പബ് ജി നിരോധിക്കുമോ?; അറിയേണ്ടതെല്ലാം
കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയിലെ ചൂടുള്ള ചോദ്യമാണ് പബ് ജി (പ്ലെയേര്‍സ് അണ്‍നോണ്‍ സ് ബാറ്റില്‍ ഗ്രൌണ്ട്) എന്ന ആപ്പിന്‍റെ നിരോധനം. ഇന്ത്യയില്‍ വളരെ ജനപ്രിയമായ ഗെയിമിംഗ് ആപ്പാണ് പബ് ജി. അതിനാല്‍ തന്നെ ഈ വാര്‍ത്തയുടെ വിശദാംശങ്ങള്‍ തേടുന്നത് പൊതുവില്‍ യുവജനങ്ങളാണ്. പബ് ജി നിരോധനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പരിശോധിക്കാം.
കേന്ദ്രസര്‍ക്കാറിന്‍റെ വൃത്തങ്ങളെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്ത പ്രകാരം രാജ്യത്തെ 275 ആപ്പുകളെ സര്‍ക്കാര്‍ നിരോധിക്കാന്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ തരത്തിലുള്ള ചൈനീസ് ബന്ധങ്ങളുടെ പേരിലാണ് ഈ ആപ്പുകള്‍ക്കെതിരെ നടപടി. ഇതില്‍ പബ് ജിയും ഉള്‍പ്പെടുന്നു.
59 ചൈനീസ് ആപ്പുകള്‍ക്ക് ജൂണ്‍ 29ന് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് ശേഷം ഒരു മാസം തികയാനിരിക്കെയാണ് പുതിയ നീക്കം.
ഇതിന് പുറമേ മുന്‍പ് നിരോധിച്ച 59 ആപ്പുകളെ അനുകരിക്കുന്ന 47 ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു.
നിരോധിച്ചേക്കാവുന്ന ആപ്പുകളുടെ കൂട്ടത്തിലായ പബ് ജി ശരിക്കും ഇന്ത്യയില്‍ വളരെ ജനപ്രിയമാണ്. 175 ദശലക്ഷം ഡൌണ്‍ലോഡുകളാണ് ഈ ആപ്പിന് ഇന്ത്യയില്‍ മാത്രം ഉള്ളത്.
ഈ ഗെയിമിന്‍റെ ചൈനീസ് ബന്ധം പരിശോധിച്ചാല്‍ - ശരിക്കും ദക്ഷിണകൊറിയന്‍ കമ്പനി ബ്ലൂഹോള്‍ ആണ് ഇതിന്‍റെ നിര്‍മ്മാതാക്കള്‍, പക്ഷെ ചൈനീസ് കമ്പനിയായ ടെന്‍സെന്‍റ് ഈ കമ്പനിയില്‍ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്.
വിവര സുരക്ഷയുടെ പേരിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ 275 ആപ്പുകളെ ,പബ്ജി അടക്കം നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. ഈ ആപ്പുകള്‍ വഴിയുള്ള വിവരങ്ങള്‍ ചൈനയില്‍ എത്തുന്നു എന്നതാണ് സര്‍ക്കാര്‍ സംശയിക്കുന്നത്.
നേരത്തെ തന്നെ വിമര്‍ശന വിധേയമായ ഒരു ആപ്പാണ് പബ് ജി. എന്നാല്‍ യുവാക്കളില്‍ മാനസികമായും ശാരീരികവുമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്ന തരത്തിലായിരുന്നു ഇത്. പബ് ജിയുമായി ബന്ധപ്പെട്ട് നിരവധി കുറ്റകൃത്യ വാര്‍ത്തകളും പുറത്തുവന്നിരുന്നു.
നേരത്തെ തന്നെ സര്‍ക്കാറിനോട് വിവിധ തലത്തിലുള്ള രക്ഷിതാക്കള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, വിവിധ ഏജന്‍സികള്‍ എന്നിവ പബ് ജി നിരോധനം പരിഗണിക്കണമെന്ന് ആഭ്യര്‍ത്ഥിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.
പാകിസ്ഥാനില്‍ പബ് ജി ജൂലൈ ആദ്യം നിരോധിച്ചിരുന്നു. യുവാക്കളും കുട്ടികളും ഈ കളിക്ക് അടിമകളാകുന്നു എന്ന് പറഞ്ഞായിരുന്നു നിരോധനം. എന്നാല്‍ ജൂലൈ 26ന് പാകിസ്ഥാന്‍ കോടതി ഈ നിരോധനം നീക്കി.