച്ചു. അവര്‍ക്ക് കാര്യം മനസിലായി. കുടിക്കാന്‍ വെള്ളമൊക്കെ തന്നു. പിന്നെ ഏതാണ്ട് ഒരു മണിക്കൂറോളം അവിടെ വിശ്രമിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ പ്രായമായ ഒരാള്‍ അവിടെയെത്തി. തുടര്‍ന്ന് ആ സ്ത്രീ, വന്നയാളോട് എന്നെ ഹോട്ടലില്‍ കൂട്ടിക്കൊണ്ട് പോയി ഭക്ഷണം വാങ്ങിത്തരണമെന്ന് പറഞ്ഞു. അദ്ദേഹം എന്നെ അടുത്തുള്ള ഒരു റസ്റ്റോറന്റില്‍ കൂട്ടിക്കൊണ്ട് പോയി അവിടുത്ത രീതിയിലുള്ള ഒരു ബിരിയാണിയൊക്കെ വാങ്ങിത്തന്നു.
അവിടുത്തെ ബിരിയാണിയെന്ന് പറഞ്ഞാല്‍ നാട്ടിലെ സദ്യ പോലെയാണ്. ഒരു പാട് കൂട്ടം കറികളും മറ്റും ബിരിയാണിക്ക് ഒപ്പമുണ്ടാകും. കുഴപ്പമില്ലാത്ത ടേസ്റ്റൊക്കെയുണ്ട്. ജീവിതത്തില്‍ അതുവരെ കാണാത്ത ആളുകള്‍, അതും ഭാഷ പോലും പരസ്പരം അറിയാത്തവര്‍... ഇങ്ങനെ സത്ക്കരിക്കുമ്പോള് അതില്‍ പരം മറ്റെന്താണ് ജീവിതത്തില്‍ അല്ലെങ്കില്‍ ഒരു യാത്രയില്‍ ഒരാള്‍ക്ക് ലഭിക്കുക ? അങ്ങനെ മ്യാന്മാറിലൂടെ 25 ദിവസത്തോളം യാത്ര ചെയ്തു. ഏതാണ്ട് 1700 കിലോമീറ്ററോളം ദൂരം മ്യാന്മാറിന്റെ വടക്ക് നിന്ന് തെക്ക് ഭാഗത്തേക്ക് സൈക്കിള്‍ ചവിട്ടി.
അങ്ങനെ തായ്ലന്റിലെത്തി. 104 ദിവസത്തിനിടെ ഏറ്റവും ആസ്വദിച്ച് സൈക്കിള്‍ ചവിട്ടത് തായ്ലാന്റിലൂടെയായിരുന്നു. അവിടുത്തെ ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോള്‍ ഓരോ നിശ്ചിത ദൂരം കഴിയുമ്പോഴും ഒരു പെട്രോള്‍ പമ്പ് കാണാം. തായ്ലന്റ് പെട്രോള്‍ പമ്പെന്നാല് നമ്മുടെത് പോലെ വെറുമൊരു പെട്രോള്‍ പമ്പല്ല. അവിടെ കെഎഫ്സി, മക്ടോണാള്ഡ് തുടങ്ങി ഒരു സൂപ്പര്‍മാര്‍ക്കറ്റ് തന്നെ ആ പെട്രോള്‍ പമ്പിനോടൊപ്പമുണ്ടാകും. അതോടൊപ്പം നല്ല വൃത്തിയുള്ള ടോയ്ലറ്റുകളും ഉണ്ടാകും. മറ്റൊരു പ്രത്യേകത ടോയ്ലറ്റും ബാത്തിങ്ങ് ഏരിയയും വേറെ വേറെയാണെന്നതാണ്. സത്യത്തില്‍ വൃത്തിയുടെ കാര്യത്തില്‍ മലയാളി കണ്ട് പഠിക്കേണ്ടത് തായ്ലന്റുകാരെയാണ്. അവരുമായി താരതമ്യം ചെയ്യുമ്പോളാണ് നമ്മുടെ വൃത്തിയൊക്കെ വെറും പറച്ചില് മാത്രമാണെന്ന് മനസിലാകും. അതിനാണ് ലോകം കാണമെന്ന് അറിവുള്ളവര്‍ പറയുന്നത്.
