ആദായനികുതി റിട്ടേണ്‍ (ITR) സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. വൈകി സമർപ്പിക്കുന്നവർക്ക് 5000 രൂപ വരെ പിഴയും അധിക നികുതിക്ക് പലിശയും നൽകേണ്ടിവരും. ശരിയായ ഫോം തിരഞ്ഞെടുക്കുന്നതും റിട്ടേൺ വെരിഫൈ ചെയ്യുന്നതും ഉൾപ്പെടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ശ്രദ്ധിക്കാം.

ആദായനികുതി റിട്ടേണ്‍ അഥവാ ഐടിആർ (ITR) സമര്‍പ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. അഞ്ച് കോടിയിലേറെപ്പേര്‍ ആണ് 2025 -26 ഫിനാൻഷ്യൽ ഇയറിൽ ആദായനികുതി റിട്ടേണ്‍ ഇതുവരെ ഫയൽ ചെയ്തത്. കഴിഞ്ഞ വർഷം ഐടിആർ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടി നൽകിയിരുന്നു. നികുതിദായകര്‍ സമാനമായ സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടത്തോടെ രണ്ട് തവണയാണ് സമയപരിധി നീട്ടിയത്. ജൂലൈ 31ല്‍ നിന്ന് സെപ്റ്റംബര്‍ 15ലേക്കും തുടര്‍ന്ന് സെപ്റ്റംബര്‍ 16ലേക്കുമാണ് നീട്ടിയത്. എന്നാൽ ഇത്തവണ അത്തരത്തിൽ സമയപരിധി നീട്ടാൻ സാധ്യതയില്ല. സാങ്കേതിക തടസങ്ങളൊന്നും ഇല്ലാത്തപക്ഷം ഐടിആർ സമര്‍പ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും.

അവസാന നിമിഷം ഐടിആർ സമർപ്പിക്കാനായി ഒരുങ്ങുന്നവർക്ക് പലപ്പോഴും വെബ്സൈറ്റ് ഒരു വിനയായി മാറാറുണ്ട്. എന്നാൽ ഇത്തവണ അവസാന നിമിഷത്തെ തിരക്ക് കൈകാര്യം ചെയ്യാന്‍ വരെ വെബ്‌സൈറ്റ് സജ്ജമെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്.

ഐടിആർ സമർപ്പിക്കുന്ന വ്യക്തികൾ ജൂലൈ 31 നകം റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ പിന്നീട് പിഴയോട് കൂടി മാത്രമേ അപേക്ഷ സമർപ്പിക്കാനാവൂ. വാർഷിക വരുമാനം 5 ലക്ഷം വരെയുള്ളവർക്ക് 1000 രൂപയും അതിലധികം വരുമാനത്തിന് 5000 രൂപയും പിഴ ഈടാക്കും. റിട്ടേൺ പ്രകാരം അധികനികുതി അടയ്ക്കാനുണ്ടെങ്കിൽ അതിനു പലിശയും നൽകണം. പഴയ റെജീം വേണ്ടവർ ജൂലൈ 31 നകം തന്നെ റിട്ടേൺ നൽകണം. അതിനു ശേഷം പഴയത് ഓട്ടോമാറ്റിക്കായി ഓഫാകും. പിന്നെ പുതിയതിലേ റിട്ടേൺ സമർപ്പിക്കാനാകൂ. വൈകിയുള്ള റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഡിസംബര്‍ 31വരെ സമയം ലഭിക്കും.ശമ്പളക്കാരായ വ്യക്തികള്‍, പെന്‍ഷന്‍കാര്‍, ടാക്സ് ഓഡിറ്റിന് വിധേയരാകേണ്ടതില്ലാത്ത മറ്റുള്ളവര്‍ എന്നിവര്‍ക്കാണ് ജൂലൈ 31 വരെയുള്ള ഐടിആര്‍ ഫയലിങ് തീയതി ബാധകമാകുന്നത്.

എന്തെല്ലാമാണ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവർ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ശരിയായ ഫോം തെരഞ്ഞെടുക്കുക. തെരഞ്ഞെടുത്ത ഫോം കൃത്യമല്ലെങ്കിൽ നിങ്ങളുടെ റിട്ടേണ്‍ അസാധുവാകും. വ്യക്തിഗത ആദായനികുതിദായകര്‍ക്ക് വരുമാന സ്രോതസ്സുകള്‍ക്കനുസരിച്ച് ഐടിആര്‍ ഒന്നുമുതല്‍ നാലുവരെയുള്ള ഫോമുകളില്‍ ഉചിതമായത് തെര‍ഞ്ഞെടുക്കാം. റിട്ടേണ്‍ വെരിഫൈ ചെയ്യുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. വെരിഫൈ ചെയ്യാത്ത റിട്ടേണ്‍ ഫയൽ ചെയ്യാത്തതായിട്ടാണ് കണക്കാക്കുക. നിർദിഷ്ട സമയപരിധിക്കുള്ളിൽ ആധാർ ഒടിപി വഴിയോ നെറ്റ്‌ബാങ്കിങ് വഴിയോ റിട്ടേണ്‍ ഇ -വെരിഫൈ ചെയ്യണം. മറ്റൊന്ന് കൃത്യമായ രേഖകളില്ലാതെ നികുതിയിളവുകൾ ക്ലെയിം ചെയ്യരുത് എന്നുള്ളതാണ്. ഓരോ സ്റ്റെപ്പും കൃത്യമായി ഉറപ്പുവരുത്തിയ ശേഷം മാത്രം അടുത്ത സ്റ്റെപ്പിലേയ്ക്ക് പോകുക.

ആദായനികുതി റിട്ടേൺ നൽകുന്നത് വരുമാനത്തിന് അനുസരിച്ച് നിങ്ങൾ നികുതി നൽകിയിട്ടുണ്ടോ എന്നു അധികൃതർക്ക് പരിശോധിച്ച് ഉറപ്പാക്കാനാണ്. നിശ്ചിത സമയത്ത് റിട്ടേൺ ശരിയായി സമർപ്പിച്ചാൽ ആദായനികുതി വകുപ്പിൽനിന്നും യാതൊരു വിധ ശിക്ഷാ നടപടികളും ഉണ്ടാകില്ല എന്നുറപ്പാക്കാം.ഐടിആര്‍ വ്യക്തിജീവിതത്തിലെ പല ആവശ്യങ്ങള്‍ക്കുമുള്ള ഒരു ആധികാരിക സര്‍ക്കാര്‍ രേഖയായും ഉപയോഗിക്കാവുന്നതാണ്