ജൂണ്‍ പാദത്തില്‍ ഇന്ത്യയിലെ സ്വര്‍ണാഭരണ ഡിമാന്റില്‍ 15 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ പുതിയ റിപ്പോര്‍ട്ട്. സ്വർണത്തിന് വില റെക്കോര്‍ഡ് നിരക്കിൽ ഉയർന്നതാണ് ഇതിന് പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. എന്നാല്‍, വിറ്റ സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞെങ്കിലും മൂല്യം ഉയര്‍ന്നു.
സ്വര്‍ണ വില കുതിച്ചുയര്‍ന്നതോടെ സാധാരണക്കാര്‍ സ്വര്‍ണം വാങ്ങുന്നത് കുറച്ചോ? പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് അതാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ജൂണിൽ അവസാനിച്ച പാദത്തില്‍ ഇന്ത്യയിലെ സ്വര്‍ണാഭരണ ഡിമാന്റില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ സ്വര്‍ണാഭരണ വിപണി കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ നേരിട്ടത്.
ഇന്ത്യയിലെ കണക്കുകള്‍
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ സ്വര്‍ണാഭരണ വില്‍പനയില്‍ 15 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ജൂണ്‍ പാദത്തില്‍ വെറും 75 ടണ്‍ സ്വര്‍ണാഭരണങ്ങള്‍ മാത്രമാണ് രാജ്യത്ത് വിറ്റുപോയത്. ആഗോളതലത്തില്‍ ആഭരണങ്ങളുടെ ഡിമാന്റ് 278 ടണ്ണായിരുന്നു. എന്നാല്‍, വളരെ മോശമായിരുന്ന ആദ്യ പാദത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ 14 ശതമാനം വര്‍ധനവുണ്ട്. ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ ഇന്ത്യയില്‍ വിറ്റുപോയത് 141 ടണ്‍ സ്വര്‍ണമാണ് (മുന്‍വര്‍ഷത്തെക്കാള്‍ 17% കുറവ്). എന്നാല്‍ വിറ്റ സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞെങ്കിലും വില ഉയര്‍ന്നതിനാല്‍ മൂല്യത്തില്‍ 26 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. അതായത് 21 ബില്യണ്‍ ഡോളറിന്റെ കച്ചവടം നടന്നു!
വില്ലനായത് ഉയര്‍ന്ന വില
റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില ഉയര്‍ന്നതാണ് ആവശ്യകത കുറയാന്‍ പ്രധാന കാരണം. വില കൂടിയതോടെ ആളുകള്‍ സ്വര്‍ണം വാങ്ങുന്നത് കുറച്ചു. അല്ലെങ്കില്‍ ഭാരം കുറഞ്ഞ ആഭരണങ്ങളിലേക്ക് തിരിഞ്ഞു. ലോകമെമ്പാടും ആദ്യ പകുതിയില്‍ ആഭരണ വില്‍പനയില്‍ അളവില്‍ ഇടിവുണ്ടായെങ്കിലും മൂല്യത്തിന്റെ കാര്യത്തില്‍ 22 ശതമാനം നേട്ടമാണ് ഉണ്ടാക്കിയത്.
നിക്ഷേപകരും സെന്‍ട്രല്‍ ബാങ്കുകളും
സ്വര്‍ണ വിലയിലുണ്ടായ മാറ്റങ്ങള്‍ നിക്ഷേപങ്ങളെയും ബാധിച്ചു. ഇടിഎഫ് , സ്വര്‍ണ നാണയങ്ങള്‍, ബാറുകള്‍ എന്നിവയിലുള്ള നിക്ഷേപം രണ്ടാം പാദത്തില്‍ 262 ടണ്ണായി കുറഞ്ഞു. സ്വര്‍ണ നാണയങ്ങളുടെയും ബാറുകളുടെയും നിക്ഷേപത്തില്‍ 3 ശതമാനം ഇടിവുണ്ടായി. എന്നാല്‍ ഈ വര്‍ഷത്തെ മികച്ച ആദ്യ പാദത്തിന്റെ പിന്‍ബലത്തില്‍, ആദ്യ പകുതിയിലെ കണക്കെടുത്താല്‍ ഇതില്‍ 21% വര്‍ധനവുണ്ട്.
പോളണ്ട്, ചൈന, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ തങ്ങളുടെ കരുതല്‍ ശേഖരത്തിലേക്ക് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 289 ടണ്‍ സ്വര്‍ണമാണ് കൂട്ടിച്ചേര്‍ത്തത്. റിസര്‍വ് ബാങ്ക് ഈ കാലയളവില്‍ 200 കിലോഗ്രാം സ്വര്‍ണം വാങ്ങി.
ഉത്പാദനവും റീസൈക്ലിംഗും
രണ്ടാം പാദത്തില്‍ ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ വിതരണം 1,269 ടണ്ണായി തന്നെ തുടരുകയാണ്. കാനഡ, ചിലി എന്നിവിടങ്ങളില്‍ നിന്നുള്ള പുതിയ ഉത്പാദനം വഴി ഖനികളില്‍ നിന്നുള്ള വിതരണം 2% വര്‍ധിച്ച് 966 ടണ്ണായി. എന്നാല്‍ സ്വര്‍ണവില ഇത്രയും കൂടിയിട്ടും പഴയ സ്വര്‍ണം വില്‍ക്കുന്നവരുടെയും റീസൈക്കിള്‍ ചെയ്യുന്നവരുടെയും എണ്ണത്തില്‍ 6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.