മറ്റ് സ്ഥലങ്ങളിലൂടെ നടത്തിയ യാത്രയില്‍ നിന്ന് വ്യത്യസ്തമായി തായ്ലന്റിലൂടെ രാത്രി ഒമ്പത് മണിവരെയൊക്കെ യാത്ര ചെയ്യും. അതിന് ശേഷം ആദ്യം കാണുന്ന പെട്രോള്‍ പമ്പില്‍ ടെന്റ് അടിക്കും. അവിടെ തന്നെ കുളിയും മറ്റ് കാര്യങ്ങളും നടത്തും. വാഷിങ്ങ്മെഷ്യനും അവിടെയുണ്ടാകും. നാണയമിട്ടാല്‍ നമ്മുടെ വസ്ത്രങ്ങളൊക്കെ വൃത്തിയാക്കി അലക്കിത്തരും. പിന്നേറ്റ് രാവിലെ വീണ്ടും യാത്ര തുടരും. മനോഹരമായ യാത്രയായിരുന്നു അത്. അങ്ങനെ ബാങ്കോക്കിലെത്തി.
അവിടെ വച്ച് പട്ടായയിലുള്ള റോട്ടറി ക്ലബ് അംഗങ്ങള്‍ ഞങ്ങളെ അവരുടെ സ്ഥലത്തേക്ക് ക്ഷണിച്ചു. സത്യത്തില്‍ പട്ടായ എന്റെ റൂട്ട് മാപ്പില്‍ ഉണ്ടായിരുന്നില്ല. അത് എന്റെ റൂട്ട് മാപ്പില്‍ നിന്നും വീണ്ടുമൊരു 150 കിലോമീറ്റര്‍ മാറി സഞ്ചരിക്കണം. ഏതായാലും അവരുടെ ക്ഷണം സ്വീകരിച്ച് ഞാന്‍ ആ വഴി യാത്ര തിരിച്ചു. റോട്ടറിക്കാരുടെ തന്നെ ഒരു ഹോട്ടലിലാണ് താമസം ശരിയാക്കിയിരുന്നത്. എല്ലാ സൗകര്യങ്ങളും അവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു. പട്ടായയില്‍ രണ്ട് ദിവസം അടിച്ച് പൊളിച്ചു. വീണ്ടും 150 കിലോമീറ്റര്‍ ചവിട്ടി ബാങ്കോക്കില്‍ തിരിച്ചെത്തി.
അവിടെ നിന്ന് മലേഷ്യ ലക്ഷ്യമാക്കി വീണ്ടും യാത്ര. തായ്ലന്റിലെ അതിമനോഹരമായ ബീച്ചുകളായ ഫുക്കറ്റ്, ഹുവാഹിന് എന്നീ ബീച്ചുകള്‍ വഴിയാണ് യാത്ര. തായ്ലന്റ് - മലേഷ്യന്‍ അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ അവിടെ ഒരു മലയാളി, അനില്‍. ചന്ദ്രനില്‍ നീല്‍ ആംസ്ട്രോങ്ങ് മലയാളിയെ കണ്ടെന്ന 'കഥ' അറിയാവുന്നതിനാല്‍ അതിശയം തോന്നിയില്ലെങ്കിലും വളരെ സന്തോഷം തോന്നി. അദ്ദേഹം എന്നെ വീട്ടില്‍ കൊണ്ട് പോയി രാത്രി ഭക്ഷണമൊക്കെ തന്നു. നമ്മുടെ സ്വന്തം ഭക്ഷണം കഴിച്ചിട്ട് ഏറെ കാലമായെന്ന് പറഞ്ഞപ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യ നെയ്ച്ചോറ്, ചിക്കന്‍ കറി, സാമ്പാറ്, ചോറ്, അങ്ങനെ ഒരു പാട് വിഭവങ്ങള്‍ വിളമ്പി. ഒരു രാത്രി ഭക്ഷണത്തിന് ഇത്രയേറെ വൈവിദ്യമുള്ള ഭക്ഷണം ആദ്യമായിട്ടായിരുന്നു കാണുന്നത് തന്നെ. അതും കേരളത്തിന്റെ തനത് രുചിയോടെ. അങ്ങനെ മാസങ്ങള്‍ക്ക് ശേഷം ആസ്വദിച്ച് വയറ് നിറച്ച് ഭക്ഷണം കഴിച്ചു. മൂപ്പര് തന്നെ ഹോട്ടലും ശരിയാക്കി തന്നു. അന്ന് രാത്രി വിശാലമായി ഉറങ്ങി.
