സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന പ്രവാസികളാണെങ്കിൽ 1 വർഷം മുൻപ് സ്വർണ്ണം വാങ്ങിവെച്ചവർക്ക് പോലും വലിയ നേട്ടം ഉണ്ടായേക്കാം. വില ഉയർന്നതോടെ ള്ളത് വിൽക്കണോ അതോ ഇനിയും കൂടുമെന്ന പ്രതീക്ഷയിൽ വാങ്ങിവെക്കണോ എന്ന ചിന്തയിലാണ് പലരും

കരാമ: ദുബായിൽ സ്വർണ്ണവില എക്കാലത്തെയും ഉയരത്തിലെത്തി. ദുബായിൽ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് ഏകദേശം 451.75 ദിർഹമാണ്, 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് ഏകദേശം 415.50 ദിർഹമാണ്. 21 കാരറ്റിന് 400 ദി‍ർഹമാണ് വില. ഗ്രാമിന് 5 ദിർഹത്തിനടുത്താണ് ഏറ്റവും പുതിയ വർധനവുണ്ടായത്. യുഎസ് ഫെഡറൽ റിസർവ് നിരക്കുകൾ കുറച്ചേക്കുമെന്നും തുടർന്ന് ഡോളർ ഇടിയാൻ സാധ്യതയുണ്ടെന്നും നിക്ഷേപകർ കരുതുന്നതിനാൽ സ്വർണത്തിന്റെ ഡിമാൻഡ് കൂടുകയാണ്. സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കണക്കുന്നത് എന്നതാണ് ഇതിന്റെ പിന്നിലെ കാരണം. അതേസമയം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ വിലയേറിയ ലോഹങ്ങളുടെ വിലയിൽ ചാഞ്ചാട്ടം ഉണ്ടായി, വെള്ളി 14 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് അടുത്തപ്പോൾ പ്ലാറ്റിനം, പല്ലേഡിയം എന്നിവയ്ക്ക് നേരിയ ഇടിവ് നേരിട്ടു,

സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന പ്രവാസികളാണെങ്കിൽ 1 വർഷം മുൻപ് സ്വർണ്ണം വാങ്ങിവെച്ചവർക്ക് പോലും വലിയ നേട്ടം ഉണ്ടായേക്കാം. വില ഉയർന്നതോടെ ള്ളത് വിൽക്കണോ അതോ ഇനിയും കൂടുമെന്ന പ്രതീക്ഷയിൽ വാങ്ങിവെക്കണോ എന്ന ചിന്തയിലാണ് പലരും. പുതിയ വില വർധനവ് ഫെഡറൽ റിസർവ്വ് റേറ്റിലുണ്ടായ മാറ്റത്തിന്റെ ഫലമാണെന്ന് മേഖലയിലുള്ളവർ വിലയിരുത്തുന്നു. ലോകത്തെ അസ്ഥിരവും ആശങ്കാജനകവുമായ സംഘർഷ സാഹചര്യമാണ് മറ്റൊന്ന്. ഏതായാലും സ്വർണ്ണകുതിപ്പ് സസൂക്ഷ്മം നിരീക്ഷിക്കുകയാമ് പ്രവാസികൾ. സ്വർണ്ണവില കുത്തനെ കൂടിയത് നാട്ടിലേക്ക് അംഗീകൃത മാർഗത്തിലൂടെ സ്വർണ്ണവുമായി പോകുന്ന പ്രവാസികളെ കുരുക്കിലാക്കുന്നുണ്ട്. സ്ത്രീക്ക് 1 ലക്ഷം രൂപ വരെയും പുരുഷന് 50,000 രൂപ വരെയും മൂല്യമുള്ള സ്വർണമാണ് കൊണ്ടു പോകാനാവുക. മാസങ്ങൾ കൊണ്ട് കുത്തനെ കൂടിയ വില കാരണം ഇത് പ്രായോഗികകമല്ല.

ഇന്ത്യയിലും സ്വർണവില റെക്കോർഡ് നിരക്കിലാണ്. കേരളത്തിൽ പവൻ്റെ വില 83,840 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 92,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.