പിന്നേറ്റ് അതിര്‍ത്തി കടന്ന് മലേഷ്യയിലേക്ക് കടന്നു. മലേഷ്യയിലേക്ക് കടക്കാന്‍ രണ്ട് അതിര്‍ത്തികളാണ് ഉള്ളത്. അനിലേട്ടന്റെ നിര്‍ദ്ദേശ പ്രകാരം ഞാന്‍ പടാങ്ങ് ബസാര്‍ വഴി മലേഷ്യയിലേക്ക് കയറി. കാരണം, അവിടെ അത്ര ശക്തമായ ചെക്കിങ്ങില്ലെന്നത് തന്നെ. അതിര്‍ത്തിയില്‍ വച്ച് സൈക്കിള്‍ ശ്രദ്ധിച്ച ശേഷം പാസ്പോട്ടും കൊണ്ട് ഒരു ഉദ്യോഗസ്ഥന് അകത്തേക്ക് പോയി. തുടര്‍ന്ന് ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് എന്നെ കാണാനെത്തി. കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. പിന്നെ അതിര്‍ത്തി കടക്കാന്‍ അനുവദിച്ചു.
മലേഷ്യയിലേക്ക് കടന്നതും പിന്നങ്ങോട്ട് മലയാളികളുടെ സല്ക്കാരമേറ്റായിരുന്നു യാത്ര മുഴുവനും. ചെല്ലുന്നിടത്ത് ചെല്ലുന്നിടത്ത് മലയാളികള്‍ സല്ക്കരിക്കാന് തയ്യാറായി നില്‍ക്കുന്നത് പോലെയായിരുന്നു കാര്യങ്ങള്‍. കേരളത്തില്‍ നിന്ന് യാത്ര പുറപ്പെടുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങുമ്പോള്‍ എനിക്ക് 105 കിലോയാണ് ഭാരം. യാത്ര തുടങ്ങുമ്പോഴേക്കും അത് കുറച്ച് 95 കിലോ ആക്കിയിരുന്നു. മലേഷ്യന്‍ അതിര്‍ത്തിയിലെത്തുമ്പോള്‍ വീണ്ടും 85 കിലോയായി കുറഞ്ഞു. പിന്നീടങ്ങോട്ട് യാത്ര കുറഞ്ഞു, ഭക്ഷണം കൂടി. സ്വാഭാവികമായും ഭാരവും. മലയാളി അസോസിയേഷന്, അവിടുത്തെ സിറ്റിസണ്സായിട്ടുള്ള മലയാളികള്‍... എല്ലാവര്ക്കും നാട്ടില്‍ നിന്ന് സൈക്കില്‍ ചവിട്ടിവന്നയാളെ സത്ക്കരിക്കണം. ഞാനും പിന്നെ ആ താളത്തിലായി യാത്ര. മലേഷ്യയിലെ ഗെന്റിങ്ങ് ഐലന്റൊന്നും ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു.
മലേഷ്യയില്‍, ചൂട് വെള്ളം വരുന്ന നിരവധി പ്രകൃതിദത്ത സ്ഥലങ്ങളുണ്ട്. ഇങ്ങനെ ഭൂമിക്കടിയില്‍ നിന്നും വരുന്ന ചൂട് വെള്ളം മൂന്ന് വ്യത്യസ്ത ചൂടില്‍ സൂക്ഷിക്കും. ആദ്യം കുറഞ്ഞ അളവില്‍ ചൂട്, പിന്നെ കുറച്ച് കൂടി കൂടിയ ചൂട് വെള്ളം , അതിന് ശേഷം നല്ല ചൂട് വെള്ളം. എന്നിങ്ങനെയാണ് അത് ഒരുക്കിയിരിക്കുന്നത്. ആ സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തായ ഒരു റോട്ടേറിയന്‍ , ഇത്രയും യാത്ര ചെയ്ത് വരുന്നല്ലേ അതിനാല്‍ മസാജിനേക്കാള്‍ നല്ലത് ഈ ഹോട്ട് സ്വിമ്മിങ്ങ് പൂളില്‍ ഒരു മണിക്കൂറ് കുളിക്കുന്നതാകുമെന്ന് നിര്‍ദ്ദേശിച്ചു. അങ്ങനെ അവിടെയെത്തി ആദ്യം കുറഞ്ഞ ചൂട് വെള്ളത്തില്‍ ഒരു പത്ത് മിനിറ്റോളം ഇരുന്നു. പിന്നെ അതിലും കൂടിയ ചൂടില്‍. ഏറ്റവും ഒടുവില്‍ ഏറ്റവും ചൂടുള്ള പൂളില്‍. ഏതാണ്ട് ഒന്നൊന്നര മണിക്കൂറ് കിടന്നു. യെന്തിന് പറയുന്നു. നൂറ് ദിവസം ആയിരക്കണക്കിന് കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ ഒരു ക്ഷീണവും പിന്നെ ദേഹത്ത് അവശേഷിച്ചിരുന്നില്ലെന്ന് പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ക്ക് വിശ്വാസം വരില്ല. പക്ഷേ അതാണ് യാഥാര്‍ത്ഥ്യം.
പിറ്റേദിവസം ഗണ്ടിങ്ങ് ഐലന്റിലേക്ക് പോയി. ജീവിതത്തില്‍ ആദ്യമായി ഒരു കസിനോയില്‍ കയറുന്നത് മലേഷ്യയില്‍ വച്ചാണ്. യാത്രയിലായിരുന്നതിനാല്‍ ഷോട്സും ടീഷര്‍ട്ടും മാത്രമാണ് യാത്രയിലുടനീളം കൈയില്‍ കരുതിയിരുന്നത്. എന്നാല്‍ അവിടെ കസിനോയില്‍ കയറാന്‍ ഫോര്‍മല്‍ ഡ്രസാണ് വേണ്ടത്. പാന്റും ഷാര്ട്ടുമായിരിക്കണം വേഷം. അവിടെ വച്ച് ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ പാന്റു ഷര്‍ട്ടും എനിക്ക് തന്നു. എന്റെ അളവിനേക്കാള്‍ വലുതായിരുന്നു ആ വസ്ത്രങ്ങള്‍. അങ്ങനെ ആ വലിയ ഷര്‍ട്ടും പാന്റു ധരിച്ച് ഞാന്‍ ആദ്യമായി കസിനോയിലും കയറി.
കസിനോയില്‍ ആരുടെയും മുഖത്ത് സന്തോഷമില്ലായിരുന്നു. കൂടുതലും ചൈനക്കാരായിരുന്നു ഉണ്ടായിരുന്നത്. മിക്കവര്‍ക്കും കാശ് നഷ്ടപ്പെടുന്നതായി മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു. ഊരുതെണ്ടിയുടെ ഓട്ടക്കീശയില്‍ എന്തുണ്ടെന്ന് നമ്മുടെ മോഹന്‍ലാല്‍ ചോദിച്ചത് പോലെയാണ് എന്റെ കാര്യം. എങ്കിലും കസിനോയില്‍ ഫ്രീയായി കിട്ടുന്ന പല ഫ്ലേവറിലുള്ള ജൂസുകള്‍ കുടിച്ച് ഞാന്‍ കറങ്ങിനടന്നു. അവിടെ നിന്ന് ക്വലാലംപൂര്‍. അവിടെ ഏഴ് ദിവസം ചുറ്റിയടിച്ചു. പിന്നെ സിംഗപ്പൂര്‍. അങ്ങനെ അവസാന ലക്ഷ്യത്തിലേക്ക്...
മലേഷ്യന്‍ അതിര്‍ത്തിയില്‍ നിന്നും 170 കിലോമീറ്റര്‍ അകലേയുള്ള ബട്ടുപഹാട്ട് എന്ന സ്ഥലത്തേക്കാണ് പിന്നീട് പോയത്. അവിടെ അതിര്‍ത്തിയില്‍ നമ്മളെ സ്വീകരിക്കാനായി മൂന്ന് സിംഗപ്പൂര്‍ സൈക്കിളിസ്റ്റുകള്‍ സൈക്കിള്‍ ചവിട്ടിയെത്തി. ആ വന്ന സൈക്കിളിസ്റ്റുകള്‍ പക്കാ പ്രഫഷണല്‍ സൈക്കിളിസ്റ്റുകളായിരുന്നു. അവരുടെ മുന്നില്‍ നമ്മള് സൈക്കിളിസ്റ്റാണെന്ന പേര് പോലും പറയാന്‍ മടിക്കും. അതായിരുന്നു അവരുടെ പ്രഫഷണലിസം. അവര്‍ യാത്ര ചെയ്യുമ്പോള്‍ ഒരൊറ്റ വരിമാത്രമാകും. അതിന് ഒരു ഹെഡ്ഡും ഒരു ടെയിലും ഉണ്ടാകും. ഹെഡ്ഡ് , അതായത് മുന്നില്‍ യാത്ര നിയന്ത്രിക്കുന്നയാള് റോഡിലുള്ള അപകടങ്ങളെ കുറിച്ച് പുറകിലുള്ളയാള്ക്ക് മുന്നറിയിപ്പ് നല്‍കും. ഏറ്റവും പുറകിലുള്ളയാള്‍, ടെയില്‍ മുന്നില്‍ പോകുന്നയാളുകളില് ആരെങ്കിലും മിസ്സാവുന്നുണ്ടോ അല്ലെങ്കില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുന്നുണ്ടോ എന്നൊക്കെ ശ്രദ്ധിക്കും. അത്തരത്തില്‍ ഒരു പ്രഫഷണല്‍ സൈക്കിള്‍ റൈഡേഴ്സിനെ ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ല. അവരുടെ കൂടെയുള്ള റൈഡും വളരെ രസകരമായിരുന്നു. അവര്‍ മണിക്കൂറില്‍ ഒരു 30 - 35 കിലോമീറ്റര്‍ ദൂരമാണ് പിന്നിടുന്നത്. അവരുടെ ഒപ്പമെത്താന്‍ എനിക്ക് പലപ്പോഴും ആഞ്ഞ് ചവിട്ടേണ്ടിവന്നു. അങ്ങനെ സിംഗപ്പൂരേക്കുള്ള അവസാനത്തെ യാത്ര അതിമനോഹരമായി തന്നെ പൂര്‍ത്തിയാക്കി. കേരളത്തില്‍ നിന്നും പുറപ്പെട്ട് ഇതിനകം 104 ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. സിംഗപ്പൂരില്‍ ഏതാണ്ട് രണ്ട് രണ്ടര മണിക്കൂറോളം തങ്ങള്‍ സൈക്കിളിങ്ങ് നടത്തിയതോടെ എന്റെ ഒരു സ്വപ്നയാത്ര അവസാനിച്ചു. ആ യാത്രയുടെ അന്ത്യത്തില്‍ ഭാര്യയും കുട്ടികളും ഉണ്ടാവണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. അതിനാല്‍ നേരത്തെ തന്നെ അവരെ വിളിച്ച് പറഞ്ഞിരുന്നു. കുടുംബത്തോടൊപ്പം കോഴിക്കോട് റോട്ടറി ക്ലബ് അംഗങ്ങളായ 30 തോളം പേരും എന്നെ സ്വീകരിക്കാനായി സിംഗപ്പൂരില്‍ എത്തി.
... ഒരു സ്വപ്നയാത്രയാണിത്. ഇവിടം കൊണ്ട് നിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കൂടി കൂട്ടി ചേര്‍ക്കട്ടെ. അടുത്ത യാത്ര തിരുവന്തപുരത്ത് നിന്ന് ഓഗസ്റ്റ് 15 ന് ആരംഭിച്ച് 377 ദിവസം കൊണ്ട് രണ്ട് വന്‍കരകള്‍ കടന്ന് ലണ്ടന്‍ നഗരത്തിലേക്ക്... അതിന്റെ തയ്യാറെടുപ്പുകളിലാണ് ഇപ്പോള്‍. എന്റെ കൂടെ നിങ്ങളുടെ പ്രാര്ത്ഥനകളുമുണ്ടാകുമെന്ന വിശ്വാസത്തോടെ.... ഫായിസ്.
(തയ്യാറാക്കിയത് : കെ ജി ബാലു